ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ ഭാരത വിരുദ്ധത

കമ്യൂണിസവും ഭാരതീയതയും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് സമാന്തര രേഖകളാണ് . ചൈനയിൽ മാവോ നടത്തിയത് സാംസ്കാരിക വിപ്ലവമാണെങ്കിൽ ഇന്ത്യയിൽ ഡാങ്കെയും എ കെ ജിയും ഇ എം എസ്സും മുതൽ പിണറായി വരെയുള്ളവരുടേത് സാംസ്കാരിക വിരുദ്ധ പ്രവർത്തനങ്ങൾ മാത്രമാണ്. ഭാരതത്തിലെ പ്രമുഖ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് തെക്കേ മൂലയിൽ വിരലിണ്ണാവുന്ന എം പി മാരുമായി കമ്യൂണിസ്റ്റ് പാർട്ടി ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തമായി അധ:പതിച്ചു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്ത്യയുടെ ചരിത്രത്തോടൊ, അതിൻറെ സംസ്കാരത്തോടൊ, അതിൻറെ ആത്മീയതയോടൊ യാതൊരു ബഹുമാനവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിന്റെ മണ്ണിൽ വെച്ച് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു . ഇങ്ങിനെ അദ്ദേഹം പറഞ്ഞതിലെ ശരി എന്തെന്ന് നമുക്ക് നോക്കാം.

നമ്മുടെ പാഠപുസ്തകങ്ങളിലും സർവകലാശാലാ തലങ്ങളിലും ഇടത് തത്ത്വചിന്തയുടെ സ്വാധീനം വളരെ ശക്തമാണ്. ഈ ചിന്താധാരയ്ക്ക് എതിരായി ചിന്തിക്കുകയോ പറയുകയോചെയ്യുന്നവരെ അക്കാദമിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കാറില്ല. എന്നാൽ കമ്മ്യൂണിസ്റ്റുകളുടെ ചിന്താഗതി പിന്തുടരുന്നവർക്ക് ആകട്ടെ, പ്രത്യേക പദവികളും അംഗീകാരങ്ങളും ഒക്കെ അവരെ തേടി വരികയും ചെയ്യും.

“ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ ഇന്ത്യയുടെ ചരിത്രത്തേയോ സംസ്കാരത്തേയോ ആത്മീയതയേയോ ബഹുമാനിക്കുന്നില്ല.” ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിന്റെ ഏറ്റവും ലജ്ജാകരമായ പ്രവർത്തനങ്ങളെ അപലപിക്കുന്നതിനിടെയാണ് മോഡി ഈ ഒരു അഭിപ്രായം പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഐ(എം) വലിയ തോതിൽ പ്രതികരിക്കുകയുണ്ടായി.
പക്ഷേ, ഇതിൽ എന്താണ് ഇത്രയ്ക്ക് പറയാനുള്ളത്?
സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയുടെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം. അന്നത്തെ ബംഗാൾ അസംബ്ലിയിലെ കമ്മ്യൂണിസ്റ്റുകൾ വിഭജനത്തെ അനുകൂലിക്കുകയാണ് ഉണ്ടായത്. (ഇതിൻറെ വിരോധാഭാസം എന്താണെന്നുവെച്ചാൽ , അമർത്യാസെന്നിനെപ്പോലുള്ള ഇടതുപക്ഷ കമ്മ്യൂണിസ്റ് അനുഭാവികളുടെ കുടുംബങ്ങൾക്കു പോലും കിഴക്കൻ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറി വരേണ്ടിവന്നുഎന്നതാണ്.) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഔദ്യോഗികമായി തന്നെ ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിന് എതിരായിരുന്നില്ലേ?

ഇനി സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം നമുക്കൊന്നു നോക്കാം.
സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്ന ബി .ടി .രണദിവെ ഇന്ത്യയുടെ സ്വാതന്ത്ര്യംവ്യാജമാണെന്നാണ് പ്രസ്താവിച്ചത്.
(“യേ ആസാദി ജൂഠി ഹൈ”). 1948ൽ ഒരു സായുധ വിപ്ലവത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ഉണ്ടായി.ഇന്ത്യ ചൈന യുദ്ധത്തിൽ ആരെയാണ് കമ്മ്യൂണിസ്റ്റുകൾ പിന്തുണച്ചത് എന്ന് ഒന്ന് ചിന്തിച്ചുനോക്കൂ. മറ്റുള്ളവരുടെ കൂട്ടത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാട് അതിർത്തി ലംഘിച്ച ആക്രമണകാരി, ഇന്ത്യയാണെന്ന് വരെ പ്രസ്താവിച്ചിരുന്നു.

