ആസാമില്‍ തുടര്‍ഭരണം, ബംഗാളിലും തമിഴകത്തും ബിജെപിയുടെ മുന്നേറ്റം

0

ആസാം ബംഗാള്‍, തമിഴ് നാട്, പുതുച്ചേരി , കേറളം എന്നീ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

ആസാമില്‍ ബിജെപി തുടര്‍ഭരണം ഉറപ്പുവരുത്തിയപ്പോള്‍ മൂന്ന് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബംഗാളില്‍ 76 സീറ്റുകള്‍ നേടി ഉജ്ജ്വലപ്രകടനമാണ് നടത്തിയത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അധികാരത്തുടര്‍ച്ചയ്ക്ക് ശ്രമിച്ച തൃണമൂലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷമായ ബിജെപിക്ക് മാത്രമേ കഴിഞ്ഞുള്ളു.

ബിജെപിയുടെ ശക്തമായ മുന്നേറ്റത്തില്‍ മമതയ്ക്ക് കാലിടറി. നന്ദിഗ്രാമില്‍ മത്സരിച്ച മമതയെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി നിലംപരിശാക്കി. 1953 വോട്ടുകള്‍ക്കാണ് മമത സുവേന്ദുവിന് മുന്നില്‍ അടിയറവ് പറഞ്ഞത്.

മമതയുടെ പാര്‍ട്ടി ബംഗാളില്‍ മൂന്നാം വട്ടവും തുടര്‍ഭരണം ഉറപ്പിച്ചപ്പോള്‍ ആ വിജയത്തിന്റെ അന്തസ്സ് കെടുത്തുന്നതായി ക്യാപ്റ്റന്റെ സ്ഥാനത്തുനിന്ന് നയിച്ച മമതയുടെ നാണം കെട്ട തോല്‍വി.

മുമ്പ് മമതയുടെ പാര്‍ട്ടിയുടെ നേതാവായിരുന്ന സുവേന്ദു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ എത്തുകയായിരുന്നു.

മൂന്നരപതിറ്റാണ്ട് ബംഗാള്‍ അടക്കി ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ അക്കൗണ്ട് പൂട്ടിക്കാനും ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 അംഗങ്ങള്‍ ഉണ്ടായിരുന്ന ഇടതിന് ഇക്കുറി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഒരൊറ്റ അംഗത്തേപ്പോലും നിയമസഭ കാണിക്കാനിയില്ലെന്ന ഗതികേടിലാണ്.

സിപിഎമ്മിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിനും ഇതേ അവസ്ഥയാണ്. കഴിഞ്ഞ സഭയില്‍ നാല്‍പ്പതോളം അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി ലോക്‌സഭയിലെ നേതാവ് അധീര്‍രഞ്ചന്‍ ചൗധരിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ബിജെപിയുടെ മുന്നേറ്റത്തിനിടെ ഒരംഗത്തെപ്പോലും വിജയിപ്പിക്കാനായില്ല.

ആസാമില്‍ ബിജെപി നേടിയ വിജയം സമാനതകളില്ലാത്തതാണ്. ഇവിടേയും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. തുടര്‍ഭരണത്തിനായി പൊരുതിയ ബിജെപിക്ക് സിഎഎ, എന്‍ആര്‍സി വിഷയങ്ങളിലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വിജയം അനായസം നേടാനായി. 126 അംഗ സഭയില്‍ 74 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണം ഉറപ്പിച്ചത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവള്‍, ധനമന്ത്രി ഹേമന്തബിശ്വാസ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് ആസാമില്‍ ബിജെപിക്ക് അവിശ്വസനീയ പ്രകടനം നടത്താനായത്. കോണ്‍ഗ്രസിന് കേവലം 29 സീറ്റുകളില്‍ മാത്രമാണ് വിജയം ഉറപ്പിക്കാനായത്. മുസ്ലീം മതതീവ്രവാദ പാര്‍ട്ടിയായ എയുഡിഎഫിന് പതിനാലു ഇടത്ത് വിജയിക്കാനായി. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ സിപിഎമ്മിന് ഒരു സീറ്റിലും വിജയം കാണാനായി.

അതേസമയം, മുസ്ലീം മതതീവ്രവാദ സംഘടനയായ എയുഡിഎഫ്, ഇടതുപക്ഷകക്ഷികള്‍ ബിപിഎഫ് തുടങ്ങിയ മഴവില്‍ സഖ്യവുമായി മത്സരിക്കാനിറങ്ങിയ കോണ്‍ഗ്രസിനെ ജനം തിരസ്‌കരിച്ചു.

വികസനം, ജനക്ഷേമ പദ്ധതികള്‍, കോവിഡ് ദുരിതകാലത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാമാണ് ബിജെപിയുടെ വിജയത്തിന് പിന്നില്‍. ബംഗ്ലാദേശി്ല്‍ നിന്നുള്ള മുസ്ലീം കുടിയേറ്റത്തെ ചെറുക്കുന്നതിന് ബിജെപിയുടെ നയം ഫലപ്രദമായത് തദ്ദേശവാസികളായ ട്രൈബല്‍ ബെല്‍റ്റിന്റെ പിന്തുണ നേടാനും പാര്‍ട്ടിക്കായി. അതേസമയം, എന്‍ആര്‍സി, സിഎഎ എന്നിവ മൂലം ആസാമിലെ മുസ്ലീം ജനതയ്ക്ക് യാതൊരുവിധ ഭീഷണിയുണ്ടാകില്ലെന്ന തിരിച്ചറിവും ക്ഷേമപദ്ധതികളില്‍ ഈ സമുദായത്തിന് ലഭിച്ച ആനുകൂല്യങ്ങളും ബിജെപിക്ക് അനുകൂലമായി.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അണ്ണാ ഡിഎംകെയെ കൂടെക്കൂട്ടി ബിജെപി നടത്തിയ പോരാട്ടത്തിന് ഫലം കണ്ടു. തമിഴകത്ത് ഇതാദ്യമായി നിയമസഭകളില്‍ ബിജെപിക്ക് അംഗങ്ങളെ ലഭിച്ചു. പത്ത് നിയമസഭാ അംഗങ്ങളാണ് തമിഴകത്ത് ബിജെപിക്ക് ലഭിച്ചത്.

ഇതില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് കമല്‍ഹാസനെ പരാജയപ്പെടുത്തി ബിജെപി നേടിയ വിജയമാണ് ഏറെ തിളക്കമാര്‍ന്നത്. തുടര്‍ഭരണത്തിന് ശ്രമിച്ച അണ്ണാഡിഎംകെയ്ക്ക് ഫലം കാണാനായില്ലെങ്കിലും ശക്തമായ മത്സരമാണ് എന്‍ഡിഎയുടെ നേതൃത്വത്തില്‍ കാഴ്ചവെച്ചത്. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്ക്ക് ഭരണം ലഭിക്കുകയായിരുന്നു.

പുതുച്ചേരിയില്‍ ബിജെപി സഖ്യത്തിന് പതിനൊന്നിടത്ത് വിജയിക്കാനായി. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആറിടത്ത് മാത്രമാണ് വിജയം നേടാനായത്.

ഇതാദ്യമായാണ് പുതുച്ചേരിയില്‍ ബിജെപിക്ക് നിയമസഭാ അംഗത്തിനെ ലഭിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നമശ്ശിവായം മന്നാഡിപേട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് ശേഷം ബിജെപി അധികാരത്തിലെത്തുന്ന രണ്ടാമത്തെ ഇടമായി പുതുച്ചേരി മാറി.

തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ബിജെപിക്ക് ശക്തമായ കടന്നുകയറ്റം നേടാനായത് രാഷ്ട്രീയ നിരീക്ഷകര്‍ താല്‍പര്യത്തോടെയാണ് വീക്ഷിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ എത്തിയ ജോണ്‍കുമാര്‍ കാമരാജ്.നഗറില്‍ നിന്നും വിജയിച്ചു. പുതുചേരിയില്‍ വേരുകളില്ലാതിരുന്ന ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ച വലിയ തിരിച്ചടിയാണ്. കേരളത്തിലും പുതുച്ചേരിയിലും ഭരണം ലഭിക്കാതെ ആയതോടെ ഇതാദ്യമായി ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉത്തരേന്ത്യന്‍ പാര്‍ട്ടിയായി ചുരുങ്ങി.

എന്നാല്‍, ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തില്‍ ബിജെപിക്ക് തങ്ങളുടെ നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നിലനിര്‍ത്താനായില്ല. ശക്തമായ മത ധ്രൂവീകരണം നടന്ന കേരളത്തില്‍ സിപിഎം നയിക്കുന്ന എല്‍ഡിഎഫ് മൂസ്ലീം തീവ്രവാദ പാര്‍ട്ടികളുടെ സഹായത്തോടെ ഭരണം തിരിച്ചുപിടിക്കുകയാണുണ്ടായത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ പ്രഗത്ഭരുടെ നേതൃത്വത്തില്‍ ഭരണമാറ്റത്തിനായി പരിശ്രമിച്ച കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടത്.

അഴിമതിയും സ്വര്‍ണം, ഡോളര്‍ കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ വലഞ്ഞ സിപിഎമ്മിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിനായില്ല. തമിഴ്‌നാട്ടിലും ആസാമിലും, ബംഗാളിലും സിപിഎമ്മിനൊപ്പം സഖ്യകക്ഷിയായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന് കേരളത്തില്‍ ഇവര്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാനായില്ല.

എന്നാല്‍, ശക്തമായ വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തിയത്. നേരിയ വ്യത്യാസത്തിലാണ് മൂന്നിടത്ത് ബിജെപി പരാജയപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, നേമം തുടങ്ങിയ മൂന്നു മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡാണ് ബിജെപി വോട്ടെണ്ണലില്‍ ഉടനീളം നിലനിര്‍ത്തിയത്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ഈ ലീഡ് നിലനിര്‍ത്താനായില്ല.
അറുപതു വയസ്സിനുമേലുള്ളവര്‍ക്ക് കോവിഡ് മൂലം പോസ്റ്റല്‍ വോട്ട് അനുവദിച്ചിരുന്നു. പലയിടങ്ങളിലും ക്രമക്കേട് നടന്നാതായി ആക്ഷേപവും ഉണ്ടായിരുന്നു. ബാലറ്റ് പേപ്പറുകള്‍ വോട്ട് ചെയത ശേഷം ബിഗ് ഷോപ്പറുകളില്‍ കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ നടപടി പരക്കെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

എല്‍ഡിഎഫ് 97 സീറ്റുകളിലും യുഡിഎഫ് 47 സീ്റ്റുകളിലുമാണ് വിജയം നേടിയത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മത്സരത്തിനെത്തിയ കോണ്‍ഗ്രസിലെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016 ലും യുഡിഎഫിന് മൂന്നാം സ്ഥാനമായിരുന്നു ലഭിച്ചത്. ഇക്കുറി ബിജെപിക്ക് വേണ്ടി മത്സരിച്ച കുമ്മനം രാജശേഖരന്‍ അവസാന നിമിഷം വരെ ലീഡ് നിലനിര്‍ത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും അവസാന നിമിഷം വരെ വിജയസാധ്യത നിലനിര്‍ത്തിയിരുന്നു. നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും ഇതേ നിലയിലാണ് മത്സരം കാഴ്ചവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here