മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ ഭാരതത്തിന്റെ (അംഗീകരിക്കപ്പെടാത്ത) സംഭാവനകൾ

1

രാജീവ് മൽഹോത്ര അറിയപ്പെടുന്ന അന്തർദേശീയ ഗവേഷകനും, എഴുത്തുകാരനും, പ്രഭാഷകനും, ബുദ്ധിജീവിയുമാണ്. നാഗരികത, സംസ്കാര-സാംസ്കാരിക സംഘർഷങ്ങൾ, മതം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം അനേകം കൊല്ലങ്ങളായി ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു.. അദ്ദേഹം ഫിസിക്സ്, കംപ്യൂട്ടർ സയൻസസ് എന്നിവയിൽ ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഫോർച്യൂൺ 100 സീനിയർ കോർപ്പറേറ്റ് എക്സിക്യൂട്ടീവ്, സ്ട്രാറ്റജിക് കൺസൾട്ടന്റ്, എന്നിങ്ങനെ പല പദവികളും വിവര സാങ്കേതികവിദ്യയിലും , മീഡിയ ടെക്നോളജിയിലും വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ബ്രേക്കിംഗ് ഇന്ത്യ, ബീയിങ് ഡീഫറൻറ്, ഇന്ദ്രാസ് നെറ്റ് തുടങ്ങി പ്രശസ്തങ്ങളായ പല കൃതികളുടെയും രചയിതാവാണ് 

 

യോഗയേയും ധ്യാനത്തേയും കുറിച്ച് ഇന്ത്യൻ എംബസ്സിയിൽ രാജീവ് മൽഹോത്ര നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപമാണിത്. പ്രഭാഷണത്തിന്റെ തലക്കെട്ട് –‘Revolutionizing research in cognitive sciences and Neuro sciences’ (പ്രത്യഭിജ്ഞാന – നാഡീ ശാസ്ത്രങ്ങളിലെ ഗവേഷണത്തിൽ വരുത്തേണ്ട പരിവർത്തനം). പ്രഭാഷണത്തിനു ശേഷം ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായിരുന്നു പ്രഭാഷണം.

ആമുഖം:-

            കുറേ വർഷങ്ങളായി മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ(Mind Sciences) ഞാൻ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. Mind Sciences എന്നപദം വിശാലാർത്ഥമുള്ള ഒന്നാണ്. മനഃശാസ്ത്രം (Psychology), നാഡീശാസ്ത്രം (Neuro Science), പ്രത്യഭിജ്ഞാന ശാസ്ത്രം (Cognitive Science), തുടങ്ങി മനസ്സുമായി ബന്ധമുള്ള എന്തു പഠനവും ഇതിൽ (Mind Sciences-ൽ) ഉൾപ്പെടും. ആരോഗ്യം, വ്യക്തിത്വവികസനം, മെച്ചപ്പെട്ടജീവിതശൈലി, വിവിധ മാനസിക പ്രശ്നങ്ങൾക്കുള്ള ചികിൽസ, വൈകാരിക നിയന്ത്രണം, ബൈപോളാർ രോഗങ്ങളുടെ നിയന്ത്രണം., എന്നിവയ്ക്കു മനസ്സിനെ കുറിച്ചുള്ള പഠനങ്ങളിൽ ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. ബോധം, സ്വപ്നം, പഠനം, ബാല്യകാല വിദ്യാഭ്യാസം, പഠനവൈകല്യങ്ങൾ എന്നിവയെക്കുറിച്ചു പഠിച്ച്, സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതും ഗവേഷണത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. മനസ്സിന്റെ സാധാരണമായ പ്രവർത്തനം പഠിക്കുക മാത്രമല്ല മനഃസംബന്ധ ശാസ്ത്രങ്ങൾ ചെയ്യുന്നത്. മാനസികരോഗവും അതിന്റെ നിർണ്ണയവും, ബോധത്തിന്റെ ഉയർന്നതലത്തിൽ സ്വായത്തമാകുന്ന അസാധാരണകഴിവുകൾ, യോഗികളുടേയും ഋഷിമാരുടേയും സവിശേഷ ബോധനില., തുടങ്ങിയവയും മനഃസംബന്ധമായ ശാസ്ത്രങ്ങളുടെ പഠനത്തിൽ ഉൾപ്പെടുന്നു. അതിനാൽ ഇതൊരു വലിയ പഠനമേഖലയാണ്. മനസ്സിനെ കുറിച്ചുള്ള ഈ ശാസ്ത്രപഠനങ്ങളിൽ ഭാരതം നൽകിയിട്ടുള്ള സംഭാവനകൾ വളരെയധികം പ്രാധാന്യമുള്ളതാണ്. നിർഭാഗ്യവശാൽ, അവയെക്കുറിച്ചു ഭാരതീയർക്കു പോലും അറിയുകയില്ല.

            മനഃസംബന്ധമായ ശാസ്ത്രപഠനങ്ങൾക്കു ഭാരതം നൽകിയ സംഭാവനകളെപ്പറ്റി പറയുമ്പോൾ മതത്തെ പരാമർശിക്കേണ്ടതില്ല. പാശ്ചാത്യരാജ്യങ്ങളിലെ ശാസ്ത്രീയ, ദാർശനിക, പ്രത്യഭിജ്ഞാന പഠന-സമീപനങ്ങളിൽ ഭാരതീയപാരമ്പര്യം ഇതിനകം തന്നെ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതത്തിലെ ബഹുഭൂരിഭാഗം പേർക്കും അതറിയില്ല. ശാസ്ത്രീയ ആവശ്യങ്ങൾക്കു വേണ്ടി ഭാരതീയ സമ്പ്രദായത്തെ പഠിക്കുമ്പോൾ, ഭാരതീയ സംജ്ഞകൾ/പദങ്ങൾ വൈദ്യശാസ്ത്ര-ദാർശനിക-മാനസിക-ശാസ്ത്രീയസംജ്ഞകളായി തർജ്ജമ ചെയ്യപ്പെടുന്നു. ഭാരതീയമായ മൂലജ്ഞാനം അപ്പോൾ പുതിയൊരു പദസമൂഹത്തിലേക്കു പരിവർത്തിപ്പിക്കപ്പെടും. മൂലജ്ഞാനത്തെ ഇവിടെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകില്ല. ഒരു ഉദാഹരണസഹിതം ഞാനിത് വിവരിക്കാം. ഇന്ത്യക്കാരായ ധാരാളം ഡോക്ടർമാർ എന്റെ സുഹൃത്തുക്കളാണ്. ഒരിക്കൽ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ തെറാപ്പി ക്ലാസിൽനിന്നു, ഏകാഗ്രധ്യാനത്തിന്റെ ഗുണഫലം പഠിച്ച സന്തോഷത്തിൽ ഇറങ്ങിവന്നു. അദ്ദേഹം സത്യത്തിൽ പഠിച്ചത് വിപാസന ധ്യാനമാണെന്നു (ഭാരതീയ ബൗദ്ധസന്യാസിമാർ രൂപംകൊടുത്ത ഒരു ധ്യാനരീതി) ഞാൻ പറഞ്ഞപ്പോൾ സുഹൃത്തിനു അതു വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ മുത്തച്ഛൻ പരിശീലിക്കാറുള്ള ഒന്നായിരുന്നു വിപാസന ധ്യാനമെന്ന്പറഞ്ഞ്, സുഹൃത്ത് സ്വന്തം അജ്ഞതയെ ന്യായീകരിക്കാൻ ശ്രമിച്ചു. (മുത്തച്ഛൻ പരിശീലിച്ചിരുന്ന ധ്യാനത്തേക്കാൾ മേന്മയുള്ളതാണ് താൻ പഠിച്ചതെന്ന വ്യംഗ്യം സുഹൃത്തിന്റെ വാദത്തിൽ അടങ്ങിയിരുന്നു). ഭാരതീയമായ എന്തെങ്കിലുമൊന്നിന് സാധുത വേണമെങ്കിൽ, പാശ്ചാത്യർ അതിനെ സ്വീകരിച്ച് സാക്ഷ്യപ്പെടുത്തണമെന്ന അപകർഷതബോധം നമുക്കിവിടെ കാണാം. ഇത് നമ്മുടെ മാത്രം പ്രശ്നമാണ്. അല്ലാതെ മറ്റാരുടേയും സൃഷ്ടിയല്ല.

ജ്ഞാനം തേടിയുള്ള പര്യവേക്ഷണവും, തുടർന്നുള്ള സ്വാംശീകരണവും:-

            മുകളിലെ ചിത്രത്തിൽ ഞാനിക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഇടതുവശത്ത്, ഭാരതീയ ജ്ഞാനത്തിന്റെ വിവിധ ഉറവിടങ്ങളാണ്. വലതുവശത്ത്, ഭാരതീയജ്ഞാനത്തെ അടിസ്ഥാനമാക്കി രൂപംകൊടുത്ത പുതിയ പാശ്ചാത്യമാതൃകകളാണ്. ചിത്രത്തിന്റെ നടുവിലുള്ളതാണ് ഈ ജ്ഞാനകൈമാറ്റത്തിനുള്ള ഉപാധികൾ. വിവിധ ശാസ്ത്രീയശാഖകളും, അവ നടത്തുന്ന പഠനങ്ങളും, ചിന്തകരും എല്ലാം ഇതിലുൾപ്പെടുന്നു. ഈ നിലയിലുള്ള ചിന്തകർ ഭാരതീയജ്ഞാനത്തെ ഭാഷാന്തരം ചെയ്ത്, എളുപ്പത്തിൽ പ്രാപ്യമാകുന്ന വിധത്തിലാക്കി, ജ്ഞാനകൈമാറ്റ പ്രക്രിയ ത്വരിതപ്പെടുത്തുന്നു. ഭാരതീയകൃതികൾ പഠിച്ച്, വ്യാഖ്യാനിക്കുകയും മറ്റും ചെയ്യുന്ന ഇവർ ഒരു ഇടനിലക്കാരന്റെ റോൾ വഹിക്കുന്നു. ഇവർ ഭാരതീയസമ്പ്രദായങ്ങൾ ആചരിക്കുന്നവരോ അല്ലാത്തവരോ ആകാം.(കൂടുതൽ പേരും ആചരിക്കുന്നവരല്ല).അവർ യോഗികൾ ആയിരിക്കണമെന്നില്ലെങ്കിൽ കൂടിയും, ധാരാളം കൃതികൾ പഠിച്ചിട്ടുള്ളതിനാൽ, അവരുടേതായ ഒരു അഭിപ്രായം ഈ കൃതികളിൽ ചാർത്തും. വലതുവശത്തു കാണിച്ചിരിക്കുന്ന വിഭാഗത്തിലുള്ള ചിന്തകർ ഇത്തരം പ്രക്രിയയെ കൂടുതൽ സക്രിയമായി മുന്നോട്ടു കൊണ്ടുപോകും. ഇതിന്റെ ചില ഉദാഹരണങ്ങൾ ഞാൻ നിങ്ങൾക്കു നൽകാം. ഇത്തരം പ്രതിഭാസങ്ങളെ നിരീക്ഷിച്ച് ലിഖിതരൂപത്തിലാക്കുന്നത്, ഇരുപതു വയസ്സു മുതൽ തന്നെ ഞാൻ ആരംഭിച്ചിരുന്നു. ഇപ്പോഴത് 6-7 വാല്യത്തോളമുള്ള ഈ ബൃഹത് സമാഹാരമായി. അത് പിന്നീടു പ്രസിദ്ധീകരിക്കുന്നതാണ്. മുകളിൽ കൊടുത്തിട്ടുള്ള ചിത്രത്തിൽ, ഭാരതീയജ്ഞാനത്തെ പാശ്ചാത്യശാസ്ത്രമായി പരിവർത്തിപ്പിക്കുന്ന പ്രക്രിയയുടെ അടിസ്ഥാനസ്വഭാവം നമുക്കു ദർശിക്കാം. ഈ വിഷയത്തിന്റെ കൂടുതൽ വിവരങ്ങളിലേക്കു നിങ്ങളെ നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

            ചിത്രം 2-ൽ, ഒന്നാം കോളത്തിലുള്ളത് പൂർണമായും ഭാരതീയമാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാവുന്ന വിഷയങ്ങളാണ്. ഏതൊരു ഭാരതീയനും സ്വപാരമ്പര്യമായി അംഗീകരിച്ച പദങ്ങളാണ് അവ – യോഗ, തന്ത്രം, ഭക്തി, ദേവത, വേദാന്തം, ബുദ്ധമതം., ഇത്യാദി പദങ്ങൾ. ചിത്രത്തിനു നടുവിലുള്ളത് അമേരിക്കൻ പാർശ്വവർത്തി നിലപാടിനെ (Fringe Americanism) സൂചിപ്പിക്കുന്നു. ഒന്നാം കോളത്തിലുള്ള ഭാരതീയമായ വിഷയങ്ങൾ അമേരിക്കൻ മുഖ്യധാരയിലേക്കു നേരിട്ടു കടന്നുവരുന്നില്ല. അവയ്ക്കു രണ്ട് കടമ്പകൾ മറികടക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ, അമേരിക്കൻ സമൂഹത്തിന്റെ പാർശ്വവർത്തിയായി ഭാരതീയവിഷയങ്ങൾ രംഗപ്രവേശം ചെയ്യും. മുൻകാലങ്ങളിൽ, അമേരിക്കൻ പാർശ്വവർത്തി സമൂഹത്തെ പ്രതിനിധാനം ചെയ്തിരുന്നത് ഹിപ്പി, ന്യൂ-ഏജ് പ്രസ്ഥാനങ്ങളും മറ്റുമാണ്. ഭാരതീയസംസ്കാരത്തെ പറ്റി പഠിക്കുന്ന നിരവധി ഗ്രൂപ്പുകൾ അമേരിക്കയിൽ ഉണ്ട്. എങ്കിലും മുഖ്യധാരയിലുള്ള അമേരിക്കൻ സാമൂഹിക സ്ഥാപനങ്ങളിലേക്കു അവ ഇനിയും രംഗപ്രവേശം ചെയ്തിട്ടില്ല. അമേരിക്കൻ പാർശ്വവർത്തി സാമൂഹിക കൂട്ടായ്മകളിലൂടെ പുത്തൻ ഭാരതീയ ആശയങ്ങൾ ധാരാളം പ്രവഹിക്കുന്നുണ്ട്. ഇവയിൽ പലതും ഭാരതീയരായ ചില ആത്മീയഗുരുക്കന്മാർ കയറ്റിഅയക്കുന്നതോ, അല്ലെങ്കിൽ സാഹസികരായ അമേരിക്കക്കാർ ഇന്ത്യയിലേക്കു വന്ന്, തേടിപ്പിടിച്ച് കണ്ടെത്തി, ഇറക്കുമതി ചെയ്യുന്നതോ ആകാം. ഈ സാഹസകരിൽ ചിലർ 10, 20, 30 കൊല്ലമോ, അല്ലെങ്കിൽ ജീവിതം മുഴുവനോ ഇന്ത്യയിൽ കഴിയുന്നവർ ആകും. അവർ അമേരിക്കയിൽ തിരിച്ചെത്തി, ഭാരതത്തിൽ വച്ച് അവർ പരിചയിച്ചപുതിയ കാര്യങ്ങളെപ്പറ്റി എഴുതും. എഴുത്തിന്റെ ഈ ഘട്ടത്തിൽ വിഷയങ്ങൾ അയഥാർത്ഥവും നിഗൂഢവുമായി പരിഗണിക്കപ്പെടും; മറ്റു ചിലപ്പോൾ വിവാദപരവും വിചിത്രവുമായും. ഇന്നു അമേരിക്കൻ മുഖ്യധാരയിലുള്ള ധാരാളം കാര്യങ്ങൾ, അവ അമേരിക്കയിൽ ആദ്യമെത്തിയ കാലത്തു വളരെ വിവാദപരമായിരുന്നു. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ, ഒരു സമൂഹത്തിൽ പുരോഗമനവാദികളും, കുറച്ചു സാഹസികരും ഉണ്ടായിരിക്കും. അമേരിക്കൻ സമൂഹത്തിലെ സാഹസികരായ വ്യക്തികളാണ് നിഗൂഢവും വിചിത്രവുമായ വിഷയങ്ങളെ ആദ്യം ഏറ്റെടുത്തു സ്വീകരിച്ചത്. (1960-കളിൽ യോഗയെ സ്വീകരിച്ചവർ ഇതിനു ഉദാഹരണമാണ്). അമേരിക്കൻ പാർശ്വവർത്തി കാഴ്ചപ്പാട് (Fringe Americanism) കൂടുതൽ ഗൗരവതരമായി പരിണമിക്കുന്നത്, ചിത്രത്തിൽ തുടർന്ന് കാണിച്ചിരിക്കുന്നു. ഇതിൽ അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങളും വൈജ്ഞാനിക വിദഗ്ധരും ഉൾപ്പെടുന്നുണ്ട്. ഭാരതീയആശയങ്ങളെ പാശ്ചാത്യശാസ്ത്രമാക്കുന്ന ഈ ബൃഹദ് പ്രക്രിയയുടെ ഏറ്റവും വലതുഭാഗത്ത് അമേരിക്ക നിലകൊള്ളുന്നു. ഒരിക്കൽ വിചിത്രവും നിഗൂഢവുമായിരുന്ന വിഷയങ്ങൾ, ഇപ്പോൾ അമേരിക്കൻ മുഖ്യധാരയുടെ ഭാഗമായി മാറിയിട്ടുണ്ടാകും.