ബോസിനെ കമ്മ്യൂണിസ്റ്റുകൾ ജപ്പാന്റെ ചെരുപ്പുനക്കി എന്ന് വിശേഷിപ്പിച്ചു

ചൈനയെ പിന്തുണച്ചിരുന്ന അന്നത്തെ അതേ വിമതവിഭാഗം അല്ലെ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)? ഇതേ കമ്മ്യൂണിസ് പാർട്ടി തന്നെയല്ലേ, 2007ലെ ഇൻഡൊ- യുഎസ് ആണവായുധ കരാറിനെതിരെ തങ്ങളുടെ യജമാനന്മാരായ ചൈനയുടെ വാക്കുകൾ കടമെടുത്ത് പ്രതിഷേധിച്ചത്?
പ്രഗൽഭരായ ചരിത്രകാരന്മാർ എന്ന് കമ്മ്യൂണിസ്റ്റ് ഇടനാഴികളിൽ വിശേഷിപ്പിക്കപ്പെടുന്ന കുബുദ്ധികൾ ഇന്ത്യയുടെ യഥാർത്ഥ ചരിത്രം നിഷ്ഠൂരമായി മറച്ചുവെച്ച്, അവർക്കിഷ്ടമുള്ള രീതിയിൽ സ്കൂൾതലത്തിലും സർവ്വകലാശാല തലത്തിലും ഇന്ത്യയുടെ പൂർവ്വകാല ചരിത്രം, പാഠപുസ്തകങ്ങളിൽ കുത്തി നിറയ്ക്കുകയാണ് ഉണ്ടായത്. ഉദാഹരണത്തിന് നമ്മൾ എവിടെയെങ്കിലും പഠിക്കുന്നുണ്ടോ 1565ൽ നടന്ന തളിക്കോട്ട യുദ്ധത്തിൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന്? യുദ്ധത്തിൻറെ അവസാനസമയത്ത് രാജാവിൻറെ വിശ്വസ്തരായ 2 ജനറൽമാർ-അവർ മുസ്‌ലിംകളായിരുന്നു , ഗിലാനി സഹോദരന്മാർ-രാജാവിനെ ഒറ്റി കൊടുത്തുകൊണ്ട് സുൽത്താനേറ്റിൻറെ ഭാഗത്തേക്ക് കൂറുമാറുകയും രാജാവിനെ വധിക്കാൻ കൂട്ടുനിൽക്കുകയും ആണ് ചെയ്തത്. ‘വിജയനഗരം’ എന്ന മഹത്തായ സാമ്രാജ്യം അതോടെ നശിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. സത്യത്തിൽ ഹിന്ദു നവോത്ഥാനത്തിന്റെ സുവർണ്ണ കാലഘട്ടം അതോടെ അസ്തമിക്കുകയുംചെയ്തു.ഈ ഒറ്റി കൊടുക്കലിൻറെ കഥ നമ്മളുടെ ഏതെങ്കിലും പാഠപുസ്തകത്തിൽ ഉണ്ടോ?

ഇസ്ലാം അധിനിവേശകാലത്ത് ഹിന്ദുക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടത് എങ്ങിനെയാണെന്നാണ് നമ്മളോട് പറഞ്ഞിരിക്കുന്നത്? പ്രസിദ്ധ ഇൻഡോളജിസ്റ്റ് ആയ കൊൺറാഡ് എൽസ്റ്റ്, അദ്ദേഹം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സൂചിപ്പിക്കുന്നത്, വെറും 80 ക്ഷേത്രങ്ങൾ മാത്രമാണ് മുസ്ലിം ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടത് എന്നു മാത്രമാണ് നമ്മൾ മനസ്സിലാക്കി വരുന്നത് എന്നാണ്. (കമ്മ്യൂണിസ്റ്റ് സഹായത്തോടെ എഴുതപ്പെട്ട ചരിത്രത്തിൽ നമ്മൾ മനസ്സിലാക്കുവാൻ വിധിക്കപ്പെട്ടത് അതാണ്.)
ഇതിലെ അത്ഭുതകരമായ കാര്യം എന്താണെന്ന് വെച്ചാൽ, ഈ 80 ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതിനെ ക്കുറിച്ചുള്ള വസ്തുതപരമായ രേഖപ്പെടുത്തലുകളിൽ ഒന്നിൽ എഴുതി ചേർത്തിരിക്കുന്നത്, മുഹമ്മദ് ഗോരിയുടെ മിലിറ്ററി ജനറലായിരുന്ന ഖുത്തബുദ്ദീൻ ഐബക് വാരണാസിയിലെ മാത്രം ആയിരം ക്ഷേത്രങ്ങൾ തകർത്തതായിട്ടാണ്.

