അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് എന്നറിയപ്പെടുന്ന സിറാജിന്റെ 10.43 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടുകയാണ്. മുമ്പ് കണ്ടുകെട്ടിയ 8.81 കോടി രൂപയുടെ കൂടെ കഴിഞ്ഞദിവസം 1.62 കോടി രൂപ കൂടി കണ്ടുകെട്ടുകയായിരുന്നു. അഴിമതിക്കാരായ മന്ത്രിമാർക്കൊപ്പം ചേർന്ന് കോടികൾ സമ്പാദിച്ചു കൂട്ടിയ സൂരജിനെതിരെ അന്വേഷണ ഏജൻസികൾക്ക് കാര്യമായ നടപടിയെടുക്കാൻ സാധിക്കാതെ പോയത് ഇടതു-വലതു മുന്നണികളിൽ നിന്നും ലഭിച്ച രാഷ്ട്രീയ സംരക്ഷണമായിരുന്നു. കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ് ടി ഒ സൂരജ് എന്നാണ് വിലയിരുത്തൽ.
പാലാരിവട്ടം കേസിൽ മുസ്ലിം ലീഗ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞുമായി ചേർന്ന് നടത്തിയ വൻ അഴിമതിയിലാണ് ഇപ്പോൾ സിറാജ് എന്ന സൂരജ് കുടുങ്ങുന്നത്.
ഇദ്ദേഹത്തിന്റെ പേരിൽ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം സ്‌പെഷ്യൽ സെൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇ.ഡി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേസെടുത്തത്. പാലാരിവട്ടം പാലം അഴിമതിക്കേസിലാണ് വിജിലൻസ് കേസ്. കുടുംബാംഗങ്ങളുടെ പേരിലും സഹായികളായ ബിനാമികളുടെ പേരിലും ഒട്ടേറെ ഭൂമിയും വാഹനങ്ങളും വാങ്ങിക്കൂട്ടിയെന്ന് ഇ.ഡി. അന്വേഷണത്തിൽ തെളിഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം ഇയാളുടെ വസ്തുവകകളും ബാങ്കുകളിലെ സ്ഥിരം നിക്ഷേപങ്ങളും ഓഹരി നിക്ഷേപങ്ങളുമാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്തു സമ്പാദന കേസിലാണ് നടപടി. സൂരജിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. വനംവകുപ്പ് റേഞ്ചറായി 1980ൽ ജോലിക്കു കയറിയ ഇയാൾക്ക് 94ൽ ആണ് ഐഎഎസ് ലഭിച്ചത്. ഇയാൾക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് ആദ്യം കേസ് എടുത്തത്. പിന്നീട് ഇ ഡി കേസ് ഏറ്റെടുത്തു.
ടി.ഒ. സൂരജിന്റെ മകൾ ഡോ. എസ്. റിസാന ഉൾപ്പെടെ നാലു പേർക്കെതിരേ ഭൂമിതട്ടിപ്പിന് മാറാട് പൊലീസ് കേസെടുത്തിരുന്നു. റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നല്കി വഞ്ചിച്ചെന്നായിരുന്നു ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രന്റെ പരാതി. കോടികളുടെ പാലാരിവട്ടം ഫ്‌ളൈ ഓവർ അഴിമതിക്കേസിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനൊപ്പം സൂരജിനെയും അറസ്റ്റ് ചെയ്തിരുന്നു.