            മുകളിൽ വിവരിച്ച പ്രക്രിയയ്ക്കു, മനഃസംബന്ധമായ ശാസ്ത്രപഠനങ്ങൾ എപ്രകാരം വിധേയമായെന്ന് സമർത്ഥിക്കാൻ ഞാൻ ഉദാഹരണങ്ങൾ നൽകാം. ഈ പ്രക്രിയയെ വിശേഷിപ്പിക്കാൻ ‘സ്വാംശീകരണം’എന്ന പദം ഞാൻ നൽകും. കാരണം സ്വാംശീകരണ പ്രക്രിയയിൽ, ഒരുവ്യക്തി ഭക്ഷണം കഴിച്ച് ശക്തനും, ആരോഗ്യവാനും, സന്തോഷവാനുമാകുന്നു. പക്ഷേ ഭക്ഷണം അതിന്റെ ശുദ്ധരൂപത്തിൽ ഇല്ലാതാകും. ചിത്രം2-ൽ, ഒരു രാജ്യത്തിന്റെ സംസ്കാരത്തെയാണ് ഭക്ഷണം പ്രതിനിധീകരിക്കുന്നത്. ഒരിക്കൽ ഭക്ഷണം (സംസ്കാരം) ഉപയോഗിക്കപ്പെട്ടാൽ, പിന്നീടത്, ഉപഭോക്താവിന്റെ ശരീരത്തിലെ ഡിഎൻഎ ആയിമാറുന്നു. ഭക്ഷണം (സംസ്കാരം) അതിന്റെ ശുദ്ധരൂപത്തിൽ ഒരിടത്തും കാണാനാകില്ല. ഉപഭോക്താവിന്റെ വീക്ഷണകോണിലൂടെ നോക്കിയാൽ ഇത് നല്ലതാണെങ്കിലും, ഭക്ഷണത്തിന്റെ (സംസ്കാരത്തിന്റെ) കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഇത് ആശാവഹമല്ല. കാരണം ഭക്ഷണം ഇവിടെ അപ്രത്യക്ഷമാവുകയാണ്.

സ്വാംശീകരണത്തിന്റെ അനന്തരഫലങ്ങൾ:-

            വർഷങ്ങളായി ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന, സ്വാംശീകരണ ഫലങ്ങൾ ഇനി പറയുന്നു.

  1. ആർക്കും തിരിച്ചറിയാനാകാത്ത വിധം,ജ്ഞാനത്തിന്റെ ഭാരതീയമായ ഉറവിടം മറച്ചുപിടിയ്ക്കപ്പെടുന്നു. മൈൻഡ്‌ഫുൾനെസ് മെഡിറ്റേഷൻ സത്യത്തിൽ വിപാസന ധ്യാനമാണെന്നു തിരിച്ചറിയാതിരുന്ന സുഹൃത്തിന്റെ കാര്യം ഇതിനൊരു ഉദാഹരണമാണ്. ധാരാളം ഉദാഹരണങ്ങൾ വേറേയുമുണ്ട്.
  2. ഗവേഷണ വിഷയങ്ങൾ പലപ്പോഴും വളച്ചൊടിയ്ക്കപ്പെടുന്നു. കാരണം ഗവേഷണത്തിനുള്ള ധനസഹായംലഭിക്കാൻ, വിഷയം ഗവേഷകൻ നിശ്ചയിക്കുന്ന ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കേണ്ടതുണ്ട്. ഗവേഷണപ്രമേയത്തിന്റെ ഭാഗമായി ഉൾക്കൊള്ളിക്കാനാകാത്ത ചില പ്രത്യേകകാര്യങ്ങൾ ഉണ്ടാകും. അവ ഉൾക്കൊള്ളിച്ചാൽ പ്രമേയം സ്വീകരിക്കപ്പെടുകയില്ല. അപ്പോൾ ഗവേഷണവിഷയത്തിൽ മായംകലർത്തി, ഔദ്യോഗിക ജീവിതലക്ഷ്യങ്ങൾക്കു അനുസൃതമായി ഗവേഷകനു വിഷയം പുനർനിശ്ചയിക്കേണ്ടി വരും.
  3. ഭാരതീയമായ ഗവേഷണ വിഷയം കൂടുതൽ സമ്പുഷ്ടമാക്കപ്പെടും. ഇതാണ് മൂന്നാമത്തെ ഘട്ടം. വിഷയം ഇവിടെ കൂടുതൽ പ്രയോജനപ്രദമായി മാറും. വിഷയം ഏറ്റെടുത്തപാശ്ചാത്യർ, അതിനെ കൂടുതൽ മൂല്യവത്താക്കി മാറ്റും. അവർ ഭാരതീയജ്ഞാനത്തെ വെറുതെ പകർത്തുകയല്ല ചെയ്യുന്നത്. അവർ വിഷയത്തെ വികസിപ്പിച്ച് കൂടുതൽ ഉപകാരപ്രദമാക്കി മാറ്റുന്നു. മാത്രമല്ല, വിഷയത്തെ പരീക്ഷണത്തിനു വിധേയമാക്കി സമഗ്രപഠത്തിനും അവർ തയ്യാറാകും.
  4. ഭാരതീയ ജ്ഞാനത്തിന്മേലുള്ള ഭാവിപഠനങ്ങൾ ഭാരതീയ-ഇതര ചട്ടക്കൂടിലേക്കു ചുവടുമാറും. തദ്ദേശീയ ചുറ്റുപാടിൽനിന്നു ആശയങ്ങൾ പഠിക്കുന്നതിനു ജനസമ്മതിയും ആകർഷകത്വവും കുറവാകുന്നതും, പഠനത്തിനു സാമ്പത്തികസഹായം നൽകുന്ന ഏജൻസികൾ നിർദ്ദേശിക്കുന്ന പഠനരീതി വ്യത്യസ്തമാകുന്നതുമാണ് ഇതിനു കാരണം. ഉദാഹരണമായി, ഒരു ആചാരാനുഷ്ഠാനത്തിന്റെ ശാസ്ത്രീയഫലങ്ങൾ എന്നരീതിയിൽ അവതരിപ്പിക്കുന്നതിനേക്കാൾ ധനസഹായം ലഭിക്കുന്നതിനു നല്ലത്, ന്യൂറോസയൻസ് പഠനമാക്കി അവതരിപ്പിക്കുന്നതാണ്.
  5. ആശയങ്ങളുടെ വിനിമയത്തിന്റെ ചരിത്രം ഒത്തുതീർപ്പലുകൾക്കു വിധേയമാകുന്നു. ചരിത്രപഠനത്തിന്റെ ഒരു ശാഖയാണ് ആശയവ്യാപനത്തെ പറ്റിയുള്ള പഠനം. ഇവിടെ, ആശയങ്ങൾ എപ്രകാരം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു വ്യാപിക്കുന്നെന്ന് വിദ്യാർത്ഥികൾ പഠിക്കും. ഗണിതം, കൃഷി, മരുന്നുകൾ എന്നിവ ഒരുദേശത്തു നിന്നു മറ്റൊരു ദേശത്തേക്കു വ്യാപിച്ച്, പരിവർത്തനത്തിനു വിധേയമാകുന്ന കാര്യം ഇതിനു ഉദാഹരണമാണ്. മനഃസംബന്ധമായ ശാസ്ത്രമേഖലയിലെ ആശയങ്ങളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള വിനിമയം ഞാൻ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിൽ ഞാൻ കൈകാര്യം ചെയ്യുന്ന ചോദ്യങ്ങൾ ഇവിടെ പറയാം – “പതജ്ഞലി, ശ്രീബുദ്ധൻ എന്നിവരിൽനിന്നു മനഃസംബന്ധമായ ശാസ്ത്രങ്ങൾ എങ്ങിനെ ആരംഭിച്ചു?” “അവയുടെ ചരിത്രമെന്ത്?” “ആ അറിവുകൾ പാശ്ചാത്യലോകത്തു എത്തിയതെങ്ങിനെ?” “അവയ്ക്കു എന്തെല്ലാം പരിവർത്തനങ്ങൾ അവിടെ സംഭവിച്ചു?” “ഉൽഭവസ്ഥാനം പോലും തിരിച്ചറിയാൻ കഴിയാത്തവിധം, അറിവുകൾ എങ്ങിനെ സ്വാംശീകരണത്തിനു വിധേയമായി?” ഇത്യാദി ചോദ്യങ്ങൾ.

സ്വാംശീകരണ പ്രക്രിയയുടെ അനന്തരഫലമായി, അറിവിന്റെ ഉല്പാദകനാകുന്നതിനു പകരം ഇന്ത്യക്കാർ ഉപഭോക്താവായി മാറി. ചരിത്രപരമായി ഭാരതം അറിവുകളുടെ ഉറവിടമാണ്. നളന്ദ സർവ്വകലാശാലയെ പോലുള്ള സ്ഥാപനങ്ങൾ അറിവുകൾ ഉല്പാദിപ്പിച്ച്, ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. ചൈനീസ് ചക്രവർത്തിമാർ അവരുടെ മിടുക്കരായ വിദ്യാർത്ഥികളെ വിദ്യാഭ്യാസവും, അറിവും നേടി തിരിച്ചുവരാൻ ഇന്ത്യയിലേക്കു അയച്ചിരുന്നു. ആ വിദ്യാർത്ഥികൾ ചൈനയിലേക്കു ബുദ്ധമതം മാത്രമല്ല കൊണ്ടുവന്നത്, മറിച്ച് ഗണിതം, ഭാഷാശാസ്ത്രം, കല, ജ്യോതിശാസ്ത്രം എന്നിവ കൂടിയാണ്. ജപ്പാൻ, മംഗോളിയ, കംബോഡിയ., തുടങ്ങിയ രാജ്യങ്ങളും ഈ വഴിതന്നെ പിന്തുടർന്നു.നളന്ദ സർവ്വകലാശാലക്കുള്ളിൽ ഒരു കോളേജ് തന്നെ കംബോഡിയയിലെ രാജ്ഞി സംഭാവനയായി പണികഴിപ്പിച്ചു. കംബോഡിയയിലെ മിടുക്കരായ വിദ്യാർത്ഥികൾക്കു വിവിധ മേഖലകളിലെ പഠനത്തിനു ഇത് ഉപയോഗ്യമായി. വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ പഠനത്തിനായി ഹാർവാഡ്, സ്റ്റാൻഫോർഡ് സർവ്വകലാശാലകളിൽ ചേരുന്നതുമായി ഇതിനെ താരതമ്യപ്പെടുത്താം. നളന്ദ സർവ്വകലാശാലയെ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്കാലത്തെ ഐവി ലീഗുകൾ (Ivy League) ആയിരുന്നു.

           

ഭാരതീയ സാംസ്കാരിക ആവാസവ്യവസ്ഥയുടെ നാശം:-      

          ജ്ഞാനത്തിന്റെ ഉപഭോക്താവുന്നതിനേക്കാൾ നല്ലതാണ് ജ്ഞാനത്തിന്റെ ഉല്പാദകനും കയറ്റുമതിക്കാരനുമാകുന്നത്. ജ്ഞാനത്തിന്റെ ഉല്പാദകൻ, ഉപഭോക്താവിനേക്കാൾ ശക്തനാണ്. മൂന്നാമനായ ഒരു കാഴ്ചക്കാരന് ഇതിനേക്കാൾ ശക്തി കുറവായിരിക്കും. മുമ്പ് സൂചിപ്പിച്ച ഉദാഹരണത്തിൽ, യോഗ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്യാതെ, എന്നാൽ അല്പം താല്പര്യത്തോടെ യോഗാസനങ്ങൾ വീക്ഷിക്കുന്ന ഒരുവനാണ് കാഴ്ചക്കാരൻ. ജ്ഞാനം ഒട്ടുമില്ലാത്ത വ്യക്തിയാണ്ഏറ്റവും ദുർബലൻ. രസകരമെന്നു പറയട്ടെ, ഞാനിപ്പോൾ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നതും ഇവിടെ അവതരിപ്പിക്കുന്നതുമായ കാര്യങ്ങൾഒട്ടുമിക്ക ഭാരതീയർക്കും അറിയില്ല. പേരുകൾ പോലും തിരിച്ചറിയാൻ പറ്റാത്തത്ര അറിവില്ലായ്മ അവർക്കുണ്ട്. ഉപരിതലസ്പർശിയായ ജ്ഞാനം കുറച്ചുപേർക്കുണ്ടെങ്കിലും, അത് ജ്ഞാനത്തിന്റെ ഉല്പാദകൻ, ഉപഭോക്താവ് എന്നീ സംജ്ഞകളുമായി ബന്ധപ്പെട്ടുള്ളതല്ല. ഇതുപോലുള്ള പ്രശ്നങ്ങളാണ് ഗവേഷണത്തിലൂടെ നമുക്കു നേരിടാനുള്ളത്.

