ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്: ഒരു Ex- മുസ്ലിമിന്റെ സാക്ഷ്യം.

    0

    മാദ്ധ്യമങ്ങളിലൂടെ നമ്മളെല്ലാം നിരന്തരം കേൾക്കാറുള്ളത് സ്വധർമ്മം ഉപേക്ഷിച്ച് സെമിറ്റിക്ക് മതങ്ങളിലേക്ക് ചേക്കേറുന്ന ഹിന്ദുക്കളുടെ കഥകളാണ്. തങ്ങളെ അതിനു പ്രേരിപ്പിച്ച ഘടകങ്ങളും പുതിയ മതത്തിൻ്റെ മഹത്വവും ഒക്കെ അത്തരം മുൻ ഹിന്ദുക്കളെ കൊണ്ട് പ്രചാരിപ്പിക്കുക സെമിറ്റിക്ക് വിശ്വാസികൾ ഒരു മത ചടങ്ങു പോലെ തന്നെ നിർവ്വഹിച്ചു വരുന്നു. തങ്ങളുടെ കൂട്ടത്തിൽ എത്തിപ്പെട്ട ഹിന്ദുവിനെ ചൂണ്ടയിൽ  കൊരുത്ത് കൂടുതൽ ഇരകളെ പിടിക്കുക എന്നതാണ് മതം മാറ്റ ശക്തികളുടെ തന്ത്രം. എന്നാൽ യാതൊരു പരപ്രേരണയും കൂടാതെ ആത്മാർത്ഥമായ സത്യാന്വേഷണത്തിലൂടെ സ്വധർമ്മം തിരിച്ചറിഞ്ഞ്  ഹിന്ദുധർമ്മത്തിലേക്ക് മടങ്ങി വരുന്നവരുടെ എണ്ണവും കുറവല്ല. പക്ഷേ അത്തരം അനുഭവ കഥകൾ ഒന്നും  പ്രചരിപ്പിക്കാനോ അതുപയോഗിച്ച് കൂടുതൽ പേരെ സ്വമതത്തിലേക്ക് ആകർഷിക്കാനോ ഹിന്ദുക്കൾ ഒരിക്കലും മെനക്കെടാറില്ല. അതുകൊണ്ട് ഹിന്ദുക്കൾക്ക് പലപ്പോഴും സ്വധർമ്മ മഹത്വം അറിയാൻ കഴിയാറില്ല. സനാതന ധർമ്മത്തിലേക്ക് സ്വാഭാവികമായി കടന്നു വന്ന് ആത്മീയാനുഭവങ്ങൾ നേടിയ അത്തരമൊരു വനിതയുടെ അനുഭവ കഥനം ഇവിടെ വായിക്കാം. https://satyavijayi.com എന്ന സൈറ്റിൽ ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പരിഭാഷയാണ് താഴെ കൊടുക്കുന്നത്.  

    ഒരു മുൻ മുസ്‌ലിം ആയ താങ്കൾ ഇസ്ലാമിലേക്ക് തിരികെപ്പോകാൻ ആഗ്രഹിക്കുന്നുവോ?

    എപ്പോഴെങ്കിലും അങ്ങനെ തിരികെ പോകാനായിരുന്നെങ്കിൽ ആദ്യം ഞാൻ വിട്ടുപോകുക എന്നതു തന്നെ ഉണ്ടാകുമായിരുന്നില്ല. ഞാനിപ്പോൾ ഒരു സനാതനിയാണ്. എന്‍റെ കഥയാണ് ഞാനിവിടെ പറയുന്നത്.

