അന്തപ്പന്റെ ബാണം

കാലം : പണ്ട്, മന്മഥശിങ്ക മഹാരാജാവ് ഒരു മഹാരാജ്യം വാണിരുന്നകാലം. മന്മഥശിങ്കൻ വലിയ മഹാരാജാവ് ആയിരുന്നെങ്കിലും ആള് മഹാ മൊണ്ണയായിരുന്നതിനാൽ, തട്ടിപ്പോയ പഴയരാജാവിന്റെ പട്ടമഹിഷി ശ്രീമതി “മിണുങ്ങിയ” ആയിരുന്നു ശരിക്കും ഭരണം ഒക്കെ (എവിടെ സമ്പത്തു കണ്ടാലും വിഴുങ്ങാൻ ഉള്ള ഒരു ത്വര ഉള്ളതിനാൽ അവർക്കു ആ പേര് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു). പിന്നെങ്ങനെ മന്മഥശിങ്കൻ ഭരണത്തിലെത്തി? മൂന്നു പരമ്പരയായി രാജ്യം വാണിരുന്നവർ മിണുങ്ങിയയുടെ ഭർത്താവിന്റെ കുലം ആയിരുന്നു. ഈ കുലം പത്തമ്പതു-അറുപതു വർഷങ്ങൾ ഭരിച്ചു ഭരിച്ചു ഏകദേശം രാജ്യം കുളം തോണ്ടിവച്ചു, അവസാനം ചാൻസ് മിണുങ്ങിയക്കും പിള്ളേർക്കും വന്നു. അപ്പോഴാ പ്രശനം. തറവാട്ടിലെ ബ്ലഡ് അല്ലാത്തതിനാൽ മിണുങ്ങിയക്കു ഭരണം കിട്ടില്ല, പക്ഷെ മക്കൾക്കാകാം. മിണുങ്ങിയക്കു രണ്ടു മക്കൾ. മൂത്തവൻ “വ്യാകുൽ”. ജനിച്ചപ്പോത്തന്നെ അവന്റെ ബുദ്ധിസാമർഥ്യം കണ്ടു വ്യാകുലപ്പെട്ട അവന്റെ അമ്മൂമ്മ മഹാറാണി ഇട്ട പേരാണിത്. ഒരു 15 വയസ്സാകേണ്ടി വന്നു, അവൻ ഒന്ന് മുതൽ പത്തു വരെ എണ്ണാൻ പഠിച്ചപ്പോൾ. രണ്ടാമത്തെവൾ “മാമാങ്ക”, ഇവളെ റാണി ആക്കാം എന്ന് വിചാരിച്ചാൽ വ്യാകുൽ സമ്മതിക്കത്തുമില്ല.. പോരാത്തേന് മാമാങ്ക പോയി കെട്ടിയതോ, ഒരു വടകരക്കാരൻ ചീങ്കണ്ണിയെ, “ഡോബർ വടകര”. മാമാങ്കയെ റാണി ആക്കിയാൽ ഡോബർ രാജ്യം മുഴുവനും വിഴുങ്ങും, എന്നിട്ടു മിണുങ്ങിയയെ തന്നെ ചവിട്ടി വെളിയിൽ കളയും.

എന്നാൽ ഇനി വ്യാകുൽ ബുദ്ധിവളർച്ച എത്തുന്നവരേയ്ക്കും ഭരിക്കാൻ ആരെങ്കിലും വേണമല്ലോ, അങ്ങനെ മിണുങ്ങിയ ചിന്തിരുന്നപ്പോൾ പടത്തലവൻ ഓ.കെ. അന്തപ്പൻ ഒരു ഐഡിയ കൊടുത്തു. വ്യാകുൽ ബുദ്ധിവളർച്ച എത്തുന്നവരെ സിൽബന്ധിയായി മിണുങ്ങിയയുടെ പുറകെ നടക്കുന്ന മന്മഥശിങ്കൻ നാട് ഭരിക്കട്ടെ. അതിനദ്ദേഹത്തിനു അനവധി ഗുണങ്ങളും ഉണ്ട്, മിണുങ്ങിയ എന്ത് പറഞ്ഞാലും കേട്ടോളും, കഞ്ഞികുടിക്കാൻ മാത്രമേ വായ് തുറക്കൂ,  നേരെചൊവ്വേ നടക്കാൻ പോലും ആവതില്ലാത്തോണ്ട് പിന്നിൽ നിന്ന് കുത്തും എന്നും ഭയക്കേണ്ട. ഐഡിയ പെരുത്തിഷ്ടപ്പെട്ട മിണുങ്ങിയ അപ്പൊത്തന്നെ മന്മഥശിങ്കനെ പിടിച്ചു രാജാവാക്കി പ്രോക്സി ആയി ഭരിച്ചുമുടിച്ചുകൊണ്ടിരുന്ന കാലം.

