ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കവെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ജിതിന്‍ പ്രസാദയുടെ പിരിഞ്ഞു പോക്ക് യുപി തിരഞ്ഞെടുപ്പിന് കോപ്പു കൂട്ടുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി.
മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ പെട്രോളിയം പ്രകൃതി വാതകം, ഉപരിതലഗതാഗതം, മാനവവിഭവ ശേഷി മന്ത്രാലയം എന്നിവയുടെ ചുമതലകളുള്ള സഹമന്ത്രിയായിരുന്നു ജിതിന്‍ പ്രസാദ.
മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്ത ജീതേന്ദ്ര പ്രസാദിന്റെ മകനുമാണ് ജിതിന്‍.
അടുത്തിടെ നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതല നല്‍കിയിരുന്നുവെങ്കിലും പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ജിതിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. ഈ നീക്കത്തെ തുടര്‍ന്നാണ് നേതൃത്വവുമായി കഴിഞ്ഞ ഒരു വര്‍ഷമായി ഇടഞ്ഞു നില്‍ക്കുന്ന ജിതിന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റെയില്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ പീയുഷ് ഗോയലില്‍ നിന്നാണ് ജിതിന്‍ പ്രസാദ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
യുപി കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് പ്രിയങ്ക വദ്രയുടെ വരവാണ് ജിതിനെ പാര്‍ട്ടിയുമായി ചേര്‍ന്നു പോകാനാവാത്ത നിലയിലേക്ക് എത്തിച്ചത്. നേരത്തെ, മദ്ധ്യപ്രദേശില്‍ നിന്ന് ജ്യോതിരാദിത്യ പാര്‍ട്ടി വിട്ടപ്പോഴും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കലാപക്കൊടി ഉയര്‍ന്നപ്പോഴും ഇവര്‍ക്കൊപ്പം നിലപാട് എടുത്ത് ജിതിന്‍ പ്രസാദ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
രണ്ടാം യുപിഎ ഭരണകാലത്ത് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സച്ചിന്‍ പൈലറ്റിനും ജിതിന്‍ പ്രസാദയ്ക്കും സഹമന്ത്രി സ്ഥാനം നല്‍കി പാര്‍ട്ടി പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍, 2014 ലോക് സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയോടെ അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഈ യുവ നേതാക്കളെ മുന്‍ നിര്‍ത്തി സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയില്ല. പകരം, രാഹുലിനും പ്രിയങ്കയ്ക്കും ഇഷ്ടമുള്ള മറ്റ് നേതാക്കളെ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. ഇതില്‍ രാജസ്ഥാനില്‍ വയോധികനായ അശോക് ഗെലോട്ടിന് നറുക്ക് വീണതോടെ അവിടെ നിന്നുള്ള യുവ നേതാവ് സച്ചിന്‍ പൈലറ്റ് അതൃപ്തനായി. മദ്ധ്യപ്രദേശില്‍ ഇതേ പോലെ മുതിര്‍ന്ന നേതാവ് കമല്‍നാഥിന് മുഖ്യമന്ത്രി പദം നല്‍കിയതോടെ ജ്യോതിരാദിത്യ സിന്ധ്യയും ഉടക്കി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലാകട്ടെ ബിജെപിയേയും സമാജ് വാദിയേയും നേരിടാന്‍ പ്രിയങ്ക നേരിട്ടിറങ്ങുകയായിരുന്നു.
ഇത്തരത്തില്‍ യുവ നേതൃത്വം അവഗണിക്കപ്പെട്ടതോടെ ഈ നേതാക്കള്‍ ബിജെപിയുമായി അടുക്കുകയായിരുന്നു.
ഉറ്റ സുഹൃത്തായിരിന്നിട്ടു കൂടി ജ്യോതിരാദിത്യക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി പോലും നല്‍കാതെ രാഹുല്‍ അപമാനിച്ചു. ഇക്കാരണങ്ങളെ തുടര്‍ന്ന് ജ്യോതിരാദിത്യ ബിജെപി കൂടാരത്തില്‍ എത്തുകയായിരുന്നു.
സചിന്‍ പൈലറ്റും സമാനമായ രീതിയില്‍ നേതൃത്വവുമായി ഉടക്ക് ഉണ്ടാക്കിയെങ്കിലും പാര്‍ട്ടി വിട്ടില്ല. സച്ചിന്‍ പൈലറ്റിന് അന്ന് പരസ്യമായ പിന്തുണ നല്‍കി ജിതിന്‍ പ്രസാദയും രംഗത്ത് വന്നിരുന്നു.
കേരളത്തില്‍ നിന്നുള്ള കെസി വേണുഗോപാല്‍ രണ്‍ദീപ് സിംഗ് സുര്‍ജെ വാലെ തുടങ്ങിയ ഏതാനും വിരലിലെണ്ണാവുന്ന നേതാക്കളുടെ ഉപജാപങ്ങളില്‍ പെട്ട് വലയുകയാണ് ദേശീയ നേതൃത്വം എന്ന് പാര്‍ട്ടി വിട്ടുപോയ പല പ്രമുഖ നേതാക്കളും ആരോപിക്കുന്നു.
സീനിയര്‍ നേതാക്കളായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവര്‍ രാഹുലിന്റെ ഉപദേശകരായി ചമഞ്ഞ് നടക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. പിസി ചാക്കോയെ പോലുള്ളവര്‍ അവഗണന മൂലം പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേക്കേറിയപ്പോള്‍ എഐസിസി വക്താവും സെക്രട്ടറിയുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ എത്തുകയാണ് ഉണ്ടായത്.
മുതിര്‍ന്ന ദേശീയ നേതാവായ എ കെ ആന്റണിയെ പോലുള്ളവര്‍ മൗനികളായി മാറുകയും ചെയ്ത അവസരത്തിലാണ് യുവതലമുറയിലെ പ്രമുഖര്‍ കോണ്‍ഗ്രസ് വിടുന്നത്. അടുത്തിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് നടത്തിയത്. ഒരിടത്തും ഒറ്റയ്ക്ക് നില്‍ക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടി തീവ്രവര്‍ഗീയ കക്ഷികള്‍ക്കൊപ്പം മത്സരത്തിന് ഇറങ്ങിയിട്ടും രക്ഷപ്പെട്ടില്ല. ബംഗാളില്‍ വര്‍ഗ ശത്രുക്കളായി കണക്കാക്കപ്പെട്ടിരുന്ന സിപിഎമ്മുമായി കൂട്ടു ചേരാന്‍ കോണ്‍ഗ്രസിന് ഒരു മടിയുമുണ്ടായിരുന്നില്ല. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയുടെ മുന്നില്‍ മുട്ടുകുത്തി പ്രതിപക്ഷ പദവി കളഞ്ഞു കുളിച്ചു.
കോണ്‍ഗ്രസിന്റെ വക്താക്കളായ മാധ്യമങ്ങള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ ബിജെപി അധികാരത്തില്‍ ഏറിയില്ലെന്ന് വിളിച്ചു പറഞ്ഞ് വ്യാജ ആഹ്‌ളാദപ്രകടനം നടത്തുകയായിരുന്നു. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടു പോലും അത് മുതലാക്കാനാവാതെ ഗ്രൂപ്പു പോരും തൊഴുത്തില്‍കുത്തുമായി പാര്‍ട്ടി തിരക്കിലായിരുന്നതിനാല്‍ ഭരണത്തിലേറാവുന്ന സംസ്ഥാനം കൈവിട്ടു പോയി. ആസാമില്‍ തുടര്‍ച്ചയായ പതിനഞ്ചിലേറെ വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ബിജെപിക്ക് മുന്നില്‍ ഒരിക്കല്‍ കൂടി അടിപതറി. ബംഗാളിലെ പോലെ തീവ്രമുസ്ലീംമതമൗലിക വാദി പാര്‍ട്ടിയുമായി കൈകോര്‍ത്തായിരുന്നു മതേതരത്വത്തിനു വേണ്ടി പോരാടുന്നുവെന്ന് രാവും പകലും ആണയിട്ട് പറയുന്ന കോണ്‍ഗ്രസ് ആസാമില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
അടിസ്ഥാനപരവും മൗലികവുമായ പ്രശ്‌നങ്ങള്‍ മൂടിവെയ്ക്കുകയും വിമര്‍ശകരാകേണ്ട മാധ്യമങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ, സോണിയയുടേയും രാഹുലിന്റെയും സ്തുതിപാഠകരായി തരംതാഴുകയായിരുന്നു.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരമില്ലാതെ ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിന് നിലവില്‍ കൂടെയുള്ള നേതാക്കളുടെ പരാതികള്‍ പരിഹരിച്ച് ഒപ്പം നിര്‍ത്താന്‍ പോലും കഴിയുന്നില്ലെന്ന സ്ഥിതിവിശേഷമാണുള്ളത്.
ബിജെപി പ്രഖ്യാപിച്ചിട്ടുള്ളതു പോലെ കോണ്‍ഗ്രസ് മുക്ത ഭാരതം അടുത്ത ഏതാനും സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ പൂര്‍ത്തിയാകാനാണ് സാധ്യത. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് ഭരിക്കുന്നത് ആ സംസ്ഥാനത്തെ പാര്‍ട്ടിയുടെ അടിത്തറ ഇളക്കാന്‍ പോന്നതായിരുന്നു.
ഇത്തരത്തില്‍ ബുദ്ധിശൂന്യമായ തീരുമാനങ്ങളിലൂടെ പാര്‍ട്ടി സ്വയം തങ്ങളുടെ ശവക്കുഴി തോണ്ടുകയായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 45 പൊതു തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വന്‍ തോല്‍വി നേരിടുകയും കുത്തകയായിരുന്ന അമേഠി മണ്ഡലത്തില്‍ ബിജെപിയുടെ രണ്ടാം നിരയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്ത രാഹുലിനെ കുടുംബ മഹിമയുടെ പേരില്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സ്തുതിപാഠകരുടെ ഗ്രൂപ്പാണ് കോണ്‍ഗ്രസിന് നാശം വിതയ്ക്കുന്നത്.
മറുവശത്ത് ബിജെപി ഒരോ തിരഞ്ഞെടുപ്പിലും മികവ് കാട്ടി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള യുവനേതാക്കള്‍ ഒരോരുത്തരായി ബിജെപിയിലേക്ക് ചേക്കുറുമ്പോള്‍ ദേശീയ രാഷ്ട്രീയം ഒരു വശത്ത് ബിജെപിയും മറുഴശത്ത് കോണ്‍ഗ്രസിതര പ്രാദേശി പാര്‍ട്ടികളുടെ സ്വാര്‍ത്ഥതയില്‍ മുങ്ങിയ പ്രതിപക്ഷക്കൂട്ടായ്മയായും മാറും. പകരം വെയ്ക്കാനില്ലാത്ത ബദലില്ലാത്ത അനിഷേധ്യശക്തിയായി ബിജെപി വളരുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.