    ശരിയായ അർത്ഥത്തിലുള്ള ഒരു മുസ്‌ലിം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്‍റെ കുട്ടിക്കാലം മുതലേ മാംസം കാണുന്നതു പോലും എനിക്ക് ഇഷ്ടമായിരുന്നില്ല. പിന്നല്ലേ അത് ഭക്ഷിക്കാൻ? മാംസാഹാരം, അതും ദിവസേന പലതവണ ഭക്ഷിക്കേണ്ടി വരുന്നത് എന്നെ സംബന്ധിച്ച് വലിയൊരു പീഡനം തന്നെയായിരുന്നു. ഇക്കാരണത്താൽ ഭക്ഷണ കാര്യത്തിൽ ഞാൻ ആവശ്യമില്ലാത്ത കടുംപിടുത്തം കാണിക്കുകയാണെന്ന് ചിന്തിച്ച് എന്‍റെ അച്ഛൻ എന്നെ തല്ലാറുപോലുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്‍റെ അച്ഛനമ്മമാരും സസ്യാഹാരികളായി മാറിക്കഴിഞ്ഞു എന്നതും ഞങ്ങളുടെ ബന്ധുക്കളെക്കൂടി ഈ പാതയിലേക്ക് വരാൻ അവർ ക്ഷണിക്കാറുണ്ട് എന്നതും വേറെകാര്യം.

    ഞാൻ കുവൈറ്റ് പോലുള്ള ശരിക്കും ഇസ്‌ലാമികമായ ഒരു രാജ്യത്താണ് വളർന്നത്. അവിടെ ആധികാരികമായി പഠിച്ചിട്ടുള്ള പണ്ഡിതന്മാർ തന്നെ എന്നെ ഇസ്‌ലാമിനെ കുറിച്ച് അറിയേണ്ടതെല്ലാം പഠിപ്പിച്ചു. ഖുർ ആനിലെ തെരെഞ്ഞെടുക്കപ്പെട്ട വചനങ്ങൾ അവയുടെ പരിഭാഷയോടൊപ്പം എനിക്ക് നൽകപ്പെടുമായിരുന്നു. ഭയപ്പെടുത്തുന്ന അത്തരം വചനങ്ങളെല്ലാം കാണാതെ പഠിക്കാൻ ഞാൻ നിർബന്ധിക്കപ്പെട്ടു. ഇസ്‌ലാമിക പഠനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട, മോറൽ സയൻസ് ക്ലാസ്സിൽ പോകുന്ന അമുസ്‌ലിം കുട്ടികളോട് എനിക്ക് അസൂയ തോന്നിയിരുന്ന കാര്യം ഞാൻ ഇന്നും ഓർക്കുന്നു. എന്നെ മോറൽ സയൻസ് ക്ലാസ്സിൽ വിടാമോ എന്ന് പലതവണ ഞാൻ എന്‍റെ അദ്ധ്യാപകനോട് നിഷ്ക്കളങ്കമായി ചോദിച്ചിട്ടുണ്ട്. എന്നാൽ എന്‍റെ അഭ്യർത്ഥന നിരസിക്കപ്പെടുകയും ഇസ്‌ലാമിക പഠനത്തിന് ഞാൻ നിർബന്ധിതയാവുകയുമാണ് എല്ലായ്പ്പോഴും ഉണ്ടായത്.

    എന്നെ പഠിപ്പിക്കാൻ എത്ര ശക്തമായി അവർ ശ്രമിച്ചോ അത്രയ്ക്കധികം അസ്വസ്ഥതയാണ് ഞാൻ അനുഭവിച്ചത്. ഇസ്‌ലാമിക വിരുദ്ധമായ ചിന്തപോലും മനസ്സിൽ ഉണ്ടാകുന്നത് വലിയ പാപമാണ് എന്ന് എന്‍റെ അമ്മയും മറ്റും എല്ലായ്പ്പോഴും മുന്നറിയിപ്പ് തരുമായിരുന്നെങ്കിലും ചിന്തിക്കാൻ ഞാൻ ഒരിയ്ക്കലും ഭയപ്പെട്ടിരുന്നില്ല. ഒരു റിബലായിരുന്ന ഞാൻ ഒരിയ്ക്കലും അത്തരം വാക്കുകൾ മുഖവിലയ്‌ക്കെടുത്തില്ല. പകരം പൊതു ധാരണകൾക്കെതിരെ പോവുകയായിരുന്നു. ചിന്തിച്ച് ഉത്തരം തേടുന്നതിലാണ് അല്ലാതെ എന്നോട് ഓതുന്നത് കണ്ണുമടച്ച് പിന്തുടരുന്നതിലല്ല ഞാൻ വിശ്വസിച്ചിരുന്നത്. ഇന്നും ഞാൻ എന്‍റെ ബുദ്ധിയേയും ആന്തരിക പ്രചോദനത്തേയും ആണ് പിന്തുടരുന്നത്.