            താരതമ്യത്തിനായി ഒരു കേസ് പരിഗണിക്കുന്നത് ഇപ്പോൾ സന്ദർഭോചിതമായിരിക്കും. അമേരിക്കയെ വീണ്ടും ഉൽകൃഷ്ടമാക്കുക എന്ന ആശയം ഡൊണാൾഡ് ട്രമ്പ് ജനപ്രിയമാക്കിയിരിക്കുകയാണ്. ചൈനയെ ഉൽകൃഷ്ടരാഷ്ട്രമാക്കുക എന്ന പോളിസി ഏറെക്കാലമായി, അതായത് കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിച്ച കാലംമുതൽ, ചൈനീസ് ഗവണ്മെന്റിനുണ്ട്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചൈനയുടെ ചരിത്രം, ഭാഷ, തത്ത്വചിന്ത എന്നിവ തദ്ദേശീയരീതിയിൽ പഠിപ്പിക്കുന്നു. ചൈനീസ് സർക്കാറിന്റെ പുതിയ ‘One Road, One Belt’ പദ്ധതി, ഒരു സാമ്പത്തിക പദ്ധതിയായാണ് പുറമേയ്ക്കു വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും, യാഥാർത്ഥ്യത്തിൽ, കൺഫ്യൂഷ്യൻ ആശയങ്ങൾ, ചൈനീസ് ഭാഷ, പാരമ്പര്യവൈദ്യം, ചൈനീസ് വീക്ഷണപ്രകാരമുള്ള ചരിത്രം, തത്ത്വചിന്ത, സാമൂഹികശാസ്ത്രം, രാഷ്ട്രീയചിന്ത., തുടങ്ങിയവമറ്റു രാജ്യങ്ങളിലേക്കു എത്തിക്കാനുള്ള മാർഗമാണ് ഈ പദ്ധതി. പതിറ്റാണ്ടുകളായി അവരുടെ ചിന്ത ഈവിധമാണ്. “ആധുനികവൽക്കരണം ഞങ്ങൾക്കു വേണം, പക്ഷേ അതിനർത്ഥം ഞങ്ങൾ പാശ്ചാത്യവൽക്കരിക്കപ്പെടണം എന്നല്ല” എന്ന് ഉച്ചൈസ്ഥൈര്യം പ്രഖ്യാപിക്കുന്ന ഒരു സംസ്കാരം, അവരുടെ ആശയങ്ങൾ വ്യാപിപ്പിക്കുന്ന രീതിയാണിത്.

            ഇരുപത് വർഷങ്ങൾക്കു മുമ്പ്, ഏഷ്യൻ പഠനങ്ങൾക്കായി ഒരു കമ്മീഷൻ ഉണ്ടാക്കിയ ഗവർണർ ന്യൂജെഴ്സിയിൽ ഞങ്ങൾക്കുണ്ടായിരുന്നു. ഞാനതിൽ വിദ്യാഭ്യാസ കമ്മീഷണർ ആയിരുന്നു. ഏഷ്യയെ കുറിച്ച് എന്തുപഠിപ്പിക്കണമെന്ന കാര്യത്തിൽ ഞങ്ങൾ ചർച്ചകൾ നടത്തി. ചൈന, ജപ്പാൻ, തായ്ലാൻഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾ കമ്മീഷനിലുണ്ട്. കാതലായ ഒരു പാഠ്യപദ്ധതി രൂപീകരിക്കുകയായിരുന്നു കമ്മീഷന്റെ ഉദ്ദേശം. കമ്മീഷനിലെ ചൈനീസ് അംഗം യുഎസിൽ ഒരു മികച്ച ഡാൻസ് അക്കാദമി നടത്തുന്നുണ്ടായിരുന്നു. അക്കാദമിയിൽ പരമ്പരാഗത ചൈനീസ് നൃത്തത്തിനു പുറമേ, ആധുനിക ചൈനീസ് നൃത്തവും പഠിപ്പിക്കുന്നുണ്ടെന്നു അന്ന് (20 വർഷം മുമ്പ്) അദ്ദേഹമെന്നോടു പറഞ്ഞു. അദ്ദേഹം പഠിപ്പിച്ച പരമ്പരാഗത ചൈനീസ് നൃത്തം അമേരിക്കക്കാർക്കിടയിൽ നല്ല സ്വീകാര്യത നേടി. എന്തുകൊണ്ടെന്നാൽ, ആ നൃത്തം നിർവചനങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതും, പാശ്ചാത്യരെ സംബന്ധിച്ച് അസാധാരണവും, അവരുടെ അവകാശവാദങ്ങളെ വെല്ലുവിളിക്കാത്തതുമായിരുന്നു. പക്ഷേ, ആധുനിക ചൈനീസ് നൃത്തം പഠിപ്പിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹം അമേരിക്കക്കാരിൽനിന്നു വെല്ലുവിളികൾ നേരിട്ടു. ‘ആധുനികം’ എന്നു നിർവചിക്കപ്പെട്ട എല്ലാത്തിന്റേയുംകർത്തൃത്വം സ്വയം ഏറ്റെടുക്കുന്ന മനോഭാവം അമേരിക്കക്കാർക്കു ഉണ്ടെന്നു തോന്നി. മറ്റൊരു സംസ്കാരത്തേയും ‘ആധുനികത’യ്ക്കു മേൽ അവകാശം ഉന്നയിക്കാൻ അവർ സമ്മതിക്കില്ല. ഒരേസമയം ചൈനീസും, ആധുനികവുമായ ഒരു നൃത്തത്തെ പ്രോൽസാഹിപ്പിക്കുന്നത് അമേരിക്കക്കാർക്കു സ്വീകാര്യമല്ല. അവരുടെ ‘ആധുനിക അവകാശവാദത്തിനു’ ഭീഷണിയല്ലാത്തതിനാൽ, പരമ്പരാഗത നൃത്തങ്ങളെ മാത്രമേ അവർ പിന്തുണയ്ക്കുള്ളൂവെന്ന പ്രതീതി നിലവിലുണ്ട്. ഇതിലും വലിയ ഭീഷണിയാണ് ‘ഉത്തരാധുനിക ചൈനീസ് ഡാൻസ്/Post Modern Chineese Dance’ എന്നുള്ള പദനിർവചനം. ചൈനീസുകാർ മുമ്പെടുത്ത ഉറച്ചനിലപാടിന്റെ പോസിറ്റീവ് ഫലങ്ങൾ, ഇരുപതു വർഷങ്ങൾക്കു ശേഷം ഇപ്പോൾ നാം കാണുകയാണ്. ജപ്പാൻകാരും ഇതുതന്നെയാണ് ചെയ്തത്. അവരുടെ അനുഭവങ്ങളിൽനിന്നു നമുക്കു ഏറെ പഠിക്കാനുണ്ട്. ഭാരതീയതയിൽ ഊന്നിയ ആധുനിക നിലപാടുകൾ നമുക്കും എടുക്കാവുന്നതാണ്.

            ഒരു സംസ്കാരത്തിനു സ്വന്തം ആസ്തിത്വത്തിൽ അടിയുറച്ചു നിൽക്കുന്നതിനു സാംസ്കാരിക സ്വത്തുക്കൾ അവശ്യമാണ്. മനഃസംബന്ധിയായ ശാസ്ത്രപഠനങ്ങൾ (ഇതിനെക്കുറിച്ച് ഞാൻ പിന്നീട് വിശദീകരിക്കും) ഭാരതത്തിന്റെ സാംസ്കാരികസ്വത്താണ്. ഇതിനെക്കുറിച്ചുള്ള കൃത്യമായ അറിവ് വഴി, രാജ്യങ്ങൾക്കിടയിലുള്ള ആശയവിനിമയങ്ങളുടെ ശരിയായ ചരിത്രം നമുക്ക് തിരിച്ചുപിടിക്കാം. കൂടാതെ, ആശയങ്ങളുടെ യുക്തമായ ക്രമീകരണം ഭാവിയിൽ ജ്ഞാനം നേടാനും, ഭാവിയിലെ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി നിർണയിക്കുന്നതിനും സഹായകമാണ്. ഈ അശ്രാന്തപരിശ്രമത്തിനു പിന്നിൽ വെറും ഗൃഹാതുരത്വം അല്ലെന്നു സുവ്യക്തമാണ്. കുറേ വ്യക്തികൾ ഞാൻ ഭൂതകാലത്തെക്കുറിച്ചു വിഷമിക്കുകയാണെന്ന് കരുതുന്നുണ്ട്. എന്നാൽ, ഇത് ഭൂതകാലത്തെ കുറിച്ചുള്ള ആകുലത അല്ല. നമ്മുടെ പാരമ്പര്യത്തിലെ ഘടകങ്ങൾ ന്യൂറോ-‌ശാസ്ത്രജ്ഞന്മാർ കടംകൊണ്ടിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ ആ ഘടകങ്ങൾക്കു ഭാവിയിൽ വലിയ മൂല്യമുണ്ട്. മനുഷ്യകുലത്തെ കൂടുതൽ മികച്ചതാക്കുന്നതിൽ സഹായിക്കാൻ ആ ഘടകങ്ങൾക്കാകും. ന്യൂറോ‌ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്ന ഭാരതീയ പാരമ്പര്യഘടകങ്ങൾ തദ്ദേശീയ സംസ്കാരവുമായി ഇഴപിരിഞ്ഞു കിടക്കുന്നത് കൂടുതൽ മികച്ചഫലം ലഭിക്കാൻ അനുയോജ്യമാണ്.

പ്രമുഖ ഉദാഹരണങ്ങൾ:-

            ഭാരതീയജ്ഞാനത്തെ മറുനാടുകളിലേക്ക് എത്തിച്ച ഏതാനും ഉജ്ജ്വലവ്യക്തിത്വങ്ങളെ കുറിച്ച് ഞാൻ വിവരിക്കാം – വിവേകാനന്ദൻ, അരബിന്ദോ, മഹർഷി മഹേഷ് യോഗി, ശ്രീബുദ്ധൻ. മറ്റനേകം വ്യക്തിത്വങ്ങളുടെ പ്രതിനിധികളായും ഇവരെ പരിഗണിക്കാം.

സ്വാമി വിവേകാനന്ദൻ:-

            മനസ്സിന്റെ സംഖ്യാസിദ്ധാന്തത്തെ (Sankhya theory of Mind) കുറിച്ച് ആദ്യമായി സംസാരിച്ച ഭാരതീയൻ വിവേകാനന്ദൻ അല്ല. സംഖ്യാസിദ്ധാന്തത്തിന്റെ ആശയങ്ങൾ ആദ്യമായി പഠിച്ചത് പാശ്ചാത്യരും പൗരസ്ത്യരുമായ വിവേകാനന്ദ അനുയായികളും അല്ല. പക്ഷേ, ഈ വിഷയത്തിലുള്ള താല്പര്യങ്ങളെ സ്ഥാപനവൽക്കരിച്ചത് വിവേകാനന്ദൻ ആണ്. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളെ അമേരിക്കൻ സ്ഥാപനങ്ങൾ ഗൗരവത്തോടെ എടുക്കാൻ തുടങ്ങി. അതിനുമുമ്പ്, ഇത്തരം ഭാരതീയ ആശയങ്ങൾ ചില വ്യക്തികളിലും പുസ്തകങ്ങളിലുമായി, അവിടവിടെ ചിതറിക്കിടക്കുകയായിരുന്നു. അമേരിക്കൻ സ്ഥാപനങ്ങൾ ഇതിൽ താല്പര്യം കാണിച്ചിരുന്നില്ല.വിവേകാനന്ദന്റെ രംഗപ്രവേശം ഈ സ്ഥിതിയെ മാറ്റിമറിച്ചു. ഉദാഹരണമായി, ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഫിലോസഫി വിഭാഗത്തിന്റെ തലവനായിരുന്നു വില്യം ജയിംസ്. അദ്ദേഹം വിവേകാനന്ദനു ആതിഥ്യം അരുളി. ജയിംസിന്റെ സാന്നിധ്യത്തിൽ വിവേകാനന്ദൻ നിരവധി പ്രഭാഷണങ്ങൾ നടത്തി. മനഃസംബന്ധമായ പഠനങ്ങളിൽ ഒരു പ്രഗത്ഭനായിരുന്നു വില്യം ജയിംസ്. പാശ്ചാത്യർ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ അംഗീകരിച്ചിരുന്നു. വില്യം ജയിംസിന്റെ വ്യക്തിപ്രഭാവം മൂലം, വിവേകാനന്ദന്റെ ആശയങ്ങൾ മറ്റു ഭാരതീയആശയങ്ങൾക്കൊപ്പം, പാശ്ചാത്യനാടുകളിൽ സ്ഥാപനവൽക്കരിക്കപ്പെട്ടു.

            പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന നിക്കോളാസ് ടെസ്‌ല (Nicolas Tesla) വിവേകാനന്ദനുമായി നിരവധി കൂടിക്കാഴ്ചകളും സംഭാഷണങ്ങളും നടത്തി. അത്തരം കൂടിക്കാഴ്ചകൾ ഭൗതികശാസ്ത്രത്തിൽ ഉണ്ടാക്കിയ സ്വാധീനം പ്രഖ്യാതമാണ്. ഉദാഹരണമായി, വിവേകാനന്ദന്റെ ഒരു പ്രഭാഷണത്തിനു ടെസ്‌ലയും സദസ്സിൽ സന്നിഹിതനായിരുന്നു. സംഖ്യാസിദ്ധാന്തപ്രകാരം ദ്രവ്യവും ഊർജ്ജവും അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്ന് വിവേകാനന്ദൻ ഈ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. പക്ഷേ ഇതു തെളിയിക്കാനുള്ള ഗണിതജ്ഞാനമോ സമവാക്യമോ വിവേകാനന്ദനു അറിയില്ലായിരുന്നു. ഗണിതസൂത്രം പിൽക്കാലത്താണ് നിലവിൽ വന്നത്. ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള പഠനങ്ങൾ ടെസ്‌ല മുന്നോട്ടുകൊണ്ടുപോയി. അദ്ദേഹം സ്വാമിജിയുമായി കത്തിടപാട് നടത്തി, നേരിൽകാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വിവേകാനന്ദൻ മറുപടി അയച്ചു, “ഗണിതത്തിന്റേയും ശാസ്ത്രത്തിന്റേയും കൂടുതൽ വിശദാംശങ്ങൾ താങ്കൾ എന്തുകൊണ്ടു കണ്ടുപിടിക്കുന്നില്ല?”. അതിനാൽ അവർക്കിടയിൽ സഹകരണപരമായ ചർച്ചകൾ നടന്നിരുന്നെന്നു നമുക്ക് കരുതാം. ടെസ്‌ലക്ക് വിവേകാനന്ദൻ പറയുന്നത് എളുപ്പത്തിൽ വിശ്വസിക്കാനായില്ല. എന്തുകൊണ്ടെന്നാൽ, ഊർജ്ജസംരക്ഷണ നിയമവും, ദ്രവ്യസംരക്ഷണ നിയമവും അന്നു പ്രാബല്യത്തിലുണ്ട്. ഇവരണ്ടും ഒന്നാണെന്ന ആശയം ടെസ്‌ലക്കു പുതിയതായിരുന്നു.            അമേരിക്കൻ ചിന്തയ്ക്കു മേൽ ഗണ്യമായ സ്വാധീനം ചെലുത്തിയവരായിരുന്നു ആൾഡസ് ഹക്‌സ്‌ലിയും (Aldous Huxley), ജെ.ഡി സാലിഞ്ചറും (J D Salinger). ഇരുവരും വിവേകാനന്ദനാൽ സ്വാധീനിക്കപ്പെട്ടിരുന്നു. ഇത്തരം ചിന്തകരുടെ സ്വാധീനവും, അമേരിക്കൻ സ്ഥാപനങ്ങളിലേക്കു അവരുടെ സ്വാധീനം വ്യാപിച്ച രീതിയും, തുടർന്നു അമേരിക്കൻ മുഖ്യധാരയുടെ ഭാഗമായി അവ മാറിയതും, പഠിക്കാൻ രസകരമായ വിഷയങ്ങളാണ്

ശ്രീ അരബിന്ദോ:-

           

            “Human Evolution Movement / Human Potential Movement” എന്നു ഇക്കാലത്തു അറിയപ്പെടുന്ന പ്രസ്ഥാനത്തിനു മേൽ അരബിന്ദോയുടെ സ്വാധീനം ഭീമമാണ്. അരബിന്ദോയുടെ ആശയങ്ങൾ അമേരിക്കയിലെത്തിക്കാൻ വേണ്ടി സ്ഥാപിതമായതാണ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസ് (California Institute of Integral Studies). Esalen എന്നു പേരുള്ള ഒരു പ്രമുഖ വൈജ്ഞാനികസംഘം കാലിഫോർണിയയിൽ ഉണ്ടായിരുന്നു. വ്യത്യസ്തവും നിഗൂഢവുമായ ആശയങ്ങൾ പ്രായോഗികമായി പരീക്ഷിക്കാറുള്ള അവർ, അമേരിക്കൻ സമൂഹത്തിന്റെ പാർശ്വവർത്തികൾ ആയിരുന്നു; മുഖ്യധാരയിലുള്ളവർ അല്ല. പാർശ്വവർത്തിയായി നിൽക്കുന്നവരിൽ, പുത്തൻ ആശയങ്ങൾ പരീക്ഷിക്കാനുള്ള ധൈര്യം, സാഹസികത, കൗതുകം,അസാധാരണത്വം, വന്യത., തുടങ്ങിയ ഗുണങ്ങൾ സ്വാഭാവികമാണ്.

