കമ്യൂണിസ്റ്റു പ്രൊപ്പഗാണ്ടകളുടെ യഥാർത്ഥ ഇരകൾ ആരാണ് ?ഹിന്ദു മാത്രമോ അതോ പൊതുസമൂഹമോ ?

0

കമ്യൂണിസ്റ്റു ചരിത്രകാരന്മാർക്കു ഏറ്റവും ഇഷ്ടമുള്ള ഗ്രന്ഥങ്ങളാണ് മനുസ്മൃതിയും കൽഹണന്റെ രാജതരംഗിണിയും. കാരണം മനുസ്മ്രിതിയിൽ ഉള്ള വിവേചനാത്മകമായ ഭാഗങ്ങൾ മാത്രം കട്ട് ആൻഡ് പേസ്റ്റ് നടത്തി വൈദിക സമൂഹങ്ങളിലെ ജാതി വിവേചനവും സ്ത്രീവിവേചനവും മാത്രം പൊക്കി പിടിച്ചു അതിലെ നന്മകൾ അപ്പാടെ തിരസ്കരിച്ചു ഹൈന്ദവ സമൂഹത്തെ മർദിച്ചു കൊണ്ടേ ഇരിക്കാനുള്ള നല്ല വടിയാണത്. രാജതരംഗിണിയിൽ ശൈവരും വൈഷ്ണവരുമൊക്കെ ബൗദ്ധരെ ആക്രമിച്ച പല കഥകളും വായിക്കാം – വൈദിക മതസ്ഥരായ രാജാക്കന്മാർ ബൗദ്ധരെ ആക്രമിച്ചു അധിനിവേശം നടത്തിയവരാണ് എന്ന് നിരന്തരം ആവർത്തിച്ചു വൈദികരെയും ഹിന്ദുമതത്തെയും പ്രാകൃത ഭീകരവാദികളാക്കി പൊതുബോധത്തിൽ നിരന്തരം ബീഭൽസീകരിക്കാൻ രാജതരംഗിണി ഉത്തമം.

എന്നാൽ അവർ ഒരിക്കലും ചർച്ചയ്‌ക്കെടുക്കാത്ത ബൗദ്ധ ഗ്രന്ഥമാണ് “ആശോകവദന”. കാരണം അതിൽ ബുദ്ധമതം സ്വീകരിച്ചതിനു ശേഷമുള്ള അശോകനും ബൗദ്ധരും ബുദ്ധനെ ചിത്രരചനയിലൂടെ അപമാനിച്ചു എന്ന വ്യാജേന ആജീവകരെ (ബംഗാൾ തൊട്ടു തമിഴ്‌നാട് വരെ ഇന്ത്യയിലെ പലയിടത്തും പ്രബലമായിരുന്നു നാസ്തിക മതം ) കൂട്ടക്കൊല നടത്തിയും കോൺസെൻട്രേഷൻ ക്യാമ്പുകൾക്കു സമാനമായ ടോർച്ചർ സെല്ലുകൾ സൃഷ്ടിച്ചും ഉന്മൂലനം ചെയ്തതു വർണിക്കുന്നു. കമ്യൂണിസ്റ്റു ചരിത്രകാരന്മാർക്കു ആ വംശഹത്യകളൊന്നും വിശ്വാസയോഗ്യമല്ലാത്ത അതിഭാവനയാണ്. അവർ ഔറംഗസേബിന്റെ കാലത്തുള്ള വ്യക്തമായ ഫിർമാനുകളും എഴുത്തുകളും ചർച്ചയ്‌ക്കെടുക്കില്ല കാരണം അതിൽ ഇന്ത്യയിൽ പലയിടത്തു നിന്നും കാളവണ്ടികളിൽ ധ്വംസിച്ച ക്ഷേത്രങ്ങളുടെ പ്രതിമകൾ കൊണ്ടുവന്നു ജുമാ മസ്ജിദിന്റെ പടികളിൽ കുഴിച്ചു മൂടി വിശ്വാസികൾക്ക് കാഫിറിന്റെ ദൈവങ്ങളുടെ മുകളിൽ ചവിട്ടിക്കേറി നിസ്കരിക്കാൻ സൗകര്യമൊരുക്കിയ വസ്തുത കാണാം. ഇസ്‌ലാമിലേക്ക് മതം മാറാൻ ആണിനും പെണ്ണിനും തലയ്ക്കു ഇത്ര പണം എന്ന് രാജ്യമൊട്ടാകെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു നടപ്പിലാക്കിയത്‌ കാണാം. ജിസ്യയെ പോലും നാണിപ്പിക്കുന്ന ക്രൂരതകൾ ആയിരുന്നു പലതും . ജീവിതകാലം മുഴുവൻ “ജലാൽ ഉദ് ദീൻ” (ദീനിന്റെ ശോഭ) എന്ന നെറ്റിപ്പട്ടം കെട്ടിനടന്ന അക്ബറിന്റെ ഒരിക്കലും പച്ച പിടിക്കാത്ത ദീൻ ഇ ഇലാഹി എന്ന സംരഭം സ്വയം മെഹ്ദി (സാമുദായിക ഗുരു) ആയി കാലക്രമേണ പരിണമിക്കാൻ ഉള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു എന്നവർ പറയില്ല, റാണാ സംഘയെ തോൽപ്പിച്ച അക്ബർ “ഗാസി” (വിശ്വാസത്തിന്റെ പോരാളി) എന്ന സ്ഥാനപ്പേര് ഏറ്റെടുത്തത്‌ പറയില്ല , ബാബർ ഇന്ത്യൻ ഭൂഖണ്ഡത്തെ കീഴടക്കാൻ ശ്രമിച്ചത് “സാഹിർ അൽ ദീൻ” (ദീനിന്റെ പോഷകൻ) എന്നും ഗാസി എന്നും സ്ഥാനപ്പേരുകൾ ഏറ്റെടുത്തുകൊണ്ടായിരുന്നു എന്നവർ പറയില്ല.

