ജൂൺ 4, 2024; മോഡിയുടെ ഭരണത്തുടർച്ചയിലുള്ള പ്രതീക്ഷകൾ!!

22

വലതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന എനിക്ക് 2014 മുതൽ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരിൽ നിന്ന് വ്യക്തിപരമായി എന്തൊക്കെ നേട്ടം ഉണ്ടായി എന്ന് ആലോചിച്ചു നോക്കി.

സാമ്പത്തീക കാര്യം തന്നെ നോക്കാം.
2014 ലിൽ മോഡി അധികാരത്തിൽ കയറുമ്പോൾ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ BSE Sensex 24716 പോയിന്റിലും, നിഫ്റ്റി 7359 പോയിന്റിലും ആയിരുന്നു. ഇന്നിപ്പോൾ BSE sensex 73663 പോയിന്റിലും, നിഫ്റ്റി 22403 ലും എത്തി നിൽക്കുന്നു.

കൃത്യമായി ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നത് കൊണ്ട് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ കുതിപ്പിന്റെ നേട്ടം വ്യക്തിപരമായി എനിക്കും ലഭിച്ചു. ഇന്നിപ്പോൾ ജോലി രാജിവെച്ചാലും ആരെയും ആശ്രയിക്കാതെ ബാക്കിയുള്ള കാലം അല്ലലില്ലാതെ കഴിയാം. അടുത്ത ഒരു അഞ്ചു വർഷം കൂടി തുടർന്നാൽ അത്യാവശ്യം അടിച്ചു പൊളിച്ചു തന്നെ ശിഷ്ടകാലം ജീവിക്കാനും കഴിയും.

ഇത് എന്റെ കാര്യം മാത്രമല്ല, 2014 മുതൽ കൃത്യമായി ഇൻവെസ്റ്റ്‌ ചെയ്യുന്ന എല്ലാവർക്കും ഇതേ ആത്മവിശ്വാസം ഉണ്ട് ഇപ്പോൾ.

യാത്രകൾ ചെയ്യാൻ ഒത്തിരി ഇഷ്ട്ടമുള്ള ഒരാളാണ് ഞാൻ. നിരവധി യാത്രകൾ ചെയ്യുന്നു. 2014 ലിന് മുൻപത്തെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനവും ഇപ്പോഴത്തേതുമായി നോക്കിയാൽ അത്ഭുതപ്പെട്ടുപോകും. അതിപ്പോൾ റോഡ് ആണെങ്കിലും, റെയിൽവേ ആണെങ്കിലും, വിമാന യാത്രകൾ ആണെങ്കിലും.

ഇന്ത്യയിലെ ചെറുകിട നഗരങ്ങളിൽ എല്ലാം ഇപ്പോൾ വിമാനത്താവളങ്ങൾ ഉണ്ട്. പണ്ട് വിമാന യാത്ര ഒക്കെ പണം ഉള്ളവന് മാത്രം ആയിരുന്നു എങ്കിൽ ഇപ്പോൾ ഏത് സാധാരണക്കാരനും വിമാന യാത്ര സാധ്യമാണ്. കേരളത്തിൽ ജോലിക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്കും ഇപ്പോൾ വിമാനത്തിൽ ആണ് യാത്ര.

പത്തും പന്ത്രണ്ടും വരിയുള്ള മികച്ച റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആധുനിക ട്രെയിനുകൾ, വൃത്തിയുള്ള നഗരങ്ങൾ അങ്ങനെ വലിയ മാറ്റങ്ങൾ ആണ് രാജ്യത്ത് കാണാൻ കഴിയുക.

സ്വച്ച് ഭാരതിനെയൊക്കെ കളിയാക്കിയവർ ഓർക്കുക ഇപ്പോൾ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ കൂടുതലും ഉത്തരേന്ത്യൻ നഗരങ്ങൾ ആണ്.

പണ്ടൊക്കെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ പേടി കൂടാതെ യാത്ര ചെയ്യാൻ പറ്റില്ലായിരുന്നു. എപ്പോഴാണ് തീവ്രവാദി ആക്രമണം ഉണ്ടാകുക എന്ന് പറയാൻ പറ്റില്ല. ആഴ്ചയിൽ ഒരു ബോംബ് സ്ഫോടനം എങ്കിലും ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ സംഭവിക്കുമായിരുന്നു. ഇപ്പോൾ അത് കേൾക്കാനേ ഇല്ല.

അതിർത്തിയിൽ എന്നും വെടിവെപ്പ്, കശ്മീരിൽ തീവ്രവാദി ആക്രമണം എന്നതൊക്കെ മാറി ഇന്ന് കാശ്മീർ വാർത്തകളിൽ നിറയുന്നത് ‘ഈ വർഷം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്, ആപ്പിൾ കയറ്റുമതി കൂടി’ എന്നൊക്കെയാണ്.