            അമേരിക്കൻ മുഖ്യധാരയിലെ പ്രമുഖവും ശക്തവുമായ സംഘടനയാണ് ‘Ken Wilber’s Integral Institute’. അരബിന്ദോയുടെ ആശയങ്ങളാണ് ഇതിന്റെ അടിസ്ഥാനം. അരബിന്ദോ ആശയങ്ങളെ ഈ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത് സ്വന്തമാക്കിയ രീതി വളരെ ഗൗരവതരമാണ്. പോണ്ടിച്ചേരിയ്ക്കടുത്തെ Auroville-യിലുള്ള (അരബിന്ദോയുടെ ആശയങ്ങളെ അടിസ്ഥാനമാക്കി പണിത നഗരം) Ken Wilber-ന്റെ അനുയായിവൃന്ദങ്ങൾ പോലും, അരബിന്ദോയുടെ യഥാർത്ഥ ആശയങ്ങൾക്കു പകരം, യഥാർത്ഥ ആശയത്തിലൂന്നിയ പാശ്ചാത്യശൈലിയാണ് അനുവർത്തിക്കുന്നത്.

            അരബിന്ദോയുടെ അനുയായിയും, അദ്ദേഹത്തിന്റെ ചിന്തകളാൽ പ്രചോദിതനുമായ Gainsborough നൽകിയ സഹായധനം ഉപയോഗിച്ചാണ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസ് (CIIS) ആരംഭിച്ചത്. മുകളിലെ ചിത്രത്തിൽ ഏറ്റവും വലതുവശത്തു നിൽക്കുന്നത് അലൻ വാട്ട്സ് (Alan Watts) ആണ്. CIIS-ന്റെ സഹസ്ഥാപകരിൽ ഒരാളായ വാട്ട്സ് അതിപ്രശസ്തനും, ബീറ്റിൽസിന്റെ സമകാലികനുമായിരുന്നു. വലതുവശത്തുനിന്നു രണ്ടാമത് നിൽക്കുന്നത് ഭാരതീയനായ ഹരിദാസ് ചൗധരിയാണ്. അദ്ദേഹത്തെ അരബിന്ദോ നേരിട്ടു തിരഞ്ഞെടുത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള ചുമതല നൽകുകയായിരുന്നു. പിന്നീട് സംഭവിച്ച കാര്യങ്ങൾ രസകരമാണ്.

           

            മുകളിലെ ചിത്രം, ഇടത്തുനിന്ന് വലത്തോട്ടു, നാലു തലമുറകളെ സൂചിപ്പിക്കുന്നു. ഹരിദാസ് ചൗധരി പ്രസിഡന്റായിരുന്ന കാലയളവിൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ചിരുന്നത് മുഴുവൻ ഭാരതീയ ചിന്ത, മനശാസ്ത്രം എന്നിവയായിരുന്നു. അമേരിക്കയിൽ തന്നെ അന്തർബോധത്തെ (Consciousness) കുറിച്ചുള്ള പഠനത്തിന്റെ ആരംഭം ഇവിടെയാണ്. ചൗധരിയെ തുടർന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമരത്തുവന്ന ഓരോ തലമുറയും, അരബിന്ദോയുടെആശയങ്ങളിൽ വെള്ളംകലർത്തുകയോ, ഒഴിവാക്കുകയോ ചെയ്തു. അതിന്റെ സ്ഥാനത്തു മറ്റുആശയങ്ങൾ തിരുകിക്കയറ്റി. CIIS-ന്റെ രണ്ടാമത്തെ പ്രസിഡന്റായ Metzner, മാനസികവിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്നുകളിൽ പരീക്ഷണം നടത്തുന്ന വ്യക്തിയായിരുന്നു. തന്മൂലം അന്തർബോധത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളിൽ അധികവും മയക്കുമരുന്നുപയോഗത്തെ ആശ്രയിച്ചുള്ള പഠനങ്ങളിൽ ഒതുങ്ങി. അടുത്ത പ്രസിഡന്റായി വന്നത് കാൾ ജുങ്ങിനാൽ സ്വാധീനിക്കപ്പെട്ട Robert Mc Dermott ആണ്. അദ്ദേഹം അരബിന്ദോയുടെ തത്ത്വശാസ്ത്രത്തിൽ ഈശ്വരസങ്കല്പം മാനുഷികവികാരങ്ങളും ഭാവവുമുള്ളതാണെന്ന ആശയങ്ങൾ തള്ളിക്കയറ്റി. ഇത്തരം കൂട്ടിച്ചേർക്കലുകൾ പിന്നേയും തുടർന്നു. ഒടുക്കം, ഏകാഗ്രമനനത്തെ കുറിച്ചുള്ള Ken Wilber-ന്റെ ആശയങ്ങളാൽ,അരബിന്ദോയുടെ ചിന്താധാര പൂർണമായും അപഹരിയ്ക്കപ്പെട്ടു. ദഹനവ്യൂഹത്തിലൂടെ കടന്നുപോകുന്ന ഭക്ഷണത്തെ പോലെയായിരുന്നു ഇത്. ദഹനപ്രക്രിയയുടെ ഓരോ ഘട്ടത്തിലും, വസ്തു അതിന്റെ യഥാർത്ഥ സ്വരൂപം കൈവെടിഞ്ഞ്, മറ്റെന്തിലേക്കോ രൂപമാറ്റം ചെയ്യപ്പെട്ടു.

            മുമ്പ് പ്രസ്താവിച്ചപോലെ, മനഃസംബന്ധവും അല്ലാത്തതുമായ ഭാരതീയ ശാസ്ത്രങ്ങളെ സാഹസപൂർവ്വം പരീക്ഷണവിധേയമാക്കുന്ന ഒരു അടയിരിപ്പുയന്ത്രമാണ് (ഇൻക്യുബേറ്റർ) Esalen എന്ന സ്ഥാപനം. തന്ത്ര-യിൽ ഉള്ളപോലത്തെ വന്യമായ അനുഷ്ഠാനങ്ങൾ നിയന്ത്രണമില്ലാതെ പരീക്ഷിച്ച്, മനുഷ്യസ്വഭാവത്തിൽ അതുണ്ടാക്കുന്ന ഫലം അവർ നിരീക്ഷിക്കും. യോഗി ജെ.കൃഷ്ണമൂർത്തി ഈ സംഘത്തിൽ അംഗമായിരുന്നു. അവർ ഇത്തരം കാര്യങ്ങൾ 1960-കൾ മുതൽ ചെയ്യുന്നുണ്ട്.

            Esalen വൈജ്ഞാനികസംഘത്തേയും, അവർ ഭാരതീയരെ സ്വാധീനിച്ചതിനേയും കുറിച്ചു ഞാൻ എഴുതിയിട്ടുണ്ട്. അത് പ്രസിദ്ധീകരണത്തിനു തയ്യാറെടുക്കുകയാണ്. ശ്രീ അരബിന്ദോയേയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസിനേയും (CIIS)കുറിച്ചുള്ള മറ്റൊരു പുസ്തകവും ഉടനെ പുറത്തിറങ്ങും. Ken Wilber-നേയും, അദ്ദേഹത്തിന്റെ ആശയങ്ങൾ എപ്രകാരമാണ് കാശ്മീർ ശൈവമതം, ശ്രീ അരബിന്ദോ, മധ്യമിക ബുദ്ധമതം എന്നിവയുടെ മിശ്രിതമാകുന്നത് എന്നതിനെക്കുറിച്ചും, 300 പേജുള്ള ഒരു ഡ്രാഫ്‌റ്റ് ഞാൻ അടുത്തയിടെയാണ്പൂർത്തിയാക്കിയത്.

            Esalen ആശയങ്ങളുടെ ഒരു ഇൻകുബേറ്റർ ആണ്. ആൻഡ്രൂ വെയ്ൽ, പ്രശസ്ത ചരിത്രകാരൻ അർണോൾഡ് ടൊയൻബി, ജോസഫ് കാംപ്‌ബെൽ, റൂപെർട്ട് ഷെൽഡ്രേക്ക്., തുടങ്ങിയ പ്രമുഖരായ അമേരിക്കക്കാർ Esalen-ൽ നിന്നു ആദ്യകാല പരിശീലനം നേടിയിട്ടുണ്ട്. അവർ നിരവധി വൈജ്ഞാനിക ശാഖകളെ പ്രതിനിധാനം ചെയ്യുന്നു. Esalen രൂപീകരിച്ച കാലത്തു, സുരക്ഷിതമായ ചുറ്റുപാടിൽ, അവർ ഭാരതീയചിന്തയിൽ നിന്നു ആശയങ്ങൾ ഗ്രഹിച്ചെടുത്തു. വിവിധ വൈജ്ഞാനിക ശാഖകൾ പരസ്പരവും പഠനത്തിൽ മുഴുകി. മനഃസംബന്ധമായ ശാസ്ത്രപഠനത്തിലെ പ്രമുഖ വൈജ്ഞാനികസംഘത്തിനു ഒരു ഉദാഹരണമാണ് Esalen. ആദ്യകാലത്തു പാർശ്വവർത്തിയായി നിന്നെങ്കിലും, പിൽക്കാലത്തു ഇവർ അമേരിക്കൻ സമൂഹത്തിന്റെ മുഖധാരയിൽ പ്രവേശിച്ചു. ഇപ്പോൾ അവർ Ivy League-ൽഅംഗമായിട്ടുണ്ട്. Esalen-ന്റെ ആശയങ്ങൾ അവർ പാർശ്വവർത്തിയായിരുന്നപ്പോൾ ഏറ്റെടുത്ത് സ്വന്തമാക്കിയവയാണ്. ഇപ്പോൾ ആ ആശയങ്ങൾ അതിപ്രധാനപ്പെട്ട മേഖലകളിൽ ഇടപെട്ട്, കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ട്.

മഹാഋഷി മഹേഷ് യോഗി:-

           

            അമേരിക്കയിൽ ധ്യാനം അവതരിപ്പിച്ച മഹത്‌വ്യക്തികൾ ഏറെയുണ്ട്. എന്നാൽ അമേരിക്കയിൽ ഏറ്റവുംസ്വാധീനമുണ്ടാക്കിയത് മഹാഋഷി മഹേഷ് യോഗിയാണെന്നു ഏകദേശം പറയാം. മനഃസംബന്ധമായ ശാസ്ത്രപഠനം ഞാൻ ആരംഭിച്ച 1980-90കളിൽതന്നെയാണ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്, എന്നിവയുൾപ്പെടെയുള്ള ഒരുപിടി പ്രശസ്ത സ്ഥാപനങ്ങൾ ധ്യാനത്തിനേയും, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ ധ്യാനമുണ്ടാക്കുന്ന മനശാസ്ത്രപരമായ ഫലത്തേയും കുറിച്ച് ഗവേഷണം തുടങ്ങുന്നത്. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ പുസ്തകങ്ങളുടെ ഗ്രന്ഥസൂചികയിൽ, സമാനചിന്താഗതിക്കാർ ധ്യാനത്തിൽ നടത്തുന്ന ശാസ്ത്രീയഗവേഷണ ലേഖനങ്ങളെപ്പറ്റി സൂചിപ്പിക്കുമായിരുന്നു. അത്തരം ഗവേഷണലേഖനങ്ങളുടെ പകുതിയിലധികവും, മഹാഋഷി മഹേഷ് യോഗി പാശ്ചാത്യരാജ്യങ്ങളിൽ അവതരിപ്പിച്ച അതീന്ദ്രിയധ്യാനത്തെ കുറിച്ചായിരുന്നു. ഇക്കാര്യങ്ങൾ ഇന്നു ആരും ചർച്ച ചെയ്യുന്നില്ല. പക്ഷേ, ബീറ്റിൽസ് മുതൽ പ്രമുഖശാസ്ത്രജ്ഞർ വരെയുള്ള വലിയൊരു സംഘത്തെ മഹേഷ് യോഗി സ്വാധീനിച്ചിരുന്നു എന്നത് സത്യമാണ്.

            മഹർഷി മഹേഷ് യോഗിയുടെ ആശയങ്ങൾ ഏറ്റെടുത്ത് സ്വന്തമാക്കിയതിന്റെ ഉത്തമോദാഹരണം ഹെർബ് ബെൻസൺ (Herb Benson) ആണ്. ഇപ്പോൾ എൺപതോളം വയസ്സുള്ള ബെൻസന്റെ ആദ്യകാലഗവേഷണങ്ങൾ അതീന്ദ്രിയധ്യാനത്തെ കുറിച്ചായിരുന്നു. മഹേഷ് യോഗിയുടെ സംഘത്തിൽ അംഗമായിരുന്ന മുതിർന്ന എഴുത്തുകാരനൊപ്പം ചേർന്നു ബെൻസൺ ഒരു പുസ്തകം രചിച്ചു. അതീന്ദ്രിയധ്യാനത്തിന്റെ വൈദ്യശാസ്ത്രപരമായ ഗുണഫലമായിരുന്നു വിഷയം. പിന്നീടദ്ദേഹം ആ വിദ്യ അദ്ദേഹത്തിന്റെ സ്വന്തമാണെന്ന മട്ടിൽ പ്രചരിപ്പിച്ചു. അടുത്തുതന്നെ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിൽ, മഹേഷ് യോഗിയുടെ അതീന്ദ്രിയധ്യാനവും, ബെൻസന്റെ ധ്യാനരീതിയും തമ്മിലുള്ള താരതമ്യം ഞാൻ നടത്തുന്നുണ്ട്. രണ്ടു ധ്യാനരീതിയും ഒന്നാണെന്ന ഫലമാണ് ഈ താരതമ്യത്തിലൂടെ ലഭിക്കുന്നത്. മഹേഷ് യോഗിയുടെ അതീന്ദ്രിയധ്യാനത്തിൽ ഉപയോഗിച്ചിരിക്കുന്ന മന്ത്രങ്ങൾ ഒഴിവാക്കിയ ശേഷം, ബെൻസൺ ബാക്കിയുള്ളവയെ ‘Relaxation Response’ എന്ന മറ്റൊരു പേരിൽ ട്രേഡ്‌മാർക്ക്/കോപ്പിറൈറ്റ് ചെയ്തു. ഹാർവാഡിൽ മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ അദ്ദേഹം ഒരു പ്രാമാണിയായി തീർന്നു. ധാരാളം സാമ്പത്തികസഹായവും ബെൻസന്റെ ഗവേഷണത്തിനു ലഭിച്ചു. ഹാർവാഡിൽ ഒരു Mind-Body Institute അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു. മഹാഋഷി സംഘടനയിൽനിന്നു കടംകൊണ്ട ആശയങ്ങൾ വഴിയാണ് ഈവിധ പ്രശസ്തിയും അധികാരികതയും ധനവും ബെൻസന് ലഭിച്ചത്.

