കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പങ്കിലമാക്കുന്ന ജാതി രാഷ്ട്രീയകളികള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. ജാതി നോക്കി വോട്ട് ചെയ്തും, വോട്ട് ബാങ്ക് ഉണ്ടാക്കിയും, അറിഞ്ഞോ അറിയാതെയോ നമ്മുടെ ബോധമനസിൽ മനഃപൂർവം ജാതിചിന്ത ഊട്ടിയുറപ്പിക്കുകയാണ് നവോത്ഥാന ചര്‍ച്ചകളുടെ പേരില്‍ ലക്ഷ്യമിടുന്നത്.
ജാതി ചിന്ത കൈവെടിയണം എന്ന് ഉദ്‌ഘോഷിക്കുന്ന ശ്രീ നാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ഒരു ഭാഗത്തും ഹിന്ദു ഏകീകരണത്തിനു മുൻകൈ എടുത്ത ശ്രീ മന്നത്തു പത്മനാഭന്റെ ആദര്‍ശങ്ങള്‍ മറ്റൊരു ഭാഗത്തും നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയ ചട്ടമ്പി സ്വാമികളും, അയ്യാ വൈകുണ്ഠ സ്വാമിയും, തൈക്കാട് അയ്യാവും, വാഗ്‌ഭടാനന്ദനും, പണ്ഡിറ്റ് കറുപ്പനും, ശുഭാനന്ദ ഗുരുദേവനും തുടങ്ങിയ മഹാന്മാരുടെ പേരുകൾ സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പോലും വരാറില്ല.
അതിലുപരി നവോത്ഥാന പ്രക്രിയകളിൽ വളരെയേറെ പങ്കു വഹിച്ച ശ്രീമാൻ മഹാത്മാ അയ്യൻകാളിയെ ബോധപൂര്‍വം അയിത്തം കല്‍്പ്പിച്ച് അകറ്റിനിര്‍ത്തിയിരിക്കുന്നതും നവോത്ഥാന ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ കാണാനാകും. ശ്രീമാൻ അയ്യൻകാളി വിജയിപ്പിച്ച പല നവോത്ഥാന സമരങ്ങളുടെയും ക്രെഡിറ്റ് അടിച്ചു അടിച്ചു മാറ്റാന്‍ ശ്രമം നടത്തുന്നത് പിന്നീട് ഉടലെടുത്ത കപട മതേതര വാദം ഉയര്‍ത്തുന്ന ചില തല്‍പര സംഘടനകളും പ്രസ്ഥാനങ്ങളുമാണ്.
അയ്യൻകാളി നേതൃത്വം കൊടുത്ത 1889 ലെ ചാലിയത്തെരുവ് കലാപത്തിന്റെ വിജയത്തുടക്കം മുതൽ അന്നുവരെ കണ്ടിട്ടില്ലാത്ത പ്രധിഷേധങ്ങൾക്കു
കേരളം സാക്ഷിയാകുകയായിരുന്നു. 1893 ജനുവരിയിലെ വില്ലുവണ്ടി യാത്ര ദിനം, 1904 ജൂലായിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം, 1905-ൽ രൂപീകരിച്ച സാധുജന പരിപാലന യോഗം. 1912 ൽ നടന്ന നെടുമങ്ങാട് ചന്ത പ്രവേശന കലാപവും, വിദ്യാഭ്യാസ സ്വാതത്ര്യത്തിനു വേണ്ടി 1914 മാർച്ചിൽ നടത്തിയ കണ്ടല സമരവും, 1915 ഡിസംബറിൽ മാറുമറയ്ക്കല്‍ പ്രക്ഷോഭത്തിന്റെ വിജയവും. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചത് 1880 കളുടെ പകുതിയിലും തൊണ്ണൂറുകളുടെ ആദ്യവും ആണ്. സാംസ്‌കാരിക നായകന്മാരുടെയും, അവാർഡ് കിട്ടാൻ വേണ്ടി മാത്രം ചരിത്ര ലേഖനങ്ങൾ എഴുതുന്ന പെയ്ഡ് ചരിത്രകാരന്മാരുടെ ഭാവനയിൽ ഇതൊക്കെ നിഷ്പ്രയാസം മാറ്റിനിർത്തപെട്ടു എന്നതാണ് സമകാലിക കേരളത്തിന്റെ ശാപം.
സമൂഹത്തിലെ അസമത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സവര്‍ണമേലാളന്മാർക്കെതിരെ “വില്ലുവണ്ടി” സമരം നടത്തിയതും, സ്ത്രീകളുടെ അടിമ സമ്പ്രദായത്തിന്റെ അടയാളമായ “കല്ലുമാലകൾ” വലിച്ചെറിയാൻ പറഞ്ഞതും, “തന്റെ സമുദായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ സമ്മതിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു കളകൾ വളർത്തും” എന്ന് പറഞ്ഞതും ശ്രീമാൻ അയ്യൻകാളി ആയിരുന്നു.
