സെലബ്രിറ്റി നേതാവിനെ കൊണ്ട് ജനങ്ങള്‍ക്കെന്ത് ഗുണം?

0

‘Oprah 2020’ ഇന്നൊരു സാദ്ധ്യതയാണ്. ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാൾഡ് ട്രമ്പിനെ 2020 ല്‍ നേരിടാന്‍ പ്രാപ്തിയുള്ള ഒരാളെ തെരയുന്ന ഡെമോക്രാറ്റുകള്‍ക്ക് ഓപ്ര വിന്‍ഫ്രി ഒരു വലിയ സാദ്ധ്യതയാണ്. പ്രത്യേകിച്ച് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ്സില്‍ സിനിമാരംഗത്തെ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ചതിനു ശേഷം. ‘സ്ത്രീവിരുദ്ധന്‍’ (misogynist) എന്ന് ഹിലരി കൂടെക്കൂടെ വിശേഷിപ്പിച്ച ട്രമ്പിനെ നേരിടാന്‍ ഓപ്രയുടെ ഈ ഇമേജ് സഹായിക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ട്രമ്പിനെ എതിര്‍ക്കുന്ന മാധ്യമങ്ങളും ഗോള്‍ഡന്‍ ഗ്ലോബസിന് ശേഷം ഈ ആശയത്തെ തോളേറ്റുകയാണ്. എന്നാല്‍ ഈ ട്രെന്‍ഡ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ചോദ്യമുണ്ട് – സെലബ്രിറ്റി നേതാവിനെക്കൊണ്ട് ജനങ്ങള്‍ക്കെന്ത് ഗുണം?

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗന്‍ നടനായിരുന്നു. അര്‍നോള്‍ഡ് ഷ്വാസനെഗ്ഗര്‍ രണ്ടുവട്ടം കാലിഫോര്‍ണിയ ഗവര്‍ണറായി. നൊബെല്‍ ജേതാവായ എഴുത്തുകാരന്‍ മാരിയൊ വര്‍ഗാസ്‌ യോസ പക്ഷെ പെറുവിയന്‍ പ്രസിഡന്റ്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റു. കേരളത്തില്‍ ഈ ട്രെന്‍ഡ് തുടങ്ങിയിട്ടേ ഉള്ളു. ഗണേഷ് കുമാര്‍ എന്ന നടന്‍ പണ്ടേ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതാണെങ്കിലും, അദ്ദേഹം നേതാവായ അച്ഛന്‍റെ തണലില്‍ പന്തലിച്ച ആളാണ്‌. 2014 ല്‍ ഇന്നസെന്‍റ്റ് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സിനിമയിലെ പുതിയ മൂന്ന്പേര്‍ – മുകേഷ്, ജഗദീഷ്, ഭീമന്‍ രഘു – പിന്നെ ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌. മുകേഷ് മാത്രം ജയിച്ചു. കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപി രാജ്യസഭയില്‍ എത്തി.

തൊട്ടടുത്ത് തമിഴ്നാട്ടിലെ കഥ പഴയപടി തന്നെ. MGRല്‍ തുടങ്ങിയ ഈ ആരാധന ജയലളിതയുടെ മരണത്തോടെ തമിഴരെ വിട്ടുപോവും എന്ന് കരുതിയവര്‍ ഉണ്ടാവാം. അപ്പോഴാണ്‌ കമല്‍ ഹസന്‍ പുതിയ അവതാരവുമായി എത്തുന്നത്. തൊട്ടുപിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനിയും രാഷ്ട്രീയത്തിലേക്കുള്ള എന്‍ട്രി പ്രഖ്യാപിച്ച്കഴിഞ്ഞു. ആന്ധ്രയിലും കര്‍ണാടകത്തിലും ഈ ട്രെന്‍ഡ് ഏറെക്കുറെ കുറഞ്ഞുവരുന്നേയുള്ളൂ. ബോളിവുഡ് നടന്മാര്‍ താരപരിവേഷംകൊണ്ട് ലോകസഭ എംപി ആവുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അമിതാഭ് ബച്ചന്‍ മുതല്‍ ബബുല്‍ സുപ്രിയോ വരെ ഇങ്ങനെ ജയിച്ചുവന്നവര്‍ തന്നെ.