            ബെൻസന്റെ കാര്യത്തിൽ രസകരമായ മറ്റൊരു വശമുണ്ട്. ഔദ്യോഗികജീവിതത്തിൽ നിന്നു റിട്ടയർ ചെയ്തശേഷം ബെൻസൻ, കെട്ടുകണക്കിനുള്ള അദ്ദേഹത്തിന്റെ സ്വകാര്യഡയറികളും കുത്തിക്കുറിപ്പുകളും ഹാർവാഡിലെ ലൈബ്രേറിയനെ ഏല്പിച്ചു. ബെൻസൻ രചനകളുടെ പ്രത്യേക ലൈബ്രറി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പ്രത്യേകാനുമതിയോടെ മാത്രമേ ഈ ആർക്കൈവ് പരിശോധിക്കാനാകൂവെന്നു ഞാൻ മനസ്സിലാക്കി. ഞാൻ അനുമതിയ്ക്കായി അപേക്ഷിച്ചില്ല. കാരണം, ഹെർബ് ബെൻസന്റെ കൃതികളുടെ ഒറിജിനാലിറ്റിയെ സംശയിക്കുന്ന വ്യക്തിയാണ് ഞാനെന്നു അവർക്കറിയാം. എന്നിട്ടും, പരോക്ഷമായി ബെൻസന്റെ ആർക്കൈവ് എനിക്കു ലഭ്യമായി. ഇപ്പോൾ 2000 പേജോളം ഞങ്ങളുടെ കയ്യിലുണ്ട്. ഇതിൽനിന്നു ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ബെൻസൺ ദീർഘനാൾ ഋഷികേശിൽ (ഹിമാലയം) താമസിച്ചിരുന്നെന്ന കാര്യം അതിശയകരമാണ്. ധർമ്മശാല ഉൾപ്പെടെയുള്ള മറ്റുസ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. യോഗികളെ കുറിച്ചുള്ള വിലയിരുത്തലും, സ്വന്തം കണ്ടുപിടുത്തങ്ങളും അദ്ദേഹം വിവരിക്കുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ ഭാവിയ്ക്കു വേണ്ടി വിലപിടിപ്പുള്ള ആശയങ്ങൾ ഇന്ത്യയിൽനിന്നു എങ്ങിനെ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം ഇംഗ്ലണ്ടിലെ ഫിലിപ്പ് രാജകുമാരനു കത്തെഴുതിയിരുന്നു. പ്രാമാണ്യവും, മറ്റുള്ളവരിൽനിന്ന് സാമ്പത്തികസഹായവും ഇല്ലാത്തപ്പോഴും, ബെൻസൻ ആദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ധാരാളം കാര്യങ്ങൾ എഴുതിയിരുന്നു. ഭാരതീയ പാരമ്പര്യത്തിലെ നിഗൂഢഅറിവുകൾ അറിയാമെന്ന് പാശ്ചാത്യലോകത്തെ പ്രമുഖരെ ധരിപ്പിക്കാനാണ് ബെൻസൺ ഇത്തരം കാര്യങ്ങൾ എഴുതിയത്. അതുവഴി സാമ്പത്തികസഹായവും, പിന്നീട് പ്രാമാണിത്തവും ലഭിക്കുമെന്നു അദ്ദേഹം കണക്കുകൂട്ടി. ഇങ്ങിനെയാണ് ബെൻസൻ ഔദ്യോഗികജീവിതം കെട്ടിപ്പടുത്തത്. ഹെർബ് ബെൻസനെ കുറിച്ചുള്ള എന്റെ പുസ്തകത്തിൽ, ബെൻസൻ കടമെടുത്ത ആശയങ്ങളുടെ മൂലസ്രോതസ്സ് ഞാൻ വെളിപ്പെടുത്തുന്നുണ്ട്. സ്വയം കണ്ടുപിടിച്ച ആശയമാണെന്നു ബെൻസൺ വാദിക്കുന്ന പലതും സത്യത്തിൽ അങ്ങിനെയല്ല.

            സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ സ്റ്റീഫൻ ലാ ബെർജ് (Stephen La Berge) മറ്റൊരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ആശയം ‘Lucid Dreaming’ എന്നറിയപ്പെടുന്നു. സത്യത്തിൽ Lucid Dreaming ഭാരതീയ പാരമ്പര്യത്തിലെ ‘യോഗനിദ്ര’ ആണ്. ഞാൻ ഒരിക്കൽ സ്റ്റീഫന്റെ പ്രഭാഷണം ശ്രവിക്കാൻ ഇടയായി. പ്രഭാഷണത്തിനു ശേഷം ഞാൻ അദ്ദേഹത്തെ ഒരു ചായയ്ക്കു ക്ഷണിച്ചു. ചായ കുടിക്കുന്നതിനിടയിൽ, Lucid Dreaming എന്നത് യോഗനിദ്ര അല്ലാതെ മറ്റൊന്നുമല്ലെന്നു ഞാൻ പറഞ്ഞു. ആദ്യം പ്രതിരോധിച്ചുനിന്നെങ്കിലും പിന്നീട് സ്റ്റീഫൻ തുറന്നുപറയാൻ തുടങ്ങി. ഒരു ഗുരുവിൽനിന്നാണ് Lucid Dreaming വിദ്യ പഠിച്ചതെന്നു അദ്ദേഹം സമ്മതിച്ചു. ഇന്ത്യയിലെ ഒരു നഗരത്തിൽ 20 വർഷത്തോളം താമസിച്ചിട്ടുമുണ്ടത്രെ. യോഗനിദ്ര ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കാൻ Lucid Dreaming സഹായിക്കുകയാണെന്നു സ്റ്റീഫൻ വാദിച്ചു. എനിക്കത് സ്വീകാര്യമായില്ല. ഞാൻ ജോർജ്ജ് അഞ്ചാമൻ രാജാവിനെ ഉദാഹരിച്ച് കാര്യംപറഞ്ഞു. എന്തിനാണ് കൊഹിനൂർ വജ്രം കിരീടത്തിൽ അണിയുന്നത് എന്നു ഒരിക്കൽ രാജാവിനോടു ചോദിക്കപ്പെട്ടു. രാജാവ് പറഞ്ഞതായി പ്രചരിക്കുന്ന മറുപടി, ഇന്ത്യക്കാരുടെ വജ്രം താൻ കിരീടത്തിൽ അണിയുന്നതിലും, അതുവഴി വജ്രത്തെ പ്രശസ്തമാക്കുന്നതിലും, ഇന്ത്യക്കാർ അഭിമാനിക്കണം എന്നാണ്. സ്റ്റീഫനു എന്റെ മറുപടി ഇഷ്ടമായില്ല. ഞാൻ അദ്ദേഹത്തോടു തുറന്നു പറഞ്ഞു – ‘താങ്കൾ മറ്റൊരിടത്തുനിന്നു ആശയങ്ങൾ കടമെടുത്ത്, ഉദാരതയാണെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുകയാണ്’. പിൽക്കാലത്ത് Lucid Dreaming-ന്റേയും മറ്റും ഉറവിടം വെളിപ്പെടുത്താൻ തുടങ്ങിയതിന്റെ ബഹുമതി സ്റ്റീഫനു മാത്രമാണ്.

            ഞങ്ങളുടെ അന്നത്തെ കൂടിക്കാഴ്ച, പിന്നീട് നല്ലതിനായി മാറിയെന്ന് തോന്നുന്നു. Lucid Dreaming Institute അവരുടെ വെബ്‌സൈറ്റിൽ, ചില പ്രത്യേക ബോധനിലകൾ അവർ കണ്ടുപിടിച്ചെന്ന അവകാശവാദം ചേർത്തിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണത്രെ യോഗനിദ്ര. എന്നാൽ ഇതിനു അടിക്കുറിപ്പായി, ഈ ടെക്നിക്ക് താൻ പഠിച്ചത് ഇന്ത്യയിൽനിന്നാണെന്ന് സ്റ്റീഫൻ പറയുന്നു. രസകരമായി മറ്റൊരുകാര്യം കൂടി പറയാം. യോഗനിദ്രയിൽ പ്രഗൽഭരായ ഭാരതീയ ആചാര്യന്മാരെ നേരിൽ കണ്ട്, Lucid Dreaming-ന്റെ രീതികൾ ഞാൻ സൂചിപ്പിച്ചു. സ്റ്റീഫനു അറിയാത്ത ധാരാളം നൂതന യോഗവിദ്യകളെപ്പറ്റി വിവരിക്കുകയാണ് അവരപ്പോൾ ചെയ്തത്.

            ഇതൊരു കാര്യം വ്യക്തമായും തെളിയിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽനിന്നു കുറേ ആശയങ്ങൾ കോപ്പിയടിക്കുകയും, പിന്നെ അതുപയോഗിച്ച് കരിയർ മെച്ചപ്പെടുത്തുകയും ചെയ്യുന്നവർ, ഒരിക്കലും ആ വിഷയത്തെ മുഴുവനായും മനസ്സിലാക്കുന്നില്ല. യോഗനിദ്ര വിഷയത്തിന്റെ ഒരുഭാഗമേ സ്റ്റീഫൻ പഠിച്ചുള്ളൂ. അങ്ങിനെയെങ്കിൽ, സ്റ്റീഫന്റെ ആശയങ്ങൾക്കു ജനസമ്മതി ലഭിച്ചാൽ, അത്, യോഗനിദ്ര വിഷയത്തിന്റെ മറ്റുഭാഗങ്ങൾ തമസ്കരിക്കപ്പെട്ടു പോകാനോ, ഒത്തുതീർപ്പലുകൾക്കു വഴങ്ങാനോ ഇടയാക്കും. യോഗനിദ്രയുടെ യഥാർത്ഥ ഉറവിടത്തിലേക്കു എത്തേണ്ട സാമ്പത്തികസഹായങ്ങൾ, ഭാഗികജ്ഞാനം മാത്രമുള്ള ഒരു വ്യക്തിക്കു ലഭിക്കുന്നതും സങ്കടകരമായ വസ്തുതയാണ്. എന്നാൽ, യഥാർത്ഥ ഉറവിടം പരിപോഷിപ്പിക്കപ്പെട്ടാൽ, അത് ധാരാളം പുത്തൻ അറിവുകൾക്കു പിറവിനൽകും.

            വിഷയങ്ങളിലുള്ള ഭാഗികപരിജ്ഞാനം ഉപയോഗിച്ച് സ്വന്തം കരിയർ നിർമിക്കാൻ തുനിയുന്നവർ, വൃക്ഷത്തിൽനിന്നു ഫലമൂലാദികൾ പറിച്ചെടുത്ത് വൃക്ഷത്തിന്റെ വളർച്ച മുരടിപ്പിക്കുന്നവർക്കു തുല്യരാണ്. ഇതു നല്ല പ്രവണതയല്ല. കാരണം വൃക്ഷത്തെ അതിന്റെ സ്വാഭാവികഗതിക്കു വിട്ടിരുന്നെങ്കിൽ, വൃക്ഷം ധാരാളം ഫലമൂലാദികൾ തരുന്നതായേനെ. തങ്ങൾ (യോഗനിദ്ര) പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നു പറയാനുള്ള വിനയവും ആത്മാർത്ഥതയും ഗവേഷക-പണ്ഢിതർക്കു വേണം. ഉറവിടത്തിൽ നിന്നു ആശയങ്ങളെ മുറിച്ചുമാറ്റുന്നത് ഗുരുതരമായ കാര്യമാണ്.

                       

            മത-ശാസ്ത്ര വിഷയങ്ങളിൽ Templeton Foundation നടത്തുന്ന പ്രോജക്ടുകൾ, മനഃസംബന്ധമായ ശാസ്ത്രങ്ങളിലെ ഭാരതീയ ആശയങ്ങൾ പാശ്ചാത്യർ കൈവശപ്പെടുത്തുന്നതിനു മറ്റൊരു ഉദാഹരണമാണ്.

 

ശ്രീബുദ്ധൻ:-

        

                                   

            ശ്രീബുദ്ധന്റെ ആശയങ്ങൾ എപ്രകാരം ഏറ്റെടുക്കപ്പെട്ടെന്നു നമുക്കിനി പരിശോധിക്കാം. പാശ്ചാത്യലോകത്ത് ബുദ്ധമതം ചെലുത്തിയ സ്വാധീനത്തെപ്പറ്റി നാലു വാല്യമുള്ള ഒരു പുസ്തകം ഞാൻ രചിക്കുകയാണ്. ഇതിൽ ആദ്യത്തെ വാല്യം പാശ്ചാത്യദർശനത്തെ (Western Philosophy) കുറിച്ചാണ്. ശ്രീബുദ്ധന്റെ സ്വാധീനം ആരംഭിക്കുന്നത് David Hume-യിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്; അതായത്, വളരെമുമ്പ് തന്നെ ബൗദ്ധസ്വാധീനം പാശ്ചാത്യലോകത്തുണ്ട്. ഇതുവരെ, ഇന്ത്യ-യൂറോപ്പ് എന്നിവിടങ്ങളിൽനിന്നു അമേരിക്കയിലേക്കു വന്ന സ്വാധീനത്തെപ്പറ്റി ഗവേഷകർ മനസ്സിലാക്കി. പക്ഷേ, സ്വാധീനം അതിനുമുമ്പും നിലവിലുണ്ടായിരുന്നു. ജെസ്യൂട്ട് മിഷണറിമാർ ജപ്പാനിൽ പ്രവർത്തിച്ചിരുന്നു.ഇന്ത്യയിൽനിന്നുള്ള ശക്തമായ ബൗദ്ധസ്വാധീനം ചൈനയിലും ജപ്പാനിലും, പിന്നെ ജെസ്യുട്ടുകൾ വഴി അമേരിക്കയിലും എത്തി.ഇത്തരത്തിൽ വിലയിരുത്തിയാൽ, പാശ്ചാത്യദർശത്തിന്മേലുള്ള ബൗദ്ധസ്വാധീനം ഇന്നു കരുതുന്നതിനേക്കാൾ 100-200 വർഷംമുമ്പുതന്നെ തുടങ്ങിയെന്നു കാണാം. മനഃസംബന്ധമായ ശാസ്ത്രപഠനങ്ങളുടെ സൈദ്ധാന്തിക മാതൃകയെകുറിച്ച് മറ്റൊരു വാല്യത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. ബുദ്ധമതം, വിവേകാനന്ദൻ എന്നീ രണ്ടുപേരാലും വില്യം ജെയിംസ് എങ്ങിനെ സ്വാധീനിക്കപ്പെട്ടെന്നു ഞാനിതിൽ വിവരിക്കുന്നു. പ്രകടമായും ബൗദ്ധസ്വാധീനമുള്ള കൃതികൾ രചിച്ച ഹെൻറി ബെർഗ്‌സൺ, വൈറ്റ്‌ഹെഡ് എന്നിവരേയും പുസ്തകത്തിൽ വിലയിരുത്തുന്നുണ്ട്.

