അഛേദിന്‍  വരവായി !

2

ലോക സാമ്പത്തിക ഫോറത്തിന്‍റെ (World Economic Forum) വാര്‍ഷികയോഗം ജനുവരി 23-26 തിയതികളില്‍ ദാവോസില്‍ വച്ചു നടന്നപ്പോള്‍ ഭാരതത്തിന്‍റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയായിരുന്നു പ്രധാന പ്രഭാഷകന്‍. ഫോറത്തിന്‍റെ കഴിഞ്ഞ 48 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഭാരതത്തിന്‍റെ പ്രധാനമന്ത്രിയെ പ്രധാന പ്രഭാഷകന്‍ ആയി ക്ഷണിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമമായ എന്‍.ഡി.ടി.വി-യുടെ പ്രവര്‍ത്തകന്‍ ശ്രീ വിക്രംചന്ദ്ര, അയാളുടെ ട്വിറ്റെര്‍ അക്കൌണ്ടില്‍ കുറിച്ച വാചകങ്ങള്‍ വളരെ ശ്രദ്ധേയമാണ്. 1992 മുതല്‍  ദാവോസില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെങ്ങിലും ഇതാദ്യമായാണ് ഭാരതത്തിന്‌ ഇത്രയധികം പ്രാധാന്യം കിട്ടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.  ഫെബ്രുവരിയില്‍ ദുബായില്‍ വച്ചുനടക്കുന്ന ലോക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും (World Government Summit) ഭാരതത്തിന്‍റെ പ്രധാനമന്ത്രിതന്നെയാണ് മുഖ്യ പ്രഭാഷകന്‍. ശ്രീ നരേന്ദ്രമോദിയെ ക്ഷണിച്ചതിന്‍റെ ഔചിത്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍  “വരുന്ന 20 വര്‍ഷങ്ങളില്‍ ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്ന് ഭാരതം ആയിരിക്കും” എന്നാണ് ദുബായിലെ മന്ത്രിസഭാകാര്യ മന്ത്രി (Minister for Cabinet Affairs) ശ്രി. മുഹമ്മദ്‌ അല്‍ ഗര്‍ഗാവി അഭിപ്രായപ്പെട്ടത്. വരും കാലങ്ങളില്‍ വിവര-സാങ്കേതിക വിദ്യ (IT), ബഹിരാകാശം (Space), ഡിജിറ്റല്‍ സാങ്കേതിക ശാസ്ത്രം (Digital Science) എന്നിവയിലും ഭാരതം അഗ്രഗണ്യത നേടും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PM Narendra Modi meets global CEOs in Davos
വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രബലരായ CEOകളോടൊപ്പം മോഡി

