ഇളക്കം തട്ടാന്‍ പ്രയാസമുള്ളത് എന്നു കരുതപ്പെട്ടിരുന്ന ഇസ്ലാമിക ‘ഉമ്മ’ ത്തില്‍ നിന്നും അനുയായികളുടെ പുറത്തേക്കുള്ള ഒഴുക്കിന് തുടക്കമാവുകയാണ്. ഈയടുത്ത കാലത്ത് മാത്രം പരസ്യമായി വെളിപ്പെടുത്താന്‍ ധൈര്യം കിട്ടിയ ഈ പുതിയ പ്രതിഭാസത്തിന് പല കാരണങ്ങളുമുണ്ട്. ഒന്ന് മറ്റെല്ലാ മതങ്ങളിലും പരിഷ്ക്കരണ വാദികളുടെ ശബ്ദം ഇതിനകം തന്നെ ഉയരുകയും കാലോചിതമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു കഴിഞ്ഞു എന്നതാണ്. ഇസ്ലാമിന്‍റെ കാര്യത്തില്‍ കാലം പാകമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. സോഷ്യല്‍ മീഡിയകളുടെ ഇക്കാലത്ത് സ്വതന്ത്രചിന്തയും ആത്മവിമര്‍ശനവും മുമ്പെങ്ങുമില്ലാത്ത വിധം വളര്‍ന്നു വരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിനോ, മതത്തിനോ പ്രത്യയശാസ്ത്രത്തിനോ മാത്രമായി പൂര്‍ണ്ണമായും അതിന്‍റെ സ്വാധീനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാവില്ല. സമത്വം, സാഹോദര്യം, ഒത്തൊരുമ തുടങ്ങി ഇസ്ലാമില്‍ മറ്റുള്ളവര്‍ ആകര്‍ഷകമായി കണ്ട ഗുണങ്ങള്‍ ജനാധിപത്യ പ്രക്രിയയുടേയും സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെയും ഫലമായി മറ്റുള്ള സമൂഹങ്ങളിലും വളര്‍ന്നു വരാന്‍ തുടങ്ങിയിരിക്കുന്നു എന്നത് മറ്റൊരു ഘടകമാണ്. ഉദാഹരണത്തിന് ജാതി വിവേചനം, അയിത്തം, ദാരിദ്ര്യം തുടങ്ങിയ പ്രശ്നങ്ങള്‍ കുറഞ്ഞതോടെ ആ കാരണങ്ങള്‍ കൊണ്ട് മുമ്പ് സെമിറ്റിക് കൂട്ടായ്മകളിലേക്ക് വന്‍ തോതില്‍ ചേക്കേറിയിരുന്ന സാഹചര്യം ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങള്‍ക്കെതിരെയുള്ള ഇസ്ലാമിന്‍റെ മുഖം ഇന്ത്യയ്ക്ക് പുറത്ത് യൂറോപ്പ് അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു വിഭാഗം വിശ്വാസികളെ അകറ്റി തുടങ്ങിയിരിക്കുന്നു. ലോകമെങ്ങും വളര്‍ന്നു കൊണ്ടിരിക്കുന്ന ജിഹാദി തീവ്രവാദവും, മതത്തിനുള്ളില്‍ മൌലികവാദികള്‍ക്ക് കിട്ടുന്ന വര്‍ദ്ധിച്ച മേല്‍ക്കൈയ്യും ഈ പുനര്‍ ചിന്തനത്തിനുള്ള കാരണങ്ങളാണ്.
#AwesomeWithoutAllah എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന പുതിയ മുന്നേറ്റത്തെപ്പറ്റി ഇവിടെ വായിക്കാം.
കടപ്പാട് : ദി ഒബ്ജെക്റ്റീവ് സ്റ്റാൻഡേർഡ്

Image: Ex-Muslims of North America debuts billboards in Atlanta, Chicago, Houston
വിട്ടു പോരാൻ ഏറ്റവും പ്രയാസമുള്ള മതമാണ് ഇസ്‌ലാം. കുട്ടികൾ അക്ഷരം അറിയാൻ തുടങ്ങുന്ന കാലം മുതൽ മതവൽക്കരണത്തിന് വിധേയമാകാൻ തുടങ്ങുന്നു. അസാധാരണമായ ഏറ്റവും കടുത്ത വിധേയത്വം ആവശ്യപ്പെടുന്ന മതമാണത്. ദിവസവും അഞ്ചുനേരമുള്ള പ്രാർത്ഥന തന്നെ ഉദാഹരണമായി എടുക്കാം. അതുപോലെ ചോദ്യം ചെയ്യാത്ത വിശ്വാസം, വിട്ടുവീഴ്ചയില്ലാത്ത അനുസരണ, നിരന്തരമായ ശ്രദ്ധ ഇതൊക്കെ അതിന്‍റെ ഭാഗമാണ്. അനേകം മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിത്വത്തിന്‍റെ വേർപിരിക്കാനാവാത്ത ഘടകങ്ങളാണ് ഇതെല്ലാം.