വനംവകുപ്പിൽ റേഞ്ച് ഓഫീസറായി സർക്കാർ ജോലിയിൽ കയറിയ ടി ഒ സൂരജ് കോടികൾ സമ്പാദിക്കുന്ന പദവിയിലേക്ക് കുതിച്ചത് അതിവേഗമായിരുന്നു. ജോലിക്ക് കയറുമ്പോൾ സൂരജിന് ഉണ്ടായിരുന്നത് വെറും നാല് ലക്ഷം രൂപയുടെ സമ്പാദ്യമായിരുന്നു. കൊട്ടാരക്കരയിലുണ്ടായിരുന്ന കുടുംബ സ്വത്തായിരുന്നു അത്. എന്നാൽ, അധികാരത്തിൽ കയറിയപ്പോൾ മുതൽ കോടികൾ സമ്പാദിച്ചു കൂട്ടിയ സൂരജ് ഐഎഎസ് പദവിയിൽ എത്തിപ്പിടിച്ചതും രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലായിരുന്നു. ലീഗ് നേതൃത്വം തന്നെയായിരുന്നു സൂരജിനെ കൺഫേഡായി ഐഎഎസ് പദവി നൽകിയത്. ഇതോടെ അദ്ദേഹം അഴിമതിയുടെ ആൾരൂപമായി മാറുകയും ചെയ്തു. വിവിധ തസതികകളിൽ ഇരുന്ന് അനധികൃതമായി സൂരജ് സമ്പാദിച്ചു കൂട്ടിയത് നൂറ് കോടിയിലേറെ വിലമതിക്കുന്ന സ്വത്തുവകകൾ ആയിരുന്നു.
സൂരജിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള അനധികൃത സമ്പാദ്യമായ ഈ സ്വത്തുക്കളെല്ലാം ജപ്തിചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടതോടയാണ് സൂരജിന്റെ പൂർവ്വകാലവും ചർച്ചയാകുന്നത്. കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്ത് അഴിമതി സംഘങ്ങളുമായി സൂരജ് കൂട്ടുചേർന്നു. കോഴിക്കോട് കലക്ടറായിരിക്കേ മാറാട് കലാപത്തിൽ ആരോപണ വിധേയനായതോടെയാണ് അദ്ദേഹം രാഷ്ട്രീയ നേതൃത്വവുമായി ബന്ധം സുദൃഢമാക്കിയത്. ലീഗായിരുന്നു ഈ ബന്ധത്തിൽ എല്ലാ സഹായവും നൽകി വന്നത്.
സൂരജ് എന്ന ഹിന്ദു പേരിൽ അറിയപ്പെട്ട സിറാജിൽ നിന്ന് മാറാട് കലാപത്തിലെ ഇരകൾ നിക്ഷ്പക്ഷമായ നീതി നിർവഹണമാണ് പ്രതീക്ഷിച്ചത്. തെളിവുകൾ പലതും കുഴിച്ചു മൂടിക്കഴിഞ്ഞാണ് മുസ്ലിം ലീഗിന്റെ വലം കൈയ്യായ സിറാജിന്റെ കുടില തന്ത്രങ്ങൾ ഹിന്ദു ഐക്യവേദിക്കും മുതിർന്ന ബിജെപി നേതാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞത്. മാറട്ടെ പാവപ്പെട്ട ഹിന്ദുക്കളുടെ രക്തക്കറ പുരണ്ട മത ഭ്രാന്തനാണ് ഇപ്പോൾ അഴിമതി കേസിൽ അകത്താകുന്നത്.
കലാപം തടയുന്നതിൽ സൂരജ് വീഴ്ച വരുത്തിയെന്ന് മാറാട് ജുഡീഷ്യൽ അന്വേഷണ കമ്മിഷനായ തോമസ് പി. ജോസഫ് കണ്ടെത്തിയിരുന്നു. അന്ന് ചില രാഷ്ട്രീയ നേതാക്കളുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് സൂരജ് പ്രവർത്തിച്ചത് എന്നതായിരുന്നു ആക്ഷേപം. കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ച സൂരജ് വേണ്ട മുൻകരുതൽ എടുക്കുന്നതിൽ ഉദാസീനത കാട്ടിയെന്നായിരുന്നു ആരോപണം. ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. എന്നാൽ ഈ റിപ്പോർട്ട്പ്രകാരം സൂരജിനെതിരേ ശിക്ഷാനടപടികളൊന്നുമുണ്ടായില്ല.
