ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയതിന്റെ ക്രെഡിറ്റ് മതേതരത്വത്തിനോ ഭരണഘടനക്കോ ഖുറാനോ?

4

2012 ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ വർഷം മുതൽ മുസ്ലിങ്ങൾക്ക് ഹജ്ജ് ചെയ്യാൻ കൊടുക്കുന്ന സബ്‌സിഡി പണം നിർത്തലാക്കിയ വാർത്ത നാമെല്ലാം വായിച്ചല്ലോ. പത്തു വർഷം കൊണ്ട് ഘട്ടം ഘട്ടമായി ഹജ്ജ് സബ്‌സിഡി നിർത്തലാക്കണം എന്നായിരുന്നു 2012 ലെ അഫ്ത്താഫ് ആലവും രഞ്ചനാ പ്രകാശ് ദേശായിയും ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയ തീരുമാനത്തെ ദേശീയ തലത്തിൽ ഒട്ടു മിക്ക പാർട്ടികളും സ്വാഗതം ചെയ്തു. എന്തിന് അസദുദ്ദീൻ ഒവൈസി പോലും വിധിയെ അനുകൂലിച്ചപ്പോൾ കേരളത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും “ന്യൂനപക്ഷ വേട്ടയെന്ന്” പറഞ്ഞ് ഉത്തരവിനെ എതിർത്തു. മുൻ സിമിക്കാരനും ഇപ്പോഴത്തെ മന്ത്രിയുമായ കെ ടി ജലീലും സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനത്തെ എതിർത്ത് കൊണ്ട് മുന്നോട്ടു വന്നു. കോൺഗ്രസ്സിന്റെയും ലീഗിന്റെയും മതേതര ഇരട്ടത്താപ്പിനെ പറ്റിയല്ല, മറിച്ച് ഹജ്ജ് സബ്‌സിഡിയുടെ ഉദ്ഭവത്തെ കുറിച്ചും അത് നിർത്തലാക്കുന്നതിലേക്ക് നയിച്ച സംഭവ വികാസങ്ങളെ പറ്റിയുമാണ് പ്രസ്തുത ലേഖനം.

ഇന്ത്യൻ ഭരണഘടന മതേതരമാണെന്നത് കക്ഷിഭേദമന്യേ തർക്കമില്ലാത്ത വസ്തുതയാണ്. രാജ്യത്തെയും കോടതികളെയും നിയന്ത്രിച്ചവർ പലപ്പോഴായി വെള്ളം ചേർക്കുകയും വളച്ചൊടിക്കുകകയും ചെയ്ത ഒന്നാണ് നമ്മുടെ ഭരണഘടനയിലെ ‘മതേതരത്വം’. നെഹ്രുവിന്റെ കാലം തൊട്ടേ ഭരണഘടനയെ ദുർവ്യാഖാനിക്കാൻ തുടങ്ങി. അതിന്റെ ഉത്തമോദാഹരണമായിരുന്നു ഇതുവരെ രാജ്യത്ത് തുടർന്നുകൊണ്ടിരുന്ന ഹജ്ജ് സബ്‌സിഡിയും അത് നിർത്തലാക്കുന്നതിലേക്ക് നയിച്ച കോടതി ഉത്തരവും.

സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ ഒന്നായിരുന്നു ഹജ്ജ് സബ്‌സിഡി. സാമൂഹികമായി ഈ സബ്‌സിഡി അമുസ്ലിങ്ങൾക്ക് വിവേചനപരമായിരുന്നു. മെക്കയിൽ തീർത്ഥാടനത്തിന് പോകുന്ന മുസ്ലിങ്ങൾക്ക് പണം കിട്ടുമ്പോൾ കേരളത്തിൽ നിന്ന് കാശിക്കോ അമർനാഥിനോ തീർത്ഥയാത്ര പോകുന്ന ഹിന്ദുക്കൾക്ക് പണം കിട്ടില്ലെന്ന് മാത്രമല്ല തീവ്രവാദികളെയും പേടിച്ച് യാത്ര ചെയ്യേണ്ട സാമൂഹികാവസ്ഥ! സാമ്പത്തികമായി നോക്കിയാൽ, അമുസ്ലിമിന് ഇതൊരു നികുതി ഭാരം കൂടിയായിരുന്നു. മുസ്ലിങ്ങളെ ഹജ്ജിന് വിടാൻ അമുസ്ലിങ്ങൾ നികുതി കൊടുക്കേണ്ടുന്ന അവസ്ഥ! ഇനി രാഷ്ട്രീയമായി നോക്കിയാൽ, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന മതേതറ രാഷ്ട്രീയക്കാർക്ക് എന്നും ഒരു പ്രീണനോപാധി കൂടി ആയിരുന്നു ഈ സബ്‌സിഡി പണം. കേരളത്തിൽ മുസ്ലിം ലീഗും കോൺഗ്രസ്സും “ന്യൂനപക്ഷ വേട്ട” എന്ന് പറഞ്ഞ് നിലവിളിക്കുന്നത് ഒരുദാഹരണം.

