പൊതു മേഖലയിലെ ചില കമ്പനികളുടെ ഓഹരി വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിശദീകരണങ്ങളുമാണ് വരുന്നത്. വളച്ചൊടിക്കപ്പെട്ടതും അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും ചേര്‍ന്നതാണ് ഈ പ്രചാരണം.
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും ഉള്‍പ്പടെ അഞ്ചോളം പൊതുമേഖലാ കമ്പനികളുടെ ഓഹരികളാണ് സര്‍ക്കാര്‍ വിറ്റൊഴിക്കുന്നത്.
രാജ്യത്ത് മുന്നൂറിലധികം പൊതുമേഖലാ സ്ഥാപനങ്ങളാണ് കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ളത്. ഇതില്‍ നിലവില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത് ഇരുന്നൂറ്റി അമ്പതില്‍പ്പരമാണ്. സംസ്ഥാനങ്ങളുടെ കീഴിലും നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ട്.
ജനങ്ങള്‍ക്ക് ചെലവു കുറഞ്ഞ സേവനം ഒരുക്കുക എന്ന ആശയത്തിലാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്, റെയില്‍ ഗതാഗതം തുടങ്ങിയവയുടെ മേല്‍നോട്ടവും ഉടമസ്ഥതയും സര്‍ക്കാരിന്റെ കൈവശമാക്കിയത്.
എന്നാല്‍, 1970 കളില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഇന്‍ഷുറന്‍സ്, ഊര്‍ജ്ജം, ബാങ്കിംഗ് എന്നിവ പൊതുമേഖലയിലാക്കി. കല്‍ക്കരിയും എണ്ണയും എല്ലാം ഇങ്ങിനെ ദേശശാല്‍ക്കരിക്കപ്പെട്ടു.ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് കൈമാറിക്കിട്ടിയവയും ഉണ്ടായിരുന്നു.
ഇത്തരത്തില്‍ ദേശസാല്‍കൃത സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോയപ്പോള്‍ ചിലത് ലാഭകരമാകുകയും മറ്റുചിലത് നഷ്ടത്തിലാകുകയും ചെയ്തു.
എണ്ണക്കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ലാഭകരമായി നടന്നു. ഒഎന്‍ജിസി, എന്‍ടിപിസി, തുടങ്ങിയവ ലാഭം കൊയ്തു. 1997 ലാണ് നവരത്‌ന കമ്പനികള്‍ എന്ന പേരില്‍ ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വിശേഷ ബഹുമതി നല്‍കി ആദരിച്ചത്. പേരു സൂചിപ്പിക്കും പോലെ ഒമ്പത് കമ്പനികളാണ് ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ പിന്നീട് മഹാരത്‌നയും മിനി രത്‌നയും ഉണ്ടായി. ഇതില്‍ മിനി രത്‌ന കാറ്റഗറി ഒന്നും രണ്ടും പ്രഖ്യാപിക്കപ്പെട്ടു.
തുടര്‍ച്ചയായി മൂന്നു വര്‍ഷം 2500 കോടി രൂപയിലേറെ ലാഭം ഉണ്ടാക്കുന്ന കമ്പനികളെ മഹാ രത്‌നയില്‍ ഉള്‍പ്പെടുത്തി. 25,000 കോടി രൂപ മൊത്ത വിറ്റുവരവോ, പതിനായിരം കോടി രൂപ മൊത്തം ആസ്തി മൂല്യമോ ഉള്ള കമ്പനികളും ഇതില്‍ പെടും. നവരത്‌നയുടെ മാനദണ്ഡങ്ങളും മാറി. അറ്റാദായം, മൊത്തം ആസ്തി, നിര്‍മാണ ചെലവ്, തുടങ്ങി ആറോളം മാനദണ്ഡങ്ങള്‍ പരിശോധിച്ച് വിലയിരുത്തുമ്പോള്‍ നൂറില്‍ 60 സ്‌കോര്‍ നേടുന്ന മിനി രത്‌ന കമ്പനികളെയാണ് നവരത്‌നയായി കണക്കാക്കുന്നത്.