രസതന്ത്രത്തിലും നിയമത്തിലും ബിരുദവും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ സൂരജ് ഒരുവർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലിനോക്കിയിരുന്നു. പിന്നീടാണ് വനംവകുപ്പിൽ റേഞ്ചറായെത്തിയത്. റേഞ്ച് ഓഫീസറായിരിക്കുമ്പോൾ മുതൽ അഴിമതിക്കേസുകളിൽ സൂരജ് കുടുങ്ങിയിട്ടുണ്ട്. അതിനുശേഷം സ്‌പെഷൽ റിക്രൂട്ട്‌മെന്റിലൂടെ ഡപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പിലെത്തി. കൃത്യം എട്ടുവർഷം തികഞ്ഞപ്പോൾ, 1994ൽ സൂരജിന് സർക്കാർ ഐ.എ.എസ്. പദവി സമ്മാനിച്ചു. ഐ.എ.എസ്. കിട്ടിയതോടെ പാലായിലും മൂവാറ്റുപുഴയിലും ആർ.ഡി.ഒ, എറണാകുളം സബ് കലക്ടർ എന്നീ പദവികളിലൂടെ തൃശൂരും കോഴിക്കോടും കലക്ടറായി എത്തി. താക്കോൽസ്ഥാനങ്ങളിലേക്കു കുതിച്ചെത്തുന്നതിന് രാഷ്ട്രീയ സിരാകേന്ദ്രങ്ങളിലെ ബന്ധം വഴിയൊരുക്കി. ഇടതു-വലതു സർക്കാറുകൾ അധികാരത്തിൽ മാറിമാറി വരുമ്പോൾ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചു.
യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം നിർണായകമായ വകുപ്പുകളുടെ ചുമതലകൾ സൂരജിനെത്തേടിവന്നത് ഉന്നത നേതൃത്വവുമായുള്ള അവിഹിത ബന്ധത്തിലൂടെയാണെന്ന് അങ്ങാടിപ്പാട്ടായിരുന്നു. വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും അദ്ദേഹം എത്തിയതു മുതിർന്ന ഐ.എ.എസുകാരെ മറികടന്നായിരുന്നു. പതിനായിരക്കണക്കിനു കോടികളുടെ ഇടപാട് നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി പദവിയിൽ എത്തിയതോടെയാണ് സൂരജിന്റെ അഴിമതി എല്ലാ പരിധിയും ലംഘിച്ചത്.
ഭവനനിർമ്മാണ വകുപ്പ് സെക്രട്ടറിയുടെ ചുമതല, രജിസ്‌ട്രേഷൻ ഐ.ജി, ടൂറിസം ഡയറക്ടർ, വ്യവസായ വകുപ്പ് ഡയറക്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയ പദവികളും സൂരജ് വഹിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും 2009 മുതൽ സൂരജ് ആദായനികുതി, വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുണ്ട്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ടായി. എന്നിട്ടും 2011 ൽ യു.ഡി.എഫ്. സർക്കാർ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു.
ഐ.എ.എസ്. ലഭിച്ചതിനുശേഷം സൂരജ് രണ്ടു ഡസനോളം വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങി. കോഴിക്കോട് കലക്ടറായിരിക്കുമ്പോൾ 12 സ്ഥാപനങ്ങളിൽനിന്നും ഒരു വ്യക്തിയിൽനിന്നും കലക്ടറുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിന്റെ പേരിൽ 1.25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്. കോഴിക്കോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടാം പ്രതിയായിരുന്നു. മണൽക്കടത്ത് നടത്തിയ വാഹനങ്ങൾ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളമശേരി ഭൂമി തട്ടിപ്പ് കേസിലും ഇദ്ദേഹത്തിന്റെ പേരാണ് ഉയർന്ന് കേട്ടത്.
വ്യവസായ ഡയറക്ടറും പൊതുമരാമത്തു സെക്രട്ടറിയുമായി ജോലി ചെയ്തിരുന്ന 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ സൂരജിന്റെ യഥാർഥ വരുമാനവും സമ്പാദിച്ച സ്വത്തുക്കളും വിജിലൻസ് പരിശോധിച്ചിരുന്നു. വരുമാനത്തിന്റെ 314% അധിക സമ്പാദ്യം കണ്ടെത്തിയതോടെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എറണാകുളം എളമക്കരയിലെ 6 സെന്റ്, 8.9 സെന്റ്, വെണ്ണലയിലെ കെട്ടിട സമുച്ചയം, ഇവിടെത്തന്നെയുള്ള 16 സെന്റിലെ ഇരുനില കെട്ടിടം, ഇടക്കൊച്ചിയിലെ 15.5 സെന്റ് സ്ഥലം, എളംകുളത്തെ ഫ്‌ളാറ്റ്, ആലങ്ങാട്ടുള്ള 57 സെന്റ് സ്ഥലം, തോട്ടയ്ക്കാട്ടുകരയിലെ 10 സെന്റ് സ്ഥലം, ആലുവയിലെ 3 ഗോഡൗണുകൾ, പീരുമേട്ടിലുള്ള 25 സെന്റ്, വാഴക്കാലയിലെ കൂറ്റൻ ഗോഡൗൺ, എളംകുളത്തുള്ള കെട്ടിടം എന്നിവ കണ്ടുകെട്ടാനാണു ആദ്യം കോടതി ഉത്തരവിട്ടത്.