No photo description available.

അവർ ഫ്രാൻസിസ്കൻ മിഷിനറികളുടെ പ്രേരണയിൽ ഗോവയെ ക്രിസ്തീയവൽക്കരിക്കാൻ പോർച്ചുഗീസുകാർ വടക്കൻ ഗോവയിലും തെക്കൻ ഗോവയിലും 300 വീതം ക്ഷേത്രങ്ങൾ ധ്വംസിച്ചതു പറയില്ല , Inquisição de Goa എന്നറിയപ്പെട്ട പ്രക്രിയയിൽ ഇൻക്വിസിഷനുകളിൽ (മത വിചാരണ കോടതികളിൽ ) മതം മാറ്റപ്പെട്ട ഹൈന്ദവർ പൂർവാചാരങ്ങൾ അനുഷ്ഠിച്ചാൽ കൊന്നു തള്ളപ്പെട്ടതു പറയില്ല, കൊങ്കണി ബ്രാഹ്മണർ പ്രാണഭയം മൂലം ദേവനെയും തിരുവാഭരണങ്ങളെയും മാത്രം മുറുക്കിപിടിച്ചു സകല സ്വത്തുക്കളും ഉപേക്ഷിച്ചു ഇന്ത്യയുടെ പലഭാഗങ്ങളിലേക്കു കാശ്മീരി പണ്ഡിറ്റുകളെ പോലെ പാലായനം ചെയ്ത കഥകൾ അവർ പറയില്ല , ഇതെല്ലാം അതിജീവിച്ചു അവിടെ തുടർന്നവർക്കു ഇസ്‌ലാമിക ജിസ്യക്കു തുല്യമായ Xenddi എന്ന ക്രിസ്ത്യൻ വിവേചന കരം കൊടുത്തു ജീവിക്കേണ്ടി വന്ന കഥ പറയില്ല.