            പ്രസിദ്ധ അമേരിക്കൻ മനഃശാസ്ത്രജ്ഞനായ സിഗ്‌മണ്ട് ഫ്രോയിഡിനെ വിലയിരുത്തുന്ന ഒരു പുതിയ പുസ്തകം ഇറങ്ങിയിട്ടുണ്ട്. പാശ്ചാത്യ മനശാസ്ത്രജ്ഞരുടെ കൃതികളിലുള്ള ഇന്ത്യൻ സ്വാധീനം നിരസിക്കാൻ അവർ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണമാണ് ഫ്രോയിഡ്. എന്നാൽ ഈ പുതിയ പുസ്തകത്തിൽ, ഫ്രോയിഡ് ഒരു ഭാരതീയനോടും, പാശ്ചാത്യനോടും പതിവായി നടത്തിയ കത്തിടപാടുകൾ ഗവേഷകൻ പരിശോധിക്കുന്നു. അവരുമായി വിഷയങ്ങൾ ചർച്ചചെയ്തു വാദപ്രതിവാദങ്ങളിൽ ഏർപ്പെടുമ്പോൾ, ഫ്രോയിഡ് അവരുടെ ചില വാദങ്ങളോടു യോജിക്കുകയും വിയോജിക്കുകയും ചെയ്യൂന്നുണ്ട്.

            അമേരിക്കൻ മനഃശാസ്ത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയ കാൾ ഗുസ്താവ് യുങ്-ൽ ഭാരതീയചിന്ത ഗണ്യമായുണ്ട്. 1930-ൽ Summer Institute-ൽ അദ്ദേഹം കുണ്ഢലിനി യോഗയെ പറ്റി ക്ലാസ് എടുത്തു. അടുത്തവർഷം അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്ത്ര പഠിപ്പിച്ചു. ചക്ര (Chakras), മണ്ഢല (Mandala) തുടങ്ങി യുങിന്റെ ഭൂരിഭാഗം ആശയങ്ങളും ഇന്ത്യയിൽനിന്നു കടമെടുത്തതാണ്. യുങിനെ സംബന്ധിച്ചു രസകരമായ ഒരു സംഭവകഥയുണ്ട്. ഒരു ഭാരതസന്ദർശന വേളയിൽ യുങ് യാത്രചെയ്തിരുന്ന ട്രെയിൻ, രമണമഹർഷിയുടെ വാസസ്ഥലമായ, തിരുവണ്ണാമലയിൽ നിർത്തി. രമണമഹർഷിയെ കാണാൻ ആദ്യം താല്പര്യമുണ്ടായിരുന്നു, എന്നാൽ കുറച്ചുനേരത്തിനു ശേഷം അതുവേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നു യുങ് ഡയറിയിൽ കുറിച്ചിട്ടു. രമണമഹർഷിയെ കാണാൻ അദ്ദേഹം എന്തുകൊണ്ട് ആഗ്രഹിച്ചെന്നു ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. യാത്ര തുടരുന്നതിനുമുമ്പ് ട്രെയിൻ 2-3 മണിക്കൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നെന്ന് പറയുന്നു. ഒരുപക്ഷേ ചില യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ യുങ് വിമുഖനായിരുന്നിരിക്കാം.

            മനഃസംബന്ധമായ അമേരിക്കൻ ശാസ്ത്രപഠനങ്ങളെ ബുദ്ധമതം സ്വാധീനിച്ചെന്നു പറയാൻ അനുഭവാധിഷ്ഠിതമായ തെളിവുകളുണ്ട്. ടിബറ്റൻ ബുദ്ധിസ്റ്റുകളും, ഇന്ത്യൻ യോഗികളും അനുഭവപ്രധാനവും ശാസ്ത്രീയവുമായ പരീക്ഷണങ്ങൾക്കു പാശ്ചാത്യനാടുകളിൽ വിഷയമാണ്. (യോഗികളുടെ ശരീരത്തിൽ സെൻസറുകൾ ഘടിപ്പിച്ചുള്ള പരീക്ഷണരീതി). യോഗികളെ നിരീക്ഷിച്ച് അവരുടെ മനസ്സിന്റെ പ്രവർത്തനവും അവർ നേടുന്ന കഴിവുകളേയും കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ലക്ഷ്യം. ഇന്നത്തെ അത്യാധുനിക ന്യൂറോസയൻസ് മേഖലയിൽ ഭൂരിഭാഗവും ഇതുപോലുള്ള ഗവേഷണങ്ങളാണ്. ഇവയുടെ പകർപ്പവകാശം, പേറ്റന്റ്, ബൗദ്ധികസ്വത്തവകാശം., എന്നിവ ആരുടെ പക്കലാണെന്നും, ഇത്തരം ഗവേഷണത്തിനുള്ള നോബൽ സമ്മാനം ആർക്കു ലഭിക്കാനാണ് സാധ്യതയെന്നും ഓർത്ത് ഞാൻ അൽഭുതപ്പെടുന്നു. പാശ്ചാത്യസമ്പ്രദായത്തിലെ ചിന്താരീതി അനുസരിച്ച്, “ഗവേഷകൻ ഒരു വസ്തുവിനെ കുറിച്ച് പഠിക്കുകയാണ്” എന്നു പറയാം. പഠന-വിലയിരുത്തലിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകനു പഠനഫലങ്ങൾ പ്രസിദ്ധീകരിക്കാൻ സൗകര്യമുണ്ട്. അപ്പോൾ സ്വാഭാവികമായും കണ്ടുപിടുത്തത്തിന്റെ ബഹുമതി ഗവേഷകനായിരിക്കും. ഒരു അത്‌ലറ്റ് മറ്റുള്ളവരേക്കാൾ വേഗത്തിൽ 100 മീറ്റർ ഓടുകയും, എന്നാൽ അതിന്റെ ബഹുമതി ടൈംകീപ്പർക്കു ലഭിക്കുകയും ചെയ്യുന്ന സാഹചര്യം പോലയാണിത്. സമയം അളന്നത് ടൈംകീപ്പറായതിനാൽ അദ്ദേഹത്തിനു ബഹുമതി ലഭിക്കുന്നു! ഈ താരതമ്യം ഉചിതമാണ്. സത്യത്തിൽ ഇവിടെ കാര്യസിദ്ധി നേടിയത് യോഗിയാണ്. ഗവേഷകന്റെ പഠനത്തിനു ഹേതുവായ പ്രത്യേകനിലയിലുള്ള ബോധനില നേടിയത് യോഗിയാണ്. തീർച്ചയായും, ഗവേഷകനും ബഹുമതിക്കു അർഹനാണ്. യോഗിയുടെ പ്രത്യേക ബോധനില ഉപകരണങ്ങളാൽ അളന്ന് വിശദീകരിച്ചത് അദ്ദേഹമാണല്ലോ. അതിനാൽ, ഇതൊരു കൂട്ടായ കണ്ടുപിടുത്തമാണെന്ന് അംഗീകരിക്കണം. പക്ഷേ, ഇതുവരെ ഗവേഷണ കഥാപാത്രങ്ങൾ (യോഗികൾ) അജ്ഞാതരോ, ലഘുവായി പരാമർശിക്കപ്പട്ടവരോ മാത്രമാണ്. ഗവേഷണത്തിന്റെ പ്രമുഖവിഷയം യോഗിയുടെ വംശപാരമ്പര്യമോ, യോഗനിദ്രയിൽ ലയിക്കാൻ അവർ അനുവർത്തിച്ച രീതിശാസ്ത്രമോ അല്ല. തന്മൂലം, കണ്ടുപിടുത്തക്കാരനു (Discoverer) യോഗികളേക്കാൾ (Practitioner) ബഹുമതി ലഭിക്കുന്നു.

            മാനസികാരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ഒരാൾ, ദ്വന്ദാത്മക പെരുമാറ്റ ചികിൽസ (Dialectical Behavioral Therapy), അവബോധ പെരുമാറ്റ ചികിൽസ (Cognitive Behavioral Therapy), തുടങ്ങിയ നിരവധി ചികിൽസാരീതികൾ ബുദ്ധമതത്തിൽ ഉള്ളതാണെന്നു തിരിച്ചറിയില്ല. ഈ പദസംജ്ഞകൾ പ്രയോഗിച്ചു തുടങ്ങിയവർ ബുദ്ധമതത്താൽ സ്വാധീനിക്കപ്പെട്ടവർ മാത്രമല്ല, അതിനെ ആഴത്തിൽ മനസ്സിലാക്കി ആചരിക്കുന്നവർ കൂടിയായിരുന്നു. അവരിൽ ചിലരെ ബുദ്ധമതത്തിലേക്കു ഉപനയിച്ചത് ശ്രീ ദലൈ‌ലാമയാണ്. മറ്റുചിലർ ദീർഘനാൾ സെൻധ്യാനം പരിശീലിക്കുന്നവരാണ്. തങ്ങൾ ബൗദ്ധആശയങ്ങൾ ഏറ്റെടുത്തു, ക്ലിനിക്കൽ തെറാപ്പിയാക്കി മാറ്റുകയാണെന്ന് അവർക്കു വ്യക്തമായി അറിയാം. തന്മൂലം, മനഃസംബന്ധമായ ശാസ്ത്രങ്ങളിലെ ധാരാളം ക്ലിനിക്കൽ തെറാപ്പികൾക്കു ബൗദ്ധഉറവിടമാണുള്ളത്.

ബൗദ്ധആശയങ്ങൾ ഏറ്റെടുത്തു സ്വന്തമാക്കിയവർ:-

           

                       

John Kabat Zinn: –

            മൈൻഡ്ഫുൾനെസ്സ് ധ്യാനരീതി (Mindfulness Meditation) അമേരിക്കയിലെത്തിക്കുന്നതിൽ ധാരാളം വ്യക്തികൾ പങ്കുവഹിച്ചിട്ടുണ്ട്. John Kabat Zinn സ്വന്തം കരിയർ ആരംഭിച്ചത്, വിപാസന ധ്യാനം പരിശീലിക്കുന്നുണ്ടെന്നു സമ്മതിച്ചുകൊണ്ടാണ്. വിപാസന ‘Mindfulness’ ആയി പുനർനാമകരണം ചെയ്യപ്പെട്ടതെങ്ങിനെയെന്നു മനസ്സിലാകണമെങ്കിൽ ജോണിന്റെ ബൗദ്ധികജീവിതത്തെ നിരീക്ഷിച്ച് അറിയണം. ജോൺ കൂടുതൽ പ്രശസ്തനായിത്തുടങ്ങിയപ്പോൾ, വിപാസനക്കു കൊടുക്കുന്ന ഊന്നൽ അദ്ദേഹം കുറച്ചു. ഇതാണ് ഈ കഥയുടെ ദുഃഖകരമായ വശം. അദ്ദേഹത്തിന്റെ മിക്ക വിദ്യാർത്ഥികൾക്കും വിപാസന ധ്യാനം ജോണിൽ ചെലുത്തിയ സ്വാധീനം അറിയില്ല. ആരെങ്കിലും അതേപ്പറ്റി സൂചിപ്പിച്ചാൽ അവർ ഉടൻ രോഷാകുലരാകും. എന്റെ ഗവേഷണത്തിൽ John Kabat Zinn-നു പ്രമുഖസ്ഥാനമുണ്ട്.

            ബെസ്റ്റ്‌സെല്ലറായ ഏതാനും പുസ്തകങ്ങളുടെ കവർ പേജുകൾ മുകളിൽ കൊടുക്കുന്നു. The Mental Health Establishment, The Blue Cross Insurance, FDA., തുടങ്ങിയ സ്ഥാപനങ്ങൾ ദ്വന്ദാത്മക പെരുമാറ്റ ചികിൽസയെ (Dialectical Behavioral Therapy) സാധുതയുള്ള വൈദ്യശാസ്ത്ര രീതിയായി അംഗീകരിക്കുന്നെന്ന് ഒരാൾക്കു കാണാം. എന്നാൽ DBT ബുദ്ധിസത്തിന്റെ ഭാഗം തന്നെയാണെന്നു ഏവരും മനസ്സിലാക്കണം.

Francisco Varela: –

            മനഃസംബന്ധമായ ശാസ്ത്രപഠനങ്ങളിലേക്കു ബുദ്ധമതത്തെ കൊണ്ടുവന്ന ഏറ്റവും പ്രമുഖ ന്യൂറോസയന്റിസ്റ്റ് ഒരുപക്ഷേ ഫ്രാൻസിസ്കോ വരേല ആയിരിക്കും. ചിലിയിൽ ജനിച്ച വരേല, 20 വർഷത്തോളം ബുദ്ധസന്യാസിയായിരുന്നു. 1970-കളിൽ ദലൈലാമയാണ് അദ്ദേഹത്തെ ഉപനയിച്ചത്. ബുദ്ധമതത്തോടുള്ള വരേലയുടെ അടുപ്പം ആകസ്മികമല്ലെന്നു ചുരുക്കം. ന്യൂറോ‌സയന്റിസ്റ്റ് ആയിരുന്ന കാലത്തു, അദ്ദേഹത്തിന്റെ ആദ്യപുസ്തകങ്ങൾ ബൗദ്ധആശയങ്ങളാൽ സമൃദ്ധമായിരുന്നു. അവയിൽ, മനസ്സിനെ സംബന്ധിച്ച ബൗദ്ധസിദ്ധാന്തം സംസ്കൃത-പാലി വാക്കുകൾ ഉപയോഗിച്ച് വരേല പഠിപ്പിക്കുന്നുണ്ട്. പക്ഷേ പ്രശസ്തനായതോടെ, ബുദ്ധമതവുമായി ബന്ധമില്ലാത്ത പുതിയ പദാവലി വരേല ഉപയോഗിച്ചു തുടങ്ങി. ന്യൂറോഫിനോമെനോളജിക്കു നൽകിയ സംഭാവനകൾ കൊണ്ടാണ് അദ്ദേഹം പ്രശസ്തനായത്. Husserl – Heidegger ദ്വയത്തിന്റെ ആശയങ്ങളുടെ തുടർച്ചയായാണ് ന്യൂറോഫിനോമെനോളജിക്കു വരേല ശ്രദ്ധേയ സംഭാവനകൾ നൽകിയത്. Husserl, Heidegger എന്നിവരിലും ശ്രദ്ധേയ ബൗദ്ധസ്വാധീനം ഉണ്ട്. അവരുടെ പിൻമുറക്കാർക്കു തങ്ങളുടെ സിദ്ധാന്തമായ ന്യൂറോഫിനോമെനോളജി ഒരു പാശ്ചാത്യരീതിയിലുള്ള നാഡീശാസ്ത്ര ഗണനയാണെന്നു പറയാൻ കഴിഞ്ഞത് ഈ മൂന്നുപേരുടെ ചിന്താധാരകൾ കൊണ്ടാണ്. അവരുടെ സിദ്ധാന്തത്തെ ന്യൂറോഫിനോമെനോളജി എന്നു വിളിക്കുക വഴി, അവരതിനെ പാശ്ചാത്യഉല്പന്നമാക്കി മാറ്റി. ബുദ്ധമതവുമായി ഇതിനു സാമ്യമുണ്ടെന്നു വാദം ഉയർന്നാൽ, സാമ്യം വെറും സാന്ദർഭികമാണെന്നു അവർ മറുപടി പറയും. ഈ സ്ഥിതി തികച്ചും പരിതാപകരമാണ്.