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം എഴുപതു കഴിഞ്ഞെങ്കിലും ഇത്രയുംനാള്‍ കഴിയാഞ്ഞത് ഇന്ന് എങ്ങനെ സാധിച്ചു എന്നതിന് വ്യക്തമായ ചില കാരണങ്ങള്‍ ഉണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂഡീസ് എന്ന റേറ്റിംഗ് ഏജന്‍സിയുടെ നവംബര്‍, 2017-ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തിന്‍റെ ക്രെഡിറ്റ്‌ റേറ്റിംഗ് കൂടി. ഭാരതത്തിന്‍റെ സാമ്പത്തികരംഗം വളരുകയാണെന്നും ഇവിടെ വിദേശ നിക്ഷേപങ്ങള്‍ സുരക്ഷിതമാണന്നുമാണ്‌ ഇതിന്‍റെ അര്‍ത്ഥം.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റെര്‍ ഫോര്‍ എകണോമിക് ആന്‍ഡ്‌ ബിസിനസ്‌ റിസര്‍ച്ച് (CEBR – Centre for Economic and Business Research) എന്ന ഗവേഷണ സ്ഥാപനം, 2017 ഡിസംബര്‍ 26-ന് പുറത്തിറക്കിയ വാര്‍ഷിക  പ്രകാശനമായ “വേള്‍ഡ് എകണോമിക് ലീഗ് ടേബിള്‍ 2018” ഭാരതത്തിന്‍റെ വരുംകാല സാമ്പത്തിക വളര്‍ച്ചയെപ്പറ്റി വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. 2018-ല്‍, ഡോളറിന് അനുശ്രിണമായ ഭാരതത്തിന്‍റെ ആഭ്യന്തര മൊത്ത ഉല്‍പാദനം (GDP – Gross Domestic Product) ബ്രിട്ടന്‍റെയും ഫ്രാന്‍സിന്‍റെയും ഉല്‍പാദനത്തേക്കാള്‍ കൂടുതലായിരിക്കും എന്നാണ് ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇന്നു നിര്‍മാണത്തിലിരിക്കുന്ന ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി (Delhi-Mumbai Industrial Corridor), 100-ല്‍ അധികം വരുന്ന സ്മാര്‍ട്ട്‌സിറ്റികള്‍, 80,000 കിലോമീറ്റര്‍ ദീര്‍ഘമുള്ള ഹൈവേകള്‍ എന്നിവ രാജ്യത്തിന്‍റെ ബഹുമുഖ വികസനത്തിന്‌ വഴിയൊരുക്കും. 1906-വരെ ഭാരതത്തിന്‍റെ ആഭ്യന്തര ഉല്‍പാദനം ബ്രിട്ടനെക്കാള്‍ കൂടുതലായിരുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ഫ്രാന്‍സ് ഭാരതത്തിനു മുകളിലെത്തിയത് 1951-ല്‍ ആണ്. 2032 ആകുമ്പോഴേക്കും ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായി മാറും എന്നാണ് അവരുടെ വിലയിരുത്തല്‍.

ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ അളക്കുന്ന പ്രധാന മാനദണ്ഡം എന്താണ് എന്നതിനെപ്പറ്റി ഒരു ചെറിയ വിവരണമാണ് ഇവിടെ കൊടുക്കുന്നത്. വാര്‍ഷിക ആഭ്യന്തര മൊത്ത ഉല്‍പാദനം (GDP – Gross Domestic Product) എന്നു പറയുന്നത് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിലവിലിരിക്കുന്ന വില-നിരക്കുകളുടെ അടിസ്ഥാനത്തില്‍, താഴെപ്പറയുന്ന നാലു ഘടകങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച ആകെത്തുകയാണ്. ജിഡിപിയില്‍ ഉള്‍പെടുത്തുന്ന സാമ്പത്തിക വിനിമയങ്ങള്‍  രാജ്യാതിര്‍ത്തിക്കുള്ളില്‍ നടന്നതായിരിക്കണം  എന്നുകൂടി നിര്‍ബന്ധമാണ്‌. ഒരു രാജ്യത്തിലെ പൗരന്മാരും, സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോഗം ചെയ്ത ചരക്കുകളുടെയും സേവനങ്ങളുടെയും ആകെത്തുകയാണ് അതിലെ ആദ്യത്തെ ഇനം (Private Final Consumption Expenditure). വ്യവസായശാലകളുടെ നിര്‍മാണം, ഉല്പാദനത്തിനാവശ്യമായ യന്ത്രസാമഗ്രികള്‍, അസംസ്കൃത സാധനങ്ങള്‍ എന്നിവയ്ക്ക് ചെലവഴിച്ച മൊത്തം തുകയാണ് നിക്ഷേപം (Investment) എന്ന രണ്ടാമത്തെ ഘടകം. ഒരു സാമ്പത്തികവര്‍ഷത്തില്‍,  സര്‍ക്കാര്‍ ഉപഭോഗത്തിനുവേണ്ടി സമാഹരിക്കുന്ന ചരക്കു-സേവനങ്ങളുടെ  മൊത്തം ചെലവാണ് (Government Purchases) മൂന്നാമത്തേത്. നാലാമത്തെ ഘടകം അന്താരാഷ്ട്ര വാണിജ്യം വഴി നേടിയതോ നഷ്ടപ്പെട്ടതോ ആയ തുകയാണ്. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുമ്പോള്‍ രാജ്യത്തിനു ലാഭമുണ്ടാകുന്നു. തിരിച്ചായിരുന്നെങ്കില്‍ നഷ്ടവും (Export Minus Import).  ഈ പ്രതിപാദിച്ച നാലു ഘടകങ്ങളുടെ ആകെത്തുകയാണ് വാര്‍ഷിക ആഭ്യന്തര മൊത്ത ഉല്‍പാദനം അഥവാ ജിഡിപി (GDP) എന്ന ചുരുക്കെഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്.

