പാല എന്നു പറഞ്ഞാല്‍ കരകര ശബ്ദവും മുഖത്തെ വെടിപ്പന്‍ മീശയും എണ്ണയൊഴിച്ച് തലയോട്ടിയിലൊട്ടിപ്പിടിച്ച മുടിയും ഒക്കെയുള്ള നേതാവിനെ ഓര്‍മ വരും.. കാല്‍നൂറ്റാണ്ടിലേറെ ഒരു മണ്ഡലമാകെ അടക്കി ഭരിച്ച നാടുവാഴി. അത് അന്തക്കാലം. നേതാവ് കഥാവശേഷനായതോടെ ‘കേകോ’ രാഷ്ട്രീയം കാള പിഞ്ഞാണക്കടയില്‍ കയറിയപോലെയായി.
ആജന്മശത്രുവിനെ പോലെയും ഇടയ്ക്ക് യൂദാസിനെ പോലെയും പെരുമാറുന്ന നേതാവും അദ്ദേഹത്തിന്റെ അനുയായികളും എന്നും എക്കാലവും പാലാമാണിക്യത്തിനും വത്സലമോനും എതിരായിരുന്നു. അത് ഇപ്പോഴും തുടരുന്നു. പാര്‍ട്ടിയേത്, ചിഹ്നമേത് എന്നൊക്കെ ചോദിച്ചാല്‍ കേകോ അണികള്‍ വാ പൊളിക്കും. ചിഹ്നമൊക്കെ അക്ഷരാഭ്യാസമില്ലാത്തവര്‍ക്കാണെന്നും മാണിക്യത്തിന്റെ ചിരിക്കുന്ന മുഖം മാത്രം മതി വോട്ടു മലവെള്ളപ്പാച്ചില്‍ പോലെ ഇങ്ങുപോരുമെന്നും ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പറയുന്നു.
തമ്മിത്തല്ലി തലകീറുന്ന പാരമ്പര്യം മാത്രമുള്ള തൊടുപുഴക്കാരനാണേല്‍ ബദല്‍ സ്ഥാനാര്‍ത്ഥിയേ ഇറക്കിയിരിക്കുകയാണ്. പ്രബുദ്ധ കേരളത്തിലെ ക്രൈസ്തവ താല്‍പര്യങ്ങള്‍ -അതും മലയോര കര്‍ഷകരുടെ മാത്രം -അജണ്ടയിലുള്ള കേകോ രാഷ്ട്രീയം താങ്ങി നിര്‍ത്തുന്നതില്‍ മതേതരക്കാര്‍കക് വലിയ പങ്കാണ് ഉള്ളത്.
പെരുന്നയിലെ നാടുവാഴിക്ക് വലിയ താല്‍പര്യമാണ് ഈ രാഷ്ട്രീയത്തെ ഇങ്ങിനെ അണിയിച്ചൊരുക്കി നിര്‍ത്താന്‍. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര എക്കാലവും സജീവമായിരുന്നു. മാണിക്യമില്ലാത്ത കേകോ വള്ളിയില്ലാത്ത ഉള്‍വസ്ത്രം പോലെയാണ്. രണ്ടു ചുവടു നടക്കുമ്പോഴേക്കും ഊര്‍ന്നു പോകുന്നു. പക്ഷേ, മുന്നിലും പിന്നിലുമൊക്കെ മതേതര മലയാളി നിരന്നു നില്‍ക്കുന്നതിനാല്‍ നാണം മറയുന്നു.
താനും തന്റെ മോനും -ഇതാണ് കേകോ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ പാര്‍ട്ടി മാനിഫെസ്റ്റോ. പിന്നെ ഭരണഘടന -പുറമ്പോക്കു ഭൂമി വെട്ടിപിടിച്ച കുഞ്ഞാടുകള്‍ക്ക് പട്ടയം നല്‍കുകയും അവരുടെ നാണ്യവിളകള്‍ക്ക് സബ്‌സിഡി, തറവില, വായ്പ എന്നിവ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക. പാര്‍ട്ടിയുടെ തത്വശാസ്ത്രം വെരി സിംപിള്‍.
