പ്രബുദ്ധതയും പൗരബോധവും കൈമുതലായുള്ള ഏതൊരു ഭാരതീയനും വളരേയേറെ സുപരിചിതമായ ഒരു പേരായിരിക്കും ജോർജ് ഫെർണാണ്ടസ്. മംഗളൂരു സ്വദേശി ആയ അദ്ദേഹം ജനതാദൾ പാർട്ടിയുടെ മെമ്പറും സമത പാർട്ടിയുടെ സ്ഥാപകനും ആയിരുന്നു. റെയിൽവേ, വ്യവസായം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ മന്ത്രിസ്ഥാനം കൈകാര്യം ചെയ്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അദ്വാനിജിയെ പോലെയുള്ള സമുന്നത നേതാക്കൾ എല്ലാം തന്നെ വലിയ ഒരു പോരാളി എന്ന നിലയിൽ ആണ് അദ്ദേഹത്തെ ഓർക്കുന്നത്. 29 ജനുവരി 2019-ൽ അദ്ദേഹ നമുക്ക് ഏവർക്കും ഒരു ഓർമയായി മാറി, ആ വേർപാടിന്റെ വേദനയിൽ നിന്നുകൊണ്ട് തന്നെ നമുക്ക് നോക്കാം, ഇക്കാലമത്രയും അദ്ദേഹത്തിന് നേരേ പ്രതിപക്ഷ ശക്തികൾ ഉന്നയിച്ച് വന്ന അസത്യ പ്രചരണങ്ങളും, അരോപണങ്ങളും. അവയോരോന്നിലെയും കാപട്യങ്ങളെ തലനാരിഴ കീറി പരിശോധിക്കുക വഴി ആ മഹത് വ്യക്തിത്വത്തോട് നീതി പുലർത്തേണ്ട ധാർമ്മിക ഉത്തരവാദിത്വം ഭാരതീയർ എന്ന നിലയിൽ നമ്മളിൽ ഓരോരുത്തരിലും നിക്ഷിപ്തമാണ്.
പ്രതിരോധ മന്ത്രി ആയി സേവനം അനുഷ്ഠിച്ചിരുന്ന കാലത്തു ജോർജിന്റെ പേരിൽ ഉണ്ടായ “കോഫിൻ ഗേറ്റ്” എന്ന വിവാദത്തെ കുറിച്ച് നമുക്ക് പലർക്കും അറിവുളളതായിരിക്കുമല്ലോ. കേസിന്റെ ആദ്യ ഘട്ടത്തിൽ ജോർജിനെ പ്രതി ചേർത്തിരുന്നു എങ്കിലും പിന്നീട് അദ്ദേഹത്തിന് സുപ്രീം കോടതി “ക്ലീൻ ചിറ്റ്” നൽകുകയായിരുന്നു. കാർഗിൽ യുദ്ധ കാലത്തു (1999) ജവാൻമാരുടെ മൃതശരീരം കൊണ്ട് വരുന്നതിനായി അലൂമിനിയം കാസ്കേറ്റ് അഥവാ കോഫിൻ, യൂ എസ് കമ്പനി ആയ ബിയൂട്രോൺ & ബൈസ എന്ന കമ്പനിയിൽ നിന്ന് അധിക വിലക്ക് വാങ്ങുവാൻ അനുമതി നൽകി എന്നുള്ളതായിരുന്നു ജോർജിന് മേലെ ഉന്നയിക്കപെട്ട കുറ്റാരോപണം. പ്രസ്തുത വിവാദത്തിന്റെ അണിയറയിൽ നടന്നതും അധികമാർക്കും അറിവില്ലാത്തതുമായ കുറച്ചു സത്യങ്ങളിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.
