സിപിഐ മന്ത്രിയുടേയുടെയും പരിവാരങ്ങളുടെയും ടൂർ വെട്ടി പിണറായി. അങ്ങനെ നിങ്ങള് മാത്രം ലോകം കണ്ടാൽ മതിയോ എന്ന് സിപിഐക്കാർ. 

0

ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും തിരഞ്ഞെടുക്കപ്പെട്ട 20 കർഷകരും നടത്താനിരുന്ന ഇസ്രയേൽ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന് മാറ്റിവച്ചു. വലിയ പണം ചെലവിട്ടുള്ള യാത്ര ഇതിനോടകം വിവാദമായിരുന്നു. ഇതിന് പിന്നാലെ യാത്രാസംഘത്തിൽ സിപിഐക്കാരായവർ മാത്രം ഇടംപിടിച്ചെന്ന വിവാദവും ഉയർന്നുവന്നു. ഇതോടെയാണ് യാത്ര മാറ്റിവെക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയാണ് പ്രസാദിന്റെ യാത്രക്ക് ഉടക്കുവെച്ചതെന്നാണ് സൂചനകൾ. 

ഇസ്രയേലിലെ ചില പ്രദേശങ്ങളിലെ സംഘർഷാവസ്ഥ കാരണം യാത്ര നീട്ടിയെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടുമാസത്തിനുശേഷം യാത്രയെക്കുറിച്ച് തീരുമാനമെടുത്താൽ മതിയെന്നാണു മുഖ്യമന്ത്രി നിർദേശിച്ചത്. ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു യാത്രാപരിപാടി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 2 കോടി ചെലവിട്ടുള്ള യാത്ര വിവാദമായിരുന്നു. യാത്രയിൽ ഇടംപിടിക്കാൻ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ അണിയറനീക്കം നടത്തിയതും ആരോപണങ്ങൾക്കിടയാക്കി. വകുപ്പുസെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഇത്തരം പഠനയാത്രകൾ പൊതുവേ നടത്തുക. 

യാത്രാസംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷനൽ ഡയറക്ടർമാരുടെ പേര് ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയൽ അയച്ചിരുന്നു. പാർട്ടി അനുഭാവമുള്ളവരെ മാത്രമാണു മന്ത്രിക്കൊപ്പം കൂട്ടുന്നതെന്നും ആരോപണം ഉയർന്നു. ഫയൽ പരിശോധിച്ചശേഷമാണ് യാത്ര മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചതെന്നാണു സൂചന. 

ഇസ്രയേലിലെ കാർഷിക പഠന കേന്ദ്രങ്ങൾ , ആധുനിക കൃഷി ഫാമുകൾ, കാർഷിക വ്യവസായ കേന്ദ്രങ്ങൾ എന്നിവ സംഘം സന്ദർശിക്കും. തെരഞ്ഞെടുത്ത കർഷകരിൽ ചിലരുടെ വിമാന ടിക്കറ്റിന്റെ ചെലവ് വഹിക്കുന്നത് അവർ തന്നെയാണെന്നും ഒരു കർഷകന് കുറഞ്ഞത് 3 ലക്ഷം രൂപയാണ് ചെലവു വരികയെന്നും കൃഷി വകുപ്പ് അറിയിച്ചിരുന്നു. 

കേരളത്തിൽ കാർഷിക ഉത്പാദന മേഖലയിൽ സ്വയം പര്യാപ്തത ഇല്ല എന്നുള്ളത് യാഥാർഥ്യമാണ്. അരിയും പച്ചക്കറിയും എന്നുവേണ്ട ഉപ്പുതൊട്ട് കർപ്പൂരം വരെ കേരളത്തിന് പുറത്തുനിന്ന് വരണം. അത്തരമൊരു ദുരവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് കൃഷിവകുപ്പിന്റേത്. കർഷകരെ വിദേശത്തേക്ക് അയച്ച് നൂതന കൃഷിരീതികൾ പരിചയപ്പെടുത്തുന്നതെന്നായിരുന്നു മന്ത്രി പി പ്രസാദ് വ്യക്തമാക്കിയത്. 

കാർഷിക മേഖലയിൽ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രയേലിലുള്ളത്. വാട്ടർ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രയേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകൾ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരത്തിന് വേണ്ടിയാണ് പഠന യാത്ര പ്ലാൻ ചെയ്തിരുന്നത്. 

ഇസ്രയേലിയൻ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി അതു ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രയേലിലേക്ക് അയക്കും. പരമാവധി 20 കർഷകരെയും കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ച രണ്ട് മാധ്യമപ്രവർത്തകരും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പൻ സംഘമാണ് പോകുന്നത്. 10 വർഷത്തിനു മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിഭൂമിയുമുള്ള 50 വയസ്സിന് താഴെയുള്ള കർഷകരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുക്കുക. 

ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, അവിടുത്തെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കാണ് ചെലവ്. ഒരു കർഷകന് വിമാന ചിലവടക്കം മൂന്ന് ലക്ഷം രൂപയാകും. ഇ- മെയിലായി ലഭിച്ച 34 അപേക്ഷകളിൽ നിന്ന് 20 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരിൽ 10 പേർ വിമാന യാത്രയ്ക്കുള്ള ചെലവ് സ്വയം വഹിച്ചുകൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിക്കൊപ്പം കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഉൾപ്പെടുന്ന ഉദ്യോഗസ്ഥരും പോകാനാണിരുന്നത്. 

സംസ്ഥാനത്ത് 80 ശതമാനം കർഷകരും കടക്കെണിയിലാണെന്ന് സ്വതന്ത്ര കർഷക സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല 75 ശതമാനം പേരുടെ ഭൂമിയും പണയത്തിലുമാണ്. ഇത്തരത്തിൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തപ്പോഴാണ് വിദേശ യാത്രയെന്ന വിമർശനം ഉയർന്നിരുന്നു. കർഷകർക്ക് നിലവിലെ രീതിയിൽ പോയാൽ കടബാധ്യത തുടരുക മാത്രമേയുള്ളു. അവരുടെ വരുമാനം വർധിപ്പിച്ചാൽ മാത്രമേ പ്രതിസന്ധി ഇല്ലാതാകുവെന്ന് വകുപ്പ് മന്ത്രി പറയുന്നു. പക്ഷെ കർഷക ക്ഷേമനിധി ബോർഡ്, സ്മാർട്ട് കൃഷിഭവൻ, സിയാൽ മോഡൽ കമ്പനി തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും കർഷകർക്ക് ഉപകാരപ്പെടുന്ന വിധം പ്രാവർത്തികമാക്കാൻ മന്ത്രിക്കോ വകുപ്പിനോ ഇതുവരെ കഴിഞ്ഞില്ലെന്ന ആരോപണവും ശക്തമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here