മാനിഫെസ്റ്റോ കൊണ്ട് നോട്ടുകെട്ടുകള്‍ മാനേജ് ചെയ്യാനും ഭരണഘടന കൊണ്ട് വോട്ടുബാങ്കു കൃഷി നടത്താനും സര്‍വ്വോപരി ഒരു പ്രത്യേക മതവിഭാഗത്തെ സംരക്ഷിച്ച് നിര്ത്തി അതിലെ മധ്യവര്‍ഗ-മുതലാളി വിഭാഗത്തിനു വേണ്ടി കൈ മെയ് മറന്നു പ്രവര്‍ത്തിക്കാനുമാണ് കേകോ രാഷ്ട്രീയം ലക്ഷ്യമിടുന്നത്. ഐസിംഗ് ഓണ്‍ ദ കേക്ക് എന്ന പോലെ അരമനയും അവിടുത്തെ വെള്ളക്കുപ്പായക്കാരോടും അഭിവന്ദ്യമായ ഇഴയടുപ്പം കാത്തു സൂക്ഷിച്ച് എല്ലാ കൊള്ളാത്ത അരുതായ്മകളേയും വെള്ളപൂശി കൈമുത്തി കുമ്പിട്ടു നില്‍ക്കുകയും ചെയ്യുന്ന ഒരിതാണ് പാര്‍ട്ടിയുടെ വിശുദ്ധമായ ആത്മീയ വശം.
മലബാര്‍ ഭാഗത്തെ മറ്റൊരു മതവര്‍ഗീയ മതേതര പാര്‍ട്ടിയെപ്പോലെയാണ് അരനൂറ്റാണ്ടായി പ്രബുദ്ധ കേരളത്തെ സ്വന്തം മതക്കാര്‍ക്കു മാത്രം എല്ലാം ചെയ്തു കൊടുത്തു കൊണ്ട് ഭൂരിപക്ഷത്തെ ഇവര്‍ നിരന്തരം ഇളിഭ്യരാക്കിക്കൊണ്ടിരിക്കുന്നത്.
കണിച്ചുകുളങ്ങരയിലെ മുതലാളി രണ്ടുവള്ളത്തില്‍ സഞ്ചരിച്ച് അനുയായികളെ അക്കരയ്ക്കും ഇക്കരയ്ക്കുമില്ലാതെ നടുക്കായലില്‍ നട്ടംതിരിക്കുകയും പെരുന്നയിലെ നാടുവാഴി സമുദായ അംഗങ്ങളെ പടിക്കുപുറത്തു നിര്‍ത്തി വരത്തരെ സ്വീകരിച്ചിരുത്തിയും ഈ വക രാഷ്ട്രീയത്തെ പരിപോഷിച്ചു സംരക്ഷിക്കുകയും തുടരുമ്പോഴാണ് വീണ്ടും ഇടക്കാല തിരഞ്ഞെടുപ്പ് എത്തുന്നത്.
പതിവു പോലെ പ്രബുദ്ധ മലയാളി തങ്ങളുടെ മതേതര മനസില്‍ ഇട്ട് ആട്ടിയ ഉണ്ടക്കൊപ്രയില്‍ നിന്നും കലര്‍പ്പില്ലാത്ത അധികാരവെളിച്ചെണ്ണ മലയോരത്തിനും മറ്റും ദാനം ചെയ്ത് ബാക്കിവന്ന പിണ്ണാക്ക് അണ്ണാക്കില്‍ തള്ളി കണ്ണുമിഴിച്ച് ശിഷ്ടകാലം കഴിച്ചു കൂട്ടുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.
താടിവെച്ച താമരക്കാരനെ ചില വിവരം വന്ന (സെന്‍കുമാര്‍ ഭാഷയില്‍) വോട്ടര്‍മാര്‍ പ്രതിബദ്ധത പ്രകടിപ്പിച്ച് ആശീര്‍വദിച്ചേക്കാം. പത്തനം തിട്ടയില്‍ കണ്ടപോലെ ഒരു സന്ദേശം നല്‍കിയേക്കാം. അതു മതി. പിള്ളേച്ചാദികള്‍ക്ക് അതു തന്നെ ധാരാളം .. അരമനകളിലെ അത്താഴ വിരുന്നിന് വിളിച്ചാല്‍ പോകണം. കൈമുത്തണം. കൈയും വീശി മടങ്ങണം. പിന്നെ, ഇതിന്റെ നന്ദി കാണിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സന്നദ്ധ സംഘടകളുടെ വിലക്കുകള്‍ വല്ലതും ഉണ്ടെങ്കില്‍ മാറ്റിക്കൊടുക്കാന്‍ കത്തെഴുതണം. പിള്ളേച്ചന്‍സ് അതൊന്നും അവസാനിപ്പിച്ച് കളയരുത്. ശശിപ്പട്ടം കളഞ്ഞുകുളിക്കരുത്. ഇത് ഒരു അപേക്ഷയാണ്.
പുരുഷുന്റെ അനുഗ്രഹം പിള്ളേച്ചനും കൂട്ടര്‍ക്കും അഡ്വാന്‍സ് ആയി തന്നിരിക്കുന്നു. ചെറിയൊരു യുദ്ധം ഉണ്ട് ഉടനെ മടങ്ങിവരാം.. മക്കളെ..