നേരത്തെ സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. പത്തുവർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്നു വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വിജിലൻസ് ടി.ഒ സൂരജിനെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. 2004 മുതൽ 2014 വരെയുള്ള വരുമാനത്തിന്റെ കണക്കുവെച്ച് നോക്കിയാണ് ഇത് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയയറക്ടറേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.ഒ സൂരജ്. കാസർകോട് കോട്ട ഭൂമി വിവാദത്തിലടക്കം എൻഫോഴ്സ്മെന്റ്, വിജിലൻസ് സംഘം സൂരജിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.
സൂരജിനെ ഇടത്, വലത് മുന്നണികൾ ഒരുപോലെ സംരക്ഷിച്ചിരുന്നു എന്നത് യാഥാർത്ഥ്യമായിരുന്നു. എന്നാൽ വിജിലൻസ് മേധാവി സ്ഥാനത്ത് ഡോ.ജേക്കബ് തോമസ് എത്തിയ വേളയിൽ ഇയാളുടെ കള്ളത്തരങ്ങൾ ഓരോന്നായി പൊളിഞ്ഞു വീഴുകയായിരുന്നു. സൂരജിന് വരവിന്റെ 314 ശതമാനം അധികം സ്വത്തുണ്ടെന്ന് കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ചപ്പോൾ രണ്ട് മുന്നണികളുടെയും സർക്കാരുകൾ ഉരുണ്ടുകളിക്കുകയുമുണ്ടായി. ലീഗിന്റെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെ തൊട്ടതിന്റെ പേരിൽ ജേക്കബ് തോമസ് പടിക്കു പുറത്തായ അവസ്ഥയുമുണ്ടായി. പിന്നീട് ആരും ചെറുവിരൽ അനക്കിയില്ല.
അനധികൃത സമ്പാദ്യം മാത്രമല്ല, ഐ.എ.എസ് അധികാരമുപയോഗിച്ച് സൂരജിന്റെ നിരവധി വഴിവിട്ട ഇടപാടുകൾ ജേക്കബ്‌തോമസ് കണ്ടെത്തിയിരുന്നു. സർക്കാരിന് കണക്കുകാണിക്കാതെ കോടികളുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയ ടി.ഒ.സൂരജിനെതിരായ വിജിലൻസ് അന്വേഷണം വ്യവസായവകുപ്പിലേക്കും നീങ്ങിയിരുന്നു. 2005 ജനുവരി മുതൽ 2011 ഓഗസ്റ്റ് വരെ ആറുവർഷക്കാലം വ്യവസായവകുപ്പിന് കീഴിലുള്ള ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ് ഡയറക്ടറായിരുന്നു സൂരജ്. ഈ കാലയളവിലാണ് കേരളത്തിലും അയൽസംസ്ഥാനത്തും സൂരജ് ഏറ്റവുമധികം സമ്പാദ്യമുണ്ടാക്കിയതെന്നാണ് ജേക്കബ്‌തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കണ്ടെത്തിയിരുന്നത്.