മിണുങ്ങിയക്കു ഓ.കെ.അന്തപ്പനെ വല്യ കാര്യം ആയിരുന്നു. എന്ത് പറഞ്ഞാലും ഓ.കെ എന്ന് പറഞ്ഞോളും. പടത്തലവൻ ആണെങ്കിലും പരമസമാധാനപ്രിയൻ. ശത്രുരാജ്യങ്ങൾ തൊണ്ടയിൽ വിരലിട്ടു കുത്തിയാൽ പോലും കമാ എന്ന് മിണ്ടരുത് എന്ന മിണുങ്ങിയയുടെ വിദേശനയത്തിനു അനുയോജ്യൻ. മിണുങ്ങിയക്കു കേൾക്കാൻ ഇഷ്ടമുള്ള ഐഡിയാസ് മാത്രം കൊടുക്കുന്ന പരമ ബുദ്ധിമാൻ. സർവ്വോപരി സ്വജാതിയും. സ്വരാജ്യത്തെക്കാൾ മിണുങ്ങിയ വന്ന രാജ്യത്തെ സ്നേഹിക്കുന്നവൻ. അങ്ങനെ ഒട്ടനവധി ഗുണങ്ങൾ. അന്തപ്പനെത്തന്നെ സ്ഥിരം പടത്തലവനാക്കി, മിണുങ്ങിയ.

ഇങ്ങനെയൊക്കെ ആണെങ്കിലും അന്തപ്പൻ ഹാപ്പി ആയിരുന്നില്ല. കാരണം അടിച്ചുമാറ്റൽസ് ഒന്നും നടക്കുന്നില്ല. പ്രശനം അന്തപ്പന്റെത് തന്നെ. മിണുങ്ങിയ സമ്മതിച്ചാലും ചുമ്മാ ഖജനാവിൽ കയ്യിട്ടു വാരാൻ അന്തപ്പന്റെ എത്തിക്ക്സ് സമ്മതിക്കുന്നില്ല. കൊച്ചിലെ തൊട്ടേ അന്തപ്പന് ഒരു സ്വഭാവം ഉണ്ട്, എന്തെങ്കിലും തിരികെ നൽകാതെ ഒന്നും കൈപ്പറ്റാൻ ഇഷ്ടമല്ല. അടിച്ചുമാറ്റാതെ വീട്ടിൽ ചെന്നാൽ ഏലിയാമ്മചേട്ടത്തിയും പിള്ളേരും ഒരു സമാധാനം കൊടുക്കുന്നില്ല. അങ്ങനെ അന്തപ്പൻ ഒരു ദശാസന്ധിയിലകപ്പെട്ടിരുന്ന കാലം.

അങ്ങനെയിരിക്കുന്നകാലത്തു, പുതിയ കുറച്ചു ചൈനീസ് ആയുധകമ്പിനിക്കാർ അന്തപ്പനെ വന്നു കണ്ടു. നിലവാരം കുറവാണെങ്കിലും വലിയ വിലയ്ക്ക് അവരുടെ ആയുധങ്ങൾ രാജാവിനെക്കൊണ്ട് വാങ്ങിപ്പിക്കണം… ഇതാണ് ആവശ്യം. നല്ല കമ്മീഷൻ കൊടുക്കാനും കമ്പിനിക്കാർ തയ്യാറാണ്. തേടിയവള്ളി കാലിൽ ചുറ്റിയപോലെയായി അന്തപ്പന്. ശകലം പച്ചപിടിക്കാനുള്ള അവസരം അല്ലെ വന്നുപെട്ടത്. പക്ഷെ അപ്പോഴും അന്തപ്പന്റെ പ്രശ്‍നം കമ്മീഷനും വാങ്ങിച്ചാൽ താൻ എന്ത് പകരം നൽകും എന്നതാണ്,.. എത്തിക്സ് എത്തിക്സ്! ആയുധത്തിനു പൈസാ കൊടുക്കുന്നത് താനല്ല, രാജാവാണല്ലോ.