2018 ജനുവരിയില്‍ അന്താരാഷ്ട്ര സാമ്പത്തികസ്ഥിതിയുടെ ഭാവിയെ കുറിച്ചുള്ള രണ്ടു റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങി. ലോകബാങ്ക് (World Bank) പ്രകാശനം ചെയ്ത ആഗോള സാമ്പത്തിക വീക്ഷണം – 2018 (Global Economic Prospects – 2018), അന്താരാഷ്ട്ര നാണയ നിധിയുടെ (IMF – International Monetary Fund) ലോക സാമ്പത്തിക അവലോകനം (World Economic Outlook Update) എന്നീ റിപ്പോര്‍ട്ടുകള്‍ 2017 അടക്കമുള്ള മൂന്നു വര്‍ഷങ്ങളിലെ (ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കലണ്ടര്‍ വര്‍ഷം) ലോക സാമ്പത്തിക രംഗത്തിന്‍റെ വളര്‍ച്ച എങ്ങനെയായിരിക്കും എന്നതിന്‍റെ വ്യക്തമായ സൂചന തരുന്നു.

modi address in wef
വേൾഡ് ഇക്കണോമിക് ഫോറത്തിൽ മോഡി നടത്തിയ കീ നോട്ട് പ്രസംഗം

ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടേയും സാമ്പത്തിക അവലോകനങ്ങളില്‍ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലെ ജിഡിപിയുടെ വളര്‍ച്ചാനിരക്ക് താരതമ്യം ചെയ്തിട്ടുണ്ട്. പലപ്പോഴും ലോകബാങ്കിന്‍റെ നിരീക്ഷണങ്ങള്‍ അന്താരാഷ്ട്ര നാണയ നിധിയെ അപേക്ഷിച്ച് കൂടുതല്‍ യാഥാസ്ഥിതികമാണ്‌. എങ്കിലും, അവ കൂടുത`ല്‍ സൂക്ഷ്മവുമാണ്‌. രണ്ടു റിപ്പോര്‍ട്ടുകളിലേയും പ്രധാനപ്പെട്ട വിവരങ്ങള്‍ ഒന്ന് അവലോകനം ചെയ്യാം.

