ആസിഫയ്ക്ക് എങ്ങനെയാണ് നമ്മൾ നീതി കൊടുക്കേണ്ടത്?

0

വികാരത്തിന്റെ വേലിയേറ്റത്തിനിടയ്ക്ക് എപ്പോളെങ്കിലും വിചാരത്തിന്റെ ഒരു നൂൽ പഴുത് തെളിയുമ്പോൾ ആ നൂലിൽ പിടിച്ചു തൂങ്ങിയാ പഴുതിൽ അള്ളിപ്പിടിച്ചിരിക്കണം. മുകളിലും താഴെയും ഇടത്തും വലത്തുമൊക്കെയും അടിച്ചു തെറിപ്പിച്ചു കടലിൽ മുക്കി കൊല്ലുന്ന ആവേശ തിരകളാണെന്ന ബോധ്യത്തോടെ തന്നെ, പരമാവധി സമചിത്തതയോടെ, ഏറ്റവും സൗമ്യമായി കൂടെ കരയുന്നവരോടൊന്ന് ചോദിച്ചു നോക്കണം.

“ആസിഫയ്ക്ക് എങ്ങനെയാണ് നമ്മൾ നീതി കൊടുക്കേണ്ടത്??”

നീതി കൊടുക്കുക എന്നതൊക്കെ ഒരാലങ്കാരിക പ്രയോഗം മാത്രമാണ്. അതിക്രൂരമായി ബലാത്സംഗവും കൊലയും ചെയ്യപ്പെട്ട ആ കുട്ടിയ്ക്ക് ഇനിയൊന്നും കൊടുക്കാൻ നമുക്കാർക്കും സാധ്യമല്ല.

അവളനുഭവിച്ച വേദനയോ പീഡകളോ തിരിച്ചെടുക്കുവാനോ മായ്ച്ചു കളയുവാനോ സാധ്യമല്ല. അവളുടെ മാതാപിതാക്കൾക്ക് നഷ്ട്ടപ്പെട്ട മകളെ മടക്കി കൊടുക്കുവാൻ സാധ്യമല്ല.

ലോകത്തെ ഏത് നിയമ വ്യവസ്ഥയിലും എന്ന പോലെ ഇവിടെയും ആസിഫയ്ക്ക് ലഭിക്കേണ്ട നീതി എന്നത് അവളോട് പൊറുക്കാനാവാത്ത ക്രൂരത ചെയ്ത കുറ്റവാളികൾ ആരായാലുമവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുക എന്നതാണ്. ഇനിയൊരു പെൺകുട്ടിയോടും ഇങ്ങനെ ചെയ്യാൻ അവർക്ക് സാധിക്കാതെയും അവരല്ലാത്തവർക്ക് ധൈര്യം വരാതെയും ഇരിക്കുന്ന വണ്ണം സമൂഹത്തിനാകെ സന്ദേശമാവുന്ന വിധത്തിൽ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവർക്ക് നൽകുക എന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ്.കുറ്റവാളിക്ക് ലഭിക്കുന്ന ശിക്ഷയെ ആണല്ലോ ഇരയ്ക്ക് ലഭിക്കുന്ന നീതി എന്ന് വിളിക്കുന്നത്.

അത്രയും മനസ്സിൽ ഉറപ്പിച്ച ശേഷം ഇനിയൊരിക്കൽ കൂടിയൊന്ന് ചുറ്റും നോക്കൂ. ആസിഫയ്ക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട് ശരിക്കും നീതി എന്ന് വിലപിക്കുന്ന സംഘത്തിൽ?
കമ്മ്യൂണിസ്റ്റുകളെ ഒഴിവാക്കിക്കോളൂ..
ഇസ്‌ലാമിസ്റ്റുകളെ ഒഴിവാക്കിക്കോളൂ..
ഇടത് ലിബറലുകളെ ഒഴിവാക്കിക്കോളൂ..

ഇവരൊന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ എന്ന വ്യവസ്ഥയെ അനുകൂലിക്കുന്നവർ അല്ല. സംശയമുണ്ടെങ്കിൽ ചോദിച്ചു നോക്കൂ.. ആസിഫയെ പീഡിപ്പിച്ചു കൊന്ന പ്രതികൾക്ക് വധ ശിക്ഷ നൽകണം എന്നതിനോട് അവർ യോജിക്കുന്നുണ്ടോ എന്ന്.

