ഇന്ത്യയുടെ പടിഞ്ഞാറും വടക്കുമുള്ള അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കാന്‍ വ്യോമസേനയ്ക്ക് കുറഞ്ഞത് 43 സ്‌ക്വാഡ്രണുകളാണ് വേണ്ടത്. നിലവില്‍ 32 സ്‌ക്വാഡ്രണുകള്‍ ഉണ്ടെങ്കിലും മിഗ്, മിറാഷ്, എന്നിവയുടെ കാലാവധി തീരുന്നതോടെ ഇന്ത്യന്‍ എര്‍ഫോഴ്‌സിനു സ്വന്തമായുള്ള സ്‌ക്വാഡ്രണുകളുടെ എണ്ണം 18 ആയി ചുരുങ്ങും. ഒരു സ്‌ക്വാഡ്രണില്‍ 16 -18 യുദ്ധ വിമാനങ്ങളാണ് ഉണ്ടാകുക.
2007 മുതല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയത്തിന് വ്യോമസേന കത്ത് എഴുതുകയും ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഇതിനെ തുടര്‍ന്നാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങിക്കാന്‍ പദ്ധതിയിട്ടത്.
ആഗോള ടെണ്ടറില്‍ അഞ്ചോളം യുദ്ധ വിമാനകമ്പനികളുടെ ഓഫറുകള്‍ ലഭിച്ചു. ഇതില്‍
രണ്ടെണ്ണം അവസാനലിസ്റ്റില്‍ വന്നു. ഫ്രഞ്ച് കമ്പനിയായ ഡാസുവിന്റെ റഫേലും ബ്രിട്ടന്റെ യൂറോഫൈറ്റന്‍ ടൈഫൂണുമായിരുന്നു ഇത്.
ഇതില്‍ ഫ്രഞ്ച് യുദ്ധവിമാനമായ റഫേലിനെ ഇന്ത്യ തിരഞ്ഞെടുത്തു. 2012 ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് കരാറിലൊപ്പു വെച്ചു 18 യുദ്ധ വിമാനങ്ങള്‍ ഫ്ലൈ എവേ കണ്ടീഷനിലും ബാക്കിയുള്ളവ ഇന്ത്യയിലെ എച്ച് എഎല്ലില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. ഒരു സ്‌ക്വാഡ്രണ്‍ വരുന്ന വിമാനങ്ങളാണ് അന്ന് വാങ്ങിക്കാന്‍ പദ്ധതിയിട്ടത്. പക്ഷേ, കരാര്‍ യാഥാര്‍ത്ഥ്യമായില്ല. എ്ച്ചഎഎല്ലില്‍ നിർമ്മിക്കുന്ന വിമാനങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കില്ലെന്ന് ഫ്രഞ്ച് നിര്‍മാതാക്കളായ ഡാസു വ്യക്തമാക്കി.
കരാറിലെ ബാക്കി വരുന്ന 108 വിമാനങ്ങള്‍ ഇന്ത്യക്ക് സാങ്കേതിക വിദ്യ കൈമാറിയ ശേഷം നിര്‍മിക്കാന്‍ ഡാസു കണക്കാക്കിയത് മൂന്നു കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകളാണ് . എന്നാല്‍, എച്ചഎഎല്‍ ആവശ്യപ്പെട്ടത് 9 കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകളായിരുന്നു.
ഇങ്ങിനെ അനിശ്ചിതത്വത്തിലായ കരാര്‍ മൂലം ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത് വൈകുന്ന ഘട്ടമെത്തി. ഇതിനെ തുടര്‍ന്ന 2014 ല്‍ അധികരാത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യക്ക് അടിയന്തരമായി രണ്ടു സ്‌ക്വാഡ്രണുകള്‍ വേണമെന്ന് തിരിച്ചറിയുകയും 38 യുദ്ധ വിമാനങ്ങള്‍ ഫ്‌ളൈ എവേ കണ്ടിഷനില്‍ വാങ്ങിക്കാനായി കരാര്‍ പുതുക്കുകയും ചെയ്തു.
യുദ്ധ വിമാനം മാത്രം പോരെന്നും ആയുധവും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് പൂര്‍ണ സജ്ജമായ യുദ്ധ വിമാനങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടു.
മീറ്റിയോര്‍ എന്ന ഫ്രഞ്ച് മിസൈലാണ് ഇതിലൊന്ന്. 100 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് ഇത്. ഇതു കൂടാതെ, ഇന്ത്യയുടെ ആവശ്യപ്രകാരം തേര്‍ഡ് പാര്‍ട്ടി വെപണറി റാഫേലില്‍ സജ്ജമാക്കി.