2016-വരെ ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യത്തിനു ആക്കം കുറഞ്ഞത്‌  2017-ല്‍ ലോക ഉല്‍പാദനം ഏകദേശം അര ശതമാനത്തിലധികം (0.6%) കണ്ടു വര്‍ദ്ധിക്കാന്‍ കാരണമായി. ലോകബാങ്കിന്‍റെ പ്രവചനപ്രകാരം ഇത് 2017-ല്‍ മൂന്ന് ശതമാനവും 2018-ല്‍ 3.1 ശതമാനവുമായി കൂടാന്‍ സാധ്യതയുണ്ട്. 2016-ല്‍ ലോക ഉല്‍പാദനം വെറും 2.4 ശതമാനം ആയിരുന്നു. ഭാരതംപോലെ സാമ്പത്തികവളര്‍ച്ചയും, ഭരണസ്ഥിരതയുമുള്ള വികസ്വരരാജ്യങ്ങള്‍ ലോക സാമ്പത്തിക വികസനത്തിനു പ്രേരകങ്ങളായി എന്നാണ് ഈ രണ്ട് ഏജന്‍സികളുടെയും വിലയിരുത്തല്‍. വികസ്വരരാജ്യങ്ങളിലുണ്ടായ വളര്‍ച്ച ചരക്കു-സേവന സാമഗ്രികളുടെ ചോദന (Demand) വര്‍ദ്ധിപ്പിക്കുകയും, തദ്വാര നിക്ഷേപങ്ങള്‍ കൂട്ടുകയും ചെയ്തു. അമേരിക്കയുടെ വളര്‍ച്ചാനിരക്ക് 2016-ല്‍ 1.5 ശതമാനം ആയിരുന്നത് 2017-ല്‍ 2.3 ശതമാനമായി കൂടുവാന്‍ സാധ്യതയുണ്ട്. 2018-ല്‍ അത് 2.5 ശതമാനമായി വീണ്ടും കൂടാനും, പിന്നെ 2019-ല്‍ 2.2-ലേക്ക് താഴാനും സാധ്യതയുണ്ട്. ജപ്പാന്‍റെ സാമ്പത്തിക വികസനവും ഏകദേശം ഇതേ പന്ഥാവില്‍ തന്നെയാണ്. ജപ്പാന്‍ 0.9 ശതമാനം വളര്‍ച്ചയാണ് 2016-ല്‍ രേഖപ്പെടുത്തിയത്. ഇതു 2017-ല്‍ 1.7 ശതമാനമായി കൂടാനും, പക്ഷെ 2018, 2019 കാലയളവില്‍ 1.3, 0.8 എന്നി നിരക്കുകളിലേക്ക് കുറയാനും  സാധ്യതയുണ്ട്.

ബ്രിക്ക്സ് (BRICS) രാജ്യങ്ങളായ ബ്രസീലിന്‍റെയും, റഷ്യയുടേയും 2016-ലെ വളര്‍ച്ച പൂജ്യത്തിനും താഴെയായിരുന്നു. ആഗോള ചോദനയിലുണ്ടായ കുറവ് കയറ്റുമതിയെ ബാധിച്ചതാണ് ഇവരുടെ വളര്‍ച്ച പൂജ്യത്തിനു താഴേക്കു കൂപ്പുകുത്താന്‍ ഇടയാക്കിയത്. സൌത്ത് ആഫ്രിക്കയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നിരുന്നാലും 2017-ല്‍ ലോകത്താകമാനമുണ്ടായ പുതിയ ഉണര്‍വിന്‍റെ ഭാഗമായി ഈ മൂന്നു രാജ്യങ്ങളും തങ്ങളുടെ നില മെച്ചമാക്കും എന്ന് അനുമാനിക്കപ്പെടുന്നു.

2016-ല്‍ ചൈനയുടെ വളര്‍ച്ചാനിരക്ക് 6.7 ശതമാനമായിരുന്നു. 2017-ല്‍ അത് 6.8 ശതമാനമായി ഉയരുകയും ചെയ്യും. വിദേശ വാണിജ്യത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അത് സാധിക്കുന്നത്. ആഭ്യന്തര വിലക്കയറ്റം ഉണ്ടായെങ്കിലും, തൊഴിലാളികളുടെ വേതനം തീരുമാനിക്കുന്നതു സര്‍ക്കാര്‍ തന്നെ ആയതുകൊണ്ട് അതില്‍ മാറ്റമുണ്ടായില്ല. അതിനാല്‍ ഉത്പാദന ചെലവു കൂടിയില്ല. പക്ഷെ ഇറക്കുമതിയില്‍ ഉണ്ടായ വ്യതിയാനംകൊണ്ട് വിദേശവ്യാപാര മിച്ചത്തില്‍ കുറവു വരികയും ചെയ്തു. വരും വര്‍ഷങ്ങളില്‍ ചൈനയുടെ വളര്‍ച്ചാനിരക്കില്‍ കുറവുവരും എന്ന് വിലയിരുത്തപ്പെടുന്നു. അതു പ്രാധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. അമേരിക്ക മുതലായ വികസിതരാജ്യങ്ങള്‍ തദ്ദേശ വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ ഇറക്കുമതിക്കു വിലക്കേര്‍പ്പെടുത്തി. ഇത് ചൈനയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. ചൈന നടപ്പാക്കിയ ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ തൊഴിലാളികളുടെ ലഭ്യതയില്‍ കുറവു വരുത്തും.  2018-ല്‍ 6.4-ഉം 2019-ല്‍ 6.3-ഉം ശതമാനം വളര്‍ച്ചയാണ്  പ്രതീക്ഷിക്കപ്പെടുന്നത്.