2001 ൽ പ്രതിപക്ഷമായിരുന്ന, സോണിയ ഗാന്ധി അധ്യക്ഷയായ കോൺഗ്രസ് സഖ്യം, ബിജെപി നയിച്ചിരുന്ന NDA സർക്കാരിനെതിരെ പാർലിമെന്റിൽ ഈ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ അഴിമതി നടന്നിട്ടുണ്ട് എന്നതായിരുന്നു ആദ്യത്തെ ആരോപണം. അതിൽ പ്രധാനമായും ചൂണ്ടി കാണിക്കപെട്ടത് കോഫിൻ ഇടപാട് ആയിരുന്നു. സി എ ജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരു അലൂമിനിയം കാസ്കേറ്റിന്റെ വില കേവലം $172 ആണെന്നും, എന്നാൽ NDA സർക്കാർ അത് വാങ്ങിയത് $2500 ആണെന്നും ഇതുവഴി വലിയ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട് എന്നുമായിരുന്നു മേൽപറഞ്ഞ ആരോപണത്തിന്റെ സംഗ്രഹം. ഇനി ഈ വിവാദത്തിന്റെ നാൾവഴികൾ എങ്ങനെ ആയിരുന്നു എന്ന് നമുക്ക് ഒന്ന് നോക്കാം,
- 1994 ഇൽ സൊമാലിയയിൽ നടന്ന മോർട്ടാർ ആക്രമണത്തിൽ 7 ഇന്ത്യൻ ഡോക്ടറുമാർ കൊല്ലപ്പെട്ടു.
- ഈ കാലത്ത്, പോസ്റ്റ്മോർട്ടം കഴിഞ്ഞു ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ എത്തിക്കാൻ ഉപയോഗിച്ചിരുന്നത് മരത്തിന്റെ കാസ്കേറ്റുകൾ ആയിരുന്നു. ഇത്തരത്തിൽ ഉള്ള കോഫിനുകളിൽ മൃതദേഹങ്ങൾ കേടുപാട് കൂടാതെ സൂക്ഷിക്കാൻ വേണ്ട സംവിധാനങ്ങൾ ഇല്ലാത്തതിനാൽ, ഇത്രയും ദൂരം കൊണ്ടുവരുമ്പോഴേക്ക് കഷ്ടിച്ചു ആ ദേഹം ഉണ്ടെങ്കിൽ ആയി എന്നതായിരുന്നു അക്കാലത്തെ അവസ്ഥ.
- മേൽപറഞ്ഞ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമാർട്ടം ചെയ്യാൻ അന്ന് സൊമാലിയയിൽ നിയമിതരായിരുന്നത് ഇന്ത്യൻ പാത്തോളജിസ്റ് ആയ ഡാനിഷും, യൂ എന്നിലെ വിക്ടോറിയ ബൈസയും ആണ്.
- അക്കാലത്ത് പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ സൂക്ഷിക്കാൻ അവർ അവിടെ ഉപയോഗിരിച്ചിരുന്നത് പ്രസ്തുത വിവാദത്തിന്റെ ആധാര ശിലയായ പുനരുപയോഗപ്രദമായ അലൂമിനിയം കാസ്കേറ്റുകൾ ആയിരുന്നു.
മേൽപറഞ്ഞ 7 ഡോക്ടർമാരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിന് ശേഷം അലുമിനിയം കോഫിനുകളിൽ ആക്കി ബൈസ ഇന്ത്യയിലേക്ക് അയച്ചു, ഒപ്പം ഒരു കുറിപ്പും – “ആവശ്യം കഴിഞ്ഞ് കോഫിനുകൾ തിരിച്ച് അയക്കുകയില്ലെങ്കിൽ കോഫിൻ ഒന്നിന് $2000 വീതം ഈടാക്കുന്നത് ആയിരിക്കും” എന്നായിരുന്നു കുറിപ്പിൽ ബൈസ കുറിച്ചിരുന്നത്. ഇതിനെ ചൊല്ലി അക്കാലത്ത് ചെറിയ തർക്കങ്ങൾ ഒക്കെ ഉണ്ടായെങ്കിലും അന്നത്തെ പ്രതിരോധ മന്ത്രിയായ നരസിംഹ റാവു കാസ്കേറ്റുകൾ അവർക്ക് തിരികേ കൊടുത്തയച്ചു.
