എയര്‍ ഇന്ത്യ ഇനി എയര്‍ കേരള -ഒരു കിനാശേരി സ്വപ്നം !

0

കേരളം നമ്പര്‍ വണ്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഏതൊക്കെ കാര്യത്തിലാണെന്നുള്ളതില്‍ പല തര്‍ക്കങ്ങളും നടക്കുന്നുണ്ട്. നാട്ടില്‍ മീന്‍ പൊതിഞ്ഞു കൊണ്ടുവന്ന പത്രക്കടലാസില്‍ കണ്ട വാര്‍ത്ത ചേക്ക് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരോ ഇട്ടിരിക്കുന്നു. വലിയ കടത്തിലായ എയര്‍ ഇന്ത്യയെ കേരളം വാങ്ങിക്കാന്‍ പോകുന്നുവെന്ന്.

ഉപദേശകരെ കൊണ്ട് പൊറുതി മുട്ടിയ മുഖ്യമന്ത്രിക്ക് ഇടത്തോട്ട് ചെരിഞ്ഞുള്ള ആത്മീയ ഉപദേശം നല്‍കുന്ന സ്വാമിയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ കാര്യമായ ഉപദേശം നല്‍കിയിരിക്കുന്നത്രെ. പിന്നീട് ചേക്കിലെ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയും ട്രോളുകളും ഇങ്ങിനെ സംഗ്രഹിക്കാം

സന്ധ്യയ്ക്ക് സന്ധി വേദനയ്ക്ക് തൈലം പുരട്ടിക്കൊണ്ടിരുന്നപ്പോഴാണ് ഇടതു പക്ഷ സ്വാമിക്ക് ഉള്‍വിളിയുണ്ടായത്. ഉടനെ തന്നെ ഫോണ്‍ എടുത്തു മുഖ്യനെ വിളി്ച്ചു കാര്യം പറഞ്ഞു. തൊടുന്നതെല്ലാം പൊന്നാക്കുന്ന മുഖ്യന്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് നവോത്ഥാനം പോലെ എന്തെങ്കിലും ക്രിയ ചെയ്ത് രക്ഷപ്പെടുത്തണം. സ്വാമി പറഞ്ഞു.

ഗള്‍ഫിലെ അറിയാവുന്ന വലിയ കോര്‍പറേറ്റ് മുതലാളിമാരെ വിളിച്ചു ചോദിച്ചാലോ എന്നായി മുഖ്യന്റെ മുഖ്യ ഉപദേഷ്ടാക്കളുടെ ആലോചന.

എന്നാല്‍, കേരളത്തിന് കോര്‍പറേറ്റ് മുതലാളിമാരെ വേണ്ടെന്നും കോവളത്തും കൊല്ലത്തുമൊക്കെ അവര്‍ക്കാവുന്നത് ചെയ്തിട്ടുണ്ടെന്നും ഒരു ബക്കറ്റുമായി നമ്മുടെ പാര്‍ട്ടി ഇറങ്ങിയാല്‍ തീരാവുന്ന നിക്ഷേപമൊക്കെ മതിയാകും എയര്‍ ഇന്ത്യയെ പറത്തി കേരളത്തിലേക്ക് കൊണ്ടുവരാനെന്ന് പാര്‍ട്ടി സെക്രട്ടറി അഭിപ്രായം പറഞ്ഞു.

തുടര്‍ന്ന് ഡെല്‍ഹിയിലേക്ക് വിളിച്ചാലോ എന്നായി ഉപദേശക സംഘം. മുരളീധര്‍ജിയുടെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ പോയ പ്രൈവറ്റ് സെക്രട്ടറിയെ ഉപദേശകര്‍ ചെവിക്കു പിടിച്ചു. കേരളത്തിന്റെ സമ്പത്തായ തോറ്റ എംപി അതും മന്ത്രിപുംഗവന്റെ അതേ പദവിയൊക്കെയുള്ളയാളെ വിളിക്കാനാണ് ഉപദേശകര്‍ ആവശ്യപ്പെട്ടത്.