“തൂക്കിലേറ്റുക എന്ന ശിക്ഷാ രീതിയോട് ഞങ്ങൾക്ക് യോജിപ്പില്ല എന്നും, കുറ്റം ചെയ്തവരെ കൊന്നു കളയുക എന്ന വികസിത സമൂഹത്തിന് യോജിക്കാത്ത അപരിഷ്‌കൃത സമ്പ്രദായം ആണെന്നും, സമൂഹത്തിന്റെ പ്രതികാര ദാഹത്തെ ശമിപ്പിക്കാനും പൊതു മനഃസാക്ഷിയെ തൃപ്തിപ്പെടുത്താനുമായി ഒരാളുടെ ജീവനെടുക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ല” എന്നുമൊക്കെയാവും അവരുടെ ഉത്തരം..അതാണവർ പറയുക.
അവരങ്ങനെ മുമ്പും പറഞ്ഞിട്ടുണ്ട്.

നിരപരാധികളായ നൂറു കണക്കിന് പേരെ മതത്തിന്റെ പേരിൽ കൂട്ട കുരുതി ചെയ്ത കൊടും തീവ്രാദികളുടെ കാര്യത്തിൽ മുതൽ സൗമ്യയെന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ജീവനെടുത്ത ഗോവിന്ദ ചാമിയെന്ന ചാർളിയുടെ കാര്യത്തിൽ വരെ തൂക്കിലേറ്റുന്നതിനോട് യോജിപ്പില്ലെന്നും, ജനങ്ങളുടെ നികുതി പണം മുടക്കിയാ മഹാനുഭാവന്മാരെ കാലാകാലം ജയിലറയിൽ സംരക്ഷിച്ചു തീറ്റി പോറ്റുന്നതിനോടാണ് തങ്ങൾക്ക് യോജിപ്പെന്നും, അതിന് സാധിക്കുന്ന വിധത്തിൽ രാജ്യത്തെ നിയമങ്ങൾ മാറ്റിയെഴുതണമെന്നും അവർ പറയുന്നത് നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്.

ഗോവിന്ദ ചാമിയുടെ കാര്യത്തിൽ പാർട്ടി നിലപാട് വിശദീകരിച്ചു കൊണ്ട് മാതൃഭൂമി പത്രത്തിൽ “കൊല്ലരുത്” എന്ന് ലേഖനം എഴുതിയത് പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബി ആയിരുന്നല്ലോ.. ഒരൽപ്പം കൂടി പുറകോട്ട് പോയാൽ ധനഞ്ജയ് ചാറ്റർജിയുടെ വധ ശിക്ഷയുടെ കാര്യത്തിലെ അവരുടെ നിലപാടും നമുക്ക് കാണാൻ പറ്റും. ഹീതൽ പരേഖിനെ ആർക്കും ഓർമ്മയില്ലെങ്കിലും ധനഞ്ജയ് ചാറ്റർജിയെ എല്ലാവർക്കും ഓർമ്മയുണ്ടാവേണ്ടതാണ്. തീവ്രവാദവുമായി ബന്ധപ്പെട്ടതല്ലാത്തൊരു കേസിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വധ ശിക്ഷക്ക് വിധേയനായ ഏക വ്യക്തി അയാളാണല്ലോ..