പിന്നീട് കാർഗിൽ യുദ്ധകാലത്ത് ജോർജ് ആണ് പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത്. അക്കാലത്ത് “സൈനികരുടെ മന്ത്രി” എന്നറിയപ്പെട്ടിരുന്ന ജോർജ് തന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് തന്നാൽ ആവുന്ന എല്ലാ സഹായങ്ങളും നമ്മുടെ സൈനികർക്ക് ആയി ചെയ്ത് കൊടുത്തിരുന്നു. യുദ്ധത്തിൽ വീരമൃത്യു വരിച്ച നമ്മുടെ ജവാന്മാരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് കേടുപാടുകൾ കൂടാതെ എത്തിക്കാൻ ആവശ്യമായ അലൂമിനിയം കാസ്കേറ്റുകൾ തേടി 1995 മുതൽ 1998 വരെ ഇന്ത്യ ബൈസക്ക് കത്തുകൾ എഴുതി. പക്ഷേ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം അവർ മനസ്സിലാക്കാതെ പോയ ഒരു കാര്യം എന്തായിരുന്നു എന്നാൽ ബൈസ കേവലം ഒരു റിട്ടയേർഡ് സൈനികൻ ആയിരുന്നു എന്നും, പിന്നീട് ഒരു മോർച്ചറിൻ ആയി മാറിയതാണ് എന്നുമുള്ള വസ്തുത ആയിരുന്നു. യഥാർത്ഥത്തിൽ അലൂമിനിയം കാസ്കേറ്റുകൾ നിർമിച്ചിരുന്ന കമ്പനിയുമായി ബൈസക്ക് യാതൊരു വിധ ബന്ധവും ഇല്ലായിരുന്നു. എന്നാൽ ഇന്ത്യയുടെ ഈ സാഹചര്യം നല്ലപോലെ മുതലെടുത്ത ബൈസ സ്വന്തമായി പുതിയ കമ്പനിക്ക് രൂപം നൽകുകയും, ഇത്തരം കോഫിനുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമല്ല എന്നും, അത്യാവശ്യം എങ്കിൽ തന്റെ കമ്പനി വേണമെങ്കിൽ ഇത്തരം കോഫിനുകൾ നിർമ്മിച്ച് നൽകാൻ സന്നദ്ധമാണ് എന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി ഓഗസ്റ്റ് 1999 ഇൽ ബൈസ ഇന്ത്യ സന്ദർശിക്കുകയും 500 കാസ്കേറ്റുകളും 3000 ബോഡി ബാഗുകളും നിർമ്മിച്ച് നൽകാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. ഒരു കാസ്കേറ്റിനു അന്ന് പറഞ്ഞുറപ്പിച്ച വില $2663, ഒരു ബോഡി ബാഗിന് $80 എന്നിങ്ങനെ ആയിരുന്നു. പക്ഷേ കാസ്കേറ്റുകൾ ഇന്ത്യയിൽ എത്തിയ സമയം കൊണ്ട് കാർഗിൽ യുദ്ധം അവസാനിച്ചിരുന്നു അതുകൊണ്ട് തന്നെ അവയൊന്നും പ്രയോജനപ്പെട്ടതുമില്ല.
ഇതിനു ശേഷം കാസ്കേറ്റുകളുടെ ഭാരം തെറ്റാണെന്നും മറ്റും പറഞ്ഞു വേറെയും ചില തർക്കങ്ങൾ ഉണ്ടായി. അങ്ങനെ അവസാനം കാസ്കേറ്റുകൾ വാങ്ങുന്ന പരിപാടിയും തർക്കങ്ങളും എല്ലാം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചവറ്റു കോട്ടയിൽ എറിഞ്ഞു. ഇതെല്ലാം അവസാനിപ്പിക്കുന്നതിന് മുൻപ് ഈ ഉദ്യോഗസ്ഥർ മേലധികാരികളുമായി ചർച്ച ചെയ്യാത്തതിനാൽ ഈ സത്യങ്ങളെല്ലാം അന്ന് മൂടി വെക്കപെട്ടു.