    കാലം മുന്നോട്ടു പോയി. വളരെ അപേക്ഷകൾക്കും ബോദ്ധ്യപ്പെടുത്തലിനും ഒടുവിൽ മെഡിസിൻ പഠനത്തിനായി ഞാൻ ഇന്ത്യയിലേക്ക് അയയ്ക്കപ്പെട്ടു. ചുറ്റുമുള്ള കഷ്ടതകൾ പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ദുരിതങ്ങൾ എന്‍റെ ഹൃദയം തകർത്തു. എന്തുമാതിരി ദൈവമാണ് തന്‍റെ സൃഷ്ടികള്‍ക്ക് ഇത്രയും ദുരിതങ്ങൾ ഉണ്ടാവാൻ അനുവദിക്കുന്നത്? ഞാൻ പലപ്പോഴും ചിന്തിച്ച്‌ വ്യാകുലപ്പെടുമായിരുന്നു. ഇസ്ലാമിക പ്രബോധന പ്രകാരം മനുഷ്യൻ ഒരു ജീവിതം മാത്രമാണ് നയിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് വിധിക്കപ്പെടുന്നതും. ഞാൻ തന്നെ സ്വയം പോളിയോ ബാധയുടെ ഇരയായിരുന്നു. അന്നത്തെ ആ കഷ്ടതകൾ ഓർത്ത്, എന്നോട് കാണിച്ച അനീതിയുടെ പേരിൽ എനിക്ക് ദൈവത്തോട് അമർഷം തോന്നിയിട്ടുണ്ട്. എന്നോടും കഷ്ടതയനുഭവിക്കുന്ന ആ കുഞ്ഞുങ്ങളോടും എന്തിനാണ് ദൈവം ഇത്ര നിർദയനായത്? അതേസമയം ഉപദ്രവകാരികളും ദുഷ്ടന്മാരുമായ ധാരാളം പേർ നമുക്കു ചുറ്റും യാതൊരു പ്രശ്നവുങ്ങളുമില്ലാതെ സുഖമായി ജീവിതം ആസ്വദിക്കുന്നതും നമ്മൾ കാണുന്നു. ഇത്തരം ഒരു ദൈവ സങ്കൽപ്പവും എനിക്ക് യുക്തിസഹമായി തോന്നിയില്ല. അങ്ങനെ ഞാൻ ഒരു നിരീശ്വര വിശ്വാസിയായി. ദൈവം ഒന്നുകിൽ മരിച്ചു. അല്ലെങ്കിൽ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. അതുമല്ലെങ്കിൽ മനുഷ്യരുടെ കഷ്ടപ്പാടുകളെ പറ്റി യാതൊരു പരിഗണനയും ഇല്ലാത്ത ദുഷ്ടനാണ്, അഥവാ ദൈവം ഉറക്കത്തിലാണ്. അങ്ങനെ ഞാൻ ദീർഘകാലത്തോളം ഇരുട്ടിലും അജ്ഞതയിലും മുഴുകി ഒരു നിരീശ്വര വിശ്വാസിയായി തന്നെ തുടർന്നു. എന്‍റെ ജീവിതത്തിൽ വളരെയേറെ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയധികം വെല്ലുവിളികൾ ഞാൻ നേരിടേണ്ടി വരുന്നത് എന്നകാര്യം എനിക്ക് മനസ്സിലായിരുന്നില്ല. ഓരോ വെല്ലുവിളിയും വരുമ്പോൾ അതിനെ നേരിട്ടുകൊണ്ട് ഞാൻ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

    വലിയൊരു വഴിത്തിരിവ് ഉണ്ടാവുന്നതു വരെ അതങ്ങനെ മുന്നോട്ടു പോയി. 2015 എല്ലാം മാറ്റി മറിച്ചു.

