അഞ്ച് നിയമസഭകളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നത് മുതൽ അടുത്ത പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്….. പ്രത്യേകിച്ചും പ്രതിപക്ഷ നിരകളിൽ. അതിൽ അപാകതയൊന്നുമില്ല; അതൊക്കെ വേണ്ടതുമാണ്. വിജയിക്കുമ്പോൾ അങ്ങിനെയൊക്കെ ആഗ്രഹിക്കാനും ചിന്തിക്കാനും കഴിഞ്ഞില്ലെങ്കിൽ പിന്നെന്താണ് പറയുക. ഇരുപതിലേറെ തിരഞ്ഞെടുപ്പുകളിൽ മൂക്കുകുത്തി വീണ ഒരു യുവ നേതാവിന്റെ, പിന്തുടർച്ചാവകാശിയുടെ, വിലാപവും ആഗ്രഹവും സന്തോഷവുമൊക്കെ കാണാതെ പോകാനുമാവില്ലല്ലോ. എന്നാൽ അതൊക്കെ എവിടേക്കാണ് എത്തിപ്പെടുക; എന്താവും കൂടെ നിൽക്കുന്നവരുടെ മനോഗതി ……….?. ‘മഹാ ഗദ്‌ബന്ധൻ’ പോയിട്ട് മാന്യമായി മത്സരിക്കാൻ കഴിയുന്ന വിധത്തിൽ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഒരു അതിനൊരു നേതാവുമൊക്കെ ഉണ്ടാവുമോ?. രാജ്യം ഉറ്റുനോക്കുന്നത് അതാണ്; അതിനുള്ള മറുപടിയാവട്ടെ, ഈ യുവനേതാവിനും മറ്റും നിരാശയാണ് പ്രദാനം ചെയ്യുന്നത് .
ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപി തോറ്റുകഴിഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി നിലനിൽപ്പില്ല എന്നൊക്കെ കരുതുന്നവരാണ് മേൽ സൂചിപ്പിച്ചത് പോലെ പറഞ്ഞുനടക്കുന്നത് എന്നതും മറന്നുകൂടാ. അതുകൊണ്ട് ആ തിരഞ്ഞെടുപ്പ് ഫലം കൂടി ഒന്ന് നോക്കേണ്ടതുണ്ട്. ഒന്ന്, ശരിയാണ്, ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായി. പക്ഷെ, അതിൽ രണ്ടിടത്ത്, കോൺഗ്രസ് എങ്ങിനെയാണ് അധികാരത്തിലേറിയത്?. മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷം അവർക്കില്ല; ബിജെപിക്കാവട്ടെ കോൺഗ്രസിനേക്കാൾ ഒരു ശതമാനം വോട്ട് അധികവുമാണ്. രാജസ്ഥാനിൽ അഞ്ചുവർഷം കൂടുമ്പോൾ വലിയ ഭൂരിപക്ഷത്തിൽ ഭരണമാറ്റം സാധാരണ ഉണ്ടാവാറുണ്ട്; പക്ഷെ ഇത്തവണയോ…….വെറും അര ശതമാനം വോട്ടിന്റെ വർധന മാത്രമാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് അതൊക്കെ മറികടക്കുക പ്രയാസകരമല്ല എന്നത് കോൺഗ്രസിനുമറിയാമല്ലോ. ലോകസഭാ തിരഞ്ഞെടുപ്പാവുമ്പോൾ സമ്പ്രദായം തന്നെ മാറുമെന്നും അത് ബിജെപിയെ എങ്ങിനെയാണ് സഹായിക്കുക എന്നതും മറക്കുകയുമരുത്. അതേസമയം കോൺഗ്രസ് മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ ദയനീയമായി തോറ്റത് കാണാതെ പോകുന്നു. തെലങ്കാന അവരുടെ നാടായിരുന്നു; ഇത്തവണ ടിഡിപിയും സിപിഐയുമായി കൂട്ടുകെട്ടുണ്ടാക്കി മത്സരിച്ച സംസ്ഥാനം. എന്നിട്ടും അവിടെ അവർ തോറ്റു. തെലങ്കാനയിൽ ജയിച്ചത് കോൺഗ്രസിനെ ആജന്മ ശത്രുവായി കാണുന്ന ടിആർഎസും. വടക്ക്- കിഴക്കൻ മേഖലയിൽ കോൺഗ്രസ് ഭരണം ബാക്കിയുണ്ടായിരുന്ന ഏക സംസ്ഥാനമാണ് മിസോറാം; അത് കോൺഗ്രസിന് നഷ്ടമായി; മാത്രമല്ല അവിടെ അധികാരത്തിലേറിയത് എൻഡിഎ -യിൽ പെട്ട കക്ഷിയും. അതുകൊണ്ട് കോൺഗ്രസിന് എത്രകണ്ട് ആഘോഷിക്കാൻ വകയുണ്ട് എന്നത് ഗൗരവപൂർവ്വം ആലോചിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തിൽ വേണം ഭാവി രാഷ്ട്രീയം വിലയിരുത്താൻ, വിശകലനം ചെയ്യാൻ.
