ചൈനക്ക് ചെക്ക്‌മേറ്റുമായി മോഡിയുടെ ഡിപ്ലോമാറ്റിക് മാസ്റ്റര്‍ സ്‌ട്രോക്

തെക്കു-കിഴക്കന്‍ ഏഷ്യയിലെ പത്തോളം രാജ്യങ്ങളുടെ തലവന്‍മാരെ ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് ക്ഷണിച്ച് റിപ്പബ്ലിക് പരേഡിന് അതിഥികളായി ആദരിച്ചിരുത്തിയ പ്രധാനമന്ത്രിയുടെ നയതന്ത്ര വൈദഗ്ദ്ധ്യം ആഗോള മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒപ്പം, മേഖലയുടെ ആധിപത്യത്തിന് ശ്രമിക്കുന്ന ചൈനയുടെ ഉറക്കം കെടുത്തുന്നതുമായി മാറി ഈ നീക്കം.

മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്ന ഇന്ത്യയുടെ നീക്കത്തെ സ്വാഭാവികമായി ഭയപ്പെട്ടത് ചൈനയാണ്. ശക്തരാണെന്ന് കാണിക്കാനുള്ള ഇന്ത്യയുടെ നയതന്ത്ര പൊങ്ങച്ചമാണിതെന്ന് ചൈനീസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.

ജിയോപൊളിറ്റിക്‌സില്‍ ഇന്ത്യ തുടക്കക്കാരാണെന്നും പുറംപൂച്ചാണിതെന്നും ചൈന പറഞ്ഞതോടെ ഈ നീക്കത്തില്‍ ഇന്ത്യയുടെ അയല്‍ക്കാര്‍ എത്രമാത്രം ആശങ്കപ്പെടുന്നുവെന്ന് തെളിയുന്നു.

ആഗോള തലത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത ചെറിയ രാജ്യങ്ങളുടെ തലവന്‍മാരെ വിളിച്ചു വരുത്തി ആദരിക്കുന്ന മുന്‍ സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് 2014 നു ശേഷം  യുഎസ് ഉള്‍പ്പെടെയുള്ള വന്‍കിട ശക്തികളെ റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിച്ച് നയതന്ത്ര തലത്തിലും ആഗോള തലത്തിലും ഇന്ത്യ കരുത്ത് കാണിച്ചത്.

2018 ലെ റിപ്പബ്ലിക് ദിനാഘോഷം ഒരു പടി കൂടെ കടന്നതായി. രാജ്യങ്ങളെ വിട്ട് രാജ്യങ്ങളുടെ കൂട്ടായ്മകളെ വലപീശി പിടിച്ച് മോഡി ഡിപ്ലോമാറ്റിക് മാസ്റ്റര്‍ സ്‌ട്രോക് നടത്തി. ലോക രാജ്യങ്ങള്‍ക്ക് ഇന്നു വരെ കഴിയാത്ത നേട്ടമാണ് ഇന്ത്യ ഒറ്റയടിക്ക് നേടിയത്.

ചൈനയുമായി പല രംഗങ്ങളിലും പോരടിച്ച് നില്‍ക്കുന്ന രാജ്യങ്ങളാണ് ആസിയാനിലുള്ളത്. ഇതിനാല്‍ തന്നെ ഇന്ത്യയുടെ ഈ നീക്കത്തെ ഏറ്റവും അധികം ഭയപ്പെടുന്നതും ചൈന തന്നെയാണ്. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായി ബന്ധം വളരുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നാണ് ചൈനയുടെ വിദേശ കാര്യ മന്ത്രാലയം ഔദ്യോഗികമായി പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ അഭിപ്രായം മറ്റൊന്നായിരുന്നു.

വിയറ്റ്നാം, ഫിലിപ്പൈന്‍സ് എന്നിവരാണ് ചൈനയുമായി തുറന്ന പോരിന് ഇറങ്ങിയിട്ടുള്ളത്. ഇവരുമായി ഇന്ത്യ കൈകോര്‍ക്കുന്നത് ചൈനയെ വിളറി പിടിപ്പിക്കുന്നുണ്ട്. അഭിപ്രായ ഭിന്നതകളും സംഘര്‍ഷങ്ങളും ഉണ്ടെങ്കിലും ചൈനയും ആസിയാന്‍ രാജ്യങ്ങളുമായി വാണിജ്യ-നിക്ഷേപ ബന്ധം ശക്തമാണ്. ഇന്ത്യ ഈ മേഖലയിലേക്ക് കടന്നു കയറുന്നതും ചൈനയെ അലോസരപ്പെടുത്തുന്നു.

ഇന്ത്യയേക്കാളും ആറു മടങ്ങ് വലുതാണ് സിനോ-ആസിയാന്‍ വ്യാപാരം. നിക്ഷേപം പത്തു മടങ്ങും. തങ്ങളെ സാമ്പത്തികമായി തളര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ചൈന അശങ്കപ്പെടുന്നു.

ജനുവരി 26 ന് ആസിയാന്‍ രാജ്യങ്ങളിലെ 27 മുന്‍ നിര മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പേരുവെച്ചെഴുതിയ എഡിറ്റോറിയല്‍ പേജ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മുമ്പ് യുഎസ് സന്ദര്‍ശന വേളയില്‍ മോഡി സമാനമായ രീതിയില്‍ ലേഖനം എഴുതിയിരുന്നു. എന്നാല്‍, പത്തോളം രാജ്യങ്ങളില്‍ ഒരേ സമയം ഒരു രാഷ്ട്രനേതാവിന്റെ ലേഖനം പ്രസിദ്ധീകരിക്കുന്നത് ലോക രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യം.

പങ്കുവെയ്ക്കുന്ന മൂല്യങ്ങളും പൊതു ലക്ഷ്യങ്ങളും എന്ന പേരില്‍ പ്രധാനമന്ത്രി എഴുതിയ ലേഖനത്തെ കുറിച്ച് ലോക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. എന്നാല്‍, ദോഷൈകദൃക്കുകളായ ഇന്ത്യയിലെ മാധ്യമങ്ങളും,  സാക്ഷരതയും പ്രബുദ്ധതയും നിറഞ്ഞ മലയാള മാധ്യമങ്ങളും പതിവു പോലെ കുറ്റങ്ങള്‍ കണ്ടു പിടിക്കുകയും. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് മുന്‍ നിരയില്‍ ഇരിപ്പിടം കിട്ടാത്തത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആസിയാന്‍ രാഷ്ടത്തലവന്‍മാരുടെ സാന്നിദ്ധ്യവും ഇതിലൂടെ ഇന്ത്യക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന അംഗീകാരവും പരമാവധി കുറച്ച് കാണിക്കാന്‍ ഈ മാധ്യമങ്ങള്‍ മത്സരിച്ചു, ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ദിനപത്രങ്ങള്‍ ദളിതനായ ഇളയരാജയ്ക്ക് പത്മവിഭൂഷന്‍ നല്‍കിയതിനെ ദുഷ്ടലാക്കോടെ മുഖ്യവാര്‍ത്തയായി അവതരിപ്പിച്ചു സംതൃപ്തി നേടി.

ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും ചേര്‍ന്ന 190 കോടി ജനങ്ങളെ ഒറ്റക്കെട്ടായി കണ്ടാണ് മോഡിയുടെ ലേഖനം. ലോക ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ഈ കൂട്ടായ്മയെ കുറിച്ച് മോഡി വാചാലനായി.

നൂറ്റാണ്ടുകള്‍ പിന്നിട്ട ബന്ധത്തെക്കുറിച്ചും രാമയാണം ഉള്‍പ്പടെയുള്ള സാംസ്‌കാരിക ബന്ധങ്ങളേ കുറിച്ചും മറ്റും  ഈ ലേഖനത്തില്‍ ആസിയാന്‍ ജനതയെ മോഡി ഓര്‍മിപ്പിക്കുന്നു. ഇന്ത്യുയുടെ ലുക്ക് ഈസ്റ്റ് പോളിസി -ആക്ട് ഈസ്റ്റ് പോളിസിയായി മാറ്റിയെഴുതിയാണ് മോഡിയുടെ ഈ നയതന്ത്ര നീക്കം. പരസ്പര മാത്സര്യങ്ങളും അവകാശങ്ങളും ഉന്നയിക്കാത്ത ജനതകളെയാണ്  ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും ഉള്‍ക്കൊള്ളുന്നതെന്നും പൊതുവായ വീക്ഷണമുള്ള രാജ്യങ്ങള്‍ ഭൂമി ശാസ്ത്രപരമായ വലുപ്പത്തിന് അതീതമായി സമദര്‍ശനമാണ് പരസ്പര ബന്ധത്തിലൂടെ പുലര്‍ത്തുന്നതെന്നും വല്യേട്ടന്‍ മനോഭാവമില്ലാതെ  ലേഖനത്തിലൂടെ മോഡി നയം വ്യക്തമാക്കി.

രാഷ്ട്ര നേതാക്കളെ മാത്രമല്ല രാഷ്ട്രങ്ങളെ തന്നെ സൗഹൃദാലിംഗനത്തിലൂടെ വശത്തക്കാന്‍ മോഡിക്ക് സാധിച്ചു. ആഗോളതലത്തില്‍ ഏറ്റവും പ്രിയങ്കരനായ നേതാവിനായി ഗലൂപ് ഇന്റര്‍നാഷണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മോഡി മൂന്നാം സ്ഥാനത്ത് വന്നിരുന്നു. ഇതര രാജ്യങ്ങളില്‍ നിന്ന് മോഡിക്ക് വോട്ടു ലഭിച്ചത് പരിശോധിച്ചപ്പോള്‍  വിയറ്റ് നാം, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ ആസിയാന്‍ രാജ്യങ്ങളായിരുന്നു മുന്നില്‍ നിന്നവര്‍.   മോഡിയുടെ ആഗോള റേറ്റിംഗില്‍ നാലു പോയിന്റ് ഉയര്‍ന്നതിനു കാരണം ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 26 പോയിന്റായിരുന്നു.

അതിഥി ദേവോ ഭവഃ – ആസിയാൻ നേതാക്കൾ അവരുടെ കുടുംബത്തോടൊപ്പം മോദിയുടെ കൂടെ .

ദോക് ലാം വിഷയത്തില്‍ ചൈനയെ മുഖാമുഖം എതിരിട്ട മോഡിയെ ആസിയാന്‍ ജനത വീര പൂരുഷനായി അംഗീകരിക്കുകയായിരുന്നു. സൗത്ത് ചൈന സീ വിഷയത്തില്‍ ഇന്ത്യയുടെ ഇടപെടലും വിയറ്റ് നാം ജനതയ്ക്ക് മോഡിയെ പ്രിയങ്കരനാക്കി. ബ്രഹ്മോസ് മിസൈലുകള്‍ നല്‍കാനുള്ള തീരുമാനവും ചാര ഉപഗ്രഹ സംവിധാനം പങ്കിടാനുള്ള മോഡിയുടെ സന്നദ്ധതയും വിയറ്റ്‌നാമിന് വിലപ്പെട്ടതായിരുന്നു. ഇന്തോനേഷ്യ ഇതുവരെ മോഡി സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഇവിടെയും ആരാധകര്‍ ഏറെയുണ്ടെന്നാണ് വോട്ടിംഗ് ഫലം കാണിക്കുന്നത്.

2014 നു മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ ചൈനയുടെ നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ആഭ്യന്തര കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു പോന്നു. ചൈന ഈ അവസരം മുതലാക്കി ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്ഥാന്‍, മാലിദ്വീപ് എന്നിവയെ വശത്താക്കി. ഇന്ത്യക്കു ചുറ്റും കോട്ടമതില്‍ കെട്ടി പൂട്ടാനുള്ള വേലയായിരുന്നു ഇതിനു പിന്നില്‍.

2014 നു ശേഷം മോഡി അധികാരത്തില്‍ വന്നതോടെ മോഡി ഈ പൂട്ടുകള്‍ ഒന്നൊന്നായി തകര്‍ത്തെറിഞ്ഞു. പാക്കിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ ചൈനയുടെ ഭാഗത്തുള്ളത്. ഇന്ത്യയെ ചൈന പൂട്ടിയതിനു സമാനമായി എതിര്‍ നീക്കവും മോഡി നടത്തി. ചൈനയ്ക്കു ചുറ്റുമുള്ള താജികിസ്ഥാന്‍, മംഗോളിയ, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവരുമായി കൈകോര്‍ത്ത് ഇന്ത്യ നടത്തിയ എന്‍സര്‍ക്കിളിംഗ് ചൈനയെ വിറപ്പിക്കുന്നതായിരുന്നു. ചൈനയുടെ കോട്ട പോളിച്ചതിനൊപ്പം അവര്‍ക്കു ചുറ്റും കോട്ടകെട്ടി ഇന്ത്യ കരുത്ത് തെളിയിക്കുകയായിരുന്നു.

ആഗോള തലത്തില്‍ പേരു കേട്ട ജിയോപൊളിറ്റിക്കല്‍ ടേമായ ഏഷ്യ-പസഫിക് അടുത്തിടെ ഇന്തോ -പസഫിക് എന്നായി മാറിയത് നയതന്ത്രതലത്തിലെ ഇന്ത്യന്‍ വിജയമാണ് കാണിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രവും-ശാന്തസമുദ്രവും എന്ന തലത്തിലേക്ക് ഏഷ്യ വന്‍കരയിലെ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ മോഡിക്ക് കഴിഞ്ഞു. ഇന്ത്യയുടെ സുരക്ഷ പരിഗണനകള്‍ക്ക് ഇതോടെ പ്രസക്തി കൈവന്നു. ചൈന തുമ്മിയാല്‍ ഏഷ്യക്ക് ജലദോഷം പിടിക്കുന്ന കാലം കഴിഞ്ഞുവെന്നും ഇന്ത്യയെന്ന ശക്തമായ ആന്റിബയോട്ടിക് വന്‍ പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നതെന്നും ആഗോള നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഒരേ പൈതൃകം, തുടരുന്ന സൗഹൃദം : ഇന്ത്യ ആസിയാൻ കൂട്ടുകെട്ടിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകൾ

ഇന്തോനേഷ്യ, സിംഗപ്പൂര്‍, വിയറ്റ്‌നാം, ലാവോസ്, കംബോഡിയ, തായ്‌ലാന്‍ഡ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ബ്രൂണെ, മ്യാന്‍മര്‍, എന്നി പത്തു രാജ്യങ്ങളുടെ തലവന്‍മാരാണ് ഡെല്‍ഹിയുടെ ആതിഥ്യം സ്വീകരിച്ചത്. ആസിയാന്‍ രാജ്യങ്ങളുമായുള്ള 25 വര്‍ഷത്തെ നയതന്ത്ര ബന്ധത്തിനിടയിലെ ഏറ്റവും ഫലപ്രദവും വിജയകരവുമായ മൂഹൂര്‍ത്തമാണ് 2018 ജനുവരി 26 ലെ റിപ്പബ്ലിക് ദിനാഘോഷമെന്ന് ചരിത്രം രേഖപ്പെടുത്തും. വിശ്വപൗരനായി ഉയരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുവര്‍ണ അദ്ധ്യായവും ചൈനയ്‌ക്കെതിരെ ചെക്ക്‌മേറ്റ് പറഞ്ഞ ഈ മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയാകും.

LEAVE A REPLY

Please enter your comment!
Please enter your name here