2016-ല്‍ ഭാരതത്തിന്‍റെ വളര്‍ച്ച 7.1 ശതമാനമായിരുന്നെങ്കിലും 2017-ല്‍ അതു 6.7 ശതമാനമാകും എന്നാണു വിലയിരുത്തപ്പെടുന്നത്. 2017 ജൂലൈ മാസത്തില്‍ നടപ്പിലാക്കിയ ചരക്കു-സേവന നികുതിയിലെ (GST – Goods and Services Tax) ചില സാങ്കേതിക പോരായ്മകളാണ് അതിനു കാരണമായി കരുതപ്പെടുന്നത്. ജിഎസ്ടി-യെ കുറിച്ചുള്ള ആശങ്കകള്‍ കാരണം പല വ്യവസായികളും അസംസ്കൃത സാധനങ്ങ`ള്‍ ശേഖരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നികുതി വ്യത്യാസം കൊണ്ട് വിലയില്‍ മാറ്റം വരുമോ എന്ന ആശങ്ക ഉള്ളതിനാല്‍ ഉല്‍പാദനത്തില്‍തന്നെ കുറവു വരുത്തി. അങ്ങനെ വ്യാവസായിക ഉല്‍പന്നങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. ഇതുകൂടാതെ, ബാങ്കുകളില്‍ കുന്നുകൂടിയ കിട്ടാക്കടം, സ്വകാര്യ നിക്ഷേപങ്ങളില്‍ വന്ന കുറവ് എന്നിവയാണ് ഭാരതത്തിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ച മറ്റു ഘടകങ്ങള്‍. എന്നിരുന്നാലും, 2018, 2019 വര്‍ഷങ്ങളില്‍ ഭാരതത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ മാറ്റമുണ്ടാകും എന്നാണ് ലോകബാങ്കും നാണയനിധിയും പ്രത്യാശിക്കുന്നത്. 2018-ല്‍ 7.3 ശതമാനവും, 2019-ല്‍ 7.5 ശതമാനവും വളര്‍ച്ച പ്രതിക്ഷിക്കുന്നു. ഈ കാലയളവില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന സാമ്പത്തിക ശക്തിയായി ഭാരതം മാറും എന്നുതന്നെവേണം കരുതാന്‍. അടുത്തിടെ പ്രസിദ്ധീകരിച്ച സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്ന സൂചനയും അതുതന്നെയാണ്.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം (Ministry of Commerce & Industry) പുറത്തിറക്കിയ പത്രകുറിപ്പു പ്രകാരം നവംബര്‍ 2017 വരെയുള്ള സുപ്രധാന മേഖലയുടെ വളര്‍ച്ച 6.8 ശതമാനമാണ്‌. ഇതു കഴിഞ്ഞ 13 മാസത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. സിമിന്‍റ്,  സ്റ്റീല്‍, വളം, ഇലക്ട്രിസിറ്റി, പെട്രോള്‍ ഉത്പന്നങ്ങള്‍, പ്രകൃതി വാതകം, അസംസ്കൃത എണ്ണ എന്നിവയാണ് സുപ്രധാനമേഖലയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഭാരതത്തിന്‍റെ വ്യവസായ സൂചികയില്‍ (Indian Industrial Production Index) 40.3 ശതമാനവും മുകളില്‍ പറഞ്ഞ ഘടകങ്ങളാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വ്യാവസായിക ഉല്‍പാദനം ഏറ്റവും കൂടിയത് ഡിസംബറിലാണ്. നിക്കി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ചെസേഴ്സ് മാനേജേര്‍സ് ഇന്‍റെക്സ്‌ (PMI) 54.7% കൂടി. ഇതിനു തത്തുല്യമായ വളര്‍ച്ച രേഖപ്പെടുത്തിയത് 2005-ല്‍ ആയിരുന്നു. 2004 വരെ ഭരണം നടത്തിയ ശ്രി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാരിന്‍റെ നയങ്ങളുടെ പരിണിതഫലമായിട്ടാണ് 2005-ല്‍ PMI 54% ഉയര്‍ന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈ മാസത്തില്‍ നടപ്പാക്കിയ ജിഎസ്ടി, പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും അതുവഴി പുതിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകാനും ഇടയായതാണ് PMI സൂചിക ഉയരാന്‍ കാരണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടക്ക് 70 ലക്ഷംപേര്‍ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ടില്‍ (EPF – Employees Provident Fund) അംഗങ്ങളായി. ഇവര്‍ 18-നും 25-നും ഇടക്കു പ്രായമുള്ളവരും ആദ്യമായി പ്രോവിഡന്റ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തവരുമാണ്. സ്വയംതൊഴില്‍ കണ്ടെത്തിയവരും, പ്രൊഫഷണലുകളും, അനൌപചാരിക തൊഴിലുകള്‍ (Informal Jobs) ചെയ്യുന്നവരും ഒന്നും ഈ ഗണത്തില്‍ പെടുകയില്ല.