പിള്ളേർ ഒക്കെ വലുതായി ചുമ്മാതെ വീട്ടിൽ ഇരുന്നു ബോറടിക്കുന്ന ഏലിയാമ്മ ചേടത്തി കുറച്ചുനാൾ ആയി ചിത്രരചന തുടങ്ങിയിട്ടുണ്ട്. തത്ഫലം ആയി വീടുമുഴുവൻ വരച്ചു കൂട്ടിയിട്ടിരിക്കുവാണ്‌. നഴ്സറിപിള്ളേരുടെ ലെവല് പോലുമില്ല ചിത്രങ്ങൾക്കെങ്കിലും ചേടത്തിയെപ്പേടിച്ചു അന്തപ്പന് അതെടുത്തു കളയാനും നിർവ്വാഹമില്ല. ചേടത്തിയാണെങ്കിൽ ആർടിസ്ഗ്യാലറി നടത്തി ഇതെല്ലം വിൽക്കണം എന്ന് അന്തപ്പനെ നിർബന്ധിച്ചോണ്ടിരിക്കുവായിരുന്നു. അങ്ങനെവന്നാൽ നാട്ടുകാരുടെ തല്ലുകിട്ടും എന്ന് ഭംഗിയായി അറിയാവുന്ന അന്തപ്പൻ അതിനു മുതിരത്തും ഇല്ല. അങ്ങനെ അന്നുരാത്രി കഞ്ഞികുടിയും ഒക്കെ കഴിഞ്ഞിരിക്കുമ്പോൾ അന്തപ്പന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.

എങ്ങിനെയെങ്കിലും നേരം വെളുപ്പിച്ച അന്തപ്പൻ ആയുധകമ്പിനിക്കാരുടെയടുത്തേക്കു ഓടി. അവരോടു അന്തപ്പൻ പറഞ്ഞു, “നിങ്ങടെ കൂതറ ആയുധങ്ങളൊക്കെ ഞാൻ മണ്ടൻ മന്മഥശിങ്കനെക്കൊണ്ട് വാങ്ങിപ്പിക്കാം, പക്ഷെ ഒരു കണ്ടീഷൻ. എന്റെ ഭാര്യ വരച്ച കൊറേ ചിത്രങ്ങൾ ഉണ്ട്. ചിത്രം ഒന്നിന് 50 ലക്ഷം രൂപ വച്ചു നിങ്ങൾ വിലയ്ക്കുവാങ്ങിച്ചോണം. ഇതാണെന്റെ കമ്മീഷൻ. സംഭവം ഓ.കെ ആണെങ്കിൽ ഞാൻ നാളെ തന്നെ ഡീൽ ശെരിയാക്കിത്തരാം. അല്ലെങ്കിൽ ഇപ്പൊത്തന്നെ വണ്ടി വിട്ടോ”. നിലവാരം കുറഞ്ഞ ആയുധങ്ങൾ വേറെവിടെയും വിൽക്കാൻകഴിയില്ല എന്നറിയാവുന്ന കമ്പിനിക്കാർ അപ്പൊത്തന്നെ ഓ.കെ പറഞ്ഞു. ശേഷം അന്തപ്പൻ മന്മഥശിങ്കന്റെ ഒപ്പും കോപ്പും എല്ലാം സംഘടിപ്പിച്ചു ഡീൽ ഫിക്സ് ചെയ്തു.

കമ്മീഷനൊക്കെ വാങ്ങി അങ്ങിനെ എല്ലാം മംഗളപര്യവസാനിയായപ്പോൾ കമ്പിനിക്കാർ ചിത്രങ്ങൾ എടുക്കാൻ വന്നു. കലയുടെ ഔന്ന്യത്യത്തിൽ  നിൽക്കുന്ന ചിത്രങ്ങൾ കണ്ട കമ്പിനിക്കാർ ശെരിക്കും ഞെട്ടിത്തകർന്നു. എങ്ങനെയെങ്കിലും ഒഴിവാവാൻ അവർ  അന്തപ്പനോട് ചോദിച്ചു, “അല്ല സാറേ, ഇത് പത്തു നൂറെണ്ണം ഉണ്ടല്ലോ. ഇതെല്ലാം കൂടെ ഞങ്ങൾ എന്തോ ചെയ്യും. സാറ് കമ്മീഷൻ വച്ചോ, ഈ ചിത്രങ്ങൾ ഇവിടെത്തന്നെ ഇരിക്കട്ടെ.”