1990-കളിൽ,അവബോധ പഠനങ്ങൾക്കു വേണ്ടി നടത്തപ്പെട്ട ടക്‌സൺ (Tucson) കോൺഫറൻസിൽവച്ച് ഞാൻ വരേലയുമായി കൂടിക്കണ്ടു. അദ്ദേഹം അതിനകം പ്രശസ്തനായി കഴിഞ്ഞിരുന്നു. തന്റെ ആശയങ്ങളുടെ ബൗദ്ധഉറവിടം അംഗീകരിക്കാതെ, അതെല്ലാം സ്വന്തം കണ്ടുപിടുത്തമാണെന്ന് വരേല പ്രചരിപ്പിക്കുകയായിരുന്നു. കോൺഫറൻസിൽ വച്ച്, സ്വന്തം ആശയങ്ങളുടെ ഉറവിടം ഏതെന്നു സമ്മതിക്കാത്തതിനെ പറ്റി ഞാൻ അദ്ദേഹത്തോടു ചോദിച്ചു. സദസ്സിലുണ്ടായിരുന്നവർക്കു മുന്നിൽ വരേല വളരെ മര്യാദയോടെ പെരുമാറി. എന്നാൽ മറുപടിയിൽ വളരെ പിശുക്ക് കാണിച്ചു. അധികമൊന്നും കാര്യങ്ങൾ വ്യക്തമാക്കിയില്ല. പാശ്ചാത്യശാസ്ത്ര രചനകളിൽ, വിഷയത്തിന്റെ ഉറവിടത്തിൽനിന്നു തുടങ്ങുന്ന പരിശോധനയും വിലയിരുത്തലും സാധാരണമാണെന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ, വരേല അല്പം ഉൾവലിഞ്ഞു പോയി. ഈ സംഭവത്തിനു ശേഷം, ഒരു സ്വകാര്യ സന്ദർശനത്തിനിടയിൽ ഞങ്ങൾ കുറേസമയം സംസാരിച്ചു. തന്റെ കണ്ടുപിടുത്തങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ വരേലക്ക് സമ്മതമായിരുന്നു. തന്റെ സിദ്ധാന്തങ്ങൾ അവയുടെ (ബൗദ്ധ)ഉറവിടവുമായി ബന്ധിപ്പിച്ചാൽ, ഉറവിടങ്ങളുടെ സാധുത സ്ഥിരപ്പെടുമെന്ന വാദം വരേലക്കു ശരിയായി തോന്നി. ബൗദ്ധആശയങ്ങളിന്മേൽ കൂടുതൽ ഗവേഷണങ്ങൾ നടന്നാൽ, അവയുടെ കെട്ടുറപ്പ് വളരെ ശക്തിപ്പെടും. ഇതെല്ലാം പറയുമ്പോൾ വരേല സന്തോഷവാനായിരുന്നു. ഞങ്ങൾ തമ്മിൽ ഏതാനും ഇമെയിൽ സംഭാഷണവും നടന്നു. പക്ഷേ സങ്കടകരമെന്നേ പറയേണ്ടൂ, കരൾ സംബന്ധമായ രോഗംമൂലം കുറച്ചുനാളുകൾക്കുള്ളിൽ വരേല മരണമടഞ്ഞു. തന്റെ ആശയങ്ങൾക്കു പിന്നിലെ ബൗദ്ധസ്വാധിനം വെളിപ്പെടുത്താൻ വരേല ജീവിച്ചിരുന്നെങ്കിൽ അതൊരു കാവ്യനീതിയായിരുന്നേനെ.

Mind and Life Institute: –

            ബുദ്ധമതത്തിലെ ആശയങ്ങൾ ഏറ്റെടുത്ത്, മനഃസംബന്ധമായ പാശ്ചാത്യശാസ്ത്രത്തിലേക്കു കൈമാറുന്നത് വ്യക്തികൾ (Jon Kabat Zinn, Francisco Varela, etc) മാത്രമല്ല, സ്ഥാപനങ്ങളും കൂടിയാണ്. ബൗദ്ധആശയങ്ങൾ ആധുനിക പാശ്ചാത്യശാസ്ത്രത്തിലേക്കു കൊണ്ടുവരുന്ന ശക്തമായ സ്ഥാപനമാണ് Mind and Life Insittute. ഏതാനും പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഇവരുടെ വാർഷികസമ്മേളനം ഇടവിട്ടുള്ള വർഷങ്ങളിൽ ധർമശാലയിലും, പാശ്ചാത്യരാജ്യത്തും നടന്നുവരുന്നു. ശ്രീ ദലൈലാമ ഇതിൽ പങ്കെടുക്കാറുണ്ട്. സമ്മേളനത്തിനു ഭാഗമായി നടക്കുന്ന, വിവിധ വിഷയങ്ങളിലുള്ള കൂടിക്കാഴ്ചകളിൽ, പാശ്ചാത്യശാസ്ത്രജ്ഞർ ബൗദ്ധആശയങ്ങൾ പഠിച്ച് അവയെ പാശ്ചാത്യചട്ടക്കൂടിലേക്കു ചേർക്കും. അറിവിന്റെ ഏകദിശയിലേക്കു മാത്രമുള്ള പ്രയാണമാണിത്. എന്നാൽ ഇതിനെ ആശയങ്ങളുടെ കൈമാറ്റം/സംഗമം/പങ്കുവയ്ക്കൽ എന്നെല്ലാം തെറ്റായി വിശേഷിപ്പിക്കാറുണ്ട്. ഒരുദിശയിലേക്കു മാത്രമുള്ള അറിവിന്റെ കൈമാറ്റത്തെപ്പറ്റി ഞാൻ ആരാഞ്ഞപ്പോളൊക്കെ പ്രമുഖരായ റിൻപോച്ചെകൾ (Rinpoche)അതിൽ താല്പര്യമെടുത്തില്ല. അവർക്കു അക്കാര്യത്തിൽ ഒരു തുമ്പുമില്ലായിരുന്നു. പാശ്ചാത്യശാസ്ത്രജ്ഞരുമായുള്ള സമ്പർക്കം വഴി, ബുദ്ധമതത്തിലുള്ള സ്വജ്ഞാനം വർദ്ധിപ്പിക്കാനോ നവീകരിക്കാനോ മെച്ചപ്പെട്ട രീതിയിൽ പഠിപ്പിക്കാനോ കഴിഞ്ഞിട്ടുണ്ടോയെന്നു ഞാനൊരിക്കൽ പ്രമുഖനായ റിൻപോച്ചെയോടു തിരക്കി. ഏറെനേരത്തെ ആലോചനക്കു ശേഷം, അത്തരത്തിലൊരു ഗുണവും ഉണ്ടായിട്ടില്ലെന്നു അദ്ദേഹം തുറന്നു സമ്മതിച്ചു. ഇതിനു സ്വയം കുറ്റപ്പെടുത്താനേ കഴിയൂവെന്നും റിൻപോച്ചെ സൂചിപ്പിച്ചു. പാശ്ചാത്യർക്കു അറിവ് പകർന്നു കൊടുക്കുന്നതിൽ അവർക്കു സന്തോഷമാണത്രെ.

            ബുദ്ധമതത്തെ അസംസ്കൃത വസ്തുവായി ഉപയോഗിച്ച്, പാശ്ചാത്യശാസ്ത്രത്തിന്റെ ബൗദ്ധികനിലവാരം ഉയരുന്നത് ഇങ്ങിനെയാണ്. മനഃശാസ്ത്രവിഷയത്തിൽ Mind and Life Institute കനപ്പെട്ട 15-20 വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, അവരുടെ ചർച്ചാവേദിയിൽ ഫിസിക്‌സ്, ബയോളജി, ന്യൂറോസയൻസ് എന്നീ മേഖലയിലെ നോബൽ ജേതാക്കൾ ഉണ്ട്. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൽ നിന്നെടുത്ത വസ്തുതകൾ ഏറ്റവും ആധുനികമായ ശാസ്ത്രമായി അവർ അവിടെ അവതരിപ്പിക്കുന്നു. എന്നാൽ അതേ വിഷയങ്ങൾ, ധോത്തിയും തലക്കെട്ടും ധരിച്ച് സംസ്കൃതത്തിൽ സംസാരിക്കുന്ന തവിട്ടുനിറമുള്ള ഒരു അധ്യാപകൻ പഠിപ്പിച്ചാൽ, അത് ആഭിചാരക്രിയയായി കണക്കാക്കപ്പെടും!

Evan Thompson:-

            ഫ്രാൻസിസ്കോ വരേലയുടെ ഏറ്റവും പ്രമുഖ വിദ്യാർത്ഥിയാണ് ഇവാൻ തോംസൺ. പിതാവ് വഴി ചെറുപ്പത്തിൽതന്നെ യോഗ, പ്രാണായാമം, ധ്യാനം എന്നിവ തോംസൺ പരിചയപ്പെട്ടു. വിഷയങ്ങളിൽ ഉറച്ച തീരുമാനങ്ങൾ എടുക്കാത്ത സംശയാലുവായിരുന്നു തോംസൺ. ബുദ്ധിസ്റ്റായിരുന്നപ്പോൾ തോംസൺ ധാരാളം ആശയങ്ങൾ അതിൽനിന്നു സ്വാംശീകരിച്ച് കയ്യടക്കി. പ്രശസ്തനാവുകയെന്ന ലക്ഷ്യം നേടിക്കഴിഞ്ഞതിനാൽ, സ്വന്തം കൃതികളിലെ ബൗദ്ധസ്വാധീനം തോംസൺ നിരസിക്കുകയാണിപ്പോൾ.

Owen Flannigan:

            ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള, പ്രശസ്ത ന്യൂറോസയന്റിസ്റ്റായ ഓവൻ ഫ്ലന്നിഗാൻ-ന്റെ കാര്യവും രസകരമാണ്. ഞാനദ്ദേഹത്തെ ചെറുപ്പത്തിൽ തന്നെ പരിചയപ്പെട്ടു. ഓവൻ അക്കാലത്തു ഹെർബ് ബെൻസനൊപ്പം ഗവേഷണം നടത്തുകയാണ്. മനസംബന്ധമായ ശാസ്ത്രമേഖലയിലെ പ്രമുഖ പാശ്ചാത്യചിന്തകർ ഭാരതീയപാരമ്പര്യത്തിൽ നിന്നു ഏറെകാര്യങ്ങൾ പഠിച്ച്, പിന്നെ ആ ഉറവിടങ്ങളെ മറച്ചുവച്ച്, ഭാരതീയ ആശയങ്ങൾ കൈവശപ്പെടുത്തുന്ന കാര്യം ഞാനൊരിക്കൽ ഓവനോടു സൂചിപ്പിച്ചു. ഓവന്റെ മറുപടി, അദ്ദേഹത്തിന്റെ പ്രൊഫസർ അത്തരത്തിലുള്ള ഒരാൾ ആകാമെന്നായിരുന്നു. ബുദ്ധമതത്തെ ‘മതേതരവൽക്കരിക്കുന്നതിന്റെ’ മുൻനിരയിൽ തന്നെ ഓവൻ ഉണ്ട്. ബുദ്ധമതത്തിൽനിന്നു ആത്മീയത ഒഴിവാക്കിയാൽ, അതിനെ എളുപ്പത്തിൽ സ്വാംശീകരിച്ച്, കൃസ്തുമതത്തിലേക്കു കൂട്ടിച്ചേർക്കാമെന്നു അദ്ദേഹം കരുതി. ബുദ്ധമതത്തെ നിഷ്പക്ഷമാക്കി മാറ്റി, ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കുകയായിരുന്നു ഓവന്റെ ലക്ഷ്യം. ‘നൈസർഗ്ഗിക ബുദ്ധമതം’ (Naturalized Buddhism) എന്ന പദപ്രയോഗത്തിന്റെപ്രധാനികളാണ് ഓവനും, സ്റ്റീഫൻ ബാച്ചലറും. ‘സ്വീകാര്യമല്ലാത്ത’ ചില ഘടകങ്ങൾ ഒഴിവാക്കി ബുദ്ധമതത്തെ നൈസർഗ്ഗികവൽക്കരിക്കുക, ഇതായിരുന്നു അവരുടെ ആശയം. ആർക്കാണ് സ്വീകാര്യമാകേണ്ടത്? തീർച്ചയായും ബുദ്ധമതവിശ്വാസികൾക്കു അല്ല. അവർക്കു വേണ്ടത് ബുദ്ധമതത്തെ അപ്പാടെയാണ്. ചില പാശ്ചാത്യ മാനദണ്ഢങ്ങൾക്കു സ്വീകാര്യമാക്കുകയാണ് നൈസർഗ്ഗികവൽക്കരണം എന്നതുകൊണ്ട് ഓവനും മറ്റും അർത്ഥമാക്കുന്നത്. ഒരു വ്യക്തി തന്റെ മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ച് അമേരിക്കൻ പൗരത്വം സ്വീകരിക്കുന്നതിനു സമാനമായ നിലപാടാണിത്.

Stephen Batchelor: –

            മുൻ‌‌ചൊന്നവരുടെ അതേപാത പിന്തുടരുന്ന മറ്റൊരു ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ബാച്ചലർ. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിനോടു ചേർന്നു പ്രവർത്തിച്ച് ഒരു പ്രോജക്ട് ചെയ്യുകയായിരുന്നതിനാൽ, ഭാരതത്തിൽ ഒരു കാലത്തു അദ്ദേഹം ബഹുമാനിക്കപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം നഗരങ്ങൾ തോറും യാത്രചെയ്യുന്ന അനുചരസംഘത്തിൽ കുറേ ഇന്ത്യൻ യുവാക്കൾ ഉണ്ടായിരുന്നു. ബുദ്ധമതത്തിൽ പ്രാമാണിത്തമുള്ള വിദഗ്ധനായി അവർ സ്റ്റീഫനെ കണക്കാക്കി. ഭാരതീയതയോടു സൗഹാർദ്ദസമീപനവും, അല്പം സംസ്കൃതവും അറിയാവുന്ന വ്യക്തിയായിരുന്നു അവർക്ക് സ്റ്റീഫൻ. ഒരു പരിപാടിയുടെ ചോദ്യോത്തരവേളയിൽ, ബുദ്ധമതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ കർമ്മസിദ്ധാന്തം, പുനർജന്മം, ആത്മീയനിലകൾ എന്നിവയെ, പാശ്ചാത്യ ചട്ടക്കൂടിനു യോജിക്കാത്തതിനാൽ, നൈസർഗ്ഗികവൽക്കരിക്കപ്പെട്ട ബുദ്ധമതം നിരസിക്കുന്നുവെന്ന് ഞാൻ സ്റ്റീഫനോടു പറഞ്ഞു. ഇക്കാര്യം ഒരാൾ കൃത്യമായി തിരിച്ചറിഞ്ഞതിൽ അദ്ദേഹം വളരെ അസ്വസ്ഥനായി. എന്റെ പുസ്തകത്തിൽ സ്റ്റീഫൻ ഒരു വിഷയമാണെന്നു ഞാൻ അപ്പോൾ സൂചിപ്പിച്ചു. അന്നുമുതൽ അദ്ദേഹത്തിനു എന്റെ പുസ്തകത്തിൽ താല്പര്യമുണ്ട്.