മൂന്ന് വര്‍ഷം തുടര്‍ച്ചയായി 30 കോടി രൂപ അറ്റാദായം നേടിയാല്‍ മിനിരത്‌ന കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. മൂന്നു വര്‍ഷം തുടര്‍ച്ചയായി ലാഭത്തിലായ ഏതൊരു പൊതുമേഖലാ സ്ഥാപനവും മിനിരത്‌ന കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടും.
നിലവില്‍ ഏഴു കമ്പനികള്‍ മഹാരത്‌നയിലും പതിനാലു കമ്പനികള്‍ നവരത്‌നയിലും ഉണ്ട്. മിനി രത്‌നയില്‍ 69 കമ്പനികളും ഉണ്ട്.
രാജ്യത്ത് പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവല്‍ക്കരണം തുടങ്ങിവെച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. 1991 ല്‍ 31 പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. 3038 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയത്. ജി വി രാമകൃഷ്ണ അദ്ധ്യക്ഷനായ ഓഹരി വിറ്റഴിക്കല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം 1991-99 കാലയളവില്‍57 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ശിപാര്‍ശ ചെയ്തു. 23,000 കോടി രൂപ ഇത്തരത്തില്‍ ഖജനാവിന് ലഭിച്ചു. പിന്നീട് ഈ സ്ഥാപനം മന്ത്രാലയമായി മാറി.
വാജ് പേയി സര്‍ക്കാരിന്റെ കീഴില്‍ 2001 ലാണ് അരുണ്‍ ഷൂരി ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തത്. ഭാരത് അലൂമിനിയം, ഹിന്ദുസ്ഥാന്‍ സിങ്ക്, ഐടിഡിസിയുടെ 18 പഞ്ച നക്ഷത്ര ഹോട്ടലുകള്‍, മാരുതി സുസുക്കി, മോഡേണ്‍ ഫുഡ്‌സ് എന്നിവ ഇള്‍പ്പെടെ നിരവധി പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറി.
പിന്നീട് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതിനെ എതിര്‍ത്തുവന്ന ഇടതു പാര്‍ട്ടികളുടെ ശക്തമായ സ്വാധീനം മൂലം മന്‍മോഹന്‍ സിംഗിന് ഓഹരികള്‍ വിറ്റഴിക്കാന്‍ ഫലപ്രദമായി കഴിഞ്ഞില്ല. പൊതുമേഖലയിലെ ഓഹരി വിറ്റഴിച്ചു കിട്ടുന്ന പണം നഷ്ടത്തിലുള്ള മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന് പുറമേ നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതു പാര്‍ട്ടികള്‍ നിബന്ധനവെച്ചു.
എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ ബലഹീനത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഉണ്ടായില്ല. ആദ്യ ടേമീല്‍ 8518 കോടി രൂപമാത്രമാണ്‌സര്‍ക്കാരിന് ലഭിച്ചതെങ്കില്‍ രണ്ടാം യുപിഎ ഭരണകാലത്ത് വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ ലക്ഷം കോടി രൂപയുടെ ഓഹരി വില്‍പന നടത്തി. ഓയില്‍ ഇന്ത്യ, എന്‍ടിപിസി, എന്‍എച്ച്പിസി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഓരോ വര്‍ഷവും 40,000 കോടി രൂപയോളം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കല്‍ നടത്തിവന്നത്. മന്മോഹന് സിംഗ് അധികാരമൊഴിയുന്ന 2013-14 ല്‍ 54000 കോടി രൂപയായിരുന്നുഓഹരിവിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
പിന്നീട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ തുടര്‍ന്നു. മന്‍മോഹന്‍ സിംംഗിന്റെ 40,000 -50,000 കോടി എന്നതിനു പകരം 80,000 -100,000 കോടിയായി പ്രതിവര്‍ഷം ലക്ഷ്യമിട്ടത് .