എന്തായാലും 2012 ലെ കോടതി ഉത്തരവിന്റെ മറപറ്റി ഈ വർഷത്തോടെ ഹജ്ജ് സബ്‌സിഡി പൂർണ്ണമായും നിർത്തലാക്കാനും സബ്‌സിഡി തുകയായ 700 കോടിയോളം രൂപ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ചിലവഴിക്കാനും ഗവണ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ വിധി പ്രസ്താവിക്കാൻ ജഡ്ജിമാർ ആശ്രയിച്ചത് ഭരണഘടനയെ ആയിരുന്നില്ല ഖുറാനിലെ ആയത്തുകളെ ആയിരുന്നു എന്നുമാത്രം! മുത്തലാക്ക് നിർത്തലാക്കിയ പോലെ ഖുറാനിലെ ആയത്തുകൾ പരിശോധിച്ചാണ് ഹജ്ജ് സബ്‌സിഡിയും അന്യായമാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്! മതേതര രാജ്യമായ ഇന്ത്യയിൽ, അന്യായമായ ഒരു കീഴ്വഴക്കം നിർത്തലാക്കാൻ പോലും കോടതിക്ക് ഖുറാൻ ആശ്രയിക്കേണ്ട അവസ്ഥയാണ്! ദീപാവലിക്കും ജെല്ലിക്കെട്ടിനും ശബരിമലക്കും ഒക്കെ കോടതികൾ എടുത്തുപയോഗിക്കുന്ന ഭരണഘടന ഇവിടെ നിസ്സഹായയാണ്!

ഹജ്ജ് സബ്‌സിഡി ഇന്ത്യയിൽ വന്നതെങ്ങനെ?

1932 ലെ ബ്രിട്ടീഷ് ഗവൺമെന്റാണ് ഇന്ത്യയിൽ ആദ്യമായി ഒരു ഹജ്ജ് കമ്മിറ്റി നിയമം (The Port Hajj Committee Act) നടപ്പിലാക്കിയത്. ഈ നിയമപ്രകാരം ഹജ്ജ് കമ്മിറ്റിക്ക് നിശ്ചിത സാമ്പത്തിക സഹായം ചെയ്ത് കൊടുത്ത ബ്രിട്ടീഷ് ഗവണ്മെന്റ്, ബോംബെയിലും കൽക്കട്ടയിലും ഹജ്ജ് യാത്രക്കാർക്കായി രണ്ട് ടെർമിനലുകളും സ്ഥാപിച്ചു. സ്വാതന്ത്ര്യാനന്തരം 1959 ലെ നെഹ്രു ഗവണ്മെന്റ് ഹജ്ജ് കമ്മിറ്റി ആക്ട് പാർലമെന്റിൽ പാസാക്കി. സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ചില്ലിക്കാശ് നൽകി സഹായിച്ചില്ലെങ്കിലും, ഹജ്ജ് സബ്‌സിഡി അനുവദിക്കാനും അതിനായി പാർലമെന്റിൽ നിയമനിർമ്മാണം നടത്താനും നെഹ്രു ഗവൺമെന്റിന് യാതൊരു മടിയുമില്ലായിരുന്നു! അന്ന് തൊട്ടിന്നുവരെ ഹജ്ജ് സബ്‌സിഡി നല്കിപ്പോന്നത് 1959 ൽ നെഹ്രു ഗവണ്മെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. (2002 ൽ ഒരു ചെറിയ ഭേദഗതി വരുത്തിയതൊഴിച്ചാൽ)

