ഉക്രൈനിൽ സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമമായിരുന്നു ‘ഹോളോഡൊമോർ’ . ‘യൂറോപ്പിന്റെ പ്രഭാത ഭക്ഷണം’ എന്നറിയപ്പെട്ട ഉക്രൈനിൽ, അവിടങ്ങളിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ, സ്റ്റാലിൻ വിതച്ച, പട്ടിണിയുടെ വിഷവിത്ത് കൊയ്തെടുക്കേണ്ടിവന്ന കർഷകരുടെ കദനകഥയാണ് ആ വാക്കിന്
പറയാനുള്ളത് .ഹോളോഡൊമോറിന് ഉക്രൈൻ ഭാഷയിലെ അർത്ഥം പോലും “പട്ടിണിക്കിട്ട് കൊല്ലുക” എന്നാണ്.
തന്നെ എതിർത്തവരെയെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കൊന്നൊടുക്കാനും അടിച്ചമർത്താനും ഒരു കാലത്തും മടിച്ചിട്ടില്ലാത്ത ‘ജോസഫ് സ്റ്റാലിൻ’ (Joseph Stalin) എന്ന നിഷ്ഠൂര ഭരണധികരി, ഒരു ജനതയെ ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി നടപ്പിലാക്കിയതായിരുന്നു ‘ഹോളോഡൊമോർ’ എന്നറിയപ്പെട്ട ക്ഷാമം!
പണിസ്ഥലങ്ങളും, പണിയായുധങ്ങളും സ്റ്റേറ്റ്ന് അടിയറവു വച്ച് പൊതു ഉടമ വ്യവസ്ഥയിൽ ചേരാൻ വിസമ്മതിച്ചതും, കർഷകർക്കിടയിൽ ഉയർന്നു വന്ന സ്വാതന്ത്രദാഹവുമായിരുന്നു, കമ്മ്യൂണിസ്റ്റുകാരുടെ ‘പൊന്നുതമ്പുരാൻ സ്റ്റാലിനെ’ ചൊടിപ്പിച്ചത്.
എതിർപ്പിനടയിലും, ആയിരത്തി തൊള്ളായിരത്തി ഇരുപത്തി എട്ടിൽ (1928) ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട കാർഷിക പൊതുഉടമ വ്യവസ്ഥ (Agricultural collectivization) എന്ന പദ്ധതി, സോവിയറ്റ് രഹസ്യ പോലീസിനെയും പാർട്ടി ഗുണ്ടകളെയുമുപയോഗിച്ച് ഉക്രൈനിലെ കർഷകർക്കുമേൽ സ്റ്റാലിൻ അടിച്ചേൽപ്പിക്കുക തന്നെ ചെയ്തു.
കർഷകർക്ക് കൃഷിയിടങ്ങളും വീടുകളും വരെ സ്റ്റേറ്റിന് അടിയറവുവെക്കേണ്ടി വന്നു. ഒരിക്കൽ തങ്ങളുടേതായിരുന്ന കൃഷിയിടങ്ങളിൽ വെറും തൊഴിലാളികളായി അടിമപ്പണിയെടുക്കാൻ ആ പാവങ്ങൾ വിധിക്കപ്പെട്ടു. എതിർത്ത് നിൽക്കാൻ ശ്രമിച്ചവരെല്ലാം കുലക്കുകൾ (Kulaks) , സോവിയറ്റ് വിരുദ്ധർ (anti Soviet) എന്നെല്ലാം മുദ്രകുത്തി സോവിയറ്റ് പോലീസ് വെടിവെച്ചുകൊന്നു. പലരെയും സൈബീരിയൻ കോൺസെൺട്രേഷൻ ക്യാമ്പുകളിലേക്ക് തല്ലിയോടിച്ചു.
നിശ്ചിത കണക്കിൽ സേവിയറ്റിന് വേണ്ടി ധാന്യം ഉത്പാദിപ്പിക്കാൻ വ്യവസ്ഥ വന്നതോടെ ഉക്രൈൻ കർഷകർ തീർത്തും പ്രതിരോധത്തിലായി. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ട് (1932) ഓടെ രാപ്പകൽ കഷ്ടപ്പെട്ടാലും ഉത്പാദിപ്പിക്കാൻ കഴിയുന്നതിലുമധികം ധാന്യം സോവിയറ്റിന് നൽകാനുള്ള ഉത്തരവ് ‘മോസ്കോയിലെ തമ്പുരാൻ’ ഉക്രൈൻ കർഷകർക്ക് മേൽ അടിച്ചേൽപ്പിച്ചു.
