മലയാള മാധ്യമ സംസ്കാരം എങ്ങോട്ട്?

3

കാലത്ത് ഉണർന്നു കൈ കാൽ മുഖം ശുചിയാക്കി വന്നാലുടൻ, പൂമുഖത്ത് എത്തി, കാത്തു കിടക്കുന്ന പത്രത്തിലേക്കാണ് ആദ്യം കയ്യെത്തുക. കൂട്ടിന് കയ്യിൽ ഒരു കപ്പ് ചൂട് കട്ടൻ കാപ്പിയും. സാധാരണ ഒരു ശരാശരി മലയാളിയുടെ ദിനചര്യ ഇങ്ങനെ ആരംഭിക്കുകയാണു പതിവ്. കുനിയനുറുമ്പു നിരയിട്ട പോലെ പ്രിൻ്റു ചെയ്തിരിക്കുന്ന കറുത്ത അക്ഷരങ്ങളിലൂടെയും ശീർഷകങ്ങളിലൂടെയും ദൃഷ്ടി പായുമ്പോൾ, ജനാധിപത്യത്തിൻ്റെ നാലാം തൂണെന്ന തത്വമൊന്നും,  മനസ്സിലോ ചിന്തയിലോ വന്നിരുന്നില്ല. തലേ ദിവസം നടന്നിട്ടുള്ള പ്രാദേശികവും ദേശിയവും അന്തർദേശീയവുമായ കാര്യങ്ങളെ ചൂടാറാത്ത വിധം അവതരിപ്പിച്ചിട്ടുണ്ടാവും അതിൽ, അത്രമാത്രം. വിജ്ഞാനവും വിലനിലവാരവും ചരമക്കോളവും നോക്കുന്നവർക്കും വേണ്ടതുണ്ടാവും.

തലേ ദിവസം പങ്കെടുത്ത പരിപാടിയുടെ ചിത്രവും വാർത്തയും പരതി പ്രാദേശിക പേജിലൂടെ ആർത്തിയോടെ കണ്ണോടിക്കാറുമുണ്ട്. ഏതായാലും ശരാശരി മലയാളിയുടെ നിത്യജീവിതത്തിൻ്റെ ആരംഭഭാഗം പത്രത്താളുകൾക്കിടയിലാവും. അന്ന് അതു വായിക്കുകയായിരുന്നു നിവൃത്തി. വാർത്തയറിയാൻ പിന്നെയുള്ളത് റേഡിയോ ആണ്. അതിനു പരിമിതിയുമുണ്ടല്ലോ!.

പത്രമാധ്യമങ്ങൾ അവർക്കു നിശ്ചയിച്ചിരിക്കുന്ന മാധ്യമധർമ്മത്തിൻ്റെ പരിധി ലംഘിക്കുന്നതായി തോന്നിയിട്ടുമില്ലെന്നതും വസ്തുത തന്നെ! അല്പസ്വല്പം സ്ഥാപിത താല്പര്യങ്ങൾ ഇല്ലാതെയുമില്ല എന്നും പറയാം. പക്ഷേ വായനക്കാരനോട് ഒരു നീതി പുലർത്തിയിരുന്നു. സാംസ്കാരിക, ധാർമ്മികത നിറഞ്ഞ പത്രങ്ങൾ വീടിൻ്റെ ഏതു ടേബിളിലും സധൈര്യം പ്രദർശിപ്പിക്കാമായിരുന്നു.

കാലം മാറി. വളർച്ചയും വികസനവും വീക്ഷണഗതികളും മാറി. തത്സമയ ചാനൽ വാർത്തകൾ ലോകത്തെ സമയബന്ധിതമായി കൂടുതൽ അടുപ്പിച്ചു. എല്ലാം തത്സമയം ദൃഷ്ടി വലയത്തിൽ. ലോകം കൈ വെള്ളക്കുള്ളിൽ എന്ന പ്രതീതി ജനിപ്പിക്കുന്ന വാക്ധോരണികൾ മാധ്യമ ധർമ്മമായി മാറി. ദ്രഷ്ടാവിനോടോ, ശ്രോതാവിനോടോ, നീതിപുലർത്തുകയെന്ന വ്യാജേന, കൂടുതൽ ജനശ്രദ്ധ തങ്ങളിലേക്കും ചാനലിലേക്കും ആകർഷിച്ച് റേറ്റിംഗ് കൂട്ടുകയെന്ന ലക്ഷ്യത്തിലേക്ക് പാഞ്ഞ് തുടങ്ങിയപ്പോ, മാധ്യമ ധർമം ചുരുങ്ങി കൂടി. ഇത് ചൂടു വാർത്തയുമായെത്തുന്ന അന്തിപ്പത്രത്തേക്കാൾ മ്ലേച്ഛമായ അവസ്ഥയിലേക്കു നീങ്ങി. മാധ്യമപ്രവർത്തകരാകട്ടെ, നിലമറന്ന് , ഉടമയേക്കാൾ വലിയ ഏതോ യജമാനൻമാരുടെ തല്പരകക്ഷികളായി മാറി.