2001 -2002 ല്‍ അരുണ്‍ ഷുരിയാണ് BPCL , HPCL എന്നീ എണ്ണക്കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍ മുന്നോട്ട് വെച്ചത്. ഇതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് ഇത് നിര്ത്തിവെച്ചു. ഭരണഘടനയിലെ 39 (B) പ്രകാരം രൂപീകൃതമായ എണ്ണക്കമ്പനികളാണിതെന്നും ഇവയെ സ്വകാര്യ വല്‍ക്കരിക്കാന്‍ ഈ നിയമം പൊളിച്ചെഴുതേണ്ടി വരുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു,
ലോക്‌സഭയില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭുരിപക്ഷം ഇല്ലാതിരുന്നതിനാല്‍ അടുത്തിടെ വരെ ഇതിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍, 2016 ല്‍ മോദി സര്‍ക്കാര്‍ 187 ഉപയോഗമി്ല്ലാത്ത പഴഞ്ചന്‍ നിയമങ്ങള്‍ അസാധുവാക്കി. ഇതിനൊപ്പം എണ്ണവിതരണം സര്‍ക്കാരിന്റെ മാത്രം ചുമതലയാണെന്ന നിയമവും. അസാധുവാക്കി.
യുദ്ധകാലത്ത് ഇന്ത്യന്‍ കരസേനയ്ക്ക് ഇന്ധനം വിതരണം ചെയ്യാന്‍ വിസമ്മതിച്ച ബര്‍മ ഷെല്‍ എന്ന എണ്ണക്കമ്പനിയെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിക്കുകയാിരുന്നു. ഇതാണ് 1976 ല്‍ ഭാരത് പെട്രോളിയം കമ്പനി(BPCL)ആയി മാറിയത്.
പഴയ നിയമം പോയതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനെ (HPCL) സര്‍ക്കാര്‍ പൊതുമേഖലയിലെ തന്നെ ONGC ക്ക് വിറ്റു. BPCL-ല്ലില്‍ സര്‍ക്കാരിന് ആകെയുള്ള 53.34 ശതമാനം ഓഹരികള്‍ കൈമാറാന്‍ തീരുമാനിച്ചു.
ONGC ക്ക് HPCL കൈമാറിയതില്‍ പാളിച്ച പറ്റിയതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ഇക്കുറി BPCL ഓഹരികള്‍ വില്‍ക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരികള്‍ സ്വന്തമാക്കിയതോടെ പൊതുമേഖലയിലെ മികച്ച ലാഭം കൊയ്യുന്ന കമ്പനിയായ ONGC യുടെ കൈവശം പുതിയ പ്രൊജക്ടുകള്‍്ക്കുള്ള പണലഭ്യത കുറഞ്ഞു.
ഇതേതുടര്‍ന്നാണ് BPCL- നെ മറ്റൊരു പൊതുമേഖലാ സ്ഥാപനം വാങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. NTPC എന്ന പൊതുമേഖലാ സ്ഥാപനവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (IOC) ഇതിനു തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ അധിക താല്‍പര്യം കാണിക്കുന്നില്ല.
ആഗോള വമ്പന്‍മാരായ എക്‌സോണ്‍ മൊബില്‍ , ഷെല്‍, TOTAL SA സൗദി ആരാം കോ, കുവൈറ്റ് പെട്രോളിയം, ADNOC എന്നീ വിദേശ കമ്പനികളാണ് BPCL- നെ ലക്ഷ്യമിടുന്നത്.BPCL-ന്റെ ഉടമസ്ഥതിയിലുള്ള നാല് റിഫൈനറികളില്‍ ഒന്നായ ആസാമിലെ നുമാലിഗഡ് റിഫൈനറി (NRL) ഒഴിവാക്കിയാണ് ഓഹരി വില്‍ക്കുന്നത്.BPCL-ന്റെ സബ്‌സിഡിയറി കമ്പനിയാണ് NRL ചൈന, ബംഗ്ലാദേശ് എന്നിവയുമാി അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമീപ്യം പരിഗണിച്ചാണ് ഈ റിഫൈനറിയെ വില്‍പനയില്‍ നിന്ന് ഒഴിവാക്കിയത്. BPCL-ല്‍ നിന്ന് NRL-ന്റെ ഓഹരികള്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് (OIL) എന്ന പൊതുമേഖലാ സ്ഥാപനം വാങ്ങിക്കുമെന്നാണ് സൂചന.