            ഇതുപോലുള്ള പാശ്ചാത്യവ്യക്തികൾ, അവരുമായുള്ള നടത്തിയ കൂടിക്കാഴ്ചകൾ, അവർ നമ്മുടെ പാരമ്പര്യത്തിന്മേൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ., എന്നിവയെക്കുറിച്ച് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നു. ‘ഒറിജിനലായ’ ബുദ്ധിസത്തെ കണ്ടുപിടിച്ചെന്നാണ് സ്റ്റീഫൻ ബാച്ചലർ ഇപ്പോൾ അവകാശപ്പെടുന്നത്. അതായത്, കർമ്മസിദ്ധാന്തം, പുനർജന്മം തുടങ്ങിയവയാൽ, ബ്രാഹ്മണർ ബുദ്ധമതത്തെ വികലീകരിക്കുന്നതിനു മുമ്പുള്ള ഒരു ബുദ്ധമതത്തെ സ്റ്റീഫൻ കണ്ടെത്തിയെന്ന്. ബൗദ്ധപണ്ഢിതർ സ്റ്റീഫന്റെ വാദങ്ങളോടു യോജിക്കുന്നില്ല. ഏറ്റവും പഴക്കമുള്ള പാലിസംഹിതകളിൽ തന്നെ ശ്രീബുദ്ധൻ ആത്മീയആശയങ്ങൾ വിവരിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സ്റ്റീഫന്റെ അവകാശവാദങ്ങളിൽ കഴമ്പില്ലെന്നു ഇത് തെളിയിക്കുന്നു.

Sam Harris:-

            സാം ഹാരിസ് ഒരു പ്രസിദ്ധ ന്യൂറോസയന്റിസ്റ്റ് ആണ്. ബുദ്ധമതത്തെ അതിന്റെ ആത്മീയ ഉള്ളടക്കത്തിൽനിന്നു മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിനു അദ്ദേഹം അടിവരയിടുന്നു. ഇതിനെപ്പറ്റി അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹവുമായി ഒരു സംവാദത്തിനുള്ള താല്പര്യം സൂചിപ്പിച്ചുകൊണ്ട് ഞാൻ ഒരു സന്ദേശം അയച്ചിരുന്നു. മനഃസംബന്ധമായ ശാസ്ത്രവിഷയങ്ങളിൽ അദ്ദേഹത്തിന്റേത് തെറ്റായ സമീപനരീതിയാണ്. ബുദ്ധമതത്തെ ഒരുഭാഗത്തും ന്യൂട്ടോണിയൻ ഭൗതികശാസ്ത്രവും, ബീജഗണിതവും മറുഭാഗത്തും നിർത്തി അദ്ദേഹം താരതമ്യപ്പെടുത്തുന്നു. ന്യൂട്ടോണിയൻ ഭൗതികശാസ്ത്രം ക്രൈസ്തവവും ബീജഗണിതം ഇസ്ലാമികവും അല്ലാത്തതു പോലെ മനഃസംബന്ധ ശാസ്ത്രപഠനങ്ങൾ ബൗദ്ധപാരമ്പര്യം അല്ലെന്നു സാം ഹാരിസ് പറയുന്നു. കൃസ്തുമത സിദ്ധാന്തങ്ങൾ ന്യൂട്ടോണിയൻ ഭൗതികശാസ്ത്രത്തിന്റെ രൂപീകരണത്തിനു ഉപയോഗിച്ചിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുന്നില്ല എന്നതാണ് ഹാരിസിന്റെ സമീപനത്തിന്റെ തെറ്റായ വശം. ഇതിനു വിരുദ്ധമായി, മനഃസംബന്ധ ശാസ്ത്രപഠനം സ്വാംശീകരിക്കാൻ ശ്രമിക്കുന്ന എല്ലാ ആശയങ്ങളിലും ബുദ്ധമത തത്ത്വങ്ങൾ അവിഭാജ്യഘടകമാണ്. ഒരുവ്യക്തി നടത്തുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽനിന്നു അദ്ദേഹം സ്വന്തം മതത്തെ ഒഴിച്ചുനിർത്തുന്ന പോലെ, ബുദ്ധമത തത്ത്വങ്ങളെ ഇവിടെ ഒഴിച്ചുനിർത്താനാകില്ല. എന്തുകൊണ്ടെന്നാൽ, അതിഭൗതികശാസ്ത്രം, ചിന്തയുടെ അടിസ്ഥാനം, പ്രപഞ്ചസ്വഭാവത്തിനെ പറ്റിയുള്ള ആശയങ്ങൾ, പരംപൊരുളിന്റെ സ്വഭാവം., എന്നിവയെല്ലാം ബുദ്ധമതത്തിന്റെ അവിഭാജ്യഘടകമാണ്. അവർ വികസിപ്പിച്ചെടുത്ത മനശാസ്ത്ര വിദ്യകളിൽ ഇവയ്ക്കു അതിപ്രാധാന്യമുണ്ട്.

            ബുദ്ധമതം ഏറെ നാളുകളായി സ്വാംശീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതെല്ലാം ഏഷ്യയിലുള്ള ബൗദ്ധഉറവിടങ്ങളെ അടിച്ചമർത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നില്ല. ചൈന, ജപ്പാൻ, മംഗോളിയ, വിയറ്റ്‌നാം, മറ്റു ആസിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ബുദ്ധമതത്തിന്റെ യഥാർത്ഥഗ്രന്ഥങ്ങളും അതിന്റെ ചരിത്രഉൽഭവവും വളരെ ബഹുമാനിക്കപ്പെടുന്നുണ്ട്. എന്നാൽ പാശ്ചാത്യലോകത്ത്, ഒന്നാം തലമുറയിലെ ബുദ്ധിസ്റ്റുകൾ മാത്രമേ ബൗദ്ധഗ്രന്ഥങ്ങളെ ബഹുമാനിക്കുന്നുള്ളൂ. പാശ്ചാത്യ പദാവലികളിലേക്കു ബൗദ്ധആശയങ്ങളുടെ തർജ്ജമയും സ്വാംശീകരണവും പുരോഗമിക്കുന്നതോടെ, യഥാർത്ഥ ബൗദ്ധപദാവലികൾകുറയും. പിൻഗാമികളിലേക്കു പുതിയ പദാവലികളും അറിവും കൈമാറ്റപ്പെടുന്ന മുറയ്ക്കു യഥാർത്ഥ ബൗദ്ധ ഉറവിടങ്ങൾ ക്രമേണ നാമാവശേഷമാകും. ഏഷ്യയിൽ, ആയിരം വർഷത്തിലധികമായി ബുദ്ധമതം അതിന്റെ ശുദ്ധമായ പ്രമാണരൂപത്തിൽ, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ആശയങ്ങളുട്രെ ചരിത്രവും, ദർശനങ്ങളുടെ അധികാരികതയും അവർ ശ്രദ്ധയോടെ പിന്തുടരുന്നു.

            ഏഷ്യയിൽ ബുദ്ധമതത്തിനു സ്വീകാര്യതയും ബഹുമാനവും എപ്പോഴുമുണ്ട്. പാശ്ചാത്യലോകത്ത് ഗ്രീക്ക്‌ചിന്തകൾക്കാണ് ഇതേ സ്ഥാനമുള്ളത്. അവിടെ ബൗദ്ധആശയങ്ങൾ സ്വാംശീകരണത്തിനു വിധേയമായി നിരസിക്കപ്പെടുന്നു. ഇത് വളരെ അൽഭുതകരമാണ്. പാശ്ചാത്യരാജ്യങ്ങൾ ഗ്രീക്ക്‌‌ചിന്തയെ, അവരുടെ സംസ്കാരത്തിന്റെ അടിസ്ഥാനമായി ഏറ്റെടുത്ത്, വലിയ ബഹുമാനത്തോടെ ആദരിക്കുന്നു. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ യഥാർത്ഥ തത്ത്വജ്ഞാനികളും അവിടെ ആദരിക്കപ്പെടുന്നു.ആശയങ്ങളുടെ ഗ്രീക്ക് ഉറവിടം നിഷേധിക്കാനുള്ള നീക്കങ്ങൾ അവിടെയില്ല. ഏതെങ്കിലും ഗവേഷകൻ ഒരു ഗ്രീക്ക് ആശയം തന്റേതാണെന്ന് അവകാശപ്പെട്ടാൽ, സഹപ്രവർത്തകർ ആ വാദം തള്ളിക്കളഞ്ഞ്, ഗവേഷകന്റെ നീക്കത്തെ അക്കാദമിക് തട്ടിപ്പായി കണക്കാക്കും. പാശ്ചാത്യലോകത്ത് ഗ്രീക്ക്ചിന്തയോടുള്ള ബഹുമാനം, അവയുടെ ഉറവിടം അധികാരികമായി നിലനിർത്തുന്നിടത്തോളം വരെ എത്തിനിൽക്കുന്നു. രസകരമായ ഒരു സന്നിഗ്ദാവസ്ഥയെ ഇത് മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇന്നത്തെ ദയനീയാവസ്ഥ:-

            പാശ്ചാത്യലോകത്ത് ഭാരതീയആശയങ്ങളുടെ സ്വാംശീകരണം എത്രമാത്രം പൂർണമാണെന്ന് മുകളിലെ ചിത്രം സൂചിപ്പിക്കുന്നു. ബുദ്ധിസ്റ്റ് തെറാപ്പികളുടെ പട്ടികയിൽ യോഗനിദ്ര, ദ്വന്ദാത്മക പെരുമാറ്റ ചികിൽസ (Dialectical Behavioral Therapy), Acceptance and commitment therapy, അവബോധചികിൽസ എന്നിവ മാത്രമല്ല, ഗെസ്റ്റാൾട്ട് തെറാപ്പി (Gestalt) പോലും ഉൾപ്പെടുന്നു. ഈ തെറാപ്പികൾ തുടങ്ങിവച്ച വ്യക്തികൾ ഭീമമായ ബൗദ്ധസ്വാധീനത്തിലായിരുന്നെങ്കിലും, സ്വാംശീകരണം ഇപ്പോൾ പൂർണമായെന്നു തോന്നുന്നു.ഉദാഹരണമായി അവബോധപഠനങ്ങൾ (Consciousness Studies) എന്ന പേരുള്ള വിക്കിപ്പീഡിയ പ്രോജക്ട് എടുക്കുക. പൗരാണിക-മധ്യകാല-ആധുനിക-സമകാലിക ലോകത്തു അവബോധപഠനത്തിൽ നടന്ന കണ്ടുപിടുത്തങ്ങളെ കുറിച്ച് 400 പേജുള്ള ഒരുപുസ്തകം അവർ പുറത്തിറക്കി. അവബോധഗവേഷണ (Consciousness Research) ചരിത്രത്തിലെ പ്രധാനപ്പെട്ട ഇരുപത്തിനാല് ചിന്തകരും നാഴികക്കല്ലുകളും അതിലുണ്ട്. പക്ഷേ ഇരുപത്തിനാല് പേരിൽ ഒരേയൊരു ഭാരതീയനേ ഉള്ളൂ – ശ്രീ ബുദ്ധൻ! ബാക്കിയുള്ള ഇരുപത്തിമൂന്ന് പേരും പാശ്ചാത്യരാണ്. അതിനാൽ ആശയങ്ങളുടെ ഉറവിടങ്ങൾ തമസ്കരിക്കപ്പെട്ടെന്ന് അനുമാനിക്കാം. മസാച്യുസെറ്റ്സ് മെഡിക്കൽ സ്ഥാപനത്തിനു കീഴിലുള്ള ഔദ്യോഗിക മെഡിക്കൽ സ്കൂളുകളിൽ മൈൻഡ്‌ഫുൾനെസ്സ് ധ്യാനരീതിയോ, മനസ്സും ശരീരവും തമ്മിലുള്ള ആത്മീയബന്ധമോ പഠിപ്പിക്കുമ്പോൾ, ഇത്തരം വിദ്യകളുടെ ചരിത്രത്തെപ്പറ്റി ഒരു അദ്ധ്യായമുണ്ട്. ഇതാരംഭിക്കുന്നത് ജോൺ കബാത്-സിൻ, സ്റ്റീഫൻ ലാ ബെർജ്, ഹെർബ് ബെൻസൺഎന്നിവരെ പരാമർശിച്ചുകൊണ്ടാണ്. ഇത്തരം മനഃസംബന്ധ വിദ്യകളുടെ ഉൽഭവസ്ഥാനമായ ഭാരതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഒരൊറ്റവാക്ക് പോലും ആ അദ്ധ്യായത്തിലില്ല.

സ്വാംശീകരണ പഠനത്തിന്റെ രീതിശാസ്ത്രവും, അംഗീകരിക്കപ്പെടാത്ത സംഭാവനകളും:-

            പാശ്ചാത്യർ പുസ്തകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ രീതിശാസ്ത്രം മുകളിലെ സ്ലൈഡിൽ ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ, ഇടതുനിന്ന് വലത്തോട്ടു, നാല് വ്യത്യസ്ത പ്രക്രിയകൾ ഉൾപ്പെടുന്നു. ഏറ്റവും ഇടതുവശത്താണ്, മനഃസംബന്ധമായ ശാസ്ത്രപഠനങ്ങളുടെ ആധാരമായ ഭാരതീയ ഉറവിടങ്ങൾ. രണ്ടാമത്തെ ഘട്ടത്തിൽ ഹെർബ് ബെൻസൺ, ജോൺ കബാത്-സിൻ., തുടങ്ങിയ പാശ്ചാത്യചിന്തകർ വരുന്നു. ഇതുപോലുള്ള ഏകദേശം നൂറുപേരുണ്ട്. ഇതിൽ ഇരുപത് പേർ പ്രമുഖരാണ്. ഓരോരുത്തരെപ്പറ്റിയും ഞാൻ പുസ്തകം എഴുതുകയാണ്. Mind and Life Institute പോലുള്ള സ്ഥാപനങ്ങൾ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഇത്തരം 5-6 സ്ഥാപനങ്ങൾ പ്രമുഖമാണ്. ഇവയാണ് ഭാരതീയജ്ഞാനത്തെ സ്ഥാപനവൽക്കരിക്കുന്നത്. നാലാമത്തെ, അവസാനഘട്ടത്തിൽ ഭാരതീയജ്ഞാനം പാശ്ചാത്യരുടെ ബൗദ്ധികസ്വത്തായി മാറുന്നു.ചിത്രത്തിലുള്ള പോലെ ഇടത്തുനിന്നു വലത്തോട്ടു നടക്കുന്ന പ്രക്രിയയാൽ, ഭാരതീയജ്ഞാനം യഥാർത്ഥ ഉറവിടങ്ങളിൽനിന്നു പാശ്ചാത്യ ബൗദ്ധികസ്വത്തായി പരിണമിക്കുന്നു.

1 COMMENT

  1. Exlent 1 big salute to translater also.I am watchig Rajvjis on U tube #our gen next ignorent of our great heritage so we all must spread &share it

LEAVE A REPLY

Please enter your comment!
Please enter your name here