മോഡിഫൈഡ് ഇന്ത്യയും “റോഡ്‌ഗരിജിയും”-ഒരു ദേശീയ പാത വീരഗാഥ

സദ്ഭരണത്തിന്റെ നാലാം വര്‍ഷത്തിലേക്ക് കടന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്ത് ഗതാഗത വിപ്ലവത്തിന്റെ വിത്ത് വിതയ്ക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്യുകയാണ്. അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യ പുരോഗതിയുടെ നട്ടെല്ല് എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോഡി തന്റെ ടീമിനെ വികസനത്തിന്റെ രാപകല്‍ പോരാട്ടത്തിലേര്‍പ്പെടുത്തിയിരിക്കുകയാണ്. .

ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് യുദ്ധമുഖത്ത് നേതൃത്വം നല്‍കുന്നത്. ഒരു
ദിവസം 28 കിലോ മീറ്റര്‍ എന്ന കണക്കിലാണ് രാജ്യത്ത് രാജപാതകളുടെ നിര്‍മാണം നടക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള വീഥികളാണ് ഇവ. നാലു വര്‍ഷം കൊണ്ട് നാലിരട്ടിയാണ് ഹൈവേ നിര്‍മാണം നടക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 10,000 കിലോമീറ്റര്‍ ദേശീയ പാത പൂര്‍ത്തിയാക്കിയാണ് ഗഡ്കരി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ച് രാജ്യത്തിന് സമര്‍പ്പിച്ചത്.

2013-14 ല്‍ ശരാശരി പത്തു കിലോമീറ്ററില്‍ താഴെയായിരുന്നു ഹൈവേ നിര്‍മാണം. പൂര്‍ത്തികരിച്ചത് കേവലം നാലായിരം കിലോമീറ്ററുകള്‍ മാത്രം. ഒന്നര ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ദേശീയ പാത വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ചിലവിട്ടത്. ഇതില്‍ ഒരു ലക്ഷം കോടിയും ബഡ്ജറ്റ് അലോക്കേഷനും ബാക്കി പിപിപിയിലൂടെ സ്വകാര്യ നിക്ഷേപമായി എത്തിയതുമാണ്. 2018-19 ല്‍ രണ്ടു ലക്ഷം കോടിയുടെ നിക്ഷേപമാണ് ദേശീയ പാത മേഖലയില്‍ സര്‍ക്കാര്‍ ചെലവിടുന്നത്.

രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെ വാഹന മലിനീകരണം മൂലം നഗരവാസികള്‍ ശ്വാസം മുട്ടുന്നതിനു പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ ആറുവരി പാതയായ ഡെല്‍ഹി പെരിഫറല്‍ റോഡും രാജ്യത്തെ ആദ്യ പതിനാലു വരി പാതയായ എക്‌സപ്രസ് ഹൈവേയും കാര്യക്ഷമതയുടേയും ഭരണ നൈപുണ്യത്തിന്റേയും ഉദാത്ത ഉദാഹരണങ്ങളാണ്.

പെരിഫറല്‍ ഹൈവേയ്‌ക്കൊപ്പം രാജ്യത്തെ ആദ്യ 14 ലെയ്ന്‍ രാജവീഥിയെന്ന ബഹുമതിയുള്ള ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയുടെ പത്തു കിലോ മീറ്റര്‍ വരുന്ന ആദ്യ ഘട്ടം പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നു കൊടുത്തു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉത്സവാന്തരീക്ഷത്തില്‍ ഈ ചടങ്ങുകള്‍ നടന്നത്. ഒരേ സമയം രണ്ട് എക്‌സ്പ്രസ് വേകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത് 135 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ 11,000 കോടി ചെലവിട്ടാണ് നിര്‍മിച്ചത്.