ഇത്തരമൊരു സാഹചര്യത്തിലാണ് “രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി” എന്ന പ്രഖ്യാപനമുണ്ടാവുന്നത്. അത് വിളിച്ചുകൂവിയതാവട്ടെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും. എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. സോണിയ ഗാന്ധി, ചന്ദ്രബാബു നായിഡു, പിണറായി വിജയൻ തുടങ്ങിയവരൊക്കെ അവിടെ സന്നിഹിതരായിരുന്നുതാനും. മമത ബാനർജി, എച്ച് ഡി കുമാരസ്വാമി, മായാവതി, അഖിലേഷ് യാദവ് എന്നിവർ എത്തിയതുമില്ല. അതിൽ അവസാനം പറഞ്ഞ രണ്ടുപേർ സോണിയ ഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത നേതൃയോഗത്തിലേക്കും വന്നിരുന്നില്ല. മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിലും അവരെ കണ്ടില്ലല്ലോ. എന്തൊക്കെയോ കരുക്കൾ നീക്കാൻ അവർ തയ്യാറായിരിക്കുന്നു എന്നുവേണ്ടെ കരുതാൻ?.
മറ്റൊന്ന് മമത ബാനർജിയാണ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണത്തിന് ഇറങ്ങാൻ ഇനിയും ബംഗാൾ മുഖ്യമന്ത്രി തയ്യാറല്ല. അത് അവർ ഇപ്പോഴും പരസ്യമായി പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം മതി പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ എന്നാണ് സീതാറാം യെച്ചൂരിയും മറ്റും പറയുന്നത്. അതിന് അവരെ കുറ്റം പറയാനാവില്ല. ചെന്നൈയിൽ അന്നുണ്ടായിരുന്ന ചന്ദ്രബാബു നായിഡുവും ഇപ്പോൾ പറയുന്നത് അതൊക്കെത്തന്നെയാണ്. രാഹുൽ ആണ് പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് പറഞ്ഞാൽ വോട്ട് ചെയ്യാൻ പലരും ഇപ്പോഴും തയ്യാറാവില്ല എന്ന അവരുടെയൊക്കെ തിരിച്ചറിവാണ് അതിൽ പ്രധാനം. എന്നാൽ രാഹുൽ ഗാന്ധി സ്വീകാര്യനല്ല എന്ന് തൽക്കാലം പറയേണ്ട എന്ന് അവരൊക്കെ കരുതുന്നു എന്നർത്ഥം. രണ്ട്, നരേന്ദ്ര മോഡിക്കെതിരെ ഉയർത്തിക്കാട്ടാൻ തക്ക വ്യക്തിത്വം രാഹുലിന് ഉണ്ട് എന്ന് കരുതുന്നത് ഒരു പക്ഷെ സോണിയ ഗാന്ധി മാത്രമാവും; കോൺഗ്രസിലെ അദ്ദേഹത്തിന്റെ സഹയാത്രികർ പോലും വിവരക്കേടുകൾ കണ്ടും സഹിച്ചുമാണല്ലോ മുന്നോട്ട് നീങ്ങുന്നത്. മൂന്ന്: ഇതാണ് ഏറ്റവും പ്രധാനം; ഈ കസേരക്ക് മോഹമുള്ള വേറെ അനവധിപേർ ഇപ്പോൾ പ്രതിപക്ഷത്തുണ്ട്……. മമത ബാനർജി, മായാവതി, ചന്ദ്രബാബു നായിഡു, എന്തിനേറെ വന്ദ്യ വയോധികനായ ദേവഗൗഡ പോലും. അവരൊക്കെ മനസ് തുറന്നിട്ടില്ലെങ്കിലും കാര്യങ്ങൾ പൊതുബോധത്തിലുണ്ട്. അതുകൊണ്ട് തൽക്കാലം മുന്നണിക്ക് നേതാവില്ല, പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ല എന്ന് പറയുന്നതാണ് ഉത്തമം എന്ന് യെച്ചൂരിയും നായിഡുവും മറ്റും കരുതുന്നു.
