ഹിപ്പോക്രാറ്റസ് vs ചരക ശപഥം : ഉള്ളടക്കം ആധുനിക നൈതികബോധമുള്ളവയെങ്കിൽ സംജ്ഞകൾ സ്വദേശവൽക്കരിക്കപ്പെടാം

0

ഹിപ്പോക്രാറ്റസിന്റെയോ ചരകന്റെയോ കാലഘട്ടത്തിൽ  ഉണ്ടായിരുന്ന വൈദ്യന്മാരെ പോലെയല്ല ഇപ്പോൾ രോഗശാന്തി നടത്തുന്ന ഡോക്ടർമാർ. കാരണം അക്കാലഘട്ടത്തെ പോലെ  രോഗശാന്തി എന്ന പ്രവർത്തി ഇന്ന്  ദിവ്യമായതോ  കലയായോ കണക്കാക്കപ്പെടുന്ന ഒന്നല്ല, മറിച്ച് അത് ഒരു സേവനം അഥവാ തൊഴിൽ  മാത്രമാണ്. ആ പരിസരത്തു നിന്ന് കൊണ്ട് വേണം നമ്മൾ ഹിപ്പോക്രാറ്റസ് vs ചരക ശപഥം വിലയിരുത്തേണ്ടത്.

ബിസി 400-ൽ ഹിപ്പോക്രാറ്റസ് തന്റെ ശിഷ്യന്മാരെ വൈദ്യം  പഠിപ്പിച്ചിരുന്നത്  ഗ്രീക്ക് ദേവാലയത്തിലെ  ദൈവങ്ങളായ  അപ്പോളോ, അസ്ക്ലെപിയസ്, ഹൈജിയ, പാനേഷ്യ എന്നിവരോട് ചില നൈതിക പെരുമാറ്റം  ഉയർത്തിപ്പിടിക്കാം എന്ന്  ശപഥം  ചെയ്തതിന് ശേഷം മാത്രമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ബിസിഇ 400-200 കാലഘട്ടത്തിൽ വൈദ്യം പ്രയോഗിച്ചിരുന്നത്  ചരക സംഹിതയിൽ പ്രതിപാദിച്ചിട്ടുള്ള ശപഥം എടുത്തതിനു ശേഷമായിരുന്നു.

അന്നത്തെ ഭാരതീയ സമൂഹത്തിൽ  നൈതികമായ  പെരുമാറ്റം എന്ന് കരുതിയിരുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അവയും. ഹിപ്പോക്രാറ്റസിന്റെയും ചരകന്റെയും പേരിലുള്ള ശപഥങ്ങളുടെ ഉള്ളടക്കം  ഇന്ന് നമ്മൾ കണ്ടു വരുന്ന ആധുനിക വൈദ്യശാസ്ത്രത്തിലേ പുരോഗതിക്കോ ബയോമെഡിക്കൽ -എത്തിക്‌സിൽ ഉൾക്കൊള്ളുന്ന പുരോഗതിക്കോ എത്രയോ മുമ്പു രൂപപ്പെടുത്തിയവയാണ്. ഹിപ്പോക്രാറ്റസിന്റെ മഹിമ പാടേണ്ടവർക്കു അതിനിയും ആവാം, എന്നാൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ശപഥത്തിനു നിയമപരമായ യാതൊരു സാധുതയുമില്ല എന്നോർക്കണം.  അത് നൈതികമായി പെരുമാറാം എന്ന് വൈദ്യശാസ്ത്ര രംഗത്തുള്ള ഒരുവന്റെ പ്രതീകാത്മകമായ  പ്രതിജ്ഞ അഥവാ  ചേഷ്ട അഥവാ ആചാരം മാത്രമാണ്. ആ  ശപഥത്തെ  വിശേഷിപ്പിക്കാൻ ഹിപ്പോക്രാറ്റസിന്റെ സംജ്ഞ  പ്രയോഗിക്കുമ്പോൾ അത് പ്രതിഫലിക്കുന്നതു യൂറോപ്പ്യൻ ലോകവീക്ഷണത്തിന്റെ മേൽക്കോയ്മ മാത്രമാണ്.

