കടലാമ സംരക്ഷണം: പരിഹസിച്ച് കഴിഞ്ഞെങ്കിൽ ,ഇനി കാര്യത്തിലേക്ക് കടക്കു

0

കേന്ദ്ര ബജറ്റിൽ കേരളത്തിലെ കടലാമ സംരക്ഷണ പദ്ധതികൾക്ക് നൽകിയ പ്രാധാന്യം, ഒരു പരിസ്ഥിതി നീക്കമെന്നതിലുപരി, ടൂറിസവും ചെമ്മീൻ കയറ്റുമതിയും ഉൾപ്പെടുന്ന സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ അവസരമാണ്. എന്നാൽ, ഈ ദീർഘകാല സാധ്യത മനസ്സിലാക്കാതെ രാഷ്ട്രീയ വിമർശനങ്ങളും സോഷ്യൽ മീഡിയ ട്രോളുകളും വിഷയത്തെ അന്ധമായി എതിർക്കുന്ന ദൃശ്യം നാം കണ്ടുകൊണ്ടിരിക്കുകയാണ്.

മാതൃകകൾ കാണിച്ച് ലോകം

രാഷ്ട്രീയ വാദപ്രതിവാദങ്ങളും പരിഹാസങ്ങൾക്കുമപ്പുറം കടലാമ സംരക്ഷണം ഒരു ദേശീയ സാമ്പത്തിക മാതൃകയായി മാറ്റി കാണിക്കുകയാണ് കേരളം ചെയ്യേണ്ടത് .

കോസ്റ്ററിക , ഒമാൻ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിൽ നേടിയ പുരോഗതി പരിശോധിച്ചാൽ കേരളത്തിന് അനുകരിക്കാനാവുന്ന മാതൃകകളാണ് ഇവയെന്ന് മനസ്സിലാകും .

കോസ്റ്ററിക്കയിലെ ദേശീയ ഉദ്യാനം (Tortuguero National Park) കടലാമ സംരക്ഷണത്തിലൂടെ ലോക ഇക്കോ-ടൂറിസത്തിന്റെ ചിഹ്നമായി മാറി.

കർശന നിയന്ത്രിതമായ രാത്രി കാല വിനോദ യാത്രാ പാക്കേജുകൾ വഴി ദശലക്ഷക്കണക്കിന് വിദേശ നാണ്യമാണ് രാജ്യം നേടുന്നത്

പ്രാദേശിക കൂട്ടായ്മകൾക്ക്, പരിസ്ഥിതി ക്ലബുകൾക്ക് തൊഴിൽ അവസരങ്ങൾ. വിദേശവിനിമയ വരുമാനം. കടലാമ സംരക്ഷണത്തിന് ടൂറിസം വരുമാനത്തിന്റെ ഒരു ഭാഗം വിനിയോഗിക്കുന്നത് ഇങ്ങിനെ സുസ്ഥിര വികസന പാക്കേജാണ് കോസ്റ്ററിക്കയുടേത് .

ഒമാനിലെ റാസ് അൽ ജാൻസിൽ കടലാമ സംരക്ഷണവും ടൂറിസവും പരസ്പര പൂരകങ്ങളായി മാറിയിട്ടുണ്ട്.

തീരപ്രദേശങ്ങളിൽ ഹൈമാസ്ത് ലൈറ്റുകളുടെ നിയന്ത്രണം, ശാസ്ത്രീയ ഗവേഷണ അടിസ്ഥാനത്തിൽ നയങ്ങൾ, നിയന്ത്രിത സന്ദർശക പ്രവേശനം, എന്നിവയിലൂടെ കടലാമ സംരക്ഷണം കേവലം ഒരു പ്രഖ്യാപനം ആയിരുന്നില്ല . ഒരു നീണ്ടകാല സാമ്പത്തിക നിക്ഷേപം ആയാണ് ഒമാൻ സർക്കാർ ഇതിനെ വിലയിരുത്തിയിരുന്നത്.

ചെമ്മീൻ കയറ്റുമതിയുടെ വിലക്ക്

കടലാമ സംരക്ഷണം വഴി ചെമ്മീൻ കയറ്റുമതി നേരിടുന്ന വിപണി വിലക്ക് ഒഴിവാക്കി മേഖല ശക്തിപ്പെടുത്തൽ കേരളത്തിൻ്റെ ബ്ലൂ ഇക്കണോമിക്ക് വളരെ ഗുണകരമാകുമെന്ന് സമുദ്രോൽപ്പന്ന രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു.

കേരളത്തിന്റെ ചെമ്മീൻ കയറ്റുമതി അന്താരാഷ്ട്ര വിപണിയിൽ പ്രധാന സ്ഥാനം നേടിയ ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ട്രോളിംഗ് ബോട്ടുകളുടെ കമ്പ വലകളിൽ കടലാമകൾ കുടുങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഇക്കാരണത്താൽ കേരളത്തിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക പോലുള്ള രാജ്യങ്ങൾ വിലക്കേർപ്പെടുത്തി.

ആമകളെ വലകളിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം (Turtle Excluder Devices TEDs) നിർബന്ധമാക്കാൻ കേരള സർക്കാർ ഒരു നടപടിയും സ്വീകരിക്കരുത് .

അമേരിക്കൻ ,യൂറോപ്യൻ യൂണിയൻ പോലുള്ള വിപണികളിലെ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കൽ; ഇവ നടപ്പിലാക്കിയാൽ, ആഗോള വിപണിയിൽ നഷ്ടപ്പെട്ട പ്രാമുഖ്യം കേരളത്തിന് ലഭിക്കും.

കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റമില്ലാതെ തുടരുന്ന പ്രവണതയാണ് എന്തിനേയും ആദ്യം എതിർക്കുക എന്നത്. കേന്ദ്രം പ്രഖ്യാപിച്ചാൽ, ജനോപകരപ്രദമായാൽ പോലും അതിനെ നഖശിഖാന്തം എതിർക്കുക, പിന്നീട് തിരിച്ചറിവുണ്ടായി നടപ്പിലാക്കുക.

ഇതാണ് കടലാമ സംരക്ഷണത്തെയും ഒരു കൂട്ടർ കുപ്രചരണങ്ങളിലൂടെ എതിർക്കുന്നത്.

ഈ മേഖലയിലെ ലോക മാതൃകകൾ കാണിക്കുന്നത് വലിയൊരു വരുമാന സാധ്യതയാണ്. കടലാമ സംരക്ഷണം നടപ്പാക്കുമ്പോൾ മത്സ്യത്തൊഴിലാളി സമൂഹങ്ങളെയും ഇതര പ്രാദേശിക ജനവിഭാഗങ്ങളേയും പങ്കാളികളാക്കുക എന്ന അജണ്ടയാണ് വേണ്ടത്.

രാഷ്ട്രീയ നേട്ടത്തിനായി വിഷയത്തെ ലഘൂകരിക്കുന്ന സമീപനം, ദീർഘകാലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സാധ്യതകളെ ബാധിക്കും.

കേന്ദ്ര ബജറ്റിലെ സഹായം പരമാവധി ഉപയോഗപ്പെടുത്തി കടലാമ സംരക്ഷണത്തിലൂടെ ലോകത്തിന് മാതൃകയാകുകയാണ് കേരളം ഇപ്പോൾ ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here