തെക്കന്‍കേരളത്തിലെ തന്നെ ഗിരിവര്‍ഗ്ഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് വേങ്കമല. കൗളവ ആചാര പ്രകാരം പ്രത്യേക മന്ത്രങ്ങളില്ലാതെ ഗൗളീ മന്ത്രത്താല്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ആരാധനമാത്രം കൊണ്ട് തൃപ്തയായി സര്‍വ്വൈശ്വര്യം ചൊരിയുന്ന വനദുര്‍ഗ്ഗാ സങ്കല്‍പത്തിലാണ് ദേവീ ചൈതന്യ പ്രതിഷ്ഠ.
ശാന്ത സ്വരൂപിണിയായ ദേവിയും ഉഗ്രരൂപിണിയായ കരിങ്കാളിമൂര്‍ത്തിയും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പ്രതിഷ്ഠയാണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ചൈതന്യം. ഭാരതത്തില്‍തന്നെ അത്യപൂര്‍വ്വമാണ് ഇത്തരം പ്രതിഷ്ഠ. ആലമ്പഹീനരുടെ മുന്നില്‍ അമ്മയായും അപരാധികള്‍ക്ക് മുന്നില്‍ ദുര്‍ഗ്ഗയായും മാറുമെന്ന് ഈ ദേവീ ചൈതന്യം ഓരോ ഭക്തനേയും ഓര്‍മ്മപ്പെടുത്തുന്നു.
വേങ്കമല ദേവി, കരിങ്കാളിമൂര്‍ത്തി എന്നീ പ്രധാന പ്രതിഷ്ഠകള്‍ കൂടാതെ മുത്തന്‍ കാരണവര്‍, കന്യാവ്, ഗണപതി, ആയിരവില്ലി, കുട്ടിച്ചാത്തന്‍, നാഗരാജാവ്, ബ്രഹ്മരഷസ്സ്, പഞ്ചിയമ്മ, അപ്പൂപ്പന്‍ എന്നീ ഉപ പ്രതിഷ്ഠകളുമടങ്ങുന്നതുമാണ് വേങ്കമല ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഉള്‍പ്പെടെ എല്ലാ പ്രതിഷ്ഠകളും തുറന്ന അമ്പലമായാണ് നിര്‍മ്മിച്ചിട്ടുള്ളത്.
വെയിലും മഴയും കാറ്റും ഉള്‍പ്പെടെയുള്ള പഞ്ചഭൂതങ്ങളുടെ സാമീപ്യം ചൈതന്യമായി മാറ്റി വനദുര്‍ഗ്ഗയായി ആയിരങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ദേവി കുടികൊള്ളുന്നു.
മംഗല്യ തടസ്സത്താല്‍ മനം നൊന്ത് ദേവിക്ക് താലി നേര്‍ന്ന് സുമംഗലികളായവര്‍ ഏറെയാണ്. സന്താനലബ്ധിക്കായി അമ്മയുടെമുന്നിലെത്തിപ്രാര്‍ത്ഥിച്ച് സന്താനഭാഗ്യം നേടിയവരും നിരവധിയാണ്. അങ്ങനെ ദേവിക്കുമുമ്പിലെത്തി സങ്കടമുണര്‍ത്തിച്ചവര്‍ക്കെല്ലാം ആശ്രയമായി മാറിയതിനാലാണ് അന്യ ജില്ലകളില്‍ നിന്നുപോലും ഭക്തര്‍ വേങ്കമല അമ്മയുടെ മുന്നിലെത്തുന്നത്.വിളിദോഷവും ശത്രുദോഷവും അകലാന്‍ കരിങ്കാളിമൂര്‍ത്തിക്ക് നാളികേരം ഉച്ചാടനം ചെയ്യുന്നതാണ് പ്രധാന വഴിപാടുകളില്‍ ഒന്ന്.
ശത്രു സംഹാരപൂജയും ദേവിക്ക് പട്ടും കരിങ്കോഴിയും ആടും നേരുന്നതും ഇവിടത്തെ പ്രധാന വഴിപാടുകളാണ്. ദേവിക്ക് ഏറ്റവും പ്രിയങ്കരം പൊങ്കാല നിവേദ്യമാണ്. ദേവിക്ക് മുന്നില്‍ പൊങ്കാലയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും എന്നാണ് വിശ്വാസം. കന്യാവ് ആണ് ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠ. ശിശുക്കള്‍ മരിച്ചാല്‍ കുടിയിരുത്തുന്നത് ഇവിടെയാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ മരണപ്പെട്ടാല്‍ ഇവിടെയെത്തി പാവയും കരിവളകളും ആല്‍മരത്തില്‍കെട്ടി പ്രാര്‍ത്ഥിച്ചാല്‍ ആരോഗ്യമുള്ള കുട്ടികള്‍ ജനിക്കുമെന്നാണ് വിശ്വാസം.