കാരണം അവർക്കു രാഷ്ട്രീയ ആവശ്യങ്ങൾക്കായി പൊതുബോധത്തിൽ “ഇര” എന്നും മുസ്ലീമും ക്രിസ്ത്യാനിയും ദളിതനും മാത്രമായിരിക്കണം. ഹൈന്ദവരും പ്രത്യേകിച്ച് ഹൈന്ദവ ധാർമികത സമൂഹത്തിൽ നിലനിർത്തുന്ന വൈദികരും എന്നും ഭീകരവാദികൾ മാത്രമാണെന്ന് സൃഷ്ടിച്ചെടുക്കണം. ഇന്ത്യൻ ചരിത്രം സത്യസന്ധമായി പരിശോധിച്ചാൽ അറിയാം ഇന്ത്യയിൽ എല്ലാ വിഭാഗക്കാരും ക്രൂരതകൾ ചെയ്തിട്ടുണ്ട് എന്ന്. അതിന്റെ പരിണിതഫലമായി സമുദായങ്ങൾ തമ്മിൽ അവിശ്വാസവും ഭയങ്ങളും ഉടലെടുത്തിട്ടുണ്ട്…അവ ഏറ്റക്കുറച്ചിലോടെ തുടരുകയും ചെയ്യുന്നു.

എന്നാൽ ചിലരുടെ ഭയം സാധുവും ചിലരും ഭയം അവഗണിക്കപ്പെടേണ്ടതും ആയിരിക്കണം എന്ന പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഒരു രാഷ്ട്രീയത്തിന്റെ അടവുനയം മാത്രമാണ്. പണവും പ്രലോഭനവും ഭീഷണിയും ഉപയോഗിച്ച് മതപരിവർത്തനങ്ങൾ നടക്കുമ്പോൾ സമകാലിക ഹിന്ദു അതിനെ വിമർശിക്കാത്ത ഷണ്ഡൻ ആയി നിന്നാൽ മാത്രമേ അവൻ യഥാർത്ഥ ഹിന്ദുവാകുകയുള്ളൂ അല്ലാത്തവരെല്ലാം ഭീകരവാദികളായ സംഘികൾ ആണ്.

പ്രത്യക്ഷമായും പരോക്ഷമായും ഇരകളും ഹിംസകരും ഇന്ത്യയിലെ എല്ലാ പ്രബല സാംസ്കാരിക പരിസരത്തിലും ഉണ്ടായിട്ടുണ്ട്.. ഇന്നും ഉണ്ട്.. എന്ന വസ്തുത സമകാലിക പൊതുബോധം ഉൾക്കൊള്ളണം. കാരണം സത്യസന്ധമായി സമൂഹത്തിൽ ഹിംസയും വിവേചനവും അവസാനിക്കണമെങ്കിൽ, സമുദായങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും സാമുദായിക മൈത്രിയും വളരണമെങ്കിൽ എല്ലാവരും അവരവരുടെ സമുദായങ്ങളുടെ തെറ്റുകളെ അംഗീകരിച്ചു പരസ്പരം പൊറുത്തു ആ തെറ്റുകൾ ആവർത്തിക്കപെടാതെ മുന്നോട്ട് നീങ്ങണം. സത്യങ്ങൾ ഉൾക്കൊണ്ട് സാമുദായിക വകഭേദങ്ങളില്ലാതെ എല്ലാ ഹിംസകരെയും പീഡകരെയും ചൂഷകരെയും ഒരു ആധുനിക സമൂഹത്തിനു ഒന്നിച്ചു ഒരു പോലെ ഖണ്ഡിക്കാൻ സാധിക്കണം.

എന്നാൽ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യം മാത്രം ലക്ഷ്യമിട്ടു മതാത്മകമായി ജീവിക്കുന്ന സഖാക്കൾക്ക്, അവർക്കു രാഷ്ട്രീയ ഗുണമുള്ള ഇരകളെ മാത്രം വാർത്തെടുക്കുന്ന രാഷ്ട്രീയ പ്രൊപ്പഗാണ്ടകൾ പടച്ചു വിടുന്നതിൽ മാത്രമേ താല്പര്യമുള്ളൂ ….അവർക്കു സത്യം ഒരു പരിഗണനയേ അല്ല.

LEAVE A REPLY

Please enter your comment!
Please enter your name here