എനിക്കിപ്പോഴും ഓർമ്മയുണ്ട് ധനഞ്ജയ് ചാറ്റർജിയെ തൂക്കിലേറ്റിയ ദിവസം. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് ടി.വി നിറയെ മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധങ്ങളും ധനഞ്ജയ് ചാറ്റർജിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും ആയിരുന്നു. ഏതാണീ അന്യായമായി കൊല ചെയ്യപ്പെടുന്ന സാധു വ്യക്തി എന്ന് വരെ സംശയിച്ചു പോയിരുന്നു. പിന്നീടയാൾ ആരാണെന്ന് മനസിലാക്കിയപ്പോളാണ് സത്യത്തിൽ ഞെട്ടലുണ്ടായത്. 1990ൽ കൊൽക്കത്തയിലെ ഭവാനിപൂരിലുള്ള ആനന്ദ് അപ്പാർട്ട്മെന്റ്സിന്റെ മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിൽ വെച്ച് ഹീതൽ പരേഖ് എന്ന 14 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു 41കാരനായ ധനഞ്ജയ് ചാറ്റർജി. ഹീതളും കുടുംബവും ആ ഫ്‌ളാറ്റിലെ താമസക്കാരും ധനഞ്ജയ് ചാറ്റർജി ആനന്ദ് അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ഗാർഡും ആയിരുന്നു. കൃത്യം നടന്ന ദിവസം രാവിലെ ഹീതളിന് ഐ.സി.എസ്.സി ബോർഡ് എക്സാം ആയിരുന്നു. പരീക്ഷ കഴിഞ്ഞു ഉച്ചക്ക് വീട്ടിൽ വന്ന ശേഷം തൊട്ടടുത്ത ദിവസത്തെ പരീക്ഷക്ക് പഠിക്കുകയായിരുന്നു അവൾ. വീട്ടിൽ അപ്പോൾ മറ്റാരും ഉണ്ടാവില്ലെന്ന് അറിയുമായിരുന്നു ധനഞ്ജയ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഫ്‌ളാറ്റിൽ ചെന്ന് ഹീതളിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാനായി അവളെ കൊന്നു കളയുകയായിരുന്നു.
Image result for dhananjay rape death
അവളെ സംരക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തന്നെ ഇത്രയും പൈശാചികമായ രീതിയിൽ അവളെ ഇല്ലായ്മ ചെയ്തു എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യങ്ങളുടെ ശ്രേണിയിലേക്ക് ഈ സംഭവത്തെ ഉയർത്തുന്നുണ്ട് എന്ന് നിരീക്ഷിച്ചു കൊണ്ടാണ് പരമോന്നത നീതി പീഠം ധനഞ്ജയ് ചാറ്റർജിക്ക് വധ ശിക്ഷ വിധിക്കുന്നത്. പിന്നെ രാജ്യം കണ്ടത് അയാൾക്ക് വേണ്ടിയുള്ള മനുഷ്യാവകാശ നിലവിളി പ്രതിഷേധങ്ങളാണ്.സുപ്രീം കോടതി വിധിയിലെ ഓരോ വരിയും ഇഴ പിരിച്ച് പരിശോധിച്ച് അതിനെ തെറ്റെന്ന് തെളിയിക്കാൻ നിയമജ്ഞർ ഉണ്ടായി.

ധനഞ്ജയ് ചാറ്റർജി എപ്രകാരം മീഡിയ ട്രയലിന്റെ ഇരയാണ് എന്നതിനെ സംബന്ധിച്ച് ഐ.എസ്.ഐ പ്രൊഫസർമാരുടെ നേതൃത്വത്തിൽ രണ്ടു ഗവേഷണ പ്രബന്ധങ്ങൾ തന്നെ രചിക്കപ്പെട്ടു.ഇരയായ ഹീതളിനെ വ്യക്തിഹത്യ ചെയ്തും, അവൾക്ക് സ്വഭാവ ദൂഷ്യം ആരോപിച്ചും, ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ചയാണ് നടന്നത് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പോലും നടന്നു. രാഷ്ട്രപതിയുടെ മേശപുറത്ത് ദയാഹർജികൾ കൂമ്പാരം കൂടി. 1990ൽ ആലിപ്പൂർ അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധ ശിക്ഷ 2004ൽ രാഷ്‌ട്രപതി അവസാന ദയാഹർജിയും തള്ളുന്നത് വരെ, നീണ്ട പതിനാല് കൊല്ലം, സംഘടിത പരിശ്രമങ്ങളിലൂടെ നീട്ടി വെയ്ക്കപ്പെട്ടു. 2004ൽ ബംഗാളിലെ സ്ത്രീകളുടെ നേതൃത്വത്തിൽ അയാളുടെ വധ ശിക്ഷ ഉറപ്പാക്കാൻ വലിയൊരു കാമ്പയിൻ തന്നെ ആവശ്യമായി വന്നു. ഒടുവിൽ 2004 ആഗസ്റ്റ് 14ന് ഇടത്-പുരോഗമന-ലിബറൽ-മനുഷ്യാവകാശ പ്രതിഷേധങ്ങളെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ടാണ് രാജ്യത്തെ നിയമ വ്യവസ്ഥ ധനഞ്ജയ് ചാറ്റർജിയെ തൂക്കിലേറ്റുന്നത്. ആ ദിവസം ഹീതൾ പഠിച്ചിരുന്ന ബൗബസാറിലെ വെല്ലാന്റ് ഗോൾഡ്സ്മിത് സ്കൂളിൽ അടക്കം അയാൾക്ക് വേണ്ടി, അവൾക്ക് വേണ്ടിയല്ല, മെഴുകുതിരി കത്തിച്ച് കൂട്ട പ്രാർത്ഥന നടന്നു. പിറ്റേ ദിവസത്തെ പത്രങ്ങൾ മുഴുവൻ ‘ഹാ.. ധനഞ്ജയ്’ എന്ന് കണ്ണീർ വാർത്തു. പിന്നീട് ധനഞ്ജയ് ചാറ്റർജിയുടെ മഹോന്നത ജീവിതത്തെ ആസ്പദമാക്കി ബംഗാളി ഭാഷയിൽ “ധനഞ്ജയ്” എന്ന പേരിൽ ഒരു സിനിമ പോലുമിറങ്ങി. അങ്ങനെയൊക്കെയാണ് ഹീതൽ പരേഖിന് നമ്മൾ നീതി വാങ്ങി കൊടുത്തത്. ആ കിട്ടിയ നീതിക്ക് നേരെ അവൾ കാർക്കിച്ചു തുപ്പിയിട്ടുണ്ടാവും.