    ജീവിതത്തിലെ അതികഠിനമായ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെ കടന്നു പോകുകയായിരുന്നു ഞാനന്ന്. എന്‍റെ നാഡീവ്യൂഹം തന്നെ തകർന്നു പോകുമെന്നും മനസ്സ് സമനില തെറ്റുമെന്നു പോലും എനിക്ക് തോന്നിയ കാലം.

    2015 ജനുവരിയിലാണ് അത് തുടങ്ങിയത്. മനസ്സിനെ ശാന്തമാക്കാനും വിശ്രമം കൊടുക്കാനുമായി ഞാൻ ധ്യാനം പരിശീലിക്കാൻ ആരംഭിച്ചു. എന്നാൽ അതിലൂടെ എന്‍റെ ജീവിതം സമ്പൂർണ്ണമായി മാറ്റിമറിയ്ക്കപ്പെടാൻ പോവുകയായിരുന്നു എന്ന കാര്യം അന്നെനിക്ക് അറിയുമായിരുന്നില്ല. ഞാൻ ദിവസേന മുപ്പതു മിനിട്ടോളം ധ്യാനം പരിശീലിക്കാൻ തുടങ്ങി. തുടക്കം മുതലേ ധ്യാനം എനിക്ക് ആസ്വദിക്കാനായി. എന്‍റെ ശരീരത്തെ കുറിച്ചുള്ള ബോധം കുറയുകയും മറ്റേതോ ബോധതലത്തിലേക്ക് പരിവർത്തനപ്പെടുകയും ചെയ്യുന്ന പോലെയാണ് എനിക്കനുഭവപ്പെട്ടത്. അധികം താമസിയാതെ എനിക്ക് ശിവഭഗവാന്‍റെ ദർശനം ഉണ്ടാവാൻ തുടങ്ങി. കഴുത്തിൽ വാസുകിയെ ധരിച്ചും മന്ദഹാസം ചൊരിയുന്ന മുഖത്തോടും കൂടിയുള്ള അദ്ദേഹത്തിന്‍റെ ദർശനം ഇടയ്ക്കിടെ കിട്ടി. ഞാനാകട്ടെ അതെന്‍റെ മനസ്സിന്റെ തന്നെ ഒരു ഭാവനയായിരിക്കും എന്ന് ചിന്തിച്ച് അതിനെ തള്ളിക്കളയുകയാണ് ചെയ്തത്. എനിക്ക് തോന്നിയത് ഇതൊക്കെ എന്‍റെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്ന ഏതെങ്കിലും വിചിത്ര ശക്തികൾ ആയിരിക്കാമെന്നാണ്. ഞാൻ ഈ അനുഭവത്തിന് കാരണമായി പല സിദ്ധാന്തങ്ങളും തേടിയെങ്കിലും അവയൊന്നും തന്നെ തൃപ്തികരമായി തോന്നിയില്ല.