ഇനി ചോദ്യത്തിലേക്ക് വരാം. ഏറെനാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ സമ്മതി നേടിയവരാണ് പൊതുവെ കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാറ്. അല്ലാതെ സീറ്റ്‌ ഒപ്പിക്കുന്ന ചിലര്‍ ഉണ്ട് – കായല്‍ രാജാവ് തോമസ്‌ ചാണ്ടിയെപോലുള്ളവര്‍. അയാള്‍ പക്ഷെ ഒരു സെലെബ്രിറ്റി അല്ല, ഒരു പണച്ചാക്ക്! സിനിമയിലൂടെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരാള്‍ എന്നനിലയ്ക്കാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് സ്ഥാനാര്‍ഥിയാവുന്നത്. വിപ്ലവപാര്‍ട്ടിക്ക് രണ്ടുകോടി ‘സംഭാവന’ കൊടുത്ത് വാങ്ങിയതാണ് സീറ്റ്‌ എന്ന് അന്നേ പരക്കെ ഒരാക്ഷേപം ഉണ്ടായിരുന്നു. പക്ഷെ ജനങ്ങളുടെ വോട്ടുനേടി ജയിച്ച ഒരാള്‍ ആണ്. എന്നാല്‍ ലോകസഭയില്‍ ഇദ്ദേഹം എന്ത് ചെയ്യുന്നു എന്ന് കാണണം. സിനിമാ തിരക്കിനിടയില്‍ എത്ര ദിവസം സഭയില്‍ പോയി എന്നത് ഒരു ചോദ്യം. ഇംഗ്ലിഷോ ഹിന്ദിയോ ശരിക്ക് പറയാന്‍ അറിയാത്തത് ഒരു തെറ്റൊന്നുമല്ല. പക്ഷെ ഈ ന്യൂനത മറികടന്ന് ഇദ്ദേഹം അവിടെ എന്ത് പറയുന്നു എന്നത് പ്രസക്തമാണ്. കാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്തണം എന്ന് ഇദ്ദേഹം പറയുന്ന ഒരു വീഡിയോ കാണുക. ഇതിന്‍റെ അവസാനം സ്പീകര്‍ പറയുന്നത് ശ്രദ്ധിച്ചോ? ഇത് കാണുന്ന ആര്‍ക്കും ഓര്‍മ വരിക ഇദ്ദേഹം തന്നെ അവതരിപ്പിച്ച ‘സന്ദേശ’ത്തിലെ ‘യശ്വന്ത് സഹായി’യെ അല്ലേ? സിനിമയിലെപോലെ കോമാളി കളിക്കാനാണെങ്കില്‍ ഇവരെ ജയിപ്പിച്ച ജനത്തിനെന്ത് ഗുണം?
ഒരു എംപി എന്നനിലയില്‍ സമയം മുഴുവനും ജനങ്ങള്‍ക്കായ്‌ നീക്കിവയ്ക്കേണ്ടവര്‍ സിനിമാ അഭിനയവുമായി നടക്കുന്നു. നടന്‍ മുകേഷിനെ നോക്കാം. ഓഖി ദുരന്തമുണ്ടായ ഇടങ്ങളില്‍ കൊല്ലത്തെ പ്രതിനിധി എന്ന നിലയില്‍ ഇദ്ദേഹം എന്ത് ചെയ്തു? സ്ഥലം സന്ദര്‍ശിക്കാന്‍ സമയം ഇല്ലാത്ത മുകേഷിന് പക്ഷെ ബഡായി ബംഗ്ലാവില്‍ ഇരുന്ന് വളിപ്പടിക്കാന്‍ സമയം ധാരാളം. ഭീമന്‍ രഘു ജയിച്ചാലും ഇതൊക്കെത്തന്നെ ആവുമായിരുന്നു സ്ഥിതി – മുഖ്യനെ നോക്കി പല്ലിറുമ്മുമായിരിക്കും! ശ്രീശാന്ത് തോറ്റില്ലായിരുന്നെങ്കിലോ? സ്പീക്കറെ കൊഞ്ഞനം കുത്തുന്നത് നമ്മള്‍ ലൈവായി കാണേണ്ടിവന്നേനെ. സുരേഷ് ഗോപി പക്ഷെ എംപി ആയതില്‍പ്പിന്നെ സിനിമ വിട്ടു. ഒരു നല്ല സാമാജികനായി. സുരേഷ് ഗോപിയെ ബീജെപിയില്‍ ചേര്‍ന്നതിന് വിമര്‍ശിച്ച കമാലുദ്ദീന്‍ എന്ന സംവിധായകന്‍ കമല്‍ പ്രധാനമന്ത്രിയെ ‘നരാധമന്‍’ എന്ന് വിളിച്ചതിലൂടെ മാത്രം നേടിയെടുത്തത് കേരള ഫിലിം അക്കാഡമി ചെയര്‍മാന്‍ പദവിയാണ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ എടതിനുവേണ്ടി മത്സരിക്കാവുന്ന മറ്റൊരു സെലബ്രിറ്റി കമലാണ്.