അതേ നീതി തന്നെയാണ് ആസിഫയ്ക്കും നമ്മൾ വാങ്ങി കൊടുക്കാൻ പോവുന്നത് എന്നെനിക്കുറപ്പുണ്ട്. കാരണം അവളുടെ നീതിയ്ക്കായി നമ്മോടൊപ്പം ഇപ്പോൾ നിൽക്കുന്നവരുടെ മുക്കാലോഹരിയും കുറ്റവാളിയുടെ പക്ഷം ചേർന്ന് ഇരകളെ ഒറ്റു കൊടുത്തതിന്റെ ചരിത്രമുള്ളവരാണ്.

ഇവിടെ ആരാണ് ഇര എന്നത് സാഹചര്യത്തിനനുസരിച്ച് മാറുന്നതാണ് എന്ന് കാണണം. വിചാരണ നടക്കുമ്പോൾ മാത്രമാണ് പെൺകുട്ടി ഇരയും പീഡകൻ വേട്ടക്കാരനും ആവുന്നത്. വിചാരണ പൂർത്തിയാക്കി കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്നതോടെ ഇര എന്ന പദവിയിലേക്ക് അയാൾ മാറ്റപ്പെടുകയും ഒഴിവ് വന്ന വേട്ടക്കാരന്റെ തസ്തികയിലേക്ക് ഭരണകൂടം അവരോധിക്കപ്പെടുകയും ചെയ്യും. പിന്നീടുള്ള സംഘർഷം പുതു ഇരയുടെ തോളോട് തോൾ ചേർന്ന് നവ വേട്ടക്കാരനായ സ്റ്റേറ്റിന്റെ എതിരെയാകയാൽ സമര നാടക വേദിയിൽ വേഷം ഒന്നും ആവശേഷിക്കാത്ത പഴയ ഇര പതുക്കെ തിരസ്കൃതയാകും. യഥാർഥത്തിൽ ഒരു ഘട്ടത്തിലും ഇര പ്രസക്തയേ ആയിരുന്നില്ല എന്നതിലും യുദ്ധം ആദ്യം തൊട്ടേ സ്റ്റേറ്റിന് എതിരെ തന്നെ ആയിരുന്നു എന്നതിലുമാണ് നാടകത്തിന്റെ മർമ്മം ഇരിക്കുന്നത്. കുറ്റവാളി എന്നത് സ്റ്റേറ്റിന്റെ പ്രോക്സിയും ഇര രോഷം ഉത്പാദിപ്പിക്കാനുള്ള ഇൻസ്ട്രുമെന്റും മാത്രമാണതിൽ. അല്ലെങ്കിൽ ഇവരിൽ ആർക്കാണ് ഇവിടെ കുറ്റവാളികളോട് വിരോധമുള്ളത്?
അവർക്ക് പരമാവധി ശിക്ഷ കിട്ടണം എന്ന് ഇവരൊന്നും ആഗ്രഹിക്കുന്നത് പോലുമില്ലല്ലോ? കുറ്റവാളികളുടെ ജാതിയും മതവും പ്രത്യയശാസ്ത്രത്തിന്റെ സ്പെക്ട്രൽ പൊസിഷനും ഉപയോഗിച്ച് കേന്ദ്ര സർക്കാരിനെയും നരേന്ദ്ര മോഡിയേയും സംഘ പരിവാറിനെയും ഹിന്ദു മതത്തേയും ഒക്കെ പരമാവധി ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞു എന്ത് താല്പര്യമാണ് അവർക്കീ വിഷയത്തിലുള്ളത്? അത്തരം സാധ്യതകൾ ഒന്നുമില്ലാത്ത എത്രയോ സമാന സ്വഭാവമുള്ള സംഭവങ്ങൾ അവരൊന്നും അറിഞ്ഞതായി പോലും നടിക്കുന്നില്ലെന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയല്ലേ?