വ്യവസായവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ് ഡയറക്ടറേറ്റിലെ വിരമിച്ച ഉദ്യോഗസ്ഥരുമടക്കം ഇരുപതോളം പേരെ വിജിലൻസ് ചോദ്യംചെയ്തിരുന്നു. രജിസ്‌ട്രേഷൻ ഐ.ജി, തൃശൂർ, കോഴിക്കോട് കളക്ടർ, ടൂറിസം ഡയറക്ടർ എന്നീ പദവികളിലുണ്ടായിരുന്ന 1999-2004 കാലയളവിൽ സൂരജിന് പരിമിതമായ സമ്പാദ്യമേയുണ്ടായിരുന്നുള്ളൂ. 2005ൽ ഡെപ്യൂട്ടിസെക്രട്ടറി പദവി മാത്രമുണ്ടായിരിക്കേ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ് ഡയറക്ടറായ സൂരജിന്റെ സമ്പാദ്യം പിന്നീട് കുതിച്ചുകയറുകയായിരുന്നു.
മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകൻ റിസ്വാന് സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിനൽകിയതും ഈ കാലത്തായിരുന്നു. വിജിലൻസ് ചോദ്യംചെയ്‌പ്പോൾ വിദേശത്തുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ പേയിങ് ഗസ്റ്റായി താമസിച്ചാണ് മകൻ പഠിച്ചതെന്നാണ് സൂരജ് പറഞ്ഞത്. എന്നാൽ ഇതേസമയത്തുതന്നെ മംഗലാപുരത്തെ രജിസ്‌ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് റിസ്വാന്റെ പേരിൽത്തന്നെയാണ് ഫ്‌ളാറ്റെന്നും വിപണിവില ഒരുകോടിക്കുമുകളിൽ വരുമെന്നും ജേക്കബ്‌തോമസ് കണ്ടെത്തിയിരുന്നു.
വ്യവസായവകുപ്പിലിരിക്കേയാണ് ആലുവയിലെ വമ്പൻവ്യവസായിയുടെ മകനുമായുള്ള മകളുടെ വിവാഹത്തിന് 600 പവൻ സ്വർണാഭരണങ്ങളും കൊച്ചി കലൂരിനടുത്തെ ആഡംബരഫ്‌ളാറ്റും 25ലക്ഷം രൂപയും സ്ത്രീധനമായി സൂരജ് നൽകിയത്. മകളുടെ വിവാഹത്തിന് വെറും 15ലക്ഷം രൂപയേ ചിലവഴിച്ചുള്ളൂവെന്നാണ് സൂരജ് മൊഴിനൽകിയത്. എന്നാൽ സ്ത്രീധനത്തിന്റെ വിവരങ്ങൾ സൂരജിന്റെ ഉറ്റബന്ധു വിജിലൻസിന് മൊഴിനൽകി. ഇതേത്തുടർന്ന് വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും വിജിലൻസ് പിടിച്ചെടുത്തപ്പോൾ സംഗതി ശരിയാണെന്ന് തെളിഞ്ഞു.
കൊച്ചിയിലെ ഫ്‌ളാറ്റിന് ഒന്നരക്കോടിയിലേറെ വിപണിവിലയുണ്ട്. കൊച്ചിയിലെ സ്വകാര്യകോളേജിൽ മകളുടെ എം.ഡി പഠനത്തിന് 1.50 കോടിയും ഇളയമകന്റെ എം.ബി.ബി.എസ് പഠനത്തിന് ഒരുകോടിയോളവും സൂരജ് ചെലവിട്ടതായും വിജിലൻസ് കണ്ടെത്തിയിരുന്നു. സൂരജ് മറ്റുള്ളവരുടെ പേരിലെടുത്ത് സ്വന്തമായി ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളുടെ ആർ.സിബുക്കടക്കമുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. സൂരജിന്റെ സമ്പാദ്യം വരവിന്റെ 314 ശതമാനത്തിലേറെയാണെന്ന് വിജിലൻസ് കണ്ടെത്തി. 51,520 രൂപ പ്രതിമാസശമ്പളവും 103ശതമാനം ഡി.എയുമടക്കം ഒരുലക്ഷത്തോളം രൂപയാണ് എല്ലാ സത്യവാങ്മൂലത്തിലും സൂരജ് രേഖപ്പെടുത്തിയിട്ടുള്ളതെന്നിരിക്കെ കോടികളുടെ സ്വത്താണ് സ്വന്തം പേരിലും മറ്റ് ബിനാമി പേരിലും ഈ അഴിമതി വീരൻ സമ്പാദിച്ചു കൂട്ടിയിരിക്കുന്നത്.