പൊറോട്ടയും ഹല്‍വയും കൂടി എങ്ങിനെ അത്താഴം കഴിക്കാമെന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കെയാണ് കേരള ഹൗസിലെ വിഐപി മുറിയില്‍ ഫോണ്‍ ശബ്ദിച്ചത്. എയര്‍ ഇന്ത്യ എന്നു കേട്ടപാടെ അദ്ദേഹം മൂന്നു നാലു ഇക്വിലാബ് സിന്ദാബാദ് വിളിച്ചു. ഇപ്പോള്‍ തന്നെ ജെഎന്‍യുവിലെ നമ്മുടെ പിള്ളാരെ വിളിച്ച് പാര്‍ലമെന്റ് വളയാന്‍ പറയാം എന്നായി തോറ്റ എംപി.

മറുതലയ്ക്കലില്‍ നിന്ന് പാര്‍ട്ടി ഭാഷ കേട്ടതോടെ ശരി സഖാവെ ശരി സഖാവെ എന്നുമാത്രമായി ഉത്തരങ്ങള്‍. തുടര്‍ന്ന് അദ്ദേഹം ഒരു നാലു പൊറോട്ടയ്ക്കും അരക്കിലോ ഹല്‍വയ്ക്കും കൂടി ഓര്‍ഡര്‍ കൊടുത്തു.

അദ്ദേഹം നേരേ പോയത് ഏതോ ചാനലിന്റെ ഓഫീസിലേക്കാണ് അവിടെയുള്ള സഖാക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അന്തി ചര്‍ച്ചയ്ക്ക് വിഷയം തീരുമാനിക്കപ്പെട്ടു. പിന്നെയങ്ങോട്ട് ചര്‍ച്ചയായിരുന്നു. സൂര്‍ത്തുക്കളെ.

മോദിയുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെ അടിമുടി വിമര്‍ശിച്ചായിരുന്നു അവതാരകന്‍ വിഷയമെടുത്തിട്ടത്. എയര്‍ ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണ് മോദി സര്‍ക്കാര്‍. ഭാരത് പെട്രോളിയവും ലിസ്റ്റില്‍ ഉണ്ട്. തോറ്റ എംപി തൊഴിലാളികളെ ഓര്‍ത്തു പരിതപിച്ചു.

കോണ്‍ഗ്രസ് വക്താവും തോറ്റ എംപിയെ അനുകൂലിച്ചാണ് സംസാരിച്ചത്. പരിപാടിയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ദ്ധ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണെന്ന് അഭിപ്രായപ്പെട്ടു. അതിനിടയ്ക്ക് ഈ ആശയം മുന്നോട്ടുവെച്ച സ്വാമിയെ അവതാരകന്‍ ഫോണില്‍ വിളിച്ചു.

കേരളം നമ്പര്‍ വണ്‍ ആണെന്നും പണം ആവശ്യത്തിന് പ്രവാസികളുടെ കൈവശം ഉണ്ടെന്നും എല്ലാവരും ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് കൊടുത്താല്‍ പ്രശ്‌നം തീരുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ അതുവരെ അവസരം ലഭിക്കാതെ നോക്കുകുത്തിയായി ഇരിക്കേണ്ടി വന്ന ബിജെപിയുടെ വക്താവ് ഇതോടെ ഇടപെട്ടു. സ്വാമി .. ആ കെഎസ്ആര്‍ടിസിയൊന്ന് നേരാം വണ്ണം ഓടിച്ചിട്ടു പോരെ ആകാശത്തേക്ക് പറക്കാന്‍. റോഡിലാകുമ്പോള്‍ മിച്ചം വല്ലതും ഉണ്ടെങ്കില്‍ വാരിയെടുക്കാം. ഇത് ഇപ്പോള്‍ ആകാശത്ത് വെച്ച് സമാധിയായാല്‍ പൊടിപൊലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍.