രാഷ്ട്രീയത്തിലെ ദളിത് സാന്നിദ്ധ്യം വെറും പ്രതീകങ്ങൾ മാത്രമാണ്, പോസ്റ്റർ ഒട്ടിക്കാനും, സിന്ദാബാദ് വിളിക്കാനും, പ്രകടനത്തിന് ആളെ കൂട്ടാനും, സമരത്തിന്റെയും, കയ്യേറ്റങ്ങളുടെയും കയ്പുനീർ അനുഭവിക്കാനും ദളിത് സമൂഹം വിധിക്കപ്പെടുന്നു. അധികാരത്തിന്റെ ഇടനാഴികകളിൽ ദളിതർ ഇന്നും തൊട്ടുകൂടായ്മയുടെയും തീണ്ടികൂടായ്മയുടെയും പുറമ്പോക്കിൽ ആണ് ജീവിക്കുന്നത്. ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ പട്ടിക ജാതി വിഭാഗക്കാരുടെ കൂടെ കഴിയാൻ സാധിക്കില്ല എന്ന് പറയുന്ന വിഭാഗക്കാർ പ്രബുദ്ധ കേരളത്തിലെ മനുഷ്യർ തന്നെയാണ്. പക്ഷെ അവരെ പ്രീണിപ്പിക്കാൻ വേറൊരു ക്യാമ്പ് തന്നെ തുറന്നു കൊടുത്തു ഇവിടെയുള്ള ഭരണ സംവിധാനങ്ങൾ. ജോലി കിട്ടാനും ആനുകൂല്യങ്ങൾ സമ്പാദിക്കാനും വേണ്ടി മാത്രം ദളിതനാകുന്ന ചിലർ അർഹതയുള്ള ദളിത് വിഭാഗങ്ങളെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്?..
ഞങ്ങളാണ് നിങ്ങളെ അമ്പലത്തിൽ പ്രവേശിപ്പിക്കാൻ സമരം ചെയ്തത്, ഞങ്ങളാണ് നിങ്ങളെ വഴിനടക്കാൻ പ്രേരിപ്പിച്ചത്, നിങ്ങളെ മുണ്ടുടുക്കാൻ പഠിപ്പിച്ചത്, എന്നൊക്കെ പറയുന്ന ഫ്ലെക്സുകൾ നാട്ടിലെ മുക്കിലും മൂലയിലും സ്ഥാപിച്ചു വീമ്പു പറയുന്നവരൊന്നും നവോത്ഥാന പ്രസ്ഥാനങ്ങളിൽ യാതൊരു പങ്കും വഹിച്ചിരുന്നില്ല എന്നതായിരുന്നു വസ്തുത അതും പോരാതെ യഥാർത്ഥ നവോത്ഥാന നായകന്മാരെ അംഗീകരിക്കാൻ അവർ ഒരിക്കലും തയ്യാറായിരുന്നുമില്ല. ശ്രീനാരായണ ഗുരുദേവനെയും, മന്നത്തു പത്മനാഭനെയും, ഡോക്ടർ പൽപ്പുവിന്റെയും നവോത്ഥാന സംഭാവനകളെ പറ്റി ആദ്യം അവഗണിച്ചിരുന്നു എന്ന് നാം മറന്നു പോകരുത്. അധികാരത്തിനു വേണ്ടി സമുദായങ്ങളെ പ്രീണിപ്പിക്കുകയും, സമുദായത്തിന് വേണ്ടി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയും ചെയ്തതോടു കൂടി നവോത്ഥാന വാക്യങ്ങൾ വെറും ആലങ്കാരിക പ്രയോഗങ്ങളിൽ മാത്രമായി ഒതുങ്ങി.
നവോത്ഥാന ചർച്ചകളിലെ ദളിത് നേതാക്കന്മാരുടെ പ്രാധിനിത്യം നോക്കിയാൽ അറിയാം നമ്മുടെ സാമൂഹിക വ്യവസ്ഥിതി അവരെ എത്രത്തോളം പരിഗണിക്കുന്നുണ്ടെന്നത് തെളിയാന്‍. മറയ്ക്കല്‍ സമരത്തിന്റെയും, അയിത്തോച്ചാടന സമരത്തിന്റെയും, ക്ഷേത്ര പ്രവേശന സമരത്തിന്റെയും പകർപ്പവകാശം 1930 ശേഷം രൂപീകൃതമായ രാഷ്ട്രീയ പാർട്ടികൾ നേടിയെടുക്കാന്‍ ശ്രമം നടത്തുമ്പോള്‍ പല സാമൂഹിക സമരങ്ങളുടെയും യഥാർത്ഥ വസ്തുതകൾ വിസ്മരിക്കപ്പെടുകയായിരുന്നു. കേരള ചരിത്രം എഴുതിയ മഹാന്മാർ പോലും ബോധപൂർവം തഴയപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ശ്രീമാൻ മഹാത്മാ അയ്യൻകാളി.
അയിത്തം എന്ന സാമൂഹിക തിന്‍മ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ ഇനിയും അവസാനിക്കാത്ത അയിത്തത്തിന്റെ അടയാളമായി മഹാത്മാ അയ്യന്‍കാളിയോടുള്ള ഈ നീതികേട് തുടരുന്നു.
— രാഹുൽ മുല്ലക്കൽ