പതിനഞ്ചോളം ഗൈഡഡ് മിസൈലുകളാണ് ഒരോ യുദ്ധ വിമാനത്തിലും ഉള്ളത്. 500 കിലോമീറ്റര്‍ വരെ പ്രഹര ശേഷി ഇതിനുണ്ട്. മൂന്നു യുദ്ധ വിമാനങ്ങളുടെ കുറവ് ഒരു വിമാനം കൊണ്ട് നികത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മീറ്റിയോര്‍ മിസൈലുകള്‍ ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്നതാണ്. ഇതുകൂടാതെയാണ് വെളിപ്പെടുത്താത്ത മാരക പ്രഹര ശേഷിയുള്ള മിസൈലുകള്‍ ഇന്ത്യ ആവശ്യപ്പെട്ടത്.
ചൈനയ്ക്കും പാക്കിസ്ഥാനും ഇല്ലാത്ത ഈ മിസൈല്‍ സംവിധാനം ഏഷ്യ വന്‍കരയുടെ സൈനിക സന്തുലിതാവസ്ഥ തന്നെ താളം തെറ്റിക്കും. ശത്രു വിമാനങ്ങളെ നേരിടാനും ഒപ്പം അവയില്‍ നിന്നും വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകര്‍ക്കാനും പോന്ന റഡാറും ചേര്‍ന്ന മിനി അവാക്‌സ് ( എയര്‍ബോണ്‍ ഏര്‍ളി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍) സംവിധാനം ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നതുമാണ്. ഇന്‍ഫ്ര റെഡ് ഇമേജറി മൂലം പാതിരാ നേരത്തും തെര്‍മല്‍ ഇമേജിംഗ് സംവിധാനത്തിലൂടെ എതൊരു വസ്തുവിനേയും കണ്ടെത്താം.
മൈക, മീറ്റിയോര്‍, ഹാമര്‍, സ്‌കാള്‍പ്, എഎം 39 എക്‌സോസെറ്റ് കപ്പല്‍ വേധ മിസൈല്‍, ലേസര്‍ ഗൈഡഡ് മിസൈല്‍, 2500 റൗണ്ടുകള്‍ വെടിവെയ്ക്കാവുന്ന നെക്‌സറ്റര് 30 എംഎം പീരങ്കികള്‍, തുടങ്ങി ഇന്ത്യ വാങ്ങുന്ന യുദ്ധ വിമാനം വൈവിധ്യമാര്‍ന്നതാണ്.
ശത്രു വിമാനങ്ങളുടെ റഡാറുകളില്‍ പെടാതെ ഒളിഞ്ഞു വരാനുള്ള സ്റ്റെല്‍ത് കപാസിറ്റിയും സജ്ജികരിച്ച വിമാനാണ് ഇന്ത്യ വാങ്ങുന്നത്. 2019 ജനുവരി മുതലാണ് ഇന്ത്യക്ക് യുദ്ധ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങുക. എന്നാല്‍, വിമാനങ്ങളുടെ യഥാര്‍ത്ഥ സ്പെസിഫിക്കേഷനുകൾ ആര്‍ക്കും വ്യക്തമല്ല.
പാക്കിസ്ഥാനും ചൈനയും കരാറിലെ വിവരങ്ങള്‍ പുറത്ത് ലഭിക്കാന്‍ വന്‍ ശ്രമങ്ങളാണ് നടത്തുന്നത്. മുമ്പ്, പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ചാരക്കണ്ണുകൾ ലഭ്യമായിരുന്നു. മനോഹര്‍ പരീക്കറും, നിര്‍മല സീതാരാമനും കസേരയിലേറിയ ശേഷം വിവരങ്ങള്‍ പുറത്തു പോകുന്നില്ല. ഇതില്‍ അസ്വസ്ഥരാണ് ശത്രു രാജ്യക്കാര്‍.
ഇതിനിടയിലാണ് , റഫേല്‍ കരാറില്‍ അഴിമതി ഉണ്ടെന്ന ആരോപണം ഉയര്‍ത്തി സര്‍ക്കാരിനെ കോണ്‍ഗ്രസ് സമര്‍ദ്ദത്തിലാഴ്ത്തുന്നത്. അഴിമതിയുടെ കറപുരളാതെ കഴിഞ്ഞ നാലു വല്‍ഷം ഭരിച്ച മോഡി സര്‍ക്കാരിനുമേല്‍ വ്യാജ ആരോപണം ഉന്നയിക്കുക വഴി സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കുക എന്ന ഉദ്ദേശമാണ് കോണ്‍ഗ്രസിനുള്ളത്.
