സംസ്ഥാനത്തെ കോവിഡ് രോഗ പരിശോധനയ്ക്കായി നടത്തുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് വന്‍ തുക ഈടാക്കിയതിനെതിരെ RW സോഷ്യല്‍ മീഡിയയും ബിജെപി നേതാക്കളും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന് ഫലം കണ്ടു. #RTPCRScamKerala എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം അലയടിച്ചത്.
1700 രൂപ വരെ ഈടാക്കിയിരുന്ന ടെസ്റ്റിന് 500 രൂപ എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതു പോലും അധികമാണെന്നാണ് സ്വകാര്യ സ്ഥാപനങ്ങള്‍ രാജ്യമെമ്പാടും നടത്തുന്ന ടെസ്റ്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക.
സ്‌പൈസ് ജെറ്റ് പോലുള്ള വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്കായി 299 രൂപ നിരക്കിലാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിവരുന്നത്. 800 രൂപയായിരുന്നതാണ് അവര്‍ 299 രൂപ നിരക്കിലെത്തിച്ചത്.
തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥനാങ്ങള്‍ പോലും കുറഞ്ഞ നിരക്കില്‍ ചെയ്യുമ്പോഴാണ് കേരളം സ്വകാര്യ ലാബുകള്‍ക്ക് കൊള്ള നടത്താന്‍ അവസരം ഒരുക്കിയത്.
ഇതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ ബിജെപി വക്താക്കളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്.
കോവിഡ് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുകയും 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് മെയ് ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഈ വിഷയം ചര്‍ച്ചയായത്
കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലും സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലും നിര്‍മാതാക്കള്‍ വാക്‌സിന്‍ വില നിശ്ചയിച്ചതിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും രംഗത്ത് വന്നിരുന്നു.
വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ ഇരിക്കുമ്പോള്‍ തന്നെ മുന്‍കൂര്‍ പണം തന്ന് തങ്ങളുമായി കരാര്‍ ഒപ്പിട്ടതിനാലാണ് കേന്ദ്ര സര്‍ക്കാരിന് ഡിസ്‌കൗണ്ട് നിരക്കില്‍ വാക്‌സിന്‍ നല്‍കുന്നതെന്നും, പിന്നീട് പുതിയ കരാര്‍ നടപ്പിലാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഇതേ വില തന്നെയാകും കേന്ദ്രത്തില്‍ നിന്നും ഇടൗക്കുക എന്നും കോവിഷീല്‍ഡ് നിര്‍മാതാക്കാളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
പിന്നീട് സംസ്ഥാനങ്ങള്‍ക്കുള്ള തുക 400 ല്‍ നിന്ന് 300 ആയി കമ്പനി കുറച്ചു. എന്നാല്‍, രണ്ടു വട്ടം എടുക്കേണ്ട വാക്‌സിന് 400 രൂപ നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച ഇടതു പക്ഷം തങ്ങളുടെ ഭരണ സംവിധാനത്തിന്‍ കീഴില്‍ കോവിഡ് ടെസ്റ്റിന് 1700 രൂപ ഈടാക്കുന്ന കാര്യം ബിജെപി വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിച്ചു.
ആര്‍ടിപിസിആര്‍ ഒരേ വ്യക്തി പലവട്ടം എടുക്കേണ്ടതായും വരുന്നുവെന്നും. ഇത് സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും കൊള്ള ലാഭം ഉണ്ടാക്കാനായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകകയായിരുന്നുവെന്നും ബിജെപി വക്താക്കളായ സന്ദീപ് വാര്യര്‍, സന്ദീപ് വാചസ്പതി എന്നിവര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച കാലത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റിന് 4,750 രൂപ വരെ ഈടാക്കിയിരുന്നു. ഇത് പിന്നീട് 2,750 രൂപയും 2100 രൂപയും പിന്നീട് 1700 രൂപയുമാക്കി കുറയ്ക്കുകയായിരുന്നു. പല ലാബുകളും 2,100 രൂപ വരെയും ഈടാക്കിയിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ 400, 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ നല്‍കി തുടങ്ങിയതോടെയാണ് കേരളത്തിലെ ഈ കൊള്ള അവസാനിപ്പിക്കാന്‍ ശക്തമായ പ്രതിഷേധം ബിജെപി നടത്തിയത്.
2100 രൂപയില്‍ നിന്ന് 1500 രൂപയാക്കി കുറച്ചുകൊണ്ട് ഒരിക്കല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഇതിനെതിരെ സ്വകാര്യ ലാബുകാര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിച്ചിരുന്നു. 2020 നവംബറിലാണ് കേരള ആരോഗ്യ വകുപ്പ് ആര്‍ടിപിസിആറിന് 2100 ല്‍ നിന്ന് 1500 ആയി കുറച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ കേരള ഹൈക്കോടതി 2021 ജനുവരി 16 ന് സ്റ്റേ നല്‍കി ഉത്തരവിറക്കുകയായിരുന്നു.
ലാബുകാരുടെ ഭാഗം കേട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ആഷ വിധി പ്രസ്താവിച്ചത്. എന്നാല്‍, ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിലേക്ക് അപ്പീല്‍ പോകാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറായില്ല..
ഇപ്പോള്‍ 500 രൂപയായി നിജപ്പെടുത്തിയ കേരള സര്‍ക്കാര്‍ ലാബ് ഉടമകള്‍ കോടതിയെ സമീപിച്ചാല്‍ നിയമയുദ്ധത്തിന് പോകുമോ എന്ന് ഉറപ്പില്ല. ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 400 രൂപ മാത്രമാണ് ഈടാക്കുന്നത്.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായാണ് നടത്തുന്നത്. രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നിന് 400 രൂപ അധികമാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പോലുള്ള സ്വകാര്യ കുത്തകകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ആരോപിച്ച് നിലവിളിച്ച ഇടതു നേതാക്കള്‍ തങ്ങളുടെ മൂക്കിന്‍ കീഴില്‍ സ്വകാര്യ ലാബുകാര്‍ രോഗം ഉണ്ടോ എന്ന് പരിശോധിക്കുന്ന ടെസ്റ്റിന് നാലിരട്ടിയിലേറെ പണം പലവട്ടം ഈടാക്കുന്നതിനെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
RW സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ കേരള സര്‍ക്കാരിന് മുട്ടു മടക്കേണ്ടിവന്നിരിക്കുകയാണ്. ഇതിനെതിരെ സ്വകാര്യ ലാബുകാര്‍ പഴയതു പോലെ കോടതിയെ സമീപിച്ചാല്‍ നിയമയുദ്ധത്തിനും ഇടതു സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുമെന്നാണ് ബിജെപി പറയുന്നത്.