കഴിഞ്ഞ 10 കൊല്ലം കൊണ്ട് 25 കോടി ജനങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. 55000 കിലോമീറ്റർ ദേശീയ പാത, 700 പുതിയ മെഡിക്കൽ കോളേജുകൾ…. കർഷക ആത്മഹത്യകളുടെ വാർത്തകൾ തന്നെ കേൾക്കാതായി.

ഇന്ത്യയുടെ വിദേശ കരുതൽ ധനം 2014 ലിൽ $304.2 ബില്യൺ ആയിരുന്നു എങ്കിൽ ഇന്നത് $651 ബില്യൺ ആണ്. GST നടപ്പാക്കിയതോടെ നികുതി വരുമാനം ഇരട്ടിയായി വർധിച്ചു.

2014 ലിൽ ഇന്ത്യ ആഗോള സാമ്പത്തീക ശക്തികളിൽ ഇന്ത്യയുടെ സ്ഥാനം 11 ആയിരുന്നു എങ്കിൽ ഇന്നത് 5 ആണ്. 2014 ലിൽ ഇന്ത്യയുടെ ജിഡിപി $1.9 trillion ആയിരുന്നു എങ്കിൽ ഇന്നത് $3.7 trillion (estimate FY24) ആണ്.

ഇന്ത്യ $5 trillion ഇക്കോണമി ആയി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തിയായി 2027 ലും, $7 trillion ഇക്കോണമി ആയി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തിയായി 2030 ലിലും മാറും.

കഴിഞ്ഞ 10 വർഷം ലോകം കണ്ടത് അടിത്തറ പാകൽ മാത്രമാണ് എങ്കിൽ ഇന്ത്യയുടെ ശരിക്കുള്ള കുതിപ്പ് ഇനിയാണ് തുടങ്ങാൻ പോകുന്നത്.

മുകളിൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ വ്യക്തിപരമായ നേട്ടം ആകും എന്ന് ചോദിച്ചാൽ രാജ്യം സാമ്പത്തീകമായി വളരുമ്പോൾ അതിന്റെ നേട്ടം നമുക്കും ഉണ്ടാകും, കൃത്യമായി അവസരങ്ങൾ വിനിയോഗിക്കണം എന്ന് മാത്രം.

അടിസ്ഥാന സൗകര്യ വികസനവും, മികച്ച ക്രമസമാധാനവും, തീവ്രവാദ ഭീഷണികൾ ഇല്ലാതായതും എല്ലാം രാജ്യത്തിന് നേട്ടം ആകുമ്പോൾ അത് വ്യക്തിപരമായ നേട്ടം കൂടി ആക്കാൻ ഓരോരുത്തർക്കും കഴിയും.

60 കൊല്ലം തുടർച്ചയായി ഇന്ത്യ മുഴുവൻ ഭരിച്ചവർ ഇപ്പോഴും പറയുന്നത് ദാരിദ്ര്യം മാറ്റും, ജാതി സെൻസസ് നടത്തും എന്നൊക്കെയാണ്. അതേസമയം 2047 ൽ ഇന്ത്യയെ ഒരു വികസിത രാജ്യം ആക്കും എന്നാണ് പ്രധാനമന്ത്രി ഇന്ത്യാക്കാർക്ക് നൽകുന്ന വാഗ്ദാനം. കഴിഞ്ഞ 10 കൊല്ലം കൊണ്ട് ഇന്ത്യയിൽ ഉണ്ടായ മാറ്റങ്ങൾ കണ്ടവർക്ക് മനസിലാകും അദ്ദേഹം പറഞ്ഞ വാഗ്ദാനങ്ങൾ പൂർത്തിയാക്കുക തന്നെ ചെയ്യും എന്ന്.

2030 ഒക്കെ ആകുമ്പോൾ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ തിരികെ ഇന്ത്യയിലെക്ക്‌ വരാൻ തുടങ്ങും എന്നാണ് പല സാമ്പത്തീക വിദഗ്ധരും പറയുന്നത്. കഴിവുള്ളവർക്ക് അതുപോലെ അവസരങ്ങൾ ഇന്ത്യയിൽ ഉണ്ട്.

2047 ൽ ഇന്ത്യ ഒരു വികസിത രാജ്യം ആകും എന്നതിൽ ഒരു തർക്കവും ഇല്ല. അതിന് വേണ്ടത് ശക്തനായ ഭരണാധികാരിയും, ഏകകക്ഷി ഭരണവുമാണ്. അതിപ്പോൾ ഇന്ത്യക്ക് ഉണ്ട്. അത് ജൂൺ 4 ന് ശേഷവും അതിശക്തമായി അത് തുടരുക തന്നെ ചെയ്യും…

ജിതിൻ ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here