2011 ൽ മുൻ രാജ്യസഭാ എംപി, പ്രഫുൽ ഗൊറാഡിയ സുപ്രീം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു (Prafull Goradia Vs Union of India). ഹജ്ജ് സബ്‌സിഡിക്ക് ചിലവാക്കുന്ന നികുതിപ്പണം ഭരണഘടന ഉറപ്പുവരുത്തുന്ന മൗലിക അവകാശമായ ആർട്ടിക്കിൾ 27 ന് വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു കേസ്. ആർട്ടിക്കിൾ 27 പ്രകാരം ഏതെങ്കിലും മതത്തിന്റെ പ്രചാരത്തിനോ സൗകര്യത്തിനോ ആയി നികുതി ഒടുക്കാൻ ഒരു പൗരനെ നിർബന്ധിക്കാൻ ആർക്കും അധികാരമില്ല. എന്നാൽ, കൃത്യമായി എത്ര ശതമാനം നികുതിയാണ് ഹജ്ജിനായി ഉപയോഗിക്കുന്നത് എന്ന് പരാതിയിലില്ല എന്ന തൊടുന്യായം ചൂണ്ടിക്കാണിച്ച് മാർക്കണ്ഡേയ കട്ജുവും ഗ്യാൻസുധ മിശ്രയും അടങ്ങിയ ബഞ്ച് കേസ് തള്ളി. വളരെ ചെറിയ ഒരു തുക ഏതെങ്കിലും മതവിഭാഗത്തിന്റെ സൗകര്യത്തിനായി ചിലവഴിച്ചാൽ അത് ആർട്ടിക്കിൾ 27 ൽ പ്രതിപാദിച്ചിരിക്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് തങ്ങൾക്ക് കണക്കാക്കാൻ ആവില്ല എന്നും വിധി പ്രസ്താവിച്ചു കൊണ്ട് മാർക്കണ്ഡേയ കട്ജുവിന്റെ ബഞ്ച് നിരീക്ഷിച്ചു. (പൂർണ്ണമായ വിധി ഇവിടെ വായിക്കാം)

പ്രത്യക്ഷത്തിൽ തന്നെ ഭരണഘടനയുടെ 27-ാം മൗലിക അവകാശത്തെ ലംഘിക്കുന്ന കേസാണെന്ന് വായിച്ച നമുക്കെല്ലാം വ്യക്തമായി, പക്ഷേ കട്ജു നയിച്ച ബഞ്ചിന് അത് മനസ്സിലായില്ല!

പിന്നീട് ഹജ്ജ് സബ്‌സിഡി നിർത്തലാക്കുന്ന ഉത്തരവിലേക്ക് നയിച്ച ഇപ്പോഴത്തെ കേസ് വന്നത് 2012 ലാണ്. ഒരു സംഘം ടൂർ ഓപ്പറേറ്റർമാരായിരുന്നു പരാതിക്കാർ. ഗവണ്മെന്റിന്റെ ഹജ്ജ് സബ്‌സിഡി തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നു എന്നതായിരുന്നു പരാതി. തുടർന്ന് കേസ് പരിഗണിച്ച അഫ്ത്താഫ് ആലത്തിന്റെ ബഞ്ച് ഖുർആനിലെ 97-ാം  ആയത്ത് വ്യാഖ്യാനിച്ചാണ് ഹജ്ജ് സബ്‌സിഡി നിർത്തലാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്! (മുഴുവൻ വിധിപ്പകർപ്പ് ഇവിടെ വായിക്കാം)