പറഞ്ഞ ധാന്യം കാഴ്ച്ചവെക്കാൻ കഴിയാതെ വന്നതിന്റെ ശിക്ഷയായി, കമ്യൂണിസ്റ്റ് പാർട്ടി സഖാക്കളും, സോവിയറ്റ് രഹസ്യ പോലീസും കർഷകരുടെ കുടിലുകളിൽ നിന്ന് കിട്ടാവുന്നതെല്ലാം കൊള്ളയടിച്ചു! ഇരുട്ടിൽ റാന്തൽ വിളിക്കുകളുമായ് നടന്ന് അവസാന ധാന്യമണിയും, പച്ചക്കറികളും, ഉളളിയുമടക്കം ഭക്ഷ്യയോഗ്യമായ എല്ലാം കൊള്ളയടിച്ചു എന്ന് സഖാക്കൾ വീണ്ടും, വീണ്ടും ഉറപ്പു വരുത്തി.
രണ്ട്കോടി മുതൽ ആറുകോടി വരെ ജനങ്ങൾ ഹോളോടോമോറിൽ കൊല്ലപ്പെട്ടു എന്ന് വിവിധ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. സോവിയറ്റിന്റെ തകർച്ചക്ക് ശേഷം ലഭ്യമായ മോസ്ക്കോയിലേയും ഉക്രൈനിലേയും അർക്കേവുകളിൽ നിന്ന് നാൽപ്പത്തി എട്ട് ലക്ഷം കൊലപാതകങ്ങളുടെ ചരിത്രം ലഭ്യമായിട്ടുമുണ്ട്. എന്നിരുന്നാലും കൃത്യമായൊരു കണക്ക് പറയുക അസാധ്യമാണ്.
ഒരു കാരണവശാലും കർഷകർ പട്ടിണിയിൽ നിന്ന് രക്ഷപ്പെട്ടുകൂടാ എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു സ്റ്റാലിന് എന്ന് വേണം കരുതാൻ. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ട് (1932) ഓഗസ്റ്റിൽ കൃഷിയിടങ്ങളിൽ നിന്നും ധാന്യം എടുക്കുന്നവരെ ‘പൊതു സ്വത്ത് മോഷ്ടിക്കുക’ എന്ന കുറ്റം ചുമത്തി, അത് കുട്ടികളായിരുന്നാലും, വെടിവെച്ചു കൊല്ലുകയോ തടവിലാക്കുകയോ ചെയ്യണം എന്ന നിയമം അയാൾ നിലവിൽ കൊണ്ടുവന്നു. സോവിയറ്റ് ഉക്രൈനിന്റെ അതിർത്തികളിൽ പട്ടാളത്തെ നിർത്തിക്കൊണ്ടും, കർഷകരല്ലാത്തവർക്ക് പ്രത്യേക പാസ്പോർട്ട് നൽകിക്കൊണ്ടും പട്ടിണി പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കും, അകത്തേക്കും ഭക്ഷണം കൊണ്ടു പോകുന്നത് ശ്രമകരമാവാൻ അയാൾ ശ്രദ്ധിച്ചു.
അങ്ങനെ ഉക്രൈൻ കർഷകർക്കിടയിൽ പട്ടിണി അതിന്റെ ഏറ്റവും ഭീകരമായ രൂപം പൂണ്ടു. ഉക്രൈനിലെ കറുത്ത മണ്ണിനെ പൊന്നണിയിപ്പിച്ച കർഷകർ, തങ്ങളുടെളുടെ കൃഷിയിടങ്ങളെല്ലാം വിളഞ്ഞു നിൽക്കുമ്പോൾ തന്നെ, പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞു. അവർ പട്ടിണി മാറാൻ കണ്ണിൽ കണ്ടതെല്ലാം തിന്നു. എലിയേയും പാറ്റയേയും തിന്നു. അവ തീർന്നപ്പോൾ പരസ്പരം കൊന്നുവരെ തിന്നു .! അതെ സത്യമാണ് കൈയ്യിൽ എണ്ണാൻ സാധിക്കാത്തത്ര നരഭോജനങ്ങൾ ആ ഗ്രാമങ്ങളിൽ നടന്നതിന് ഇന്നും രേഖകൾ ലഭ്യമാണ്.
ഉക്രൈനിലെ കർഷകർ അങ്ങനെ ഭക്ഷണമില്ലാതെ പരസ്പരം കൊന്ന് തിന്നുകൊണ്ടിരുന്നപ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ ‘ പൊന്നുതമ്പുരാൻ സ്റ്റാലിൻ ‘ എന്തു ചെയ്യുകയായിരുന്നെന്നോ.. ? അയാൾ വലിയൊരു വിഭാഗം ധാന്യവും ആൽക്കഹോൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു! മില്യൺ ടൺ കണക്കിന് ധാന്യവും വിത്തും വിദേശത്തേക്ക് കയറ്റുമതി ചെയ്ത്, സോവിയറ്റിന്റെ സമ്പദ് വ്യവസ്ഥ പുഷ്ഠിപ്പെടുത്തുകയായിരുന്നു! എന്തിനധികം, ക്ഷാമം തീർക്കാൻ ‘റെഡ് ക്രോസ്’ വാഗ്ദാനം ചെയ്ത ഭക്ഷണം പുല്ലുപോലെ നിരസിക്കുകയായിരുന്നു ആ രക്തരാക്ഷസൻ .!
എഴുതിയത് : Anurag