    2015 ഫെബ്രുവരി ആയപ്പോഴേക്കും ധ്യാനം എന്‍റെ ദിനചര്യയുടെ ഒരു അവിഭാജ്യ ഘടകം ആയി മാറിയിരുന്നു. ഒരുദിവസം പതിവു പോലെ ധ്യാനിക്കാനിരുന്ന എനിക്ക് ജീവിതത്തെ മാറ്റി മറിക്കുന്ന ഒരനുഭവമാണ് ഉണ്ടായത്. അതിശക്തമായ ഒരു സാന്നിദ്ധ്യം അപ്പോൾ എനിക്ക് അനുഭവപ്പെട്ടു. എന്‍റെ ജീവിതത്തിലെ ദുരിതങ്ങളെ കുറിച്ചുള്ള ഒരു സന്ദേശവും എനിക്ക് കിട്ടി. എന്നാൽ അതിനേക്കാളുപരി ആ സാന്നിദ്ധ്യം അതിശക്തവും പ്രേമപൂർണ്ണവുമായിരുന്നു. ആ നിമിഷത്തിൽ തന്നെ എനിക്ക് നശ്വരമായ ഈ ഭൗതിക ശരീരം ഉപേക്ഷിച്ച് അതിൽ വിലയിക്കണം എന്ന പ്രേരണയാണ് തോന്നിയത്. ദിവ്യമായ ഒരു അനുഭൂതിയിൽ എന്‍റെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാര ധാരയായി പ്രവഹിച്ചു. എനിക്ക് ജീവിതത്തിൽ അതുവരെ തോന്നിയിട്ടില്ലാത്ത വിധത്തിലുള്ള ഒരു ഭക്തി പ്രഹർഷം അനുഭവപ്പെട്ടു. ആ സാന്നിധ്യത്തെ ദൈവം എന്ന് ഞാൻ വിളിക്കുന്നു. ചിന്താകുഴപ്പത്തിലും നഷ്ടബോധത്തിലും നിന്ന്, നിരീശ്വര വിശ്വാസത്തിൽ നിന്ന് ഞാൻ പെട്ടെന്ന് ഒരു വിശ്വാസിയായി മാറുകയായിരുന്നു. അപ്പോഴും മതമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ മതത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. കാരണം അത് എനിക്ക് വ്യത്യാസമൊന്നും ഉണ്ടാക്കിയിരുന്നില്ല.

    ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള എന്‍റെ യാത്ര അവിടെനിന്നും ആരംഭിച്ചു. ഞാൻ ഈ വിഷയത്തിൽ കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചു. താമസിയാതെ എനിക്ക് ബോദ്ധ്യമായി, സത്യം എന്ന് എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ട ഇക്കാര്യങ്ങൾ എല്ലാം തന്നെ സനാതന ധർമ്മം അഥവാ ഹിന്ദുമതവുമായി പൂർണ്ണമായും പൊരുത്തപ്പെട്ട് നിൽക്കുന്നവയാണ്. അത് എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കാരണം എന്‍റെ ഇസ്‌ലാമിക പശ്ചാത്തലം കാരണം വിഗ്രഹാരാധന, മറ്റുദൈവങ്ങൾ തുടങ്ങിയവയെ കുറിച്ച് മുൻവിധിയോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാൻ ഇസ്‌ലാം പിന്തുടർന്നിരുന്നില്ലെങ്കിലും അതിന്‍റെ പല പ്രബോധനങ്ങളും എന്‍റെ ഉപബോധമനസ്സിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു എന്നതാണ് വസ്തുത.

    ഞാൻ സനാതന ധർമ്മത്തെ കൂടുതൽ പഠിക്കാൻ തുടങ്ങി. അതിന്‍റെ പല രുചിഭേദങ്ങളും വിവിധ വശങ്ങളും പരിശോധിച്ചു. ഏതാണ്ട് ഒന്നര വർഷത്തോളം ശിവനെ നിഷേധിച്ച ശേഷം ഞാൻ അദ്ദേഹത്തെ എന്‍റെ ഗുരുവായി സ്വീകരിച്ചു. ഞാൻ അദ്ദേഹത്തിന്‍റെ ദിവ്യനാമങ്ങൾ ജപിക്കാൻ തുടങ്ങി. അതോടെ എന്‍റെ പുരോഗതിയുടെ വേഗതയും കൂടി. എനിക്ക് ചില ദിവ്യമായ കഴിവുകൾ കൈവന്നു. അവ ഞാൻ എന്‍റെ ചുറ്റുമുള്ള അനേകരെ സഹായിക്കാൻ ഉപയോഗപ്പെടുത്തി. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ എന്നിൽ വന്ന മാറ്റങ്ങൾ കാരണം 2015 നു മുമ്പുള്ള ഞാൻ ആരായിരുന്നു എന്ന് എനിക്കിപ്പോൾ അറിയില്ല എന്നു പറയുന്നതാവും ശരി. ഈ യാത്ര തുടങ്ങിയതിനു മുമ്പുള്ള എന്‍റെ വ്യക്തിത്വവുമായി എനിക്കിപ്പോൾ ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല.