2014 ല്‍ മത്സരിച്ച സ്മൃതി ഇറാനി തോറ്റത് രാഹുല്‍ ഗാന്ധിയോടാണ്. രാജ്യസഭാ സീറ്റ്‌ നേടിയ അവരും പഴയ ടിവി താരം ആണെങ്കിലും, ജനങ്ങളെ സേവിക്കാനുള്ള ശേഷി തെളിയിച്ചവരാണ്. ഇന്ന് കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ വിഭാഗം കയ്യാളുന്നത് എംപികൂടിയായിരുന്ന നടി രമ്യയാണ് (ദിവ്യ സ്പന്ദന). തമിഴ് നടി ഖുശ്ബു രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ച സമയം ഒരു ജോത്സ്യനെ കണ്ടത്രെ. ഏത് പാര്‍ട്ടിയില്‍ ചേരണം എന്ന ചോദ്യത്തിന് ‘ബിജെപി’ അല്ലെങ്കില്‍ ‘കോണ്‍ഗ്രസ്‌’ എന്ന് മറുപടി കിട്ടി – ദ്രാവിഡ കക്ഷികള്‍ വേണ്ട. ആദ്യ ചോയ്സ് ആയ ബിജെപിയെ സമീപിച്ച ഖുശ്ബു പക്ഷെ നിരാശയായി. ഇവരെ നമുക്ക് വേണ്ട എന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. അങ്ങനെയാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇവരൊക്കെ ജയിച്ചു വന്നാല്‍ ജയ ബച്ചനും, ഹേമ മാലിനിയും ഒക്കെ അലങ്കാരമായി കൊണ്ടുനടക്കുന്ന പോലെ ആ സ്ഥാനം കൊണ്ടുനടക്കാം എന്നല്ലാതെ ജനത്തിന് ഒരു ഗുണവും ഉണ്ടാവാനിടയില്ല. വല്ലപ്പോഴും സഭയില്‍ വരും. വന്നാല്‍ത്തന്നെ മിണ്ടാതിരിക്കും – സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ.

സഭയിലെ പ്രകടനം നോക്കിയാല്‍, മികച്ച സാമാജികരില്‍ ഒരൊറ്റ സെലബ്രിറ്റി വരില്ല. PRS Legislative Research പ്രകാരം, ഏഴ് നേതാക്കള്‍ക്കെ നൂറ് ശതമാനം അറ്റന്‍ഡന്‍സ് ഉള്ളു. ഇവരില്‍ ആരും സെലബ്രിറ്റി അല്ല. ബീജെപിയുടെ ഭൈരണ്‍ പ്രസാദ്‌ മിശ്രയാണ് സഭയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ആള്‍ – 1468. കോളേജില്‍ പോവാത്ത 62കാരനായ ടിയാന്‍ എല്ലാ ദിവസവും സഭയില്‍ വന്നിട്ടുണ്ട്. ദേവ് എന്നപേരില്‍ സിനിമ മേഖലയില്‍ അറിയപ്പെടുന്ന ദീപക് അധികാരി ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ എംപിയാണ്. ഇദ്ദേഹത്തിന്‍റെ ഹാജര്‍ വെറും ഒന്‍പത് ശതമാനം. ചോദ്യങ്ങള്‍ ചോദിക്കുന്നതിലും സെലബ്രിറ്റികള്‍ പിന്നില്‍ തന്നെ. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് സുപ്രിയ സൂല്‍ (NCP-788), ധനന്ജയ് മഹാധിക് (NCP-785), ശ്രിരങ്ങ് അപ്പ ഭര്‍നെ (shiv sena-762) എന്നിവര്‍.

മുന്‍വര്‍ഷങ്ങളിലും സെലബ്രിറ്റി സാമാജികര്‍ മോശം പ്രകടനമായിരുന്നു. നടന്‍ ഗോവിന്ദ 2007 ല്‍ 34 ദിവസങ്ങളില്‍ ഒരിക്കല്‍ പോലും സഭകണ്ടില്ല. വെറും ഒന്നര ശതമാനം ഹാജറുള്ള ധര്‍മേന്ദ്ര ഒരു ചോദ്യം ചോദിക്കുകയോ, ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്തില്ല. ആറുശതമാനം ഹാജര്‍ ഉള്ള മുന്‍ക്രിക്കറ്റ്‌ താരം സിദ്ധു സഭയില്‍ വാതുറന്നതേ ഇല്ല. പത്തൊന്‍പത് കോടി രൂപ ഫണ്ട്‌ ഉള്ള ഈ എംപി പക്ഷെ പകുതിപോലും അമ്രിത്സറില്‍ ചെലവാക്കിയില്ല. രാജ് ബബ്ബറും വെറും അഞ്ചുശതമാനം ഹാജര്‍ ഉണ്ടായിരുന്ന മറ്റൊരു സെലബ്രിറ്റി ആണ്.

കക്ഷിയില്‍ കേമന്മാര്‍ ഇല്ലാത്തത്കൊണ്ടല്ല സെലെബ്രിറ്റികളെ ഇറക്കുന്നത്. ഒരു ഇമേജ് ഉണ്ടാക്കാനും, ചിലപ്പോഴൊക്കെ ‘സംഭാവന’ക്കും. ഇവരുടെ ജയംകൊണ്ട് പക്ഷെ പലപ്പോഴും തോല്‍ക്കുന്നത് ജനങ്ങളാണ്.

ഓപ്രയിലേക്ക് തിരിച്ചുവന്നാല്‍, ലൈംഗിക ചൂഷണത്തിനെതിരെ സംസാരിച്ചെങ്കിലും, ‘മീറ്റൂ’ മൂവ്മെന്‍റ്റിന് കാരണക്കാരനായ ഹാര്‍വി വെയ്ന്‍സ്റ്റീനിന്‍റെ ചെവി കടിക്കുന്ന ചിത്രം അവര്‍ക്കൊരു ‘പാര’യാവും എന്ന് പറയുന്നവരും ഉണ്ട്.

ശിഷ്ടാംശം: ജ്യോതിഷപരമായി പറഞ്ഞാല്‍, കലാപരമായ കഴിവുകളെ പോഷിപ്പിക്കുന്ന ‘ശുക്രന്‍’ പലപ്പോഴും അധികാര/രാഷ്ട്രീയ സ്ഥാനങ്ങള്‍ നേടാന്‍ സഹായകമാവാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here