കേരളമേ.. ചൊറിച്ചില്‍ നിര്‍ത്തു..! ഇനിയെങ്കിലും കണ്ണന്താനത്തെ ഉപയോഗപ്പെടുത്തു..

കേരളം എല്ലാ കാര്യത്തിലും നമ്പര്‍ വണ്‍ സംസ്ഥാനമാണ്. തര്‍ക്കിക്കുന്നില്ല. ഖജനാവില്‍ പണം ഇല്ലെങ്കെിലും ഈ തള്ളിന് കുറവൊന്നും വരുത്തേണ്ട. പക്ഷേ, രാജ്യാന്തര വിഷയങ്