ആന്റണിയെയും മകനെയും കോൺഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞോ? രാജി സമർപ്പിച്ചു അനിൽ ആന്റണി

0

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററിയെ എതിര്‍ത്തതിൻ്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ.ആൻ്റണി കോണ്‍ഗ്രസിൻ്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ച സംഭവം കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിയിലേക്ക് വഴിവച്ചിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആൻ്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ.ആൻ്റണി എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോർഡിനേറ്റർ പദവിയിൽ നിന്ന് രാജിവച്ച സംഭവത്തിൽ നിലവിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയനാകുന്നത് എകെ ആൻ്റണിയാണ്. കഴിഞ്ഞ ദിവസം അനിൽ ആൻ്റണിയുടെ നിലപാടുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് എകെ ആൻ്റണി രൂക്ഷമായാണ് പ്രതികരിച്ചതെന്ന വാർത്തകളും പുറത്തു വന്നിരുന്നു. അനിൽ കെ ആൻ്റണിയുടെ കോൺഗ്രസ് വിരുദ്ധ നിലപാട് പുറത്തു വന്നിതിനു പിന്നാലെ മുൻ പ്രതിരോധ മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന എകെ ആൻ്റണിയുടെ വീട്ടിൽ കോൺഗ്രസ് പ്രവർത്തകരുടെ സന്ദർശനത്തിൽ വന്ന കുറവാണ് ചർച്ചയായിരിക്കുന്നത്.  

എകെ ആൻ്റണി ഡെൽഹി വിട്ട് തിരുവനന്തപുരത്ത് താമസമാക്കിയതിനു ശേഷവും അദ്ദേഹത്തെ സന്ദർശിക്കാൻ എത്തുന്ന കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും കുറവ് വന്നിരുന്നില്ല. രാവിലെ മുതൽ പരിചയം പുതുക്കാനും ഓരോരോ കാരണങ്ങൾ കൊണ്ടും നിരവധി പേരാണ് അദ്ദേഹത്തെ സന്ദർശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അനിൽ കെ ആൻ്റണിയുടെ കോൺഗ്രസ് വിരുദ്ധ നിലപാട് പുറത്തു വന്നതിനു പിന്നാലെ ഇന്നു രാവിലെ മുതൽ വീടും പരിസരവും നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യമില്ലാത്ത അവസ്ഥയിലായിരുന്നു. മകൻ കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പ്രതിസന്ഛി വരുത്തിവച്ചതിനു പിന്നാലെ മുതിർന്ന നേതാവായ എകെ ആൻ്റണിയേയും നേതാക്കളും പ്രവർത്തകരുമൊക്കെ കെെയൊഴിഞ്ഞ അവസ്ഥയിലാണ്.  

അനിൽ ആൻ്റണിക്ക് എതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അനില്‍ ആൻ്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചുവെന്നും കോണ്‍ഗ്രസിന്റെ് നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയെതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റു നേതാക്കളും അനിൽ കെ ആൻ്റണിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുമെന്നാണ് സൂചനകൾ. കോൺഗ്രസിനുള്ളിൽ നിന്നുയരുന്ന വിമർശനങ്ങൾ അനിൽ ആൻ്റണിയ്ക്ക് എതിരെ മാത്രമാകില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അത് കോൺഗ്രസ് പാർട്ടിയുടെ ബലത്തിൽ അധികാരവും സുഖ സൗകര്യങ്ങളും ആവോളം അനുഭവിച്ച എകെ ആൻ്റണിക്ക് എതിരെ കൂടിയായിരിക്കും.  

അതേസമയം കഴിഞ്ഞ ദിവസം മകനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ എകെ ആൻ്റണി തയ്യാറായില്ലെന്ന വാർത്തയും പുറത്തു വന്നിരുന്നു. മകന്‍ രാജിവെച്ചതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് എ.കെ ആൻ്റണി ഒഴിഞ്ഞുമാറുകയായിരുന്നു.  

`വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ക്ക് കുറച്ചുകൂടി ഔചിത്യം വേണ്ടേ , ഞാന്‍ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്, രാഷ്ട്രീയ വിവാദത്തിനല്ല താന്‍ ഇവിടെ വന്നിരിക്കുന്നത്´- തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോട് എകെ ആൻ്റണി പറഞ്ഞു. എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുളള പദവികളില്‍ നിന്നായിരുന്നു അനില്‍ ആന്റണി രാജി വെച്ചത്. കൂടാതെ ബിബിസി ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആൻ്റണി നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ രാജി. ട്വിറ്ററിലൂടെയാണ് താന്‍ രാജി വെച്ചു എന്ന വിവരം അനില്‍ ആൻ്റണി അറിയിച്ചത്. 

കഴിഞ്ഞ ദിവസം രാവിലെ 9:30 യോടെയാണ് അനില്‍ രാജിക്കത്ത് നല്‍കിയത്. നേതൃത്വത്തിന് ചുറ്റുമുളളവര്‍ സ്തുതി പാഠകരും അടിമകളുമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജി വെച്ചുളള കത്തിലാണ് നേതൃത്വത്തിനെതിരേ അനില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജി. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് ട്വിറ്ററിൽ പങ്കുവെച്ച് അനിൽ ആൻ്റണി കുറിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here