കൊച്ചി ഉള്‍പ്പടെ മറ്റ് മൂന്നു വലിയ റിഫൈനറനികള്‍ സ്വകാര്യവല്‍ക്കരണത്തില്‍ ഉള്‍പ്പെടും.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ റിഫൈനറിയായ ഗുജറാത്തിലെ വടിനറിലെ ESSAR റിഫൈനറി 2017ല്‍ റഷ്യന്‍ കമ്പനിയായ ROSENEFT സ്വന്തമാക്കിയിരുന്നു. സ്വകാര്യ മേഖലയിലെ ESSAR-ന്റെ 49 ശതമാനം ഓഹരികളും റഷ്യന്‍ കമ്പനിയാണ് വാങ്ങിയത്.
എണ്ണ വിതരണം സര്‍ക്കാരിന്റെ പണിയല്ലെന്നാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നയം. പെട്രോളിയം ഉത്പന്നങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ സിംഹഭാഗവും. ഇത് തുടരാന്‍ IOC-ക്ക് കഴിയും. ആഭ്യന്തര മാര്‍ക്കറ്റിലെ പാചക വാതക വിതരണം ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതിനാല്‍ ഇതും സര്‍ക്കാരിന്റെ അധീനതയില്‍ തുടരും. സബ്‌സിഡി നല്‍കി പൊതു മേഖലാ എണ്ണക്കമ്പനികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മോദി ഭരണകൂടം അടിവരയിട്ട് പറയുന്നു.
എണ്ണ വില രാജ്യാന്തര വിപണിയില്‍ കുറഞ്ഞു നില്ക്കുന്ന വേളയില്‍ സബ്‌സിഡി വിതരണം നിര്‍ത്താലാക്കിയത് ഈ സര്‍ക്കാര്‍ ആണ്. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയിലേറെയാണ് ഈ ഇനത്തില്‍ ഖജനാവ് ലാഭിച്ചത്.
ഇനിയും ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യമില്ല. ഡിമാന്‍ഡ് കാഴ്ചപ്പാടിലാണ് ഇത്തരത്തില്‍ നിഗമാനത്തില്‍ എത്തുന്നത്. ആഗോള ഇന്ധന വിപണിയില്‍ പ്രതികൂലമായ സാഹചര്യം വരുകയാണെങ്കില്‍ താല്‍ക്കാലികമായി ക്രൂഡോയില്‍ വില ഉയരാമെങ്കിലും ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഇന്ധന വില ക്രമീതീതമായി വര്‍ദ്ധിക്കില്ല. ലോകം ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയതും യുഎസില്‍ ഷെയില്‍ ഓയില്‍ ഖനനം ചെയ്ത് തുടങ്ങിയതുമാണ് ഇതിന് കാരണം. 2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായി മാറുമെന്നാണ് അനുമാനം. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും എല്ലാം കണക്കിലെടുത്ത് രാജ്യങ്ങള്‍ താമസിയാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ നല്‍കുമെന്ന സ്ഥിതിവരുമെന്നാണ് വിദഗദ്ധര്‍ പ്രവചിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ ലോകമെമ്പാടും കണ്ടുവരുന്നുമുണ്ട്.