ബോംബെ ഓഹരി വിപണി ജനുവരിയില്‍ 35,000 പോയിന്റിനു മുകളില്‍ ഉയര്‍ന്നു. ഡിസംബര്‍വരെ ഉള്ള കണക്കുപ്രകാരം ബാങ്ക് വായ്പ്പ 62 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.1% കൂടുതലാണ്. ഇതില്‍ത്തന്നെ ഭക്ഷ്യ-ഇതര വായ്പ്പ 12 ശതമാനത്തിനു മുകളിലാണ്. ഭക്ഷ്യ സംഭരണത്തിനു ഫുഡ്‌ കോര്‍പറേഷനു കൊടുക്കുന്ന വായ്പ്പക്കാണ് ഭക്ഷ്യവായ്പ്പ എന്നു പറയുന്നത്.

ഡിസംബര്‍ വരെ 6.89 ലക്ഷംകോടി രൂപ പ്രത്യക്ഷനികുതിവഴി സമാഹരിക്കാന്‍ കഴിഞ്ഞു. അതായത്‌ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്‍റെ വര്‍ദ്ധന. ഈ കാലയളവില്‍തന്നെ 126 ലക്ഷം കോടി രൂപയുടെ വിനിമയം 106 കോടി ഡിജിറ്റല്‍ ക്രയ-വിക്രയങ്ങള്‍ (Digital Transactions) വഴി ഉണ്ടായി എന്ന് നാഷണല്‍ പയ്മെന്റ്റ്‌ കോര്‍പറേഷന്‍റെ (National Payment Corporation of India) രേഖകളില്‍ പറയുന്നു.