ഇസ്‌ലാമിൽ നിന്ന് വിട്ടുപോകുന്നതിൽ മന:ശാസ്ത്ര പരമായ ബുദ്ധിമുട്ടുകൾ മാത്രമല്ല, സാമൂഹ്യവും നിയമപരവുമായ പ്രശ്നങ്ങളും ഉണ്ട്. കാനഡക്കാരിയായ സ്റ്റെഫാനി ഇത് മനസ്സിലാക്കിയത് വ്യക്തിജീവിതത്തിൽ വലിയ വിലകൊടുത്തിട്ടാണ്. തന്‍റെ ടീനേജ് പ്രായത്തിൽ ലിബിയക്കാരനായ ഒരു യുവാവിനെ വിവാഹം കഴിച്ച് ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്ത വ്യക്തിയായിരുന്നു അവർ. അയാളുടെ സമുദായത്തിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നു, എന്നാൽ അവർക്കുള്ള അവസരങ്ങൾ തീരെ കുറവായിരുന്നു.
സ്റ്റെഫാനി പറയുന്നു “ഒരിക്കൽ എന്‍റെ മകൾ അവളുടെ അച്ഛനോട് അവളെപ്പറ്റി എന്തോ ചോദിച്ചു. അപ്പോൾ അയാളിൽ നിന്ന് കിട്ടിയ മറുപടി “ഇല്ല നിനക്ക് ഇത് ചെയ്യാൻ കഴിയില്ല” എന്നാണ്. അപ്പോൾ അദ്ദേഹത്തെ നോക്കിയിട്ട് അവൾ പറഞ്ഞു “അത് ഞാനൊരു പെൺകുട്ടി ആയതു കൊണ്ടാണ് അല്ലേ ?” എന്‍റെ കുട്ടികൾ അന്ന് വളരെ ചെറുപ്പമായിരുന്നു. ഏറ്റവും മൂത്തവൾക്ക് മൂന്നു വയസ്സു പോലുമായിരുന്നില്ല. അതെന്നെ ചിന്തിപ്പിച്ചു. ഞാൻ അവരെ എന്താണ് ആക്കിക്കൊണ്ടിരിക്കുന്നത് ? ഞാൻ എന്താണ് അവരോട് ചെയ്തു കൊണ്ടിരിക്കുന്നത് ? അവരുടെ ഭാവിയെ എങ്ങനെയാണ് ഞാൻ പരിവർത്തിപ്പിക്കുന്നത് ?
ഇസ്‌ലാമിൽ നിന്നുള്ള നിയന്ത്രണങ്ങൾ വലിയ ഭാരമായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ സ്റ്റെഫാനി തന്‍റെ അസംതൃപ്തി ഭർത്താവിനെ അറിയിച്ചു. എങ്കിൽ തങ്ങൾക്ക് യൂറോപ്പിലേക്ക് കുടിയേറാം എന്നും അവിടെ താൻ ഒരു PhD പ്രോഗ്രാം ചെയ്യാം എന്നും ഭർത്താവ് അവളെ സമ്മതിപ്പിച്ചു. എന്നാൽ അവർ ലിബിയയിലാണ് എത്തിയത്. അവിടെയുള്ള ശരിയത്ത് നിയമത്തിലൂടെ അയാൾക്ക് ഉടനടി അവളുടേയും കുട്ടികളുടേയും മേൽ സമ്പൂർണ്ണ നിയന്ത്രണം കിട്ടുകയാണ് ഉണ്ടായത്. സ്റ്റെഫാനി ഒരിക്കൽ തിരികെ കാനഡയിലേക്ക് ഒരു യാത്ര പോയപ്പോൾ അവളുടെ ഭർത്താവ് ഒരു കാര്യം അറിയിച്ചു. കുട്ടികളുടെ കനേഡിയൻ കസ്റ്റഡി വിട്ടുകൊടുത്തില്ലെങ്കിൽ അവരെ പിന്നീടൊരിക്കലും കാണാൻ അനുവദിക്കില്ല എന്നതായിരുന്നു അത്. അതിനർത്ഥം ഒരുപക്ഷേ എന്നെന്നേക്കുമായി അവർ ലിബിയയിൽ തളയ്ക്കപ്പെട്ടു പോകുമായിരുന്നു. ഇപ്പോൾ അഞ്ചു വർഷത്തിലേറെയായി സ്റ്റെഫാനിക്ക് കുട്ടികളെ കൈയ്യിൽ കിട്ടിയിട്ട്, എന്നാൽ അവൾ കസ്റ്റഡി വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. കാരണം അങ്ങനെ വന്നാൽ അവരുടെ ഭാവിയെ കുറിച്ചുള്ള സങ്കല്പങ്ങൾ പോലും ഉപേക്ഷിക്കേണ്ടി വരും എന്നതു തന്നെ.