യുഎസില്‍ ഇലോണ്‍ മസ്‌ക് Tesla യിലൂടെ തൂടങ്ങി വെച്ചത് Ford, NiSSAN തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു മറ്റു വാഹനങ്ങളുടെ വിലയില്‍ താഴെ ഇലക്ട്രിക് വാഹനങ്ങള്‍ ഇറങ്ങുകയാണ്. Ford-ന്റെ പുതിയ ഇലക്ട്രിക് കാര്‍ കഴിഞ്ഞ ദിവസമാണ് യുഎസിലെ നിരത്തുകളില്‍ ഇറങ്ങിയത്. ഒരു ചാര്‍ജ്ജില്‍ 600 കിലോമീറ്റര്‍ പോകുന്ന ഈ കാറുകള്‍ താമസിയാതെ ഇന്ത്യന്‍ നിരത്തുകളിലും എത്തും. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ഉടനെ തന്നെ ഇലക്ട്രിക് വാഹനങ്ങളായി മാറും. ഡെല്‍ഹി പോലുള്ള മലിനീകരണ ഭീഷണി നേരിടുന്ന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പന തന്നെ നിരോധിച്ചിരിക്കുകയാണ്.
ഇരു ചക്രവാഹനങ്ങളില്‍ Bajaj Chetak സ്‌കൂട്ടര്‍ അടുത്ത ജനുവരിയില്‍ നിരത്തിലിറക്കുകയാണ്. 90 കിലോ മീറ്റര്‍ മൈലേജാണ് ഉള്ളത്. വില ഒരു ലക്ഷത്തിലേറെ വരും. എന്നാല്‍, പെട്രോള്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സ്‌കൂട്ടര്‍ ലാഭകരമാകുമെന്നാണ് ഏവരും കരുതുന്നത്.
ഇങ്ങിനെ ലോകം മാറുമ്പോള്‍ എണ്ണ വിതരണ കമ്പനി കൈവശം വെയ്ക്കുന്നതിന്റെ സാംഗത്യമാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ നിലവിലെ വിപണി മൂല്യം 80,000 കോടി രൂപയോളം വരുമെന്നാണ് പ്രതീക്ഷ.
ഭാവിയില്‍ വന്‍ പ്രതിസന്ധി നേരിടാവുന്ന മൂന്നും നാലും എണ്ണവിതരണ കമ്പനികള്‍ സര്‍ക്കാരിന് ബാധ്യതയായേക്കും. പ്രതിസന്ധിയിലെത്തിയ ശേഷം ഓഹരി വില്‍ക്കാന്‍ ഇരുന്നാല്‍ ആഗോള തലത്തില്‍ പോലും ആരും വാങ്ങാന്‍ ഉണ്ടാകില്ല.. രാജ്യത്തെ എണ്ണ ആവശ്യത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും IOC എന്ന കമ്പനി മാത്രം മതി. 11 ല്‍ അധികം വന്‍കിട റിഫൈനറികളുള്ള IOC ഇനിയും മഹാരത്‌ന പദവിയില്‍ തുടരും. മഹാരത്‌ന പദവിയിലേക്ക് കയറുമെന്ന വിചാരിച്ചിരുന്ന BPCL ന് 2018 മാര്‍ച്ചില്‍ 8000 കോടി രൂപ അറ്റാദായം ലഭിച്ചപ്പോള്‍ 2019 മാര്‍ച്ചില്‍ 7132 കോടിയായി കുറഞ്ഞു. ആഭ്യന്തര ഡീസല്‍ വില്‍പ്പനമയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുനത്. 2020 മാര്‍ച്ചില്‍ ലാഭം അയ്യായിരം കോടിയോളം ആകുമെന്നാണ് അനുമാനം. വിപണി മൂല്യം ഉള്ളപ്പോള്‍ തന്നെ BPCL ഓഹരികള്‍ കൈമാറണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