ദേശസാല്‍കൃത ബാങ്കുകളുടെ പുനര്‍-മൂലധനവല്‍കരണമാണ്‌ രാജ്യത്തുണ്ടാകാന്‍ പോകുന്ന പ്രധാന വിപ്ലവം. മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ വരുത്തിവച്ച വന്‍ വിനാശമായിരുന്നു ബാങ്കുകളില്‍ അടിഞ്ഞുകൂടിയ കിട്ടാക്കടം. ആധുനിക മുതലാളിത്തവ്യവസ്ഥിതിയില്‍, ഒരു ദേശത്തിന്‍റെ സാമ്പത്തികനില നിലകൊള്ളുന്നത് ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തിലാണ്. പുതിയ വ്യവസായങ്ങള്‍ തുടങ്ങാനും, പഴയതു വിപുലീകരിക്കാനും ധനം കണ്ടുപിടിക്കേണ്ടതു ബാങ്ക് വായ്പ്പയിലൂടെയാണ്. അമേരിക്കന്‍ ബാങ്കുകളെ ആപല്‍സന്ധിയില്‍നിന്നും രക്ഷിക്കാന്‍ 2008-ല്‍ മൂന്നു ട്രില്ല്യന്‍ ഡോളറാണ് ശ്രീ. ഒബാമ കൊടുത്തത്. ഇക്കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടിയിലധികം രൂപ ബാങ്കുകള്‍ക്ക് നല്കാന്‍ തീരുമാനിച്ചു. ഇത്രയും തുക കണ്ടെത്തുന്നത് മൂന്ന് മാര്‍ഗ്ഗങ്ങളില്‍കൂടിയാണ്. 88,000 കോടി രൂപ ബോണ്ടുകള്‍വഴി സമാഹരിക്കും. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ 8139 കോടി രൂപ വകയിരുത്തും. ബാങ്കുകള്‍ക്ക് 10312 കോടി രൂപ വിപണിയില്‍നിന്നും ശേഖരിക്കാം. ഇത്രയും തുക ബാങ്കിലേക്ക് എത്തുന്നതോടെ ഭാരതത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തിനു മുകളിലാകും എന്നാണ് അനൌദ്യോഗികമായി കണക്കാക്കപ്പെടുന്നത്.

ലോകപ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ്‌ ഷുംപീറ്റര്‍-ന്‍റെ (Joseph Schumpeter) ക്രിയേറ്റിവ് ഡിസ്ട്രക്ഷന്‍ (Creative Destruction – നിര്‍മാണാത്മക സംഹാരം) എന്ന പ്രമാണം ആണ് ഇവിടെ ഓര്‍മവരുന്നത്. നിലനില്‍ക്കുന്ന ഒന്നിനെ വിപ്ലവകരമായി തച്ചുടച്ച്, പുതിയ ഒന്നിനെ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയക്കാണ് നിര്‍മാണാത്മക സംഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലനില്‍ക്കുന്ന ഒന്നിനെ തച്ചുടക്കുമ്പോള്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളും തടസ്സങ്ങളും ബോധപൂര്‍വം മനസ്സിലാക്കി ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ കഴിയുന്ന പ്രബലനായ ഒരു ഭരണാധികാരിക്ക് മാത്രം കഴിയുന്ന സാഹസികത. അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന ദൃഢവിശ്വാസം. കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് നടന്നതും അതുനന്നെയാണ്. ആറു ദശകത്തിന്‍റെ പഴക്കം വരുത്തിവച്ച കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം – ഇതൊക്കെ തൂത്തെറിയാനൊരു ശ്രമം.  സ്വഛ് ഭാരതില്‍ തുടങ്ങി നോട്ട് നിരോധനം വഴി ജിഎസ്ടിയില്‍ അവസാനിച്ച തച്ചുടക്കല്‍. അതിനു ഫലം കണ്ടുതുടങ്ങി. ഭാരതം വളരുന്നു – ഇംഗ്ലണ്ടിനും, ഫ്രാന്‍സിനും മുകളിലേക്ക് – ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി.

“കര്‍ത്തും, അകര്‍ത്തും, അന്യതാ കര്‍ത്തും ശക്തി”

~ അര്‍ജുന്‍, ഡല്‍ഹി
author.arjundelhi@gmail.com

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here