97-ാം ആയത്ത് പ്രകാരം യാത്രാച്ചിലവിനും താമസത്തിനും വേണ്ടുന്ന ആസ്തി ഉള്ളവൻ മാത്രം ഹജ്ജ് അനുഷ്ഠിച്ചാൽ മതിയെന്ന് ഖുർആൻ പറയുന്നു. മതേതര രാജ്യത്തെ മതേതര കോടതിക്ക് ഒരന്യായത്തിൽ തീർപ്പ് കൽപ്പിക്കാൻ ഖുർആൻ വ്യാഖ്യാനിക്കേണ്ട അവസ്ഥ! 97-ാം ആയത്ത് വ്യാഖ്യാനിച്ച ജഡ്ജി പത്തു വർഷം കൊണ്ട് ഘട്ടം ഘട്ടമായി ഹജ്ജ് സബ്‌സിഡി പൂർണ്ണമായും നിർത്തലാക്കാൻ ഉത്തരവിട്ടു. ഭരണഘടനയിലെ ആർട്ടിക്കിളോ വേറെ ഏതെങ്കിലും വകുപ്പോ വിധി പ്രസ്താവിച്ച ജഡ്ജിമാർ പരിഗണിച്ചില്ല എന്നർത്ഥം. ഇനി അഥവാ പരിഗണിച്ചാൽ തന്നെ 2011 ലെ മാർക്കണ്ഡേയ കട്ജുവിന്റെ വിധി പോലെ കേസ് തള്ളിപ്പോയെനെ.

ഹജ്ജ് നിർത്തലാക്കിയ വകയിലുള്ള 700 കോടി രൂപയോളം വരുന്ന സബ്‌സിഡി തുക മുസ്ലിം വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ചിലവാക്കും എന്നും ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്. അതായത് ലേഖനം തുടങ്ങുമ്പോൾ നമ്മൾ പരിശോധിച്ച രണ്ട് അനീതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്; സാമ്പത്തിക വിവേചനവും രാഷ്ട്രീയ പ്രീണനവും. ഇപ്പോഴും ഒരു പ്രത്യേക മതവിഭാഗത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി ഗവണ്മെന്റ് സബ്‌സിഡി തുക നീക്കി വയ്ക്കുന്നു. എല്ലാ വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായിരുനെങ്കിൽ അത് മതേതരത്വമായി കണക്കാക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയെങ്കിലും ആ പണം മുസ്ലിം പെൺകുട്ടികൾക്ക് വേണ്ടി മാത്രം നീക്കിവച്ച ഗവണ്മെന്റ് തങ്ങളും പ്രീണനത്തിൽ ഒട്ടും പിന്നോട്ടല്ല എന്ന് തെളിയിച്ചു.

ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയ ഉത്തരവ് വന്നപ്പോൾ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന പല അമുസ്ലിങ്ങളെയും കണ്ടു. ഇതുവരെ ഗവണ്മെന്റ് ഇസ്ളാമിന് കൊടുത്ത പ്രത്യേക പരിഗണന എടുത്തു കളഞ്ഞ് എല്ലാ പൗരന്മാരെയും തുല്യരായി പരിഗണിക്കാൻ തുടങ്ങി എന്ന് പലരും അഭിപ്രായപ്പെടുന്നതും കാണാനിടയായി. പക്ഷേ, ഇവിടെ ഒന്നും മാറിയിട്ടില്ല. മുത്തലാക്ക് നിരോധിക്കാൻ ആയാലും ഹജ്ജ് സബ്‌സിഡി നിരോധിക്കാനായാലും കോടതിക്ക് ഭരണഘടനയേക്കാൾ മുഖ്യം ഖുർആൻ ആണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രീണനവും പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ഉണ്ട്. പിന്നെ ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയ വാർത്ത കേട്ട് വൃഥാ ആർപ്പുവിളിക്കുന്നതിലെന്തർത്ഥം?

4 COMMENTS

  1. ഏത് ഗവണ്മെന്റ് വന്നാലും സംഘടിത വോട്ട് ബാങ്ക് ആയത് കൊണ്ട് പ്രീണനം തുടരും.. ഹിന്ദുക്കളും ഇതുപോലെ സംഘടിത വോട്ട് ബാങ്ക് ആകാനാണ് ശ്രമിക്കേണ്ടത്.

  2. പത്തു വർഷം കൊണ്ട് ഘട്ടം ഘട്ടമായി ഹജ്ജ് സബ്‌സിഡി നിർത്തലാക്കണം എന്നല്ല 2022 നു മുൻപ് എന്നല്ലേ.

    • 2012-ലാണ് വിധി വന്നത്. പത്തു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി സബ്‌സിഡി നിർത്തലാക്കണം എന്ന്. 2022 വരെ സമയം ഉണ്ടായിരുന്നു. നാല് വർഷത്തിന് മുന്നേ ടാർജറ്റ് അച്ചീവ് ചെയ്തു. 🙂

LEAVE A REPLY

Please enter your comment!
Please enter your name here