നിരവധി സവിശേഷതകള്‍ ഉള്ള സ്മാര്‍ട് -ഗ്രീന്‍ ഹൈവേയാണിത്. പരിസ്ഥിതി സൗഹൃദ, സാങ്കേതിക തികവുള്ള  ഹൈവെ എന്ന സങ്കല്പമാണ് മോഡി സര്‍ക്കാര്‍ ഇതുവഴി മുന്നോട്ട് വെയ്ക്കുന്നത്. പാതയില്‍ നിയോണ്‍ വെളിച്ചം വിതറുന്നത് സൗരോര്‍ജ്ജ വിളക്കുകളാണെന്നതാണ് ഇതിലെ ഏറ്റവും സുപ്രധാനമായ സവിശേഷത. നാലു മെഗാവാട്ടുള്ള ഏഴോളം സൗരോര്‍ജ്ജ നിലയങ്ങള്‍ ഈ പാതയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

ഓരോ അര കിലോമീറ്ററിലും മഴവെള്ളം സംഭരിക്കാനുള്ള മിനി റിസര്‍വോയറുകള്‍ പാതയുടെ ഇരുവശത്തും നിര്‍മിച്ചിട്ടുണ്ട്. ഡെല്‍ഹിയിലെ കുടിവെള്ള ഇതര ഉപയോഗത്തിന് ഈ ജലം യുപി സര്‍ക്കാര്‍ വിട്ടു നല്‍കും. പാതകളെ ആകര്‍ഷമാക്കാന്‍ നാല്‍പതോളം ജലധാരകളും ഇതിനൊപ്പം ഉണ്ട്. മറ്റൊന്ന് വിശ്രമ കേന്ദ്രങ്ങളും ഇന്ത്യാ ഗേറ്റും അശോക സ്തംഭവും ഒക്കെ ഉള്‍പ്പെടുന്ന ദേശീയ സ്മാരകളുടെ മതൃകള്‍ ഉള്‍പ്പെടുന്ന നിരയുമാണ്.

സ്മാര്‍ട് ആൻഡ് ഇന്റലിജന്റ് ഹൈവേ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം (എച്ചടിഎംഎസ്) വിഡിയോ ഇന്‍സിഡന്റ് ഡിറ്റക്ട് സിസ്റ്റം. വേഗത നിയന്ത്രണം തെറ്റിച്ചാല്‍ ഓട്ടോമേറ്റഡ് പിഴ സംവിധാനം. എന്നിവയുമുണ്ട്. വെര്‍ട്ടി്ക്കല്‍ ഗാര്‍ഡനിംഗിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനുള്ള പദ്ധതിയാണ് മറ്റൊന്ന്. രാജപാതകളുടെ വശങ്ങളില്‍ രണ്ടര ലക്ഷം മരങ്ങളാണ് നട്ടു പിടിപ്പിച്ചിരിക്കുന്നത്. ഇതില്‍ പത്തുവര്‍ഷം പ്രായമായ മരങ്ങള്‍ മാറ്റി നട്ടുപിടിച്ചവയും ഉണ്ട്.

പതിനായിരത്തോളം തൊഴിലാളികള്‍ രാപകലില്ലാതെ പണിയെടുത്താണ് 500 ദിനങ്ങള്‍ എന്ന ലക്ഷ്യമിട്ട് വിജയകരമായി പെരിഫറല്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കിയത്. 50 ലക്ഷം മനുഷ്യശേഷി ദിനങ്ങള്‍ക്ക് തുല്യമുള്ള വര്‍ക് ഫോഴ്‌സിനെയാണ് ഇതിനായി ഉപയോഗിച്ചത്.

ഡെല്‍ഹിയില്‍ കയറാതെ ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് , രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് പോകാവുന്ന സൗകര്യമാണ് ഇതുവഴി സാദ്ധ്യമാക്കിയത്. നിത്യേന അരലക്ഷം വാഹനങ്ങള്‍ ഡെല്‍ഹി ഒഴിവാക്കി ലക്ഷ്യ കേന്ദ്രങ്ങളില്‍ എത്തും. ഇതുവഴി നഗരമലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ഡെല്‍ഹിയെ രക്ഷിക്കുകയാണ് മോഡി സര്‍ക്കാര്‍

രണ്ടര മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്ന ഡെല്‍ഹി -മീററ്റ് റൂട്ടില്‍ ഇനി കേവലം 45 മിനിട്ടുകള്‍കൊണ്ട് എത്താമെന്നതാണ് പ്രധാന സവിശേഷത.