ഗൗരവമായ ചര്‍ച്ചയ്ക്കിടെ വളിപ്പ് അടിക്കരുതെന്ന് സ്വാമി മൊഴിഞ്ഞു. കെ എസ് ആര്‍ടി സിയും എയര്‍ ഇന്ത്യയും രണ്ടും രണ്ടാണ്. ഒന്നിന്റെ ചി്ഹ്നം ആനയാണ്. മറ്റേത് മഹാരാജവും. ആനയ്ക്ക് എന്ത് വിവരമാണുള്ളത് പാപ്പാന്‍ പറയുന്നത് അനുസരിക്കുന്നു.. മഹാരാജാവ് അങ്ങിനെയാണോ ഭരണ നിപുണന്‍, ബുദ്ധിമാന്‍, തന്ത്രശാലി. ആ വ്യത്യാസമെങ്കിലും ബിജെപിക്കാര്‍ മനസിലാക്കണം. സ്വാമി ഉപദേശിച്ചു.

ബിജപി വക്താവ് എന്തോ പറയാന്‍ വാ തുറന്നതും അവതാരകന്‍ ഇടപെട്ടു. കാഷായ വേഷധാരിയെ അപമാനിക്കരുത് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം പറയാന്‍ ഉണ്ടെങ്കില്‍ പറയു. എന്നായി അവതാരകന്‍.

എനിക്ക് അതു തന്നെയാണ് പറയാനുള്ളത് കെ എസ് ആര്‍ടിസിയെ നേരാംവണ്ണം ആക്കു. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഒക്കെ കൊടുക്കാന്‍ ആദ്യം ശ്രമിക്ക്. മണ്ഡല കാലം വന്നാലൊന്നും എയര്‍ കേരള ലാഭത്തിലാക്കാന്‍ പറ്റില്ല.

അവതാരകന്‍, ഇടപെട്ടു. അങ്ങിനെ പറയാന്‍ പറ്റില്ല. എരുമേലി വിമാനത്താവളം റെഡിയായാല്‍ എയര്‍ കേരള വന്‍ ലാഭത്തിലാകും ,,, തോറ്റ എംപിക്ക് പൊടുന്നനെ ഒരു ആയുധം വീണുകിട്ടിയപോലെയായി.

അതെ, ഞാന്‍ അവിടേക്കു വരാനിരിക്കുകയായിരുന്നു. എരുമേലി വിമാനത്താവളം വരുന്നതോടെ കോടിക്കണക്കിനു അയ്യപ്പന്‍മാര്‍ വിമാനത്തിലാകും മലയ്ക്കു വരിക, ഇതു കൂടാതെ ഗള്‍ഫില്‍ നിന്നും ദിവസം നൂറോളം സര്‍വ്വീസുകള്‍ നടത്തും.

ബിജെപി വക്താവ് വീണ്ടും ഇടപെട്ടു. ശബരിമല തീര്‍ത്ഥാടകരില്‍ എണ്‍പതു ശതമാനവും ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും വരുന്ന പാവപ്പെട്ടവരാണ്. പണചാക്കുകളുടെ ആശാകേന്ദ്രമല്ല ശബരിമല. ശബരിമലയ്ക്ക് സ്‌പെഷ്യല്‍ സര്‍വ്വീസെന്ന് പറഞ്ഞ് ഇരട്ടി ചാര്‍ജായിരിക്കുമല്ലോ നിങ്ങള്‍ ഈടാക്കുക. സബ്‌സിഡി കൊടുക്കാന്‍ ഇത് ഹജ്ജ് യാത്രയൊന്നുമല്ലല്ലോ…

അതു മാത്രമല്ല. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ 5000 കോടി രൂപ ആസ്തിവേണം. കേരളത്തിലെ ഏത് കമ്പനിക്കാണ് ഈ ആസ്തിയുള്ളത്.

ലുലുവിനെ ഉള്‍പ്പെടുത്തി എയര്‍ ലുലു കേരള സര്‍വ്വീസ് തുടങ്ങും. തോറ്റ എംപി ചാടിവീണു. പിപിപി.പി. ആദ്ദേഹം ആവേശത്തോടെ പറഞ്ഞു.

താങ്കളൊരു പി കൂടുതലിട്ടു. അവതാരകന്‍ ചൂണ്ടിക്കാട്ടി.

അത് അറിഞ്ഞോണ്ട് ഇട്ടതാ.. പിണറായിയുടെ പിയാ.. തോറ്റ എംപി പറഞ്ഞു.

ഇതിനിടെ ,പേരിനൊപ്പം ബ്രായ്ക്കറ്റില്‍ ക്യാബിനറ്റ് റാങ്ക് എന്ന് താഴെ എഴുതിക്കാണിക്കുന്നുണ്ടോയെന്ന് അദ്ദേഹം നോക്കുന്നത് കാണമായിരുന്നു.

എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നവര്‍ അവരുടെ സഞ്ചിത നഷ്ടമായ 60,000 കോടിയുടെ ബാധ്യതയും ഏറ്റെടുക്കണം. ബിജെപി വക്താവ് ഓര്‍മിപ്പിച്ചു.

അത് പള്ളിയില്‍ പറഞ്ഞാല്‍ മതി. ഇത് കേരളമാണ് .. തോറ്റ അദ്ദേഹം വാചാലനായി.. ബാധ്യതയൊന്നും വേണ്ട. അതൊക്കെ മോദി നോക്കിക്കോളണം. ഞങ്ങള്‍ വിമാനം പറത്തും. നാല് രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്ള മറ്റേത് സംസ്ഥാനമുണ്ട്. ബിജെപി ഭരിക്കുന്ന എവിടെയെങ്കിലും ഉണ്ടോ. ?

അതുശരിയാണ്. നാലു രാജ്യാന്തര വിമാനത്താവളങ്ങള്‍ കേരളത്തില്‍ മാത്രമെയുള്ളു. വിദേശത്ത് നിന്ന് നിക്ഷേപകര്‍ക്ക് നേരിട്ട് സംസ്ഥാനത്തേക്ക് എത്താനുള്ള സൗകര്യമാണ് കേരളം ഒരുക്കിയിരിക്കുന്നത്. സമ്മതിക്കണം.

ബിജെപിയാണെങ്കിലും അദ്ദേഹത്തിന് കാര്യം അറിയാം. തോറ്റ എംപി പറഞ്ഞു.

അവതാരകന്‍ ഇടപെട്ടു.. താങ്കളെ അദ്ദേഹം ട്രോളിയതാണ്..

ബിജെപി വക്താവ് തുടര്‍ന്ന്ു. കേരളത്തില്‍ നാല് രാജ്യാന്തര വിമാനത്താവങ്ങള്‍ ഉള്ളത് മേന്‍മയല്ല. സംസ്ഥാനത്ത് തൊഴില്‍ സാധ്യതയില്ലാത്തതിനാല്‍, പാവപ്പെട്ട യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്ക് പൊകാനാണിത്. ബിജെപി 20 വര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന ഗുജറാത്തില്‍ പതിനഞ്ചിലധികം വിമാനത്താവളങ്ങള്‍ ഉണ്ട്. ഇത് നിക്ഷേപകര്‍ക്ക് സൗകര്യപൂര്‍വ്വം വന്നിറങ്ങാനുള്ളതാണ്. സംശയമുണ്ടെങ്കില്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കിക്കോ.

സ്വാമി ഇടപെട്ടു.. ഗൂഗിളില്‍ ക്രിമിനല്‍ പ്രധാനമന്ത്രി ആരാണെന്ന് സേര്ച്ച് ചെയ്യു.

സ്വാമി അധികം ഗൂഗിളൊന്നും തിരയേണ്ട.. ആശാറാം ബാപ്പുവും നിത്യാനന്ദയും ഒക്കെയാരാന്ന് ജനങ്ങള്‍ക്ക് അറിയാം.. ബിജെപി വക്താവിന് രോഷം വന്നു.

നിങ്ങള്‍ വിഷയത്തിലേക്കു വരൂ അവതാരകന്‍ ഇടപെട്ടു.. ഡെല്‍ഹിയിലെ താങ്കളുടെ സ്വാധീനം വെച്ച് എയര്‍ ഇന്ത്യയെ കേരളയാക്കി മാറ്റാന്‍ എന്തു ചെയ്യും.

ചോദ്യം എന്നോടാണോ ..തോറ്റ അദ്ദേഹം ആവലാതിയോടെ അന്വേഷിച്ചു.

അതെ, ക്യാബിനറ്റ് റ്ാങ്കുള്ള താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിഎംഒയെയുടെ അടുത്ത് ചെല്ലാമല്ലോ..

അദ്ദേഹം കണ്ണുമിഴിച്ചു. പിന്നീട് കണ്ണു തുടച്ചു. കേരള ഹൗസിനു വെളിയില്‍ ഇറങ്ങിയത് കഴിഞ്ഞ ദിവസമാണ്. തോര്‍ത്തും വെളിച്ചെണ്ണയും വാങ്ങാനായിരുന്നു. അത്. വിദേശകാര്യ മന്ത്രി മുരളീധര്‍ജിയെ കാണാന്‍ ശ്രമി്ച്ചിട്ടു പോലും നടന്നില്ല. അവതാരകന്റെ ശബ്ദം പിന്നേയുമെത്തി. താങ്കളോടു തന്നെയാണ് ചോദ്യം.

അതെ, അതെ, മിക്കാവാറും ദിവസം പിഎം തന്നെ വിളിക്കാറുണ്ട്.. കേരളത്തിലെ കാര്യങ്ങള്‍ അന്വേഷിക്കും.

അതിനിടെ, ബിജെപി വക്താവ് ചാടിവീണു കണ്ടോ , പ്രധാനമന്ത്രിക്ക് കേരളത്തിന്റെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധയുണ്ടെന്ന് അദ്ദേഹത്തിന്റെ വായില്‍ നിന്നും തന്നെ വീണില്ലേ…

ഇല്ല.. ഞാന്‍ പിഎമ്മിന്റെ ഓഫീസിലേക്കാണ് വിളിക്കാറ്..

അതു മതി.. ഇനി വിളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ താങ്കള്‍ പിഎമ്മിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നു കരുതുന്നു. അവതാരകന്‍ പറഞ്ഞു.

മിക്കാവാറും ഫോണില്‍ വിളിച്ചാല്‍ ആരും എടുക്കില്ല.. മോദി സദാസമയവും ടൂറിലല്ലേ.. ഓഫീസില്‍ വന്നാല്‍ തന്നെ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാനെ സമയമുള്ളു. എന്നാലും ഞാന്‍ ശ്രമിക്കാം.

ബിജെപി വക്താവ് വാ തുറക്കുന്നതു കണ്ട അവതാരകന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. അവസാനിപ്പിച്ചു.

ഇങ്ങിനെ കിനാശേരിയുടെ സ്വപ്‌നം പൂവണിയുമെന്നു തന്നെ ഏവരും കരുതുന്നു. മോദി പരാജയപ്പെട്ടിടത്ത് വിജയം നേടാന്‍ മുഖ്യന് കഴിയും. കെഎസ്ആര്‍ടിസിയും എയര്‍ ഇന്ത്യയും രണ്ടാണ് ഒന്ന് ആന, രണ്ടാമത്തേത് മഹാരാജ. ഈ വ്യത്യാസം എല്ലാവര്‍ക്കും വ്യക്തമായി മനസിലായിക്കാണുമെന്ന് കരുതുന്നു. ജയ് ഹിന്ദ്.

LEAVE A REPLY

Please enter your comment!
Please enter your name here