19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോളതലത്തിൽ കൊളോണിയലിസത്തിലൂടെ പാശ്ചാത്യ വൈദ്യശാസ്ത്രത്തിലെ “യൂറോസെൻട്രിസം” (യൂറോപ്പ് കേന്ദ്രീകൃതമായ ലോകവീക്ഷണം)   പ്രബലമായപ്പോൾ മാത്രമാണ് വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കപ്പെടുന്ന ശപഥം ഹിപ്പോക്രാറ്റസിന്റെ ശപഥമായി മാറി പ്രയോഗത്തിൽ ലോകസാർവത്രികമായത്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് എടുക്കുന്ന നൈതികതയുടെ ആ ശപഥം ഹിപ്പോക്രാറ്റസിന്റെ പേരിലാണ് ഇന്നും അറിയപ്പെടുന്നതെങ്കിലും, ഇന്ന് പല  രാജ്യങ്ങളും യഥാർത്ഥത്തിൽ  ഉപയോഗിക്കുന്ന ശപഥത്തിന്റെ ഉള്ളടക്കം ഹിപ്പോക്രാറ്റസ് വിഭാവനം ചെയ്ത  ശപഥത്തിന്റെ  മൂലരൂപമല്ല, മറിച്ചു അതിന്റെ സംസ്കരിച്ചെടുത്ത പല പിൽക്കാല  തദ്ദേശീയ വകഭേദങ്ങൾ മാത്രമാണ്. ഹിപ്പോക്രാറ്റസ് ശപഥത്തിന്റെ വകഭേദങ്ങളെ  പൂർണ്ണമായും ഉപേക്ഷിച്ച രാജ്യങ്ങളും ഉണ്ട്.  

ഇന്ന് നമ്മൾ പ്രയോഗിക്കുന്ന  ആധുനിക വൈദ്യശാസ്ത്രത്തിന്റെ  ശാസ്ത്രീയ വളർച്ചയിലേക്ക്  സംഭാവന നൽകുന്നവർ പണ്ട് കാലങ്ങളിലെ പോലെ  ഗ്രീക്കുകാരോ യൂറോപ്യൻ വംശജരോ മാത്രമല്ല, മറിച്ചു  എല്ലാ ദേശീയ-സംസ്കാരിക പരിസരങ്ങളിൽ ഉള്ളവരും  ഇന്ന് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ  പുരോഗതിയിൽ പങ്കാളികൾ ആണ്.  അതിനാൽ ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രയോഗിക്കപ്പെടുന്ന നൈതികതയുടെ ശപഥം ഹിപ്പോക്രാറ്റസിന്റെ പേരിൽ മാത്രം ഒതുങ്ങി യൂറോപ്പ്യൻ ലോകവീക്ഷണത്തിന്റെ മേൽക്കോയ്മയെ മാത്രം പ്രതിഫലിക്കുന്നതിനു പകരം,  ഓരോ രാജ്യത്തിനും അതിന്റെ  സാംസ്കാരിക വൈദ്യശാസ്ത്ര പരിസരങ്ങളിൽ ഉണ്ടായ സ്ഥാപകരുടെയോ പ്രസിദ്ധരുടെയോ പ്രസക്തരുടെയോ  പേരിൽ വിളിക്കാൻ നിയമപരമായോ നൈതികമായോ യാതൊരു തടസ്സവുമില്ല . 

ഹിപ്പോക്രാറ്റസിന്റെ മൂലശപഥത്തിന്റെ ഉള്ളടക്കം കാലഹരണപ്പെട്ടതിനാൽ സംസ്കരിച്ചെടുത്തു ഉപയോഗിക്കുന്നത് പോലെ ചരകന്റെ മൂലശപഥവും കാലപ്രസക്തിയുള്ള ഉള്ളടക്കത്തോടെ  സംസ്കരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ് .  എന്ത് തരം വൈദ്യം ആരുടെ വൈദ്യം എന്നതിനല്ല പ്രസക്തി മറിച്ചു വൈദ്യം പ്രയോഗിക്കുമ്പോൾ എന്ത് മൂല്യങ്ങൾ വേണം എന്നതിനാണ് പ്രസക്തി – ഉള്ളടക്കം ആധുനിക നൈതികബോധമുള്ളവയെങ്കിൽ  സഞ്ജകൾ സാംസ്കാരിക പ്രതീകങ്ങൾ  മാത്രമാണ് …അവ സ്വദേശവൽക്കരിക്കപ്പെടാം!

LEAVE A REPLY

Please enter your comment!
Please enter your name here