ഹൈവേയ്ക്ക് തടസമായി എവിടേയും കണ്ടുവരാറുള്ള പ്രതിഷേധവും സമരവും ഇവിടെയും ഉണ്ടായിരുന്നു. എന്നാല്‍, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് മാര്‍ക്കറ്റ് വിലയിലും ഉയര്‍ന്ന പണം നല്‍കിയാണ് പ്രശ്‌നങ്ങള്‍ യുപി സര്‍ക്കാര്‍ പരിഹരിച്ചത്.

2006 ല്‍ ഉയര്‍ന്ന ആശയമാണെങ്കിലും ഇതിന്റെ നടത്തിപ്പും സാക്ഷാല്‍ക്കാരവും എന്‍ഡിഎ സര്‍ക്കാരിന്റെ ചുമതലയില്‍ മാത്രമാണ് സാധ്യമായത്.

82 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം എക്‌സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടവും ഇതിനൊപ്പം തുറന്നു കൊടുക്കുകയായിരിന്നു. 14 ലെയ്‌നുകളാണ് ആദ്യ 22 കിലോ മീറ്ററുകള്‍ വരെ പിന്നീട് ആറു ലെയ്‌നായി ഇത് ചുരുങ്ങും.

രണ്ടര മീറ്റര്‍ വീതിയില്‍ സൈക്കിള്‍ ട്രാക്കും  1.5 മീറ്റര്‍ ഫുട്പാത്തും ഇരു വശങ്ങളിലുമുണ്ട്. മുപ്പതു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ആദ്യ ഘട്ടം കേവലം 17 മാസം കൊണ്ട് പൂര്‍ത്തികരിച്ചാണ് നിതിന്‍ ഗഡ്കരിയും ടീമും രാജ്യത്തെ ഞെട്ടിച്ചത്. റോഡു നിര്‍മാണത്തിലെ തദ്ദേശീയ വൈഭവത്തിന്റെ സൗന്ദര്യം ഈ ഹൈവേയുടെ നിര്‍മാണത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു.

പെട്രോളിന്റെ എക്‌സൈസ് നികുതിയൊക്കെ എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഹൈവേ വിപ്ലവം. പതിനായിരങ്ങള്‍ക്ക് നേരിട്ടും അല്ലാതേയും തൊഴില്‍ നല്‍കുകയും ഒപ്പം രാജ്യവികസനത്തിന്റെ അടിത്തറയിടുകയും ചെയ്യുകയാണ് ഇതുവഴി. ഇന്ധന വിലയിലെ സെസും എക്‌സൈസ് അധിക നികുതിയും ജനങ്ങള്‍ക്ക് ഭാരമില്ലാതെ പിരിച്ചെടുക്കുകയാണ് സര്‍ക്കാര്‍.

താങ്ങാവുന്നതിലും അപ്പുറം ഇന്ധന വില എത്തിയാല്‍ നികുതി എടുത്ത് കളഞ്ഞ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഗതാഗത മന്ത്രി ഉറപ്പു നല്‍കുന്നു.

റോഡു നിര്‍മാണം എന്നാല്‍ അഴിമതിയുടെ പര്യായമായ കേരളീയര്‍ക്ക് ഇത്തരം സംഭവങ്ങളെ അത്ഭുതത്തോടെയും അസുയയോടെയും മാത്രമേ കാണാനാകു. 14 വരി ദേശീയ പാത നിര്‍മാണം കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനത്തിന് സ്വപ്‌നം കാണാന്‍ മാത്രമെ കഴിയു.

കേരളത്തിന് യോജിച്ചത് ആകാശ പാതകളാണ്. മള്‍ട്ടി ലെവല്‍ ആകാശ പാതകള്‍. ഇതിനെ കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാരിന്റെ മന്ത്രി തല സംഘം സന്ദര്‍ശിക്കുവാന്‍ ഒരു സംസ്ഥാനമുണ്ട്. അത് പ്രധാനമന്ത്രി മോഡിയുടെയുടേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും ജന്മ നാടായ ഗുജറാത്താണ്. ഇരു നിലകളില്‍ പണിത എലിവേറ്റഡ് ഹൈവേ ഇവിടെ നിര്മി്ടച്ചിട്ടുണ്ട്.
കേരളത്തിന് ഇത് അനുയോജ്യമാകും. നിലവിലുള്ള ദേശീയ പാതകളുടെ മുകളിലൂടെ ഇത് നിര്‍മിക്കാനാകും, സ്ഥലമെടുപ്പ് പ്രശ്‌നമാകില്ല. ആ പണം കൂടി മുടക്കിയാല്‍ ഇത് സാധ്യമാകാവുന്നതേയുള്ളു.

ഇതിനായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉപദേശവും സഹായവും കേരളത്തിന് നിര്‍ലോഭം ലഭിക്കുകയും ചെയ്യും. ശൗചാലയമില്ലാത്ത ഉത്തരേന്ത്യയെ നോക്കി പരിഹസിക്കുമ്പോള്‍ നമ്മുടെ കുറവുകളും ഒക്കെ മനസിലാക്കാന്‍ കണ്ണാടി ഒന്നു തിരിച്ചു പിടിച്ചാല്‍ മതിയാകും.

രാജ്യത്തെ ദേശീയ പാതകളില്‍ കേവലം 20 ശതമാനം മാത്രമാണ് നാലുവരി പാതകള്‍ ഉള്ളത്. ഗ്രാമീണ ജനതതിയുടെ നാലില്‍ ഒന്നിനു മാത്രമാണ് ദേശീയ പാതകളുടെ പ്രയോജനം ലഭിക്കുന്നുള്ളു. ഈ സാഹചര്യത്തിലാണ് സുവര്‍ണ ചതുഷ്‌കോണ ഗതാഗത പദ്ധതി ആദ്യ എന്‍ഡിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ആധുനിക കാലഘട്ടത്തിനും ലോകോത്തര നിലവാരത്തിനും അനുയോജ്യമായ പാതകളുടെ നിര്‍മാണവുമായി ദൗത്യം തുടരുകയാണ്.

ഇനി നിതിന്‍ ഗഡ്കരിയെന്ന ‘റോഡ്‌ഗരി’യെക്കുറിച്ച് ഏതാനും കാര്യങ്ങള്‍..

ഇരുപതു വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ റോഡുകളുടെ നിര്‍മാണത്തില്‍ പുതിയ രാജപാത സംസ്‌കാരം തുറന്നു കൊടുത്ത വ്യക്തിത്വമാണ് നിതിന്‍ ഗഡ്കരി. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ റോഡുകള്‍ നിര്‍മിക്കാമെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തിയ ഭരണകര്‍ത്താവ്.

1995 ല്‍ മഹാരഷ്ട്രയിലെ എന്‍ഡിഎ മന്ത്രിസഭയിലെ പിഡബ്ല്യുഡി വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് 33 കാരനായ ഗഡ്കരി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

അഞ്ചു വര്‍ഷം കൊണ്ട് ആറായിരം കോടി രൂപയുടെ ഉന്നത നിലവാരത്തിലുള്ള സ്റ്റേറ്റ് ഹൈവേകള്‍, നഗരങ്ങളില്‍ ഫ്ളൈഓവറുകള്‍, പാലങ്ങള്‍ എല്ലാം അദ്ദേഹം നിര്‍മിച്ചു. പത്തുലക്ഷം പേര്‍ക്ക് ഇതുവഴി നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിച്ചു, പ്രഖ്യാപിച്ച പദ്ധതികള്‍ പറഞ്ഞ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ത്തും അനുവദിച്ച പണത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കും ചെയ്താണ് അദ്ദേഹം കൈയ്യടി നേടിയത്.

ഗുണത്തിലും നിലവാരത്തിലും ലോകോത്തരമെന്ന പദവി നിലനിര്‍ത്തിയുള്ളതായിരുന്നു ഇവയെല്ലാം. ലാസ്റ്റ് മൈല്‍ എന്ന ലക്ഷ്യം (അന്ത്യോദയ എന്ന ദിനദയാല്‍ സിദ്ധാന്തം ) ഗതാഗത വകുപ്പിലും അദ്ദേഹം നടപ്പിലാക്കി. വികസനത്തിന്റെ ഗുണം അവസാനത്തെ ആളിലും എത്തിക്കുക എന്നതായിരുന്നു ഈ ആശയം.

സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഗതാഗത സൗകര്യം എത്തിനോക്കാത്ത ഗ്രാമങ്ങളിലേക്കും സംസ്ഥാന രാജപാതകള്‍ എത്തി. സംസ്ഥാനത്തിനു വേണ്ടി മാത്രമായി ഒരു റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപികരിച്ചായിരുന്നു ഗഡ്കരി തുടക്കമിട്ടത്.

കിഫ്ബി എന്ന ആശയവുമായി കേരളത്തില്‍ നടക്കുന്ന ധനമന്ത്രി തോമസ് ഐസക് ഗഡ്കരിയില്‍ നിന്നും പദ്ധതിയ്ക്ക് പണം എങ്ങിനെ കണ്ടെത്തണമെന്ന് കണ്ടു പഠിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് പണം എടുക്കാതെ ക്യാപിറ്റല്‍ മാര്‍ക്കറ്റിലേക്ക് കോര്‍പറേഷനുമായി അദ്ദേഹം ഇറങ്ങി. പബ്ലിക്ക് ഇഷ്യുവഴി ദിവസങ്ങള്‍ കൊണ്ട് ഗഡ്കരി രണ്ടായിരം കോടി കണ്ടെത്തി.

ഒരു സര്‍ക്കാര്‍ കോര്‍പറേഷന്‍, അതും വെള്ളാനയെന്ന് നാട്ടുകാര്‍ നാടുനീളെ ആക്ഷേപിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഓഹരി വിപണിയില്‍ എത്തി പണം ചോദിച്ചപ്പോള്‍ നിക്ഷേപകര്‍ കൈ മെയ് മറന്നു സഹായിച്ചു.

കിട്ടിയ പണത്തില്‍ നിന്ന് 1500 കോടി മുതല്‍ മുടക്കി മുംബൈ നഗരത്തില്‍ 55 ഫ്‌ളൈ ഓവറുകള്‍ നിര്‍മിച്ചു. മുംബൈ -പൂനെ എക്‌സ്പ്രസ് വേ ആയിരുന്നു അടുത്ത പദ്ധതി. പണം നിക്ഷേപം കുമിഞ്ഞു കൂടി. 1500 കോടി മുതല്‍ മുടക്കി മുംബൈ -പൂനെ എക്‌സ്പ്രസ് വേ പണിതു.

കാല്‍ നൂറ്റാണ്ട് മുമ്പ് സമ്പൂര്‍ണ കമ്പ്യുട്ടര്‍വല്‍ക്കരണം നടത്തിയ ആദ്യ സര്‍ക്കാര്‍ വകുപ്പായി പൊതുമരാമത്ത് വകുപ്പിനെ മാറ്റിയത് നിതിന്‍ ഗഡ്കരിയായിരുന്നു.
സിവില്‍ എഞ്ചിനീയറിംഗ് പാസായി തൊഴില്‍ ഇല്ലാതെ അലഞ്ഞ മഹാരാഷ്ട്രയിലെ യുവാക്കളെയാണ് ഗഡ്കരി കരാറുകാരായി നിയമിച്ചത്.

40,000 രൂപ ബാങ്ക് വായ്പ നല്‍കി കൊണ്ട് ഇവര്‍ക്ക ഒരോരുത്തര്‍ക്കും 15 ലക്ഷത്തിന്റെ വീതം ടെണ്ടറുകള്‍ നല്‍കി. ഒന്നര ലക്ഷത്തിലധികം സിവില്‍ എഞ്ചിനീയര്‍മാരാണ് ഈ പദ്ധതി മൂലം നേട്ടം കൊയ്തത്.

ദീര്‍ഘ വീക്ഷണവും പ്രായോഗികതയും സമ്മേളിച്ച തെളിഞ്ഞ ബുദ്ധിയുള്ള നിതിന്‍ ഗഡ്കരി ടീം മോഡിയിലെ ഏറ്റവും സമര്‍ത്ഥനും ഊര്‍ജ്ജസ്വലനുമായ മന്ത്രിമാരില്‍ ഒരാളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here