എങ്ങനെയാണ് ആസിഫയ്ക്ക് നീതി ഉറപ്പാക്കേണ്ടത് എന്ന് അവരോടൊന്ന് ചോദിച്ചു നോക്കുക..

നരേന്ദ്ര മോഡിയെ താഴെ ഇറക്കണം, ബിജെപി പിരിച്ചു വിടണം, സംഘ പരിവാറിനെ നിരോധിക്കണം, ഹിന്ദുത്വയെ പിഴുതെറിയണം, ബേട്ടി ബചാവോ നിർത്തലാക്കണം, കാശ്മീരിന് സ്വാതന്ത്ര്യം കൊടുക്കണം, ക്ഷേത്രങ്ങളൊക്കെ ഇടിച്ചു നിരത്തണം, ഹിന്ദു മതം നീചവും നികൃഷ്ടവും ആണെന്ന് വിജ്ഞാപനം ഇറക്കണം..
ഇങ്ങനെയൊരു പട്ടിക തന്നെ അവർ നിങ്ങളെ വായിച്ചു കേൾപ്പിച്ചേക്കും. എന്നാൽ അതിൽ എവിടെയും ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ സമൂഹത്തിനാകെ പാഠമാവുന്നത് പോലെ പരമാവധി ശിക്ഷ വിധിച്ച് തൂക്കിലേറ്റണം എന്നൊരാവശ്യം ഉണ്ടാവില്ല.ആസിഫയ്ക്ക് നീതി കിട്ടുകയല്ല തങ്ങളുടെ പ്രശ്നം എന്ന് ഇതിനേക്കാൾ വ്യക്തമായി അവരെങ്ങനെയാണ് പറയുക??

അവരെ മുഴുവൻ ഒഴിവാക്കി നിർത്തി വേണം ആസിഫയ്ക്ക് നീതി വേണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണമെടുക്കാൻ.. സത്യത്തിൽ എത്ര ശുഷ്ക്കമായ ഒരാൾക്കൂട്ടമാണ് നമ്മളിപ്പോൾ അല്ലേ? പക്ഷെ എണ്ണത്തിൽ എത്ര കുറവാണെങ്കിലും, ഇവരൊക്കെയും ഒന്നിച്ച് എതിർത്തു നിന്നാലും, ഹീതൽ പരേഖിന്റെ കാര്യത്തിൽ എന്ന പോലെ ആസിഫയോട് ക്രൂരത ചെയ്തവർക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കും എന്നത് നമ്മൾ ഉറാപ്പാക്കുക തന്നെ ചെയ്യും. ഒരു തരത്തിലുള്ള ജാതി മത സങ്കുചിതത്വവും നമുക്കവിടെ തടസ്സമാവുകയില്ല.

കാശ്മീരി പണ്ഡിറ്റുകളോട് അനീതി ചെയ്തു കൊണ്ടല്ല ആസിഫക്ക് നീതി ലഭ്യമാക്കേണ്ടത്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട, കശ്മീരിലെ തങ്ങളുടെ കുടിയിരുപ്പുകളിൽ നിന്നും മത ഭീകരതയാൽ ആട്ടിയോടിക്കപ്പെട്ട, മൂന്ന് പതിറ്റാണ്ടോളമായി ജമ്മുവിലും ഡെൽഹിയിലുമൊക്കെ അഭയാർത്ഥികളായി കഴിയുന്ന ജനതയാണവർ. അവരോളം പീഡനങ്ങൾ നേരിട്ട മറ്റൊരു സമുദായവും സ്വതന്ത്ര ഭാരതത്തിലില്ല. കാഷ്‌മീരി ബ്രാഹ്മണരുടെ ക്രൂര സ്വഭാവത്തിന്റെ അടയാളമായി കത്വ സംഭവത്തെ ഉയർത്തി കാട്ടി അവർ താഴ്‌വരയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതർ ആയതിൽ അത്ഭുതമില്ല എന്ന തരത്തിലുള്ള നറേറ്റിവ് സൃഷ്ടിക്കുന്നത് നീചമാണ്. നുണ പ്രചരണത്തിലൂടെ