എന്നാൽ യഥാർത്ഥത്തിൽ തന്‍റെ ഭർത്താവിന്‍റെ തന്നോടുള്ള പെരുമാറ്റം വളരെ മൃദുവാണ് എന്നാണ് സ്റ്റെഫാനി പറയുന്നത്. ഇസ്‌ലാം അനുസരിച്ചാണെങ്കിൽ ഞാൻ നാടു കടത്തലോ, മരണമോ ആണ് അർഹിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ഇറാൻ, മലേഷ്യ, മൗറിറ്റാനിയ, മാലി, നൈജീരിയ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, യു എ ഇ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ മതം ഉപേക്ഷിക്കൽ മരണശിക്ഷ അർഹിക്കുന്ന കുറ്റമാണ്. നിയമം അനുശാസിക്കാത്ത മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മത നിരാസം ചെയ്തവരെ കൊല്ലുകയാണ് ചെയ്യുന്നത്.
ഫേസ്‌ബുക്കിൽ മതേതര സന്ദേശങ്ങൾ എഴുതിയ നസീമുദ്ധീൻ സമദ് എന്ന ഇരുപത്തെട്ടു വയസ്സുകാരനെ ബംഗ്ളാദേശിൽ വെട്ടിയും വെടിവെച്ചും കൊല്ലുകയായിരുന്നു. മതേതര ബ്ലോഗുകൾ എഴുതുന്നവരുടെ ലിസ്റ്റ് മുസ്ലീങ്ങൾ പ്രസിദ്ധീകരിച്ച ശേഷം കൊല്ലപ്പെട്ട പലരിൽ ഒരാളായിരുന്നു നസീമുദ്ധീൻ. “കഴിവുള്ള പല ചെറുപ്പക്കാരും ഒന്നിനു പുറകേ ഒന്നായി കൊല്ലപ്പെടുന്നു. എന്നാൽ ഇത്തരം ഭയാനകമായ കുറ്റങ്ങൾക്കെതിരെ എന്തെങ്കിലും നടപടികൾ ഉണ്ടാകുന്നതായി കാണുന്നില്ല”. ഓൺലൈൻ ആക്ടീവിസ്റ്റ് ഫോറത്തിന്‍റെ പ്രസിഡണ്ടായ കബീർ ചൗധരി തൻമൊയ് പറയുന്നു.