പിന്നീട് 2001 ൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അന്നത്തെ എൻഡിഎ സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ ഈ കാസ്കേറ്റുകൾ കൂടാതെ തെർമൽ ഇമേജർ, സ്നോസ്യൂട്ട് എന്നിവയും കൂട്ടിച്ചേർക്കുകയുണ്ടായി. അന്ന് കോൺഗ്രസ് സഖ്യം ഹാജരാക്കിയ റിപോർട്ടുകളിൽ പറഞ്ഞിരുന്നത് പ്രസ്തുത ക്രമക്കേടിൽ വലിയൊരു പങ്ക് പ്രധാനമന്ത്രി വാജ്പയീക്കും പ്രതിരോധ മന്ത്രി ജോർജിനും ആണ് എന്നായിരുന്നു. എന്നാൽ പ്രതിരോധ മേഖലയിൽ 5 കോടിയുടെ താഴെ ഉള്ള ഇടപാടുകൾ നടത്താൻ പ്രതിരോധ മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല എന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബൈസയുടെ കമ്പനി കോഫിൻ ഒന്നിന് വില $2663 എന്ന് രേഖപ്പെടുത്തിയ ക്വട്ടേഷൻ നൽകിയിരുന്നു എന്നുമുള്ള വസ്തുതകൾ കോൺഗ്രസിന്റെ റിപ്പോർട്ടിൽ അവർ മനഃപൂർവം തന്നെ മറച്ചുവെച്ചു. യഥാർത്ഥത്തിൽ വാടകക്ക് ലഭിച്ചിരുന്ന കാസ്കേറ്റുകളുടെ വില ആയിരുന്നു ഒരെണ്ണത്തിന് $172 എന്ന സത്യവും കോൺഗ്രസ് സഖ്യം മറച്ചു വെക്കുകയായിരുന്നു.
ഓരോ തവണ ജോർജ് തന്റെ നിരപരാധിത്വം തെളിയിക്കാൻ പാർലമെൻറിൽ ശബ്ദം ഉയർത്തിയപ്പോഴും “കാഫീൻ ചോർ” (കോഫിൻ കള്ളൻ) എന്ന് വിളിച്ചു അദ്ദേഹത്തിന്റെ വാക്കുകളെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷ സഖ്യം അടിച്ചമർത്തി. ഇതിനെ തുടർന്ന് 2004 ൽ ജോർജിന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. “സൈനികരുടെ മന്ത്രി” എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പാർലിമെന്റിൽ നിർദാക്ഷിണ്യം അപമാനിക്കപെടുകയും, നിന്ദ്യവും ക്രൂരവുമായ വാക്കുകളുടെ ശരങ്ങളാൽ വ്രണിതനായി തല കുനിച്ച് നിൽക്കേണ്ടതുമായ ദുരവസ്ഥ സംജാതമായി. പിന്നീട് 2006 ൽ അദ്ദേഹത്തിന് എതിരേ കേസ് ചാർജ് ചെയ്യപെട്ടു. 2013 ഇൽ സ്പെഷ്യൽ സി ബി ഐ, തെളിവുകൾ ഇല്ല എന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. 2015 ഇൽ സുപ്രീം കോടതി ജോർജിനും വാജ്പയീക്കും ക്ലീൻ ചിറ്റ് നൽകി. കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ പേര് പറഞ്ഞു സോണിയ ഗാന്ധിയുടെ പ്രതിപക്ഷം ഈ കള്ള അഴിമതി ആരോപണത്തിലൂടെ ജോർജിനെ അപകീർത്തിപ്പെടുത്താൻ നോക്കുകയായിരുന്നു. 9 കൊല്ലങ്ങൾക്കു ശേഷം കോടതിയിൽ നിന്നും നീതി ലഭിച്ചപ്പോൾ അദ്ദേഹത്തിന് അൾസൈമേഴ്‌സ് ബാധിച്ചിരുന്നു. മറവിയുടെ രോഗം ആയതിനാൽ ജോർജിന് തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത് പോലും തിരിച്ചറിയാനുള്ള മാനസികനില ഉണ്ടായിരുന്നില്ല എന്ന വേദനിപ്പിക്കുന്ന സത്യത്തിന്റെ മുൾമുനകൾ ഇന്നും ഈ രാജ്യത്തെ ഓരോ പൗരനെയും കുത്തി നോവിക്കാൻ തക്കവണ്ണം മൂർച്ചയുള്ളതാണ്.
ഇതൊക്കെ ആദ്യമായി കേൾക്കുന്ന കാര്യങ്ങൾ ആണ് …