പൊതുമേഖലയിലെ ലോജിസ്റ്റിക് കമ്പനിയായ കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ !ാഫ് ഇന്ത്യയുടെ ( Container Corporation of India -CONCOR ) 30 ശതമാനം മാത്രം ഓഹരികളാണ് വില്‍ക്കുന്നത്. സ്ട്രാറ്റെജിക് സെയില്‍ ആയതിനാല്‍ ഇതിന്റെ മാനേജ്‌മെന്റ് സ്വകാര്യ കമ്പനിക്കു കൈമാറും. പക്ഷേ, പ്രീമിയം ഓഹരികളായ 24 ശതമാനം സര്‍ക്കാരിന്റെ കൈവശം തന്നെയുണ്ടാകും. CONCOR ന്റെ പാര്‍ട്ണര്‍ ഇന്ത്യന്‍ റെയില്‍ വേയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലായതിനാല്‍ റെയില്‍ വേ CONCOR ന് വന്‍ ഡിസ്‌കൗണ്ടാണ് നിരക്കില്‍ നല്‍കുന്നത്. റെയില്‍ വേയുടെ ലാഭത്തിനെ ബാധിക്കുന്നതിനാല്‍ CONCOR ന്റെ മേല്‍ നോട്ടം സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കും. ഇതുവഴി ഖജനാവിന് ലഭിക്കുക 30,000 കോടി രൂപയാകും. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ( Shipping Corporation of India -SCI ) ഓഹരി വിറ്റഴിക്കുന്ന മറ്റൊരു കമ്പനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നവരത്‌ന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കമ്പനി പിന്നീട് ആഗോള ഷിപ്പിംഗ് കമ്പനികളുടെ കടന്നു വരവോടെ നഷ്ടത്തിലായി. സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ കമ്പനിയുടെ നഷ്ടം 40 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 124 കോടിയായിരുന്നു. ഈ കമ്പനിയുടെ 63 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ആഗോള ടെണ്ടര്‍ വിളിച്ചാലും ബിഡ് ചെയ്യാന്‍ അധികമാരും ഉണ്ടാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
നഷ്ടത്തിലായ കമ്പനികളുടെ ഓഹരി വാങ്ങാനും ഏറ്റെടുക്കാനും സ്വകാര്യ കമ്പനികള്‍ മടിക്കും. മാനേജ്‌മെന്റ് പിഴവുമൂലം നഷ്ടത്തിലായ കമ്പനികള്‍ക്ക് വിപണി മൂല്യം ലഭിക്കുമെങ്കിലും SCI ക്ക് ഈ ഇളവു ലഭിക്കില്ല.
യുപി സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായ തെഹ് രി ജല വൈദ്യുത കോര്‍പറേഷന്‍ ( Tehri Hydro Power Complex -THDC) മറ്റൊരു ഊര്‍ജ്ജ ഉല്‍പാദന വിതരണ കമ്പനിയായ നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷനുും( North Eastern Electric Power Corporation Limited – NEEPCO ) ഈ പട്ടികയില്‍ ഉണ്ടെങ്കിലും മറ്റൊരു പൊതുമേഖലാ സ്ഥാപനമായ NTPCയാണ് ഇവയുടെ ഓഹരികള്‍ വാങ്ങുക. തെഹ് രിയും നോര്‍ത്ത് ഈസ്റ്റും മിനിരത്‌ന പദവിയുള്ള കമ്പനികളാണ്. സാങ്കേതികമായി മാത്രമാകും ഇതിന്റെ ഓഹരി കൈമാറല്‍ സര്‍ക്കാരിന്റെ ഖജനാവിലേക്ക് നേരിട്ട് പണം എത്തുമെന്നതാണ് ഈ കൈമാറ്റത്തിന്റെ സവിശേഷത. ധനക്കമ്മി അനുപാതം ലക്ഷ്യത്തിലെത്തിക്കുകയാണ് ധനമന്ത്രാലയം ഇതുവഴി ലക്ഷ്യമിടുന്നത്.