സയ്യദ്, സാറാ ഹൈദർ എന്നീ രണ്ടു വ്യക്തികൾ ചേർന്ന് 2013 ൽ എക്സ് മുസ്‌ലിംസ് ഓഫ് നോർത്ത് അമേരിക്ക (EXMNA) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. മതകാര്യങ്ങളിലുള്ള വിയോജിപ്പുകളെ സ്വാഗതം ചെയ്യാനും, മതേതര മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും, ഇസ്‌ലാം ഉപേക്ഷിക്കുന്നവർ നേരിടുന്ന വിവേചനങ്ങൾ കുറച്ചു കൊണ്ടു വരുന്നതിനും വേണ്ടിയാണ് ഇത്തരമൊരു കൂട്ടായ്മ തുടങ്ങിയത്. “ഇസ്‌ലാം ഉപേക്ഷിക്കേണ്ടി വരുന്നതിനെ കുറിച്ച് മുസ്ലീങ്ങളിൽ വലിയ ജാള്യത നിലനിൽക്കുന്നു. നമ്മൾ ആ വൈക്ലബ്യം കുറച്ചു കൊണ്ടു വരികയും കാര്യങ്ങൾ സാധാരണപോലെ ആക്കുകയുമാണ് ചെയ്യുന്നത്. ജനങ്ങൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാനും ജീവിതം തങ്ങൾക്കിഷ്ടമുള്ളതു പോലെ നയിക്കാനുമുള്ള മനസ്സാക്ഷിയുടെ സ്വാതന്ത്യം വേണം”
ഇസ്‌ലാം വിട്ടു വന്നവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കലും, മുൻ മുസ്ലീങ്ങളുടെ സമാഗമങ്ങൾ സംഘടിപ്പിക്കലും അത്തരക്കാരിൽ സഹായം ആവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുക്കലും ഒക്കെയാണ് EXMNA യുടെ ഇപ്പോഴത്തെ പ്രധാന പരിപാടികൾ. 2017 ൽ EXMNA ഒരു ക്യാമ്പസ് ടൂർ സംഘടിപ്പിച്ചിരുന്നു. ഇസ്‌ലാം വിട്ടുവന്നവർക്ക് രാജ്യമെങ്ങുമുള്ള പുതു തലമുറയോട് തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കാൻ അവസരം ഒരുക്കലായിരുന്നു ലക്ഷ്യം. 2019 സെപ്തംബറിൽ ചിക്കാഗോ, ഹൂസ്റ്റൺ, അറ്റ്ലാന്റാ എന്നിവിടങ്ങളിൽ EXMNA ബിൽബോർഡുകൾ ഉയർത്തി. “അമേരിക്കയിൽ വളർന്ന മുസ്ലീങ്ങളിൽ നാലിൽ ഒരാൾ വീതം ഇസ്‌ലാം വിട്ടു കഴിഞ്ഞു. ദൈവമില്ലാത്ത ഭയമില്ലാത്ത മുൻ മുസ്ളീം” എന്നതായിരുന്നു അതിലെ സന്ദേശം. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ഈ ബോർഡുകൾ ഉയർത്താൻ അസാമാന്യമായ ക്ഷമയും പിന്നാലേ നടക്കലും ആവശ്യമായി വന്നു. മുസ്‌ളീങ്ങളെ പിണക്കാതിരിക്കാനായി EXMNA യുമായി ചേർന്ന് പ്രവർത്തിക്കാൻ ബിൽബോർഡു കമ്പനികൾ വിസമ്മതിക്കുകയായിരുന്നു. EXMNA യുടെ വെബ്‌സൈറ്റ് ഇങ്ങനെ പറയുന്നു.
“ദൗർഭാഗ്യകാരമെന്ന് പറയട്ടെ, ഈ പ്രക്രിയ നമ്മുടെ ആശയങ്ങളിൽ വളരെയധികം വെള്ളം ചേർക്കുകയുണ്ടായി. മതത്തിൻറെ അതിരുവിട്ട അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന തലത്തിൽ നിന്ന് കേവലം നമ്മുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുക മാത്രം ചെയ്യുന്നവയായി തീർന്നു നമ്മുടെ ബിൽബോർഡുകൾ. ആദ്യം കൊടുത്ത പല സന്ദേശങ്ങളും നിരസിക്കപ്പെട്ടു. നിർദ്ദേശിക്കപ്പെട്ട ഹാഷ് ടാഗുകളും നിരസിക്കപ്പെട്ടു. ഒടുവില്‍ പ്രസിദ്ധപ്പെടുത്തുന്നതിൽ വലിയ താമസം വരും എന്ന ഭയത്തിൽ Awesome Without Allah എന്ന നമ്മുടെ ഹാഷ്ടാഗും പൂർണ്ണമായും ബോർഡുകളിൽ നിന്നും ഉപേക്ഷിക്കേണ്ടി വന്നു”