മുഗൾ ചക്രവർത്തിയായിരുന്ന അതിക്രൂരനായ ഔറംഗസേബ് വാരണാസിയിലെ എല്ലാ ക്ഷേത്രങ്ങളെയും നശിപ്പിച്ചതിനെക്കുറിച്ച് എന്താണ് നമ്മൾ അറിയുന്നതും മനസ്സിലാക്കുന്നതും ? ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായി ഒരു മുസ്ലിം രാജകുമാരനെ കടത്തിക്കൊണ്ടുപോയി ഏതോ ഒരു ക്ഷേത്രത്തിൽ പാർപ്പിച്ചു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങൾ തകർത്തതെന്നാണ്. അപ്പോൾ കുറ്റം ബ്രാഹ്മണർക്കായി. തെളിവ് എന്തെങ്കിലും ഉണ്ടോ? അത് ചോദിക്കരുത്.

നിരീശ്വരവാദമാണ് തങ്ങളുടെ പ്രധാന അടിത്തറകളിൽ ഒന്ന് എന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിരസിക്കാൻ സാധിക്കുമോ? അതിൻറെ അടിസ്ഥാനത്തിലല്ലേ ബൃന്ദാകാരാട്ട്, ബാബ രാംദേവിനെതിരെ കടുത്ത പ്രക്ഷോഭങ്ങൾ അഴിച്ചുവിട്ടത്? ശ്രീ കാഞ്ചി ശങ്കരാചാര്യരേ ജയിലിലടച്ചപ്പോൾ ഇവിടത്തെ കമ്മ്യൂണിസ്റ്റുകളുടെ പ്രതികരണം എന്തായിരുന്നു എന്നും നമുക്കറിയാം. പലപ്പോഴും അവരുടെ എതിർപ്പുകൾ ശ്രീ ശ്രീ രവിശങ്കർ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ. ഇതുപോലെയുള്ള വ്യക്തികളെ ഒന്നും അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറല്ലാത്തിടത്തോളം മോഡിജി പറഞ്ഞത് സത്യം തന്നെയാണ്.

രണ്ടാംലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ കൊന്നൊടുക്കിയതിനേക്കാൾ കൂടുതൽ ആൾക്കാരെ സ്റ്റാലിൻ തൻറെ കമ്മ്യൂണിസ്റ്റ് ഭരണകാലഘട്ടത്തിൽ കൊന്നൊടുക്കി എന്നുള്ളത് ഇവർ എപ്പോഴെങ്കിലും സമ്മതിക്കുമോ? കമ്മ്യൂണിസത്തിൻറെ പേരിൽ മാവോ സേ ദൂങ്, പോൾ പോട്ട് എന്നിവർ ചെയ്തുകൂട്ടിയ വംശഹത്യകൾ ലോകത്തിന് മറക്കാനാവുമോ? ആശയ ആവിഷ്കാരസ്വാതന്ത്ര്യത്തിൻറെ വക്താക്കൾ എന്ന് പറയുന്നവർ സൽമാൻ റഷ്ദിയുടെ ‘സേറ്റനിക്ക് വേഴ്സസ്’ എന്ന ബുക്ക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ എന്ത് നിലപാടാണ് എടുത്തത് എന്ന് ആലോചിച്ചുനോക്കൂ.
സർവ്വകലാശാലകളും പാഠപുസ്തകങ്ങളും ഒക്കെ കൈപ്പിടിയിലൊതുക്കി വച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകൾ, അവരെ അനുകൂലിക്കുന്നവർക്ക് പദവിയും പ്രാമുഖ്യവും നൽകുമ്പോൾ, അവരെ എതിർക്കുന്നവർ ഒരിക്കലും ഉയർന്നു വരികയില്ല എന്ന് ഉറപ്പാക്കുന്നു.

ഭാരത സംസ്കാരത്തെ അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകളെയും നക്സലൈറ്റുകളെയും അർബൻ നക്സലുകളെയും കുറിച്ചു പറയുവാൻ ഇനിയുമേറെയുണ്ട്. മറ്റൊരവസരത്തിൽ ആകട്ടെ. ഏതായാലും കമ്മ്യൂണിസ്റ്റ് ഭരണം നിലവിലിരിക്കുന്ന കേരളത്തിൽ വച്ച് മോഡിജി പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യം തന്നെയാണ്; കമ്മ്യൂണിസ്റ്റുകൾ ഇന്ത്യയുടെ ചരിത്രത്തിനോ സംസ്കാരത്തിനോ ആത്മീയ പ്രഭാവത്തിനോ യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here