ജിഡിപിയുടെ 3.3 ശതമാനമായി ധനക്കമ്മി നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നയം. നികുതി ഇനത്തില്‍ വരുമാനം കുറയുന്നതില്‍ നിന്നും രക്ഷപ്പെടുകയാണ് ഈ സ്ട്രാറ്റെജിക് സെയില്‍സ് മൂലം സാധിക്കുന്നത്. അതോടൊപ്പം ഖജനാവില്‍ നിന്ന് പണം അനാവശ്യമായി ചോരുന്നതും ഒഴിവാക്കപ്പെടും. പൊതുമേഖലയില്‍ വളരെ കുറവു സ്ഥാപനങ്ങള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവയുടെ ഭാരം ഒഴിവാക്കാനാകും മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനമാണ് എയര്‍ ഇന്ത്യയുടേയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റേയും ലയനം. ഇടതുപക്ഷത്തിന്റെ വാക്കു കേട്ട് ജീവനക്കാരെ പിരിച്ചു വിടാതെയായിരുന്നു ലയനം. മറ്റു വിമാനക്കമ്പനികളില്‍ സാധാരണ ഒരു വിമാനത്തിന് 120 ജീവനക്കാരാണ് ഉള്ളതെങ്കില്‍ എയര്‍ ഇന്ത്യയില്‍ ലയന ശേഷം ഇത് 250 ജീവനക്കാരായി മാറി. ഏറെ ലാഭം കിട്ടാവുന്ന ആഭ്യന്തര സര്‍വ്വീസില്‍ നിന്നും പിന്മാറിയ എയര്‍ ഇന്ത്യ വന്‍ കിടമത്സരവും ലോകോത്തര നിലവാരവുമുള്ള രാജ്യാന്തര സര്‍വ്വീസില്‍ ലക്ഷ്യം വെച്ചു. ഇതോടെ കമ്പനി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പ്രതിവര്‍ഷം 8000 കോടി രൂപയാണ് ശരാശരി എയര്‍ ഇന്ത്യ വരുത്തി വെയ്ക്കുന്ന നഷ്ട ം.
2007 ലെ ലയനത്തിനു ശേഷം 30,000 കോടി രൂപയാണ് ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കിയത്. വാജ്‌പേയി സര്‍ക്കാരാണ് ആദ്യമായി എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ തീരുമാനിച്ചത്. ടാറ്റ താല്‍പര്യം കാണിച്ചെങ്കിലും പിന്നീട് പിന്‍മാറി. നരേന്ദ്ര മോഡി സര്‍ക്കാരാണ് എയര്‍ ഇന്ത്യക്ക് വേണ്ടി വീണ്ടും രംഗത്ത് എത്തിയത്. ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടും ആരും എത്തിയില്ല.
2020 മാര്‍ച്ചോടെ എയര്‍ ഇന്ത്യയെ കൈമാറാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം. ബാധ്യതകള്‍ ഉള്‍പ്പടെയാണ് 100 ശതമാനം ഓഹരിക്കൈമാാറ്റത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 30,000 കോടി രൂപയുടെ കടം വീട്ടാന്‍ ബോണ്ടുകള്‍ ഇറക്കിയിട്ടുണ്ട്. Air India Assets Holdings Ltd (AIAHL) എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ സര്‍ക്കാര്‍ രൂപികരിച്ചിരുന്നു. സെപ്തംബര്‍ വരെ ഇതുവഴി 21,985 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ ടൈം ബോണ്ടുകള്‍ കാലാവധി തികയ്ക്കുമ്പോള്‍ എയര്‍ ഇന്ത്യ വിറ്റ ശേഷം പണം തിരിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുജനങ്ങളുടെ സ്വന്തമാണ്. ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല , ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ ക്ഷേമത്തിനാകണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, എയര്‍ ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു സേവനവും നല്‍കുന്നില്ല. പ്രതിവര്‍ഷം 8000 കോടി രൂപയോളം ശരാശരി നഷ്ടം വരുത്തിവെയ്ക്കുന്ന വെള്ളാനയെ എന്തിന് പൊതുജനം ചുമക്കണം. അതുപോലെ മറ്റൊരു എയര്‍ ഇന്ത്യയായേക്കാവുന്ന സ്ഥാപനങ്ങളും മൂല്യമുള്ളപ്പോള്‍ തന്നെ വിറ്റൊഴിക്കണം. വിറ്റൊഴിക്കുക തന്നെ വേണമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു.