കോലത്തിരി രാജവംശത്തിൻ്റെ കുലദേവതയെ പ്രതിഷ്ഠിച്ച കളരിവാതുക്കൽ ഭഗവതി ക്ഷേത്രം ഉത്തരകേരളത്തിലെ പ്രശസ്തവും അതിപുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. കണ്ണൂർ ജില്ലയിലെ വളപട്ടണത്താണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അകത്ത് ക്ഷേത്ര മാതൃകയിലുള്ള ആരാധനയും പുറത്ത് കളിയാട്ടവും അരങ്ങേറുന്ന അത്യപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. കൗളമാർഗത്തിലാണ് ഇവിടെ ഭഗവതിയുടെ ആരാധനാകർമങ്ങൾ നടക്കുന്നത്. ഇടവപ്പാതിയ്ക്കൊപ്പം കളരിയാൽ ഭഗവതിയുടെ തിരുമുടിയുയരുന്നതോടെയാണ് ഉത്തരകേരളത്തിലെ കളിയാട്ടങ്ങൾക്ക് തിരശ്ശീല വീഴുന്നത്. കളരിയാൽ ഭഗവതിയുടെ കൂടെ ക്ഷേത്രപാലകൻ, സോമേശ്വരി, പാടിക്കുറ്റി, പഴശി ഭഗവതി, ചുഴലി ഭഗവതി, കാളരാത്രി എന്നി ദേവതമാരേയും കെട്ടിയാടിക്കുന്നു. ഇരുപത്തിയൊന്നു കോൽ മൂന്നര വിരൽ ഉയരമുള്ള കളരിയാൽ ഭഗവതിയുടെ തിരുമുടി ഏറ്റവും വലിയ തിരുമുടിയെന്ന പ്രത്യേകതയുള്ളതാണ്.
പൂരമഹോത്സവമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാനചടങ്ങ്. പൂരാഘോഷത്തിൻ്റെ ഭാഗമായി ശാലിയ സമുദായക്കാർ നടത്താറുള്ള പുരക്കളിയും ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്. ചിറയ്ക്കൽ രാജകുടുംബത്തിൻ്റെ മേൽക്കോയ്മയിൽ പ്രദേശത്തെ ഒട്ടുമിക്ക സമുദായക്കാർക്കും അവകാശമുള്ളതാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ. ഉത്സവത്തിന് കലശമെഴുന്നള്ളിക്കാനുള്ള അവകാശം തീയ തറവാട്ടുകാർക്കാണ്. പണ്ട് നാല് ദേശങ്ങളിൽ നിന്നും കലശമെഴുന്നള്ളിപ്പ് ഉണ്ടായിരുന്നു എന്നാലിന്നത് രണ്ട് തീയത്തറവാട്ടുകളിൽ നിന്നായി ചുരുങ്ങി. കളരിവാതുക്കൽ ക്ഷേത്രത്തിൻ്റ ചരിത്രം ഒരു കാലഘട്ടത്തിലെ കോലത്തുനാടിൻ്റെ ചരിത്രം തന്നെയാണ്.
ഐതിഹ്യം/ചരിത്രം
* * * * * * * * * * * * * *
കളരിവാതുക്കൽ എന്ന പേരിൽ നിന്നു തന്നെ കളരിയ്ക്കായിരുന്നു പ്രാമുഖ്യമെന്നും പ്രസ്തുത കളരി സങ്കേതത്തിൽ വന്നുചേർന്ന് ആരാധിക്കപ്പെട്ട ഭഗവതിയാണ് കളരിയാൽ ഭഗവതിയെന്നും അനുമാനിക്കാവുന്നതാണ്. ആയോധവിദ്യകൾ അഭ്യസിപ്പിച്ച് യോദ്ധാക്കളെ കോലത്തിരിയുടെ സൈന്യത്തിലേക്ക് സംഭാവന ചെയ്തിരുന്ന വളപട്ടണം കോട്ടയെന്ന കളരി സങ്കേതമായിരുന്നു കളരിവാതുക്കൽ ഭഗവതിയുടെ ആദ്യ സ്ഥാനം എന്നാണ് കരുതപ്പെടുന്നത്. പിൽക്കാലത്ത് കളരി നാമവശേഷമായെങ്കിലും ഭഗവതി ക്ഷേത്രം ഉയർന്നു വരികയാണുണ്ടായത്. ഇവിടത്തെ കളരിയഭ്യാസികൾ സാക്ഷാൽ വയനാട്ടു കുലവൻ്റെ പിൻമുറക്കാരായാണ് അറിയപ്പെടുന്നത്.
ആയിരം വർഷങ്ങൾക്ക് മുമ്പ് വിസ്തൃതമായ രാജ്യം ഭരിച്ചിരുന്ന മൂഷിക രാജവംശം പിൽക്കാലത്ത് ചെറുതാവഴികളായി വേർപിരിഞ്ഞു പോയി. പിന്നീട് കോലത്തുനാടുമന്നവനായ കോലത്തിരി രാജാവിൻ്റെ പ്രാദേശികവും സാമുദായികവുമായ മേൽക്കോയ്മാവകാശം ഒരു താവഴിയായ ചിറക്കൽ കോവിലകത്തിനാണ് സിദ്ധിച്ചത്. കോലത്തിരി രാജാക്കന്മാർ തങ്ങളുടെ പരദേവതയായി മാടായിക്കാവിലമ്മയെ (ഭദ്രകാളി) ആരാധിച്ചു പോന്നവരായിരുന്നു. കോവിലകത്തും കോട്ടയിലും പരദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു. അസുരനിഗ്രഹം കഴിഞ്ഞ് ഭക്തരെ അനുഗ്രഹിക്കുന്ന ഭാവത്തിലുള്ള ദേവീ വിഗ്രഹം കോവിലകത്ത് മാത്രമായിരുന്നു. കോലത്തിരി രാജാവ് രാജരാജവർമയുടെ ഭരണകാലത്ത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഉത്തരവ് പ്രകാരം കോട്ടകളും കൊട്ടാരങ്ങളും പിടിച്ചെടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർക്കാൻ ആജ്ഞാപിച്ചു. ഇതറിഞ്ഞ രാജാവ് ആ പ്രദേശത്തെ ജനങ്ങളോട് കോട്ട പൊളിച്ച് അവർക്കിഷ്ടം പോലെ എടുത്തു കൊള്ളുവാൻ ഉത്തരവിട്ടു. കോട്ടയുടെ തെക്കേ അസ്ഥിവാരവും യക്ഷി മണ്ഡപവും കരിങ്കൽ കട്ടിളയും സ്മാരകമായി അവശേഷിപ്പിച്ച് വളപട്ടണം കോട്ട നാമാവശേഷമായി.
ഇന്നും യക്ഷിത്തറയും മണ്ഡപവും ക്ഷേത്രത്തിൻ്റെ ഭാഗമായി അവശേഷിക്കുന്നുണ്ടെന്നതും ഉത്സവകാലത്ത് ദേവീ വിഗ്രഹം അവിടെ എഴുന്നള്ളിച്ചു പോവാറുണ്ടെന്നതും കോട്ടയും ക്ഷേത്രവുമായുള്ള പൂർവ്വകാല ബന്ധം സൂചിപ്പിക്കുന്നു. കോട്ട പൊളിച്ചുമാറ്റുന്ന സമയത്ത് തൻ്റെ ഉപാസനാമൂർത്തിയായ ഭഗവതിയെ എന്തു ചെയ്യണമെന്ന് ജ്യോത്സരോട് കോലത്തിരി ആരാഞ്ഞു.
ഭഗവതിയ്ക്ക് ഇപ്പോൾ സുഷുപ്താവസ്ഥയാണെന്നും ആയതിനാൽ ജലാധിവാസം ചെയ്യണമെന്നും സുഷുപ്തി വിട്ടുണരുമ്പോൾ യഥാവിധം ക്ഷേത്ര നിർമ്മാണം നടത്തി ആരാധിക്കാനിടവരുമെന്നും ജ്യോത്സർ അറിയിച്ചു.
കാലം കടന്നു പോയപ്പോൾ പഴയ കളരിസ്ഥാനം പുനരുജീവിക്കുകയും രാജാവിൻ്റെ ഒത്താശയോടെ വീണ്ടും കളരിയഭ്യാസം ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ വളപട്ടണം പുഴയിൽ മീൻ പിടിക്കുകയായിരുന്ന മോയോർ സമുദായത്തിൽപ്പെട്ട മുക്കുവന് പ്രഭാപൂരിതമായൊരു ദേവീ വിഗ്രഹം കിട്ടി. മുക്കുവൻ കോലത്തിരിയുടെ പടത്തലവനായ പുളിയങ്കോട്ട് നായരെ വിവരമറിയിച്ചു. വിഗ്രഹം കണ്ട നായർ ഇതൊരു അതിൻ്റെ ചൈതന്യം മനസ്സിലാക്കുകയും തൻ്റെ ഭവനത്തിൽ പ്രതിഷ്ഠിച്ച് ആരാധിക്കാൻ തീരുമാനിച്ചു.
ദിവസങ്ങൾ പോയിക്കൊണ്ടിരിക്കേ ഒരു ദിവസം തൻ്റെ ഭവനത്തിൽ ഭക്ഷണത്തിനു തയ്യാറാക്കിയ മത്സ്യവിഭവങ്ങൾ നഷ്ടപ്പെട്ടത് അന്വേഷിച്ച നായർക്കു മുന്നിൽ ദേവി തൻ്റെ വിശ്വരൂപം കാണിക്കുകയായിരുന്നു. തന്നെക്കൂടി കളരിയിലേക്ക് കൂട്ടണമെന്നു ദേവി അരുൾ ചെയ്തു. പുളിയങ്കോട്ട് നായർ ഭഗവതിയെ വടക്കില്ലം തറവാട്ടുകാരുടെ തറവാട്ടുക്ഷേത്രമായ ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.
പടനായരിൽ നിന്നും വിവരമറിഞ്ഞ ചിറയ്ക്കൽ തമ്പുരാൻ ഭഗവതിയെ കാണാനായി എഴുന്നള്ളി. തൻ്റെ പരദേവതയാണിതെന്നു മനസ്സിലാക്കിയ തമ്പുരാൻ ഭഗവതിയെ വേണ്ടവിധം പരിപാലിക്കാത്തതിൽ കടുത്ത ദു:ഖം തോന്നി. അന്നുരാത്രി രാജാവിനു സ്വപ്നദർശനം നൽകിയ ഭഗവതി ഇപ്രകാരം അരുൾ ചെയ്തു തനിക്ക് അധിവസിക്കാൻ ഒരു ഉത്തമസ്ഥാനം പണിയുക. അതിനു വേണ്ട ധനം ഞാൻ തന്നെ ഒരുക്കിത്തരുന്നുണ്ട് സ്വീകരിച്ചുകൊൾക ഭഗവതി സ്വപ്നത്തിൽ കാണിച്ച സ്ഥാനത്തുനിന്നും സ്വർണനാണയങ്ങളും വജ്രങ്ങളും അടങ്ങിയ നിധി ശേഖരം രാജാവിനു ലഭിച്ചു. ഒട്ടും താമസിയാതെ നാലുപുരയ്ക്കൽ തറവാട് മൂത്താശാരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രം നിർമ്മാണം പൂർത്തിയായി. ഇന്നത്തെ കളരിവാതുക്കൽ ഭഗവതി ക്ഷേത്രം സ്ഥാപിതമായി. ദാരിക വധത്തിനു ശേഷം കോപം ശമിക്കാതെ അട്ടഹസിച്ച ഭദ്രകാളിയെ മഹാദേവൻ ശാന്തയാക്കി. ശാന്തഭാവത്തിൽ ഭക്തരെ അനുഗ്രഹിക്കുന്ന രൂപമാണ് വിഗ്രഹത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഭഗവതിയെക്കൂടാതെ മഹാദേവനേയും ക്ഷേത്രപാലകനേയും സപ്തമാതൃക്കളേയും ഗണപതിയേയും വീരഭദ്രനേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
Address: കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, Valapattanam Post, Kannur
കടപ്പാട് : ശ്രീ പടുവിലാക്കാവ് ക്ഷേത്രം , പടുവിലായി
https://www.facebook.com/sreepaduvilaakkaavu/posts/510048749176095/
സമ്പാദനം: ആരാധ്യ