    പണത്തിനും പേരിനും പ്രശസ്തിക്കും ഒക്കെ പിന്നാലെയുള്ള ആധുനിക ലോകത്തിന്‍റെ ഈ മരണപ്പാച്ചിലിൽ മറ്റാരേയും പോലെ മുഴുകിയിരുന്ന ഒരാളിൽ നിന്ന് ആഗ്രഹങ്ങളും അതിമോഹങ്ങളും ഒന്നുമില്ലാത്ത ഒരാളായി ഞാൻ മാറി. കാലം മുന്നോട്ടു പോകുന്നതോടെ ഞാൻ കൂടുതൽ കൂടുതൽ തന്നിൽ തന്നെ ഒതുങ്ങിയ ഒരാളായി മാറിക്കൊണ്ടിരിക്കുന്നു. പ്രത്യേക കാര്യ സാദ്ധ്യങ്ങളൊന്നും മനസ്സിനെ ആകര്‍ഷിക്കുന്നില്ല. ഞാൻ കാണുന്നതെല്ലാം എന്‍റെ മനസ്സിന്‍റെ വിക്ഷേപങ്ങളാണ് എന്ന അറിവ് ഇപ്പോൾ എനിക്കുണ്ട്. ഞാൻ ബംഗളൂരിൽ സ്വന്തം നിലയ്ക്ക് ഒരു ക്ലിനിക്ക് വിജയകരമായി നടത്തി വരികയായിരുന്നു. ഈയിടെ അത് വിറ്റു. താമസിയാതെ ഏതാനും മാസങ്ങൾക്കുള്ളിൽ എന്‍റെ പ്രാക്ടീസും ഞാൻ നിർത്തും. ഞാൻ ശിവനോട് അടുക്കുന്തോറും ജീവിതത്തിൽ നിന്നും അപ്രധാനമായവയെല്ലാം സ്വയമേവ തന്നെ കൊഴിഞ്ഞു പോകുന്നു. ഇപ്പോഴും വെല്ലുവിളികൾ എന്‍റെ മാർഗ്ഗത്തിൽ കടന്നു വരുന്നുണ്ട്. എന്നാൽ അവയൊന്നും ഇപ്പോൾ എന്നെ ബാധിക്കുന്നില്ല. ജീവിതത്തിലെ വിഷമഘട്ടങ്ങളെ പഴയതുപോലെ ദുരിതമായി ഞാൻ കാണുന്നില്ല, മറിച്ച് കൂടുതൽ നല്ലൊരു മനുഷ്യനായി പരിവർത്തനപ്പെടാൻ അത്യാവശ്യം വേണ്ട ഘടകങ്ങളായിട്ടാണ് അവയെ ഞാൻ ഇപ്പോള്‍ കാണുന്നത്. നേരത്തെ ഞാൻ വളരെ മുൻശുണ്ഠിക്കാരിയായിരുന്നു. എന്നാൽ ഇപ്പോൾ മിക്കവാറും എല്ലായ്പ്പോഴും ഞാൻ വളരെ ശാന്തയാണ്. ഇടയ്ക്ക് എപ്പോഴെങ്കിലും കോപം എന്നെ കീഴ്‌പ്പെടുത്തിയാലും പെട്ടെന്നു തന്നെ ഞാനത് തിരിച്ചറിയുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നു. ഒരു അജ്ഞാനിയെ പോലെ ഞാൻ പതിക്കുന്ന അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. അങ്ങനെ സംഭവിച്ചാലും തിരിച്ചറിവ് വളരെ വേഗം തന്നെ മടങ്ങി വരുന്നു. ഇതെല്ലാം എന്‍റെ ആന്തരിക യാത്ര തുടങ്ങിയതോടു കൂടിയാണ് സാധ്യമായത്. ഈ സാക്ഷാത്ക്കാരത്തിൽ സനാതന ധർമ്മം എന്നെ വളരെയേറെ സഹായിച്ചു. ഇരുട്ടിൽ നിന്നും ഞാൻ വെളിച്ചത്തിലേക്ക് വന്നിരിയ്ക്കുന്നു. ശിവൻ എനിക്ക് എന്താണ് എന്നും സനാതന ധർമ്മം എനിക്ക് എന്തു തന്നു എന്നും എത്ര വേണമെങ്കിലും ഇതുപോലെ എഴുതാൻ കഴിയും. ഒരു കാര്യം മാത്രം പറയാം, സനാതന ധർമ്മം എന്നെ സ്വതന്ത്രയാക്കി. ആത്മാവ് ഒരു ദിവ്യ സത്തയാണ് എന്ന തിരിച്ചറിവോടു കൂടി ഈ നിമിഷത്തിൽ ഭയമില്ലാതെ ജീവിക്കാൻ അതെന്നെ പ്രാപ്തയാക്കി.

    Sofiya Rangwala

    ഇസ്‌ലാമിനെ സംബന്ധിച്ച് വിധി കല്‍പ്പിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു. എന്നാൽ എനിക്ക് വളരെ അടുത്തറിയാൻ സാധിച്ചിട്ടുള്ളതുകൊണ്ടും എന്‍റെ വളർച്ചയ്ക്ക് യാതൊരു സംഭാവനയും തന്നിട്ടില്ലെന്നു മാത്രമല്ല അതെനിക്ക് ദുരിതങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ എന്നുള്ളതുകൊണ്ടും ഇസ്ലാമിനോട് തീർത്തും നിഷ്പക്ഷമാവാൻ എനിക്ക് വളരെ പ്രയാസമാണ്. മറ്റുള്ളവരെ വിധിക്കുന്ന മനസ്സിന്‍റെ ഭാവം വരുമ്പോൾ ആ മതത്തെപ്പറ്റി മുഴുവനായും മോശമായി ചിന്തിച്ചു പോകുന്നു. എന്‍റെ ഈ മാനസിക നിലയിൽ നിന്ന് പുറത്തുവരാൻ വേണ്ടി ഞാൻ ആത്മാർത്ഥമായി യാതൊരു മുൻവിധിയുമില്ലാതെ തന്നെ ഖുർആൻ വീണ്ടും വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ അവിശ്വാസികളുടെ നേരെ വെറുപ്പും ഭയവും ഇളക്കി വിടുന്നതല്ലാത്ത, പക്വതയുള്ള ഒരു വചനം പോലും എനിക്കതിൽ കാണാൻ കഴിഞ്ഞില്ല. വെറുപ്പ് വളർത്തുന്ന പ്രബോധനങ്ങൾ ആവട്ടെ എന്നെ നിരാശപ്പെടുത്തുകയും ചെയ്തു. ഞാൻ ഒരു അവിശ്വാസിയും നിരീശ്വര വിശ്വാസിയുമായിരുന്നു. എന്നിട്ടും ദൈവം എന്നിൽ കൃപ ചൊരിയുകയും എന്നെ വെളിച്ചത്തിലേക്ക് കൊണ്ടു വരികയും ചെയ്തു. ഈശ്വരന്‍റെ സ്നേഹത്തിന് പാത്രമാവാൻ ഞാൻ മുസ്‌ലിം ആവേണ്ടി വന്നില്ല. പിന്നെന്തിന് ഒരു അവിശ്വാസി അള്ളാഹുവിനെയോ ദൈവത്തെയോ ഭയപ്പെടണം? അതുപോലെ മനുഷ്യത്വ രഹിതവും അനീതി പരവുമായ പല ആചാരങ്ങളും ഇസ്‌ലാമിലുണ്ട്. എങ്കിലും എല്ലാറ്റിനേയും കുറേക്കൂടി ഉയർന്ന ഒരു തലത്തിൽ നിന്ന് വീക്ഷിക്കാനും അവയുമായി സമാധാനത്തിൽ വർത്തിക്കാനുമാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്.

    കടപ്പാട്: സോഫിയ രംഗവാല ~ സത്യവിജയ്‌

    LEAVE A REPLY

    Please enter your comment!
    Please enter your name here