കുട്ടിച്ചാത്തനും ആയിവില്ലിക്കും പഴവര്‍ഗ്ഗങ്ങള്‍ കാണിക്കഅര്‍പ്പിക്കുന്നതും പ്രധാനമാണ്. കുഞ്ഞുങ്ങള്‍ ഞെട്ടിഉണരുന്നത് തടയാന്‍ കുട്ടിച്ചാത്തന് മധുര പലഹാരങ്ങല്‍ കാണിക്കവയ്ക്കുന്നവരും നിരവധിയാണ്. അപ്പൂപ്പന് കള്ളും മുറുക്കാനുമാണ് പ്രധാന കാഴ്ച വസ്തു. വിട്ടുമാറാത്ത തലവേദനപോലും അപ്പൂപ്പന് കാണിക്കവെച്ചാല്‍ മാറുമെന്നാണ് വിശ്വാസം. നായ്ക്കളെ സ്വപ്‌നത്തില്‍ കണ്ട് പേടിച്ചാല്‍ ഇവിടെയെത്തി മുറുക്കാനും പുകയിലയും നല്‍കിയാല്‍ നായ്ക്കളെക്കൊണ്ട് ശല്യമുണ്ടാകില്ല എന്നാണ് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ക്ഷേത്ര പറമ്പിന് ഒത്ത നടുവിലെ ഗൃഹത്തിലാണ് മുത്തന്‍ കാരണവരുടെ പ്രതിഷ്ഠ. മുത്തന്‍കാണിക്ക് തോര്‍ത്തും മുണ്ടും രുദ്രാക്ഷവും ചൂരലുംകാണിക്കവയ്ക്കലാണ് മറ്റൊരു വഴിപാട.് മുത്തന്‍ കാരണവര്‍ക്ക് കാണിക്കവച്ചാല്‍ തടസ്സങ്ങള്‍ നീങ്ങുമെന്നാണ് വിശ്വാസം.
സര്‍വ്വ മതവിശ്വാസികള്‍ക്കും ഇവിടെ ആരാധാന നടത്താം. നിസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കീയിരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെയാണ്. ചൊവ്വയും വെള്ളിയും ഞായറുമാണ് ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങള്‍.
ഐതീഹ്യങ്ങളും വിശ്വാസങ്ങളും ഉറങ്ങുന്ന പുണ്യഭൂമിയാണ് വേങ്കമല. ഐതിഹ്യങ്ങള്‍ക്ക് വിശ്വസത്തിന്റെ് പരിവേഷം നല്‍കാന്‍ വേങ്കമലയ്ക്ക് ചുറ്റുമുള്ള ഓരോ മണല്‍ത്തരികള്‍ക്കും കഴിയും . പ്രകൃതിഭംഗികൊണ്ടും കാര്‍ഷിക വിളകളാല്‍ സമ്പന്നവുമായ വേങ്കമലയ്ക്ക് പറയുവാനുള്ളത് തലമുറകള്‍ പകര്‍ന്നുനല്‍കിയ ആദിമസംസ്‌കാരത്തിന്റേയും വിശ്വാസത്തിന്റേയും കഥകളാണ്.വേങ്കമല ക്ഷേത്രത്തിന്റെ ഐതിഹ്യം ദാരിക നിഗ്രഹവുമായി ബന്ധപ്പെട്ടവയാണ്. കൊടും തപസ്സിനാല്‍ ശക്തനായി പതിനാല് ലോകത്തും നാശം വിതയ്ക്കുന്ന ദാരികനെ നിഗ്രഹിക്കാന്‍ ഭദ്രകാളി തന്റെ പടയാളികളോടൊപ്പം പുറപ്പെട്ടു.
ശാര്‍ക്കര പറമ്പില്‍വച്ച് ദേവിയും ദാരികനുമായി ഘോരയുദ്ധം ആരംഭിച്ചു. വര്‍ഷങ്ങളോളം നീണ്ട യുദ്ധത്തില്‍ ദേവിക്ക് ദാരികനെ നിഗ്രഹിക്കാനായില്ല.ഒടുവില്‍ ദാരികന്റെ അമ്പേറ്റ് ദേവിമോഹാലസ്യപ്പെട്ടുവീണു. പാര്‍വ്വതീദേവിയില്‍ നിന്ന് ദാരികനിഗ്രഹ രഹസ്യവും ശിവഭഗവാന്‍ അനുഗ്രഹിച്ച് നല്‍കിയ തിരുമുടിയുമേന്തി ഭദ്രകാളീ ദേവി യുദ്ധത്തിനെത്തി. വീണ്ടും യുദ്ധം ആരംഭിച്ചു. ദേവീശക്തിക്കുമുന്നില്‍ ദാരികന് പിടിച്ചുനില്‍കാനായില്ല.
ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി പള്ളിയറ, നെടുമ്പറമ്പിലെത്തി അവിടെ വെച്ച് ദാരികനെ ദേവി വധിച്ചു. ദാരികന്റെ രക്തത്തില്‍ നിന്ന് ആയിരക്കണക്കിന് ദാരികന്‍മാര്‍ രൂപം കൊണ്ടു. ദാരിക പടയാളികളെ കൊന്നൊടുക്കുന്നതിനായി രോഷാകുലയായ ദേവി വസൂരി വിത്തുകള്‍ വാരിയെറിഞ്ഞു. ദാരികന്‍മാര്‍ ചോര വീഴാതെ വസൂരിരോഗത്താല്‍ ചത്തൊടുങ്ങി. ദാരിക നിഗ്രഹം കഴിഞ്ഞിട്ടും രോഷമടങ്ങാത്ത ദേവി നാലുപാടും പാഞ്ഞു.
അകലെ സായന്തന സൂര്യന്റെ കിരണമേറ്റ് അരുണ വര്‍ണ്ണത്തില്‍ തിളങ്ങുന്ന വേങ്കമലക്കുന്ന് ദേവിയുടെ ശ്രദ്ധയില്‍പ്പെട്ടു. ആഭംഗിയില്‍ ആകൃഷ്ടയായ ദേവി വേങ്കമല കുന്ന് ലക്ഷ്യമാക്കി പാഞ്ഞു. പ്രകൃതി ഭംഗിയാല്‍ സമ്പന്നമായ വേങ്കമലയിലെ കാഴ്ചകള്‍ ദേവിയുടെ രോഷത്തെ അകറ്റി. ദേവി ശാന്ത സ്വരൂപിണിയായി വേങ്കമലകുന്നില്‍ കുടിയിരുന്നു.
യുദ്ധത്തിന്റെ കെടുതിയില്‍ ക്ഷീണിതയായ ദേവി കര്‍ഷക സ്ത്രീയുടെ വേഷം പൂണ്ട് വേങ്കമല കുന്നുകള്‍ക്ക് അടിവാരത്ത് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് സമീപമെത്തി. അവിടെ നിന്ന ജന്മിയോട് ദാഹജലം ആവശ്യപ്പെട്ടു. താണജാതിയില്‍പ്പെട്ട സ്ത്രീയ്ക്ക് ദാഹജലം നല്‍കാന്‍ ജന്മി തയ്യാറായില്ല.
എന്നാല്‍ പണിയെടുത്തിരുന്ന മുത്തന്‍കാണിയെന്നയാള്‍ തെങ്ങില്‍ക്കയറി കരിക്ക് അടത്ത് ദേവിക്ക് നല്‍കി. കരിക്കിന്‍വെള്ളം കുടിച്ച് ദാഹമകറ്റിയ ദേവി മുത്തന്‍കാണി നല്‍കിയ വെറ്റിലയും അടക്കയും കൊണ്ട് മുറുക്കുകയും ചെയ്തു. മുത്തന്‍കാണിയില്‍ സംപ്രീതയായ ദേവി ഇന്നുമുതല്‍ താന്‍ വേങ്കമല കുന്നുകള്‍ക്ക് അടിവാരമുള്ള ഇവിടെ കുടിയിരിക്കുമെന്നും ഗിരിവര്‍ഗ്ഗക്കാരുടെ പൂജയില്‍ താന്‍ സംപ്രീതയാകുമെന്നും അരുള്‍ചെയ്തു. അപ്രകാരം മുത്തന്‍കാണി ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നിടത്ത് ദേവിയെക്കുടിയിരുത്തി ഗിരിവര്‍ഗ്ഗക്കാരുടെ പൂജകള്‍ നടത്തി എന്നുമാണ് ഐതിഹ്യം.
ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നതാണ് ചുറ്റുമുള്ള ഓരോപ്രദേശവും പ്രദേശനാമവും. നെടുപറമ്പില്‍ വച്ച് ദേവിയുടെ വെട്ടേറ്റ ദാരികന്റെ ശരീരം ഛിന്നഭിന്നമായി. ദാരികന്റെ കരം അറ്റ് വീണസ്ഥലം ‘കരമറ്റ് വീണടം’ എന്ന് അറിയപ്പെട്ടു. അത് കാലാന്തരത്തില്‍ കാരേറ്റ് ആയി. ദാരികന്റെ വാള്‍ വീണസ്ഥലം ‘വാളെറിഞ്ചാന്‍ കുഴി’ എന്നും പിന്നീട് ‘വാളെറിഞ്ഞാല്‍ കുഴി’യായും മാറി. ദാരികന്റെ ഉടല്‍ അഥവാ മേല്‍ അറ്റ് വീണസ്ഥം ‘മേലറ്റുവീണ ഭൂമി’ എന്ന അര്‍ത്ഥത്തില്‍ ‘മേലാറ്റുമൂഴി’യായി. തലയറുത്ത സ്ഥലത്ത് രക്തവും മാംസാവശിഷ്ടങ്ങളും വീണ് മല രൂപപ്പെട്ടു എന്നും ‘തലയറ്റുമാംസം വീണ മല’ ‘തലയാറ്റുമല’യായും തല വീണടം തലയലും ആയി പരിണമിച്ചു.
ദാരികന്റെ രക്തം വീണ് ചുവന്ന പ്രദേശം ‘രുധിരം കുഴി’ യായും മാറി എന്നും വിശ്വാസം. ഇന്നും ഈസ്ഥലങ്ങള്‍ ഇതേ പേരിലാണ് അറിയപ്പെടുന്നത്. വാളെറിഞ്ഞാന്‍കുഴി ഒഴികെ തലയാറ്റുമലയില്‍ ശാസ്താ ക്ഷേത്രവും മറ്റ് സ്ഥലങ്ങളില്‍ ദേവീക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നു. ഇതില്‍ തലയല്‍ ദേവി വേങ്കമല അമ്മയുടെ അനുജത്തി എന്നാണ് സങ്കല്‍പം. തലയല്‍ ക്ഷേത്ര ഉത്സവത്തിന് തിരുവാഭരണം വേങ്കമലയില്‍ നിന്ന് പൂജിച്ച് കാനനമാര്‍ഗ്ഗത്തിലൂടെയാണ് എത്തിക്കുന്നത്. ഇവിടെയും ഗിരിവര്‍ഗ്ഗ വിധി പ്രകാരമാണ് ഉത്സവം നടത്തുന്നത്.
രുധിരം കുഴിയിലെ രക്ത ചുവപ്പോടുകൂടിയ മണ്ണ്, വാളെറിഞ്ഞാന്‍ കുഴിയിലെ ഒരിക്കലും വറ്റാത്ത വാളിന്റെ ആകൃതിയിലെ പാറക്കുളം, ദാരിക പടയാളികളുടെ നിഗ്രഹത്തിനായി ദേവി എറിഞ്ഞ വസൂരി വിത്തുകള്‍ പ്രത്യേക തരം പോടുള്ള കറുത്ത കല്ലുകളായി കാരേറ്റിനേയും മേലാറ്റുമൂഴിയേയും ബന്ധിപ്പിക്കുന്ന ആനാകുടി ഏലായിലും പ്രദേശത്തും കാണപ്പെടുന്നതും എല്ലാം ഐതീഹ്യങ്ങളെ വിശ്വസനീയമാക്കി പ്രപഞ്ച സത്യമായി വേങ്കമല കുന്നുകള്‍ക്ക് അടിവാരത്ത് ഇന്നും കാണപ്പെടുന്നു.
*ഇതു വിശ്വാസികളിൽ നിന്നും കേട്ടറിഞ്ഞ വസ്തുതകളിൽ നിന്നും പഴമക്കാർ പകർന്നു നൽകിയ അറിവിൽ നിന്നും തയ്യാറാക്കിയതാണ്.അതിനാൽ തെറ്റുകൾ ഉണ്ടെകിൽ ക്ഷമിക്കുക.
*****അമ്മേ ശരണം
ദേവീ ശരണം വേങ്കമല ദേവീ ശരണം.********
വിലാസം: മുക്കുടിൽ പിഒ , വെഞ്ഞാറമ്മൂട്, തിരുവനന്തപുരം
ഫോൺ : +91 96455 18951
തയാറാക്കിയത് :ശ്രീ.വേലായുധൻ (പുല്ലമ്പാറ)
കടപ്പാട്: ജന്മഭൂമി
എഡിറ്റഡ് & published by: https://www.facebook.com/aneesh.ayilam
പ്രത്യേക നന്ദി :ശ്രീ പരമേശ്വരൻ കാണി(ക്ഷേത്ര മുഖ്യ പൂജാരി ),കാണി മുത്തശ്ശി സരസു,മറ്റു ക്ഷേത്ര പൂജാരിമാർ.
സമ്പാദനം ആരാധ്യ.