ചേടത്തിയുടെ ചിരവക്കടി ഭയന്ന അന്തപ്പൻ ചൂടായി, “പറ്റത്തില്ല, ഇതെല്ലാം ഇവിടന്നു എടുത്തോണ്ട് പോയെപറ്റൂ. അതല്ലേ നമ്മുടെ കണ്ടീഷൻ”. കമ്പനിക്കാർ വിട്ടുകൊടുത്തില്ല, “സാറ് കമ്മീഷനും ചിത്രങ്ങളും വച്ചോ. ഞങ്ങൾ ആയുധക്കമ്പിനിക്കാർ അല്ലെ?, ഞങ്ങൾ ചിത്രങ്ങൾകൊണ്ട് എന്ത് ചെയ്യാനാ?”

ബുദ്ധിമാനായ അന്തപ്പനോടാ കളി? അദ്ദേഹം മൊഴിഞ്ഞു, “നിങ്ങൾ ഈ ചിത്രങ്ങളൊക്കെ സൂക്ഷിച്ചു നോക്കിക്കേ. രാത്രി ഉറക്കത്തിൽ പെടുക്കാൻ പോവുമ്പോ ഞാൻ തന്നെ ഇത്കണ്ടു പേടിച്ചു നിലവിളിക്കാറുണ്ട്. ഇതിന്റെയെല്ലാം ഫോട്ടോസ്റ്റാറ്റ് വലുതാക്കി എടുത്തു നിങ്ങടെ കയ്യിലുള്ള മുഴുത്ത റോക്കറ്റിന്റെ മേലെ പതിക്കു. പിന്നെ ഈ റോക്കറ്റ് മാനത്തു കാണുമ്പൊത്തന്നെ ശത്രുഭടന്മാർ ജീവനുംകൊണ്ട് ഓടിത്തള്ളും.”

സംഭവം സത്യംതന്നെ എന്ന് കമ്പിനിക്കാർക്കു മനസ്സിലായി. അവർ പറഞ്ഞു, “അന്തപ്പൻ സാറേ ഐഡിയ സൂപ്പർ, അങ്ങ് മഹാഗുരു തന്നെ. ഞങ്ങൾ ഇനിമേൽ ഞങ്ങടെ മുഴുത്ത റോക്കറ്റ് ഒക്കെ അന്തപ്പന്റെ ബാണം എന്ന് നാമമാറ്റം  ചെയ്യുന്നതായിരിക്കും. ആജീവനാന്തം അങ്ങ് ഞങ്ങടെ മുഖ്യഉപദേഷ്ടാവാവ് ആയിരിക്കണം എന്ന് മാത്രമേയുള്ളു അപേക്ഷ!”

അങ്ങനെ ഒരു മാസ്റ്റർസ്‌ട്രോക്കിലൂടെ അന്തപ്പൻ തന്റെ രണ്ടു വലിയ പ്രശ്നങ്ങൾ പരിഹരിച്ചു – കമ്മീഷനും അടിച്ചു, ചിത്രങ്ങളും ഒഴിവാക്കി.

ഇനി നിങ്ങൾ പറയൂ, അന്തപ്പനെപ്പോലുള്ള ബ്രില്യൻറ് സ്ട്രാറ്റെജിസ്റ്റുകൾ തന്നെയല്ലേ പടത്തലവൻ ആകേണ്ടത്?

7 COMMENTS

  1. പത്രിക….. ഗംഭീരമായിട്ടുണ്ട്..
    Salute to “സാഗർ കോട്ടപ്പുറം”.. ഹാഹാ

  2. Vyakul?
    Ore Samayam… Samadhana priyanum, padathalavanum, budhimanum aya hero… Great Anthappan… Picaso eliyamma chettathiyum… ?

  3. സാഗർ കോട്ടപ്പുറം – ഒരു മോഡേൺ കുഞ്ചൻ നമ്പ്യാർ ഓരോ വരികളിലും ഒളിഞ്ഞിരുപ്പുണ്ട്
    ഇനിയും എഴുതുക – ഞാൻ വരച്ച ഒരു കാക്ക ഒന്ന് വിറ്റു തരാൻ ഏലിയാമ്മ ചേടത്തി മനസ് വെച്ചാൽ രക്ഷപെട്ടു .

  4. ഈ കുഞ്ചൻ നമ്പ്യാരെ ജീവിതത്തിൽ എന്നെങ്കിലും ഒന്ന് നേരിട്ട് കണ്ട് ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം..

LEAVE A REPLY

Please enter your comment!
Please enter your name here