ആരെയെങ്കിലും കരിവാരി തേയ്ച്ചു കൊണ്ടും രാഷ്ട്രീയ മുതലെടുപ്പ് നടത്തി കൊണ്ടും നമുക്ക് ആസിഫയ്ക്ക് നീതി ലഭ്യമാക്കാൻ സാധിക്കില്ല. അന്വേഷണത്തിന് എന്ന പേരിൽ ജമ്മുവിൽ എത്തിയ കാശ്മീരി പോലീസ് സംഘം കത്വയിലെ മുഴുവൻ ബ്രാഹ്മണരെയും ചോദ്യം ചെയ്യൽ എന്ന പേരിൽ പീഡിപ്പിക്കാൻ ആരംഭിച്ചതും, ഒടുവിൽ അതിനെതിരെ അവിടുത്തെ സ്ത്രീകൾ തന്നെ സമരം ചെയ്തതും, എന്നിട്ടും രക്ഷയില്ലാതെ ഫെബ്രുവരിയോടെ കത്വയിൽ നിന്ന് ഗ്രാമീണർ മുഴുവൻ ഒഴിഞ്ഞു പോവാൻ തുടങ്ങിയതും ഒക്കെ നേരത്തേ തന്നെ വാർത്ത ആയിരുന്നതാണ്. ആ ഹിന്ദു വേട്ടയ്‌ക്കെതിരെയാണ് ഹൈന്ദവ സംഘടനകൾക്ക് പ്രതിഷേധിക്കേണ്ടി വന്നത്. പോലീസ് അതിക്രമത്തിനെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും നടത്തിയ ജനകീയ മാർച്ചിനെ കുറ്റവാളികളെ സംരക്ഷിക്കാനുള്ള മാർച്ച് എന്ന് വിശേഷിപ്പിക്കുന്നതിന് നീതീകരണമില്ല.

ഒരു സമുദായത്തെ ആക്ഷേപിച്ചും, വർഗ്ഗീയമായ ചേരിതിരിവുണ്ടാക്കിയും, ഹിന്ദു മുസ്ലിം വൈരം സൃഷ്ടിച്ചും ആസിഫക്ക് നീതി ലഭ്യമാക്കാൻ സാധിക്കുകയില്ല. അത്തരം മതാധിഷ്ഠിത പ്രചാര വേലകൾ സമൂഹത്തിൽ കൂടുതൽ അശാന്തിയും അതു വഴി കൂടുതൽ കൂടുതൽ ഇരകളേയുമാണ് സൃഷ്ടിക്കുക. വിഘടനവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്ടിച്ചു കൊണ്ടും ആസിഫയ്ക്ക് നീതി ഉറപ്പാക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും പൗരന് ലഭിക്കേണ്ട നീതി പോലെ തന്നെ പരമ പ്രധാനമാണ്.

ആസിഫയ്ക്ക് നീതി ലഭിക്കേണ്ടത് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കി കൊണ്ടാണ്. ആസിഫയെ ഉപകരണമാക്കി കൊണ്ട് സ്വന്തം അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ആരുടേയും പിന്തുണ ഇല്ലാതെ, അവരെയൊക്കെയും എതിർത്ത് കൊണ്ട്, ഇന്ത്യൻ നീതി ന്യായ വ്യസ്ഥയുടെ മാത്രം പിൻബലത്തോടെയാവും ആ നീതി നമ്മൾ ഒടുവിൽ ഉറപ്പു വരുത്തുക. അത്രയും ഭാഗം നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ആദ്യത്തെ നൂലിൽ നിന്ന് പിടിവിട്ട് അള്ളിപിടിച്ചിരിക്കുന്നയാ പഴുതിൽ നിന്ന് നമുക്ക് പുറത്തു കടക്കാം.

ചുറ്റിലും ആഞ്ഞടിക്കുന്ന ആത്മാർത്ഥതയുടെ തരിമ്പു പോലുമില്ലാത്ത വികാര തിരകൾ ഒന്നും ഇനി നമ്മളെ ഒട്ടും നനയ്ക്കുകയില്ല.
~Sanku To Das

LEAVE A REPLY

Please enter your comment!
Please enter your name here