ഇതിനൊക്കെയിടയിൽ മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതും കാണേണ്ടതുണ്ട്. തെലങ്കാനയിലെ വിജയത്തിന് ശേഷം ടിആർഎസ് വലിയ ആവേശത്തിലാണ്. കോൺഗ്രസില്ലാത്ത ഒരു മുന്നണി എന്നതിൽ അവർ ഉറച്ചുനിൽക്കുന്നു. മായാവതി, മമത ബാനർജി, അഖിലേഷ് യാദവ് എന്നിവരൊക്കെയുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടപഴകുന്നുണ്ട്. ഈ നാലുപേർക്കുമുള്ള പ്രത്യേകത കോൺഗ്രസിന്റെ സഹായമില്ലാതെ തങ്ങളുടെ നാടുകളിൽ മുന്നോട്ട് പോകാനാവും എന്നതാണ്. തെലങ്കാനയിൽ ടിആർഎസ് അത് തെളിയിച്ചു; തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കോൺഗ്രസുകാരായ എംഎൽസിമാർ ടിആർഎസിൽ ലയിച്ചത് മറ്റൊരു ഉദാഹരണം. എന്താണ് പിന്നെ കോൺഗ്രസിന് തെലങ്കാനയിൽ പ്രസക്തി; രാഹുലിനെ വിശ്വാസമില്ല എന്നതല്ലേ ആ എംഎൽസിമാരും എംഎൽഎമാറും വിളിച്ചുപറഞ്ഞത്. യു.പി-യിൽ കോൺഗ്രസ് ഒരു ശക്തിയേയല്ല. മാത്രമല്ല ഏറ്റവുമൊടുവിൽ കേട്ടത്, സോണിയയും രാഹുൽ ഗാന്ധിയും വിജയിച്ച റായ്ബറേലി, അമേത്തി എന്നിവമാത്രമാവും ആ സംസ്ഥാനത്ത് കോൺഗ്രസിനായി എസ്‌പി – ബിഎസ്‌പി സഖ്യം നീക്കിവെക്കുക. വേണമെങ്കിൽ മതി; അത് പോരെന്നു തോന്നുന്നെങ്കിൽ പൊയ്ക്കോട്ടേ എന്നതാവും ബിഎസ്‌പി -സമാജ്‍വാദി പാർട്ടി നിലപാട്. ബംഗാളിൽ ജയിക്കാൻ ഇന്നത്തെനിലക്ക് കോൺഗ്രസ് ആവശ്യമില്ല എന്നാണ് മമത കരുതുന്നത് ; മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അവിടെ സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതുമാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പിന് മുൻപ് ഒരു മഹാഗദ്‌ബന്ധൻ എന്നൊക്കെ കണക്കുകൂട്ടുന്നത് സ്വപ്നത്തിൽ മാത്രമാവും.
തമിഴ്‌നാട്ടിലും കോൺഗ്രസിന് സ്വാധീനമൊന്നുമില്ലാത്ത കാലഘട്ടമാണിത്. എങ്കിലും അവരെ കൂടെ നിർത്തണം എന്നതാണ് എംകെ സ്റ്റാലിന്റെ സമീപനം. രജനികാന്ത് ഉയർത്തിയേക്കാവുന്ന ഭീഷണിയാണ് അതിന് സ്റ്റാലിനെ പ്രേരിപ്പിക്കുന്നത് എന്നുതീർച്ച. ചന്ദ്രബാബു നായിഡുവിന് ഇപ്പോൾ കരകയറാൻ ആരെങ്കിലുമൊക്കെ കൂടെയുണ്ടായേ തീരൂ; ആന്ധ്രയിൽ ജഗൻ റെഡ്ഢിയും ബിജെപിയും ഉയർത്തുന്ന ഭീഷണി ചെറുതല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. തെലങ്കാനയിൽ നേരിട്ട കനത്ത തിരിച്ചടിയും നായിഡുവിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതിനർത്ഥം ചോദിക്കുന്നതൊക്കെ കോൺഗ്രസിന് കൊടുക്കുമെന്നല്ല. തങ്ങളുടെ കീഴിൽ ഒരു ചെറിയ പാർട്ടിയായി വേണമെങ്കിൽ രാഹുലും കൂട്ടരും വന്ന് അണിനിരന്നൊട്ടെ എന്ന് ടിഡിപി കരുതുന്നു. യഥാർഥത്തിൽ കോൺഗ്രസിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ അവരെ കുറച്ചെങ്കിലും ആവശ്യമുള്ളത് ടിഡിപിക്ക് മാത്രമാണ്. ബീഹാറിൽ ആർഎൽഎസ്‍പി എന്ന കക്ഷി ആർജെഡി സഖ്യത്തിൽ ചേർന്നതാണ് ഒരു നേട്ടമായി കോൺഗ്രസ് പറയുന്നത്. അത് കുർമ്മി സമുദായക്കാരുടെ പാർട്ടിയാണ്; അതിന്റെ നേതാവ് ആ സമുദായക്കാരനാണ്. നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ മറുപക്ഷത്തായിരുന്നപ്പോഴാണ് ബിജെപി അവിടെ ആർഎൽഎസ്‍പിയെ കൂടെച്ചേർത്തത്; നിതീഷും കുർമ്മി സമുദായക്കാരനാണല്ലോ. അതുകൊണ്ട് ബിജെപിക്ക് ഇപ്പോൾ വേണ്ടാത്ത ഒരാൾ അപ്പുറത്തേക്ക് പോയി എന്നതേയുള്ളു. അത് കോൺഗ്രസിനോ ലാലുയാദവിനോ ഒരു ഗുണവും തല്ക്കാലം ചെയ്യാൻ പോകുന്നില്ല.
ഇനി ഇക്കൂട്ടരൊക്കെ ഒന്നിച്ചുവന്നാലും ലോകസഭാ തിരഞ്ഞെടുപ്പാവുമ്പോൾ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാവുമെന്നാണ് ബിജെപി കരുതുന്നത്. വെറുമൊരു മോഹമല്ല അത്; അതിനുള്ള കാര്യകാരണങ്ങൾ അവർ തുറന്നുപറയുന്നുമുണ്ട്. നരേന്ദ്ര മോഡി വേണോ വേണ്ടയോ എന്നതാവും പൊതുതിരഞ്ഞെടുപ്പിലെ വിഷയം. അവിടെ ബിജെപിക്കാവും വലിയതോതിൽ മേൽക്കൈ എന്ന് ബിജെപി വിലയിരുത്തുന്നു. അതിന് കാരണങ്ങൾ ഉണ്ടുതാനും. ഒന്ന്, 2014 ലെ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളൊക്കെ ഉണ്ടായിരുന്നു; അവരൊക്കെ അന്നും ബിജെപിക്കെതിരായിരുന്നുതാനും; എന്നിട്ടും ബിജെപിക്ക് ലോകസഭയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ട് കോടി അംഗങ്ങളാണ്, പ്രവർത്തകരാണ് . അന്ന് ലഭിച്ചത് 17. 5 കോടി വോട്ടാണ്. ഇന്ന് പാർട്ടി അംഗങ്ങളുടെ എണ്ണം 12 കോടിയായി ഉയർന്നിരിക്കുന്നു. അതിൽത്തന്നെ, അമിത് ഷാ പറയുന്നത്, ഒൻപതര കോടി പേരുടെ പേരും ഫോൺ നമ്പറും തന്റെ കൈവശമുണ്ട് എന്നതാണ്; “എപ്പോൾ വേണമെങ്കിലും എനിക്ക് ബന്ധപ്പെടാൻ കഴിയുമാറാണ് ആ സംവിധാനം”. വേറൊരു ഘടകം, അമിത് ഷാ കരുതുന്നത്, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ പ്രയോജനം ലഭിച്ചവരുടെ വലിയ പിന്തുണയാണ്. ഏതാണ്ട് 21 കോടി സാധാരണ കുടുംബങ്ങൾക്കാണ് അത് ലഭിച്ചത് . ടോയ്‌ലെറ്റ്, വീടുകൾ, വൈദ്യുതി, ഗ്രാമീണ റോഡുകൾ, പാചക വാതക കണക്ഷനുകൾ, ബാങ്ക് അക്കൗണ്ടുകൾ, സമഗ്ര ആരോഗ്യ ( മോഡി കെയർ) പദ്ധതി ……… അതൊക്കെ സർക്കാരിന് അനുകൂലമായ ഘടകമായി മാറുക തന്നെ ചെയ്യും. സർവോപരി രാജ്യതാല്പര്യം ബലികൊടുക്കാൻ ഒരു പൗരനും തയ്യാറാവില്ലല്ലോ.
——– കെവിഎസ് ഹരിദാസ്