ഇതത്ര നിഷ്‌കളങ്കമല്ലെന്ന സംശയമാണ് ചില കോണുകള്‍ ഉയര്‍ത്തുന്നത്. ഇടനിലക്കാരില്ലാതെ, രണ്ടു രാജ്യങ്ങള്‍ നേരിട്ടു നടത്തുന്ന ഡീലില്‍ അഴിമതി നടക്കില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്നാലും, യുദ്ധ വിമാനത്തിന്റെ വില എത്രയാണെന്ന് സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നാണ് രാഹുലിന്റേയും കൂട്ടരുടേയും ആവശ്യം.
എന്നാല്‍, ഇത്തരം വിശദ വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാല്‍ വില വിവരം പുറത്തു പറയില്ലെന്നും സര്ക്കാര്‍ വ്യക്തമാക്കി. വില പുറത്തായാല്‍ വിമാനങ്ങളിലെ വെപണറിയുടെ വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് വിശകലനം ചെയ്ത് എടുക്കാവുന്നതേയുള്ളു.
മുമ്പ് യുപിഎ സര്‍ക്കാരിന്റെ കാലത്തും പ്രതിരോധ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയായിരുന്നപ്പോഴും, എ കെ ആന്റണി ഭരിച്ചിരുന്നപ്പോഴും സര്‍ക്കാര്‍ നടത്തിയ പ്രതിരോധ ഇടപാടിന്റെ തുകയും വിവരങ്ങളും സിപിഎം നേതാവ് സീതാറാം യെച്ചൂരി രാജ്യസഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍, പ്രതിരോധ വിവരങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കാണിച്ച് ഉത്തരം നിഷേധിക്കുകയാണ് അന്ന് കോണ്ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇതേ കോണ്‍ഗ്രസ് ഇന്ന്, റഫേല്‍ വിമാനത്തിന്റെ വില ചോദിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കാതിരിക്കുന്നത് എങ്ങിനെ?
സിപിഎം എംപി എംബി രാജേഷും റഫേല്‍ യുദ്ധ വിമാനത്തിന്റെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് പ്രശ്‌നം സഭയില്‍ ഉന്നയിച്ചു
ചൈനയുടെ ഇന്ത്യയിലെ നയതന്ത്ര ഓഫീസില്‍ നിന്ന് പ്രതിനിധികള്‍ സിപിഎം ഓഫീസിലെത്തി സമ്മാനപൊതികള്‍ വിതരണം ചെയ്യുന്നതും മറ്റും കണക്കിലെടുത്താല്‍ ഇതിനൊക്കെ പിന്നില്‍ നടക്കുന്ന കളികള്‍ ഏതു സാധരണക്കാരനും മനസിലാകും. അടുത്തിടെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രതിനിധികള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിനെ സന്ദര്‍ശിച്ചിരുന്നു. ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ രാഹുലുമായി ചര്‍ച്ചയും നടത്തി.
ഇതിനെല്ലാം പിന്നാലെയാണ് വ്യാജമായ ആരോപണങ്ങളും സംശയങ്ങളും എല്ലാ രാഹുല്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയമായി ബിജെപിയെ നേരിടുന്നതിനൊപ്പം ചൈനയേയും പാക്കിസ്ഥാനേയും പരോക്ഷമായും സഹായിക്കുന്നതാണ് ഈ നടപടികള്‍ എന്നും ആരോപണം ഉയരുന്നുണ്ട്.
42 സ്‌ക്വാഡ്രണുകള്‍ വേണ്ടിടത്ത് അടുത്ത വര്‍ഷത്തോടെ 18 സ്‌ക്വാഡ്രണുകളായി ഇന്ത്യയുടെ ശേഷി ചുരുങ്ങുകയും, ഒപ്പം മാരക ശേഷിയുള്ള റഫേലിന്റെ വരവ് തടയാനും കഴിയും. ഇങ്ങിനെ ഇരുതല മൂര്‍ച്ഛയുള്ള വാളുമായാണ് കോണ്‍ഗ്രസ് ബിജെപിയെ നേരിടാനെന്ന പേരില്‍ രാജ്യത്തിന്റെ സുരക്ഷയുടെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നത്. റഫേല്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ ഇതുവഴി ചൈനയ്ക്കും പാക്കിസ്ഥാനും ഉണ്ടാകുന്ന സൈനിക മുന്‍തൂക്കം വലുതാണ്.