എന്തായാലും EXMNA തങ്ങളുടെ സോഷ്യൽ മീഡിയാ പ്രചാരണ പദ്ധതികളുമായി മുന്നോട്ടു തന്നെ പോകുകയാണ്. അതിലൊന്നാണ് #AwesomeWithoutAllah എന്ന ഹാഷ്ടാഗിൽ തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പങ്കു വയ്ക്കാൻ മുൻ മുസ്ലീങ്ങളെ ക്ഷണിക്കുന്ന പരിപാടി. ഇത് ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളുവെങ്കിലും വളരെ ആശാവഹമായ ഫലം വന്നു കഴിഞ്ഞു. ഉദാഹരണത്തിന് ‘ദി എത്തീസ്റ്റ് മുസ്‌ലിം’ എന്ന പുസ്തകത്തിന്‍റെ കർത്താവായ അലി റിസ്‌വി ട്വിറ്ററിൽ കുറിച്ചത് “മുൻ കത്തോലിക്കരേയും, മുൻ മോർമോണുകളെയും, മുൻ ജൂതന്മാരേയും നമ്മൾ നോർമൽ ആക്കി. ഇനി മുൻ മുസ്ലീങ്ങളുടെ ഊഴമാണ്. മുസ്ലീങ്ങൾക്ക് യുക്തിയോ, മതേതര ചിന്താഗതിയോ, പ്രബുദ്ധതയോ ഉൾക്കൊള്ളാനാവില്ല എന്ന് കരുതുന്നതും വലിയ തെറ്റാണ്”
ഒരു വ്യക്തിക്ക് തന്‍റെ വിശ്വാസങ്ങൾ യുക്തിരഹിതമാണെന്ന് തിരിച്ചറിയാൻ കഴിയണമെങ്കിൽ പോലും യുക്തി എന്നതിനെ പറ്റി ചെറിയൊരു ധാരണ ഉണ്ടാവണം. എന്നാൽ സമൃദ്ധമായ ഒരു ജീവിതം തന്നെ കെട്ടിപ്പടുക്കണമെങ്കിൽ യുക്തിരഹിതമായ വിശ്വാസങ്ങളെ മാറ്റി തൽസ്ഥാനത്ത് വളരെ ശ്രദ്ധയോടെ യുക്തിപൂർവ്വമായതും ജീവിതത്തെ പോഷിപ്പിക്കുന്നതുമായ ആശയങ്ങൾ പ്രതിഷ്ഠിക്കണം. അതിന് പിന്തുണയേകുന്ന യുക്തിയുക്തമായ ഒരു ജീവിത ദർശനം വേണം. അതില്ലെങ്കിൽ മതം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ പലതവണ പരാജയപ്പെടും.
എന്തായാലും ഇസ്‌ലാം വിട്ടു പുറത്തു വരിക എന്നത് ലോകത്തെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ശരിയായ ഒരു മനുഷ്യജീവിതത്തിലേക്കുള്ള ആദ്യത്തെ പടിയാണ്. ആ ആദ്യ ചുവടു വയ്ക്കാൻ ധാരാളം പേരെ EXMNA സഹായിക്കുന്നു. EXMNA യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സാറാ ഹൈദർ പറയുന്നു. “തങ്ങളുടെ സ്വകാര്യതകളിൽ ഒളിച്ചു കഴിയുന്ന മുൻ മുസ്ലീങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ തനിച്ചല്ല എന്നാണ്. അവർ അറിയേണ്ട മറ്റൊരു കാര്യം മതജീവിതത്തിൽ നിന്ന് മതമില്ലാത്ത ജീവിതത്തിലേക്ക് കടന്നു വരിക എന്ന ചിന്ത ഭയപ്പെടുത്തുന്നതാണ്. എന്നാൽ ഈ തുരങ്കത്തിന്‍റെ അറ്റത്ത് വെളിച്ചമുണ്ട്. നിങ്ങൾക്ക് തീർച്ചയായും അവിടെയെത്തി ചേരാനും ജീവിതം വീണ്ടും കെട്ടിപ്പടുത്ത് മതജീവിതത്തിൽ നിന്നുള്ള മോചനത്തിന്‍റെ സ്വാതന്ത്ര്യവും ആഹ്ലാദവും നേടിയെടുക്കാനും കഴിയും”
മതനിരപേക്ഷമായ, സമാധാനപൂർണ്ണമായ, നാഗരികമായ ഒരു ലോകം വേണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ EXMNA യുടെ ഈ സന്ദേശം മറ്റുള്ളവരുമായി പങ്കു വയ്ക്കുക.
“ഇത് മുസ്‌ലിം ലോകത്ത് പ്രബുദ്ധതയ്ക്ക് വഴിയൊരുക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. നമ്മൾ ആ ലക്ഷ്യത്തിലേക്ക് മുന്നേറുക തന്നെയാണ്” സയ്യദ് പറയുന്നു.