കേരളത്തിന്റെ ആത്മീയ പൈതൃകത്തിൽ ഒരിക്കലും മാഞ്ഞുപോകാത്തൊരു അധ്യായമാണ് തിരുനാവായ മാഘമഹം. ഭാരതപ്പുഴയുടെ തീരത്ത്, നൂറ്റാണ്ടുകളായി മനുഷ്യരാശിയുടെ വിശ്വാസവും വേദപരമ്പരയും ഒത്തുചേരുന്ന ഒരു മഹാസംഗമം.
എന്നാൽ അനാവശ്യ വിവാദ തലക്കെട്ടുകളുടെ കാലത്ത്, ഇത്തരമൊരു ആത്മീയ ഉണർവ്വ് മുഖ്യധാരാ വാർത്താ മാധ്യമങ്ങൾ തമസ്ക്കരിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവമുകുന്ദ ക്ഷേത്രം കേന്ദ്രീകരിച്ച് നടന്ന മാഘമഹം, ഒരു ക്ഷേത്രോത്സവം ആയിരുന്നില്ല മറിച്ച് അത് ഒരു സംസ്കാരിക സംഗമമായിരുന്നു.
പതിനെട്ട് ദിവസം നീണ്ട സംഗമത്തിൽ പതിനായിരക്കണക്കിന് വിശ്വാസികൾ ഭാരതപ്പുഴയിൽ പുണ്യസ്നാനവും വൈദികകർമ്മങ്ങളും നിർവഹിച്ചു.
ഉത്തരേന്ത്യയിലെ കുംഭമേളയെ ഓർമ്മിപ്പിക്കുന്ന ആത്മീയ തരംഗത്താൽ ഇതിന് “കേരള കുംഭമേള” എന്ന വിശേഷണവും ലഭിച്ചു.
കേരള ചരിത്രത്തിൽ മാമാങ്കവുമായി ബന്ധപ്പെട്ട ശോണ,രണ സ്മരണങ്ങൾ പേറുന്നതാണ് ഈ നാട്. ഒരിക്കൽ യുദ്ധങ്ങളും ചാവേറുകളും കണ്ട മണ്ണിൽ ഇന്ന് ആത്മീയ – സമാധാന പ്രാർത്ഥനകളുടെ ധ്വനിയാണ് ഉയരുന്നത്. കാലത്തിൻ്റെ സ്വയം തിരുത്തലുകൾ.
ആത്മീയ നേതൃത്വത്തിന്റെ കരുത്ത്
ഈ മഹാസംഗമത്തിന് ദിശാബോധം നൽകിയതിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം, മോഹൻജി ഫൗണ്ടേഷൻ, ഗായത്രി ഗുരുകുലം, തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ പങ്ക് ശ്രദ്ധേയമാണ്.
മാലിന്യപ്പുഴയാകുമെന്ന് പ്രവചിച്ചവരുടെ വാ അടപ്പിച്ച് സേവാ ഭാരതി നടത്തിയ ശുചീകരണം മാതൃകാപരവും അഭിനന്ദനാർഹവുമായിരുന്നു. മേൽപ്പറഞ്ഞ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനകളും സത്സംഗങ്ങളും വേദഘോഷങ്ങളും അന്നദാനവും മാഘമഹത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തി.
പ്രത്യേകിച്ച് “നിള ആരതി” ഭാരതപ്പുഴയുടെ തീരത്തെ ആത്മീയ ഊർജ്ജ ജ്വാലയായി മാറി. പ്രസിദ്ധമായ ഗംഗാ ആരതിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, ദീപങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും ശംഖ-ഡമരു നാദലയങ്ങളിൽ ഭാരതപ്പുഴ ഒരു വിശുദ്ധ തീർത്ഥ പ്രവാഹമായി മായി മാറി. അത് ഒരു കാഴ്ചമാത്രമായിരുന്നില്ല — ചൈതനു ബോധ്യമായ ഒരു അനുഭവമായിത്തീർന്നു.
മാധ്യമങ്ങളും രാഷ്ട്രീയവും
ജനവിശ്വാസത്തിന്റെ പ്രതീകമായ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഈ ആത്മീയ മഹാസംഗമത്തെ പര്യാപ്തമായി പ്രതിഫലിപ്പിച്ചില്ലെന്ന വിമർശനം ഉയരുമ്പോഴും, ജനലക്ഷങ്ങൾ ഒഴുകിയെത്തിയതു മറ്റൊരു സത്യമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരന്ന വിശ്വാസത്തിന്റെ ആഹ്വാനം, ഭാരതപ്പുഴയുടെ ഒഴുക്കുപോലെ മനുഷ്യരെ തിരുനാവായയിലേക്ക് നയിച്ചു. വാർത്തകളിൽ തലക്കെട്ടാകാതിരുന്നാലും, ജനഹൃദയങ്ങളിൽ അത് ഒരു ഉണർവ്വായിരുന്നു. തിരുനാവായ മാഘമഹം നമ്മെ ഓർമ്മിപ്പിക്കുന്നത്—ആത്മീയതയും സംസ്കാരവും രാഷ്ട്രീയത്തിൻ്റെ അനുകമ്പയാൽ നിലനിൽക്കുന്നതല്ല; അത് ജനങ്ങളുടെ ഉള്ളിലെ വിശ്വാസത്താലാണ് ജീവിക്കുന്ന മഹസങ്കല്പമാണെന്നാണ്.
വിശ്വാസം, പൈതൃകം, കൂട്ടായ്മ—ഇവയുടെ സമന്വയമാണ് മാഘമഹം. വാർത്താമാധ്യമങ്ങളുടെ തിരക്കിനിടയിൽ ഈ ആത്മീയ സംഗമം പലപ്പോഴും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. പക്ഷേ സാംസ്കാരിക സമൂഹത്തിന്റെ ആത്മാവിൽ ഇത്തരം ആഘോഷങ്ങൾ പൊടുന്നനെയാണ് സജീവമായത്. ഇത് രാഷ്ട്രീയമോ എന്തെങ്കിലും വിപണനമോ അല്ല— ഋഷി പരമ്പരകളുടെ സംസ്കാരത്തിന്റെ തുടിപ്പാണ്. ഭാരതപ്പുഴയുടെ നീരൊഴുക്കുപോലെ, തലമുറകളിലൂടെ ഒഴുകുന്ന വിശ്വാസത്തിന്റെ ഒരു തുടർച്ച.
തിരുനാവായ മാഘമഹം നമ്മെ ഓർമ്മിപ്പിക്കുന്നത് നവോത്ഥാന പുരോഗതിയുടെ കഥ മാത്രമല്ല; ആത്മീയതയുടെ പാതയും കൂടിയാണ്.
മാഘമഹം, ആത്മീയ കേരളത്തിന്റെ ഉണർത്തുപാട്ടായി ഇനി ഓരോ വർഷവും നമ്മെ വിളിച്ചുണർത്തും—മണ്ണിനോടും മൂല്യങ്ങളോടും പാരമ്പര്യത്തോടും സന്ധിചേരാൻ.