പണ്ട് ചെറുപ്പത്തിൽ കൊലപാതകവും, പിടിച്ചുപറിയും, അനാശാസ്യവും, വാർത്തയാക്കിയിറക്കിയിരുന്ന ഒരു മഞ്ഞപ്പത്രത്തെപ്പറ്റി കേട്ടിട്ടുണ്ട്. അത് അധികമാരും വായിക്കാറില്ലെന്നു മാത്രമല്ല വീടുകളിൽ വരുത്താറില്ലായിരുന്നു. ഇന്ന് ചില സ്വകാര്യവാർത്താചാനൽ കണ്ടാൽ ഈ പഴയ പത്രത്തിൻ്റെ പ്രേതബാധയേറ്റ് നിലവിളിക്കും പോലെ തോന്നാറുണ്ട്. അരോചകം. ഇത് പത്ര പ്രവർത്തനം അല്ല എന്ന് അറിയുക. പത്രധർമ്മവുമല്ല.

തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി മാതൃകാപരമായി, കാഴ്ചക്കാരെയും, കേൾവിക്കാരെയും, വായനക്കാരെയും, നീതിപൂർവ്വം കാണാനും, മനസ്സിലാക്കാനും, സാധ്യമാകുന്നിടത്താണ് യഥാർത്ഥ പത്രപ്രവർത്തനം സാധ്യമാകുക. അതിനു കഴിയണം. അടുത്ത ദിവസം കണ്ട ഒരു വെറും കമൻ്റ് ഏറെ ചിന്തിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ നൽകുന്ന നിർദ്ദേശമായാണ് അതു പറയുന്നത്. ഒരാഴ്ചക്കാലത്തേക്ക് കുട്ടികൾ സ്കൂൾ അസംബ്ലിയിലേക്ക് പത്രവാർത്തകൾ തയ്യാറേക്കേണ്ടതില്ലത്രേ! സംഗതി തമാശയാണെങ്കിലും നമ്മുടെ മാധ്യമപ്രവർത്തകർ സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കുറിപ്പു തന്നെ ആണ് ഇത്.

ഇത്രയേ പറയുവാനുള്ളു;  നടുത്തളത്തിൽ ഉറക്കെ ശബ്ദിച്ചു കൊണ്ടിരുന്ന ടി.വി ഇന്ന് പല വീടുകളിലും സംസ്കാര ശൂന്യമായ വാർത്തകളിൽ കുമിഞ്ഞു കൂടിയ നിലയിൽ, നിശ്ശബ്ദതയിലാണ്ടിരിക്കുന്നു. ഇനിയെങ്കിലും ജനാധിപത്യമാകുന്ന ശ്രീകോവിലിൽ നിന്നും നല്ല നാദവും, സുഗന്ധവും, ഉയർന്നു കേൾക്കട്ടെ. നമ്മുടെ സംസ്കാരത്തിൻ്റെ ശ്ലീല സ്വഭാവം ഉണർന്നു പ്രവർത്തിക്കട്ടെ..!

പി.എസ് മനോജ് കുമാർ

3 COMMENTS

  1. This post is fantastic! Your clear and concise explanations make it easy to grasp even the more complex aspects of the topic. The practical examples you provided were very helpful. Thank you for sharing your knowledge and expertise with us.

  2. Utmerket stykke! Din grundige oppsummering er sterkt verdsatt. Jeg ser nå saken fra en annen vinkel takket være dine innsiktsfulle kommentarer. Du gjorde dine poeng veldig tydelige med eksemplene du inkluderte. Jeg er takknemlig for at du skrev dette.

  3. For en utmerket artikkel! Å lese den var virkelig lærerikt for meg. Du ga ekstremt godt organisert materiale, og dine forklaringer var både klare og korte. Din tid og energi brukt på forskning og skriving av denne artikkelen er sterkt verdsatt. Enhver som er interessert i dette emnet vil uten tvil dra nytte av denne ressursen.

LEAVE A REPLY

Please enter your comment!
Please enter your name here