റഫേല്‍ ഇടപാടില്‍ കോൺഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ തന്നെ പരസ്യമായി പറഞ്ഞു.
2007 മുതല്‍ യുദ്ധ വിമാനം വാങ്ങാന്‍ പദ്ധതിയിട്ട യുപിഎ സര്‍ക്കാരിന് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ല. 58,000 കോടി രൂപയുടെ സൈനിക കരാര്‍ ഇന്ത്യ ഒപ്പുവെച്ച സൈനിക കരാറുകളില്‍ ഏറ്റവും വലുതാണ്. നീണ്ട ഏഴുവര്‍ഷങ്ങള്‍ ലഭിച്ചിട്ടും കോണ്‍ഗ്രസ് റഫേല്‍ ഡീല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടു.
ഇന്ത്യക്ക് സ്വന്തമായി യുദ്ധ വിമാനം നിര്‍മിക്കാന്‍ ശേഷി ഉണ്ടായിരുന്നിട്ടും ഇത് സാധ്യമാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തേജസ് എന്ന ലഘുയുദ്ധ വിമാനം സേനയുടെ ഭാഗമായത് 2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. ആദ്യ വിമാനം പരീക്ഷണ വിജയം നേടിയ ശേഷം 32 വര്‍ഷം പാഴായിരുന്നു. തുടര്‍ന്ന് 2015 ല്‍ മോഡി സര്‍ക്കാരാണ് തേജസ് എന്ന ഒറ്റ എഞ്ചിന്‍ ലഘു യുദ്ധ വിമാനം കമ്മീഷന്‍ ചെയ്തത്.
കാവേരി എന്ന വിമാന എഞ്ചിന്റെ ഗതിയും ഇതു തന്നെയാണ്. മുപ്പതു വര്‍ഷമായി നിര്‍മാണവസ്ഥയില്‍ ഇരിക്കുന്ന യുദ്ധ വിമാന എഞ്ചിനാണ് കാവേരി. പരാജയപ്പെട്ട മിഷനായി ഇതിനെ പരിഗണിക്കുന്നു. തേജസ് എന്ന യുദ്ധ വിമാനത്തില്‍ ഘടിപ്പിക്കാനാണ് കാവേരി തയ്യാറാക്കിയത്. എന്നാല്‍, ലാസ്റ്റ് മൈല്‍ പ്രോബ്ലം അഭമുഖികരിക്കുന്ന കാനേരി അജ്ഞാതമായ കാരണങ്ങളാല്‍ വിജയകരമാകാതെ പോകുകയാണ്.
കോടികളുടെ കമ്മീഷന്‍ പറ്റുന്ന പ്രതിരോധ ഇടനിലക്കാരാണ് കാവേരിയുടേയും തേജസിന്റേയും കാലതാമസങ്ങള്‍ക്ക് പിന്നിലെന്ന് സ്വാഭാവികമായും സംശയിക്കാം. എന്നാല്‍, മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രതിരോധ ഇടപാടുകള്‍ എല്ലാം സര്‍ക്കാരുകള്‍ തമ്മിലാക്കി. ഇതോടെ ഇടനിലക്കാര്‍ പുറത്തായി.
2020 ല്‍ കാവേരി എഞ്ചിന്‍ തേജസ് യുദ്ധ വിമാനത്തില്‍ ഘടിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം തീവ്ര ശ്രമം നടത്തുകയാണ്. റഫേല്‍ യുദ്ധ വിമാനം വാങ്ങുന്ന പുതിയ കരാറില്‍ കാവേരി എഞ്ചിന്റെ പാകപിഴകള്‍ മാറ്റാനുള്ള വ്യവസ്ഥയും ഉണ്ട്.
റഫേലിന്റെ ഇരട്ട എഞ്ചിനായ എം99 ടര്‍ബോഫാന്‍ എഞ്ചിന്റെ നിര്‍മാതാക്കളായ സ്‌നെക്മ എന്ന കമ്പനിക്കാണ് കാവേരിയുടെ പാകപ്പിഴ മാറ്റി 2020 ല്‍ സജ്ജമാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്.
എച്ചഎഎല്ലിനു പകരം ഡാസു പുതിയ കരാര്‍ ഒപ്പിട്ടത് അനില്‍ അംമ്പാനിയുടെ റിലയന്‍സ് ഡിഫന്‍സുമായാണ്. 2015 ല്‍ ആരംഭിച്ചതാണ് ഈ കമ്പനിയെന്നും പ്രതിരോധ രംഗത്ത് പുതുമുഖമായ കമ്പനിക്ക് എങ്ങിനെ റഫേല്‍ യുദ്ധ വിമാനം നിര്‍മിക്കാനാകുമെന്ന തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യവും രാഹുല്‍ ഗാന്ധിയും എംബി രാജേഷും ഉയര്‍ത്തുന്നുണ്ട്.
യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുടെ വാര്‍ഷിക മെയിന്റന്‍സ് കരാര്‍ നേടിയത് ഇതേ റിലയന്‍സ് ഡിഫന്‍സ് തന്നെയാണെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വിസ്മരിക്കുന്നു. അമേരിക്കയെ പോലുള്ള വന്‍ സാമ്പത്തിക-സൈനിക ശക്തി തങ്ങളുടെ നാവികസേനയുടെ കപ്പലുകള്‍ അറ്റകുറ്റപണികള്‍ക്ക് നല്‍കണമെങ്കില്‍ എത്രമാത്രം വിശദമായ പഠനം നടത്തുമെന്നത് ഊഹിക്കാവുന്നതേയുള്ളു.
ഗുജറാത്തിലെ പിപവ് കപ്പല്‍ നിര്‍മാണ ശാലയിലാണ് യുഎസ് നേവിയുടെ പടക്കടപ്പലുകള്‍ എത്തുന്നത്. റിലയന്‍സ് ഇന്‍ഫ്ര എന്ന പേരില്‍ വര്‍ഷങ്ങളായി ഈ രംഗത്തുള്ളവരാണ് ഇവര്‍. നാഗ്പൂരില്‍ രണ്ട് വര്‍ഷം മുമ്പ് 200 ഏക്കറില്‍ ധിരുഭായി അംബാനി ഡിഫന്‍സ് പാര്‍ക്ക് തുടങ്ങിയ റിലയന്‍സ് ഡാസുവിന് റാഫേല്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. അല്ലാതെ അനില്‍ അംബാനി റഫേല്‍ യുദ്ധ വിമാനം ഉണ്ടാക്കുന്നില്ല.
51 ശതമാനം റിലയന്‍സും 49 ശതമാനം ഡാസുവുമാണ് സംയുക്ത കമ്പനിയുടെ ഉടമസ്ഥ അവകാശം കൈയ്യാളുന്നത്.
പ്രതിരോധ മേഖലയില്‍ ഇന്ത്യ വിദേശ നിക്ഷേപം അനുവദിച്ചതിനു ശേഷമാണ് റിലയന്‍സും ടാറ്റയും എസ്ലാറും, എല്‍ ആന്‍ഡ് ടിയും ഈ രംഗത്ത് വന്നത്. ഇതിനു മുമ്പ് റിലയന്‍സ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് പട്രോളിംഗ് ബോട്ടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു ഇന്ത്യയുടേയും വിദേശ രാജ്യങ്ങളുടേയും നിരവധി പ്രതിരോധ കരാറുകള്‍ റിയലന്‍സ് നേവി ആന്‍ഡ് എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു.
ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം പ്രതിരോധ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റിലയന്‍സ് കഴിഞ്ഞാല്‍, ടാറ്റയും എല്‍ അന്‍ടിയും എ്സ്സാറുമാണ് പ്രതിരോധ രംഗത്ത് ഇപ്പോള്‍ സജീവമായിരിക്കുന്നത്.
കോൺഗ്രസും സിപിഎമ്മും റഫേല്‍ കരാറിനെ കരിവാരിത്തേക്കാനും ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും നടത്തുന്ന ശ്രമങ്ങള്‍ ഉടനെ തകര്‍ന്നടിയും. സമ്മര്‍ദ്ധങ്ങളില്‍ അടിപ്പെടുന്ന വ്യക്തിയല്ല നരേന്ദ്ര മോഡി. താമസിയാതെ ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റുമാര്‍ അതിർത്തികളെ പ്രകമ്പനം കൊള്ളിച്ച് റഫേല്‍ യുദ്ധ വിമാനങ്ങള്‍ പറത്തും, അതിനു മുമ്പുള്ള ഉണ്ടയില്ലാ വെടികള്‍ രാഹുലും മറ്റും നടത്തട്ടെ, ശത്രു രാജ്യങ്ങള്‍ക്ക് അതു കേട്ട് താല്‍ക്കാലിക ആശ്വാസം കിട്ടിക്കോട്ടെ, അവസാന ചിരി മോഡിയുടേതായിരിക്കുമെന്ന എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.
Very informative ….