ആരാണ് ഞങ്ങൾ ?
ട്വിറ്ററിൽ വച്ചാണ് ഞങ്ങളിൽ പലരും പരസ്പരം പരിചയപ്പെടുന്നത്.
2017 നവംബറിലാണ് സ്വതന്ത്രമായ, ദേശീയതയോട് മാത്രം വിധേയത്വമുള്ള ഒരു ഓൺലൈൻ മാഗസിൻ തുടങ്ങുന്ന ചർച്ച ഞങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞു വന്നത്. രാഷ്ട്രീയം തൊഴിലാക്കിയവരല്ല ഞങ്ങളാരും. വിദേശ രാജ്യങ്ങളിൽ അദ്ധ്വാനിച്ച് ഇന്ത്യയിലേക്ക് വിദേശ നാണ്യം അയക്കുന്നവരും ഇന്ത്യയിലെ തന്നെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്ത് വർഷാ വർഷം കൃത്യമായി നികുതി നടക്കുന്നവരുമായ ഞങ്ങൾ പലരും വാർത്തകൾക്കായി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയ ആണ്. ഇതേ സോഷ്യൽ മീഡിയ തന്നെയാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള പ്രധാന പങ്ക് വഹിച്ചതും.
എന്തിനാണ് പത്രിക ?
കേരളത്തിൽ അനേകം പത്രങ്ങളും വാർത്താ ചാനലുകളും ഉണ്ടെങ്കിലും നിക്ഷ്പക്ഷമായ വാർത്തകൾ മലയാള മാധ്യമങ്ങളിൽ അപ്രാപ്യമാണെന്ന സത്യം ഞങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞു. ഇത്രയും പക്ഷപാതിത്വപരമായ മാധ്യമ പ്രവർത്തകർ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാൻ ഇടയില്ല, എന്നിട്ടും അവർ നിക്ഷ്പക്ഷരായി അവലോകനങ്ങൾ നടത്തുന്നു, നമ്മുടെ സ്വീകരണ മുറികളിൽ അന്തിചർച്ചയുമായി പ്രത്യക്ഷപ്പെടുന്നു.വിദ്യാഭ്യാസവും കഴിവും ഉള്ളവർ രാഷ്ട്രീയത്തിലെന്ന പോലെ മാധ്യമ രംഗത്തും കടന്നുവരാൻ മടിക്കുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു.
ഈ ഇരുട്ടിൽ ഒരു കൈത്തിരി തെളിക്കാനാണ് ഞങ്ങളുടെ എളിയ ശ്രമം. വാർത്തകൾ സത്യസന്ധമായി അവലോകനം ചെയ്യുക, തമസ്ക്കരിക്കപ്പെട്ട വാർത്തകൾ നിങ്ങളിൽ എത്തിക്കുക എന്ന എളിയ ഉദ്ദേശങ്ങൾ മാത്രമേ പത്രികയ്ക്കുള്ളൂ.
ഞങ്ങൾക്ക് ഒരു പക്ഷമുണ്ട്, അത് ദേശീയത മാത്രമാണ് !
ഞങ്ങളുടെ ഈ യാത്രയിൽ നിങ്ങളുടെ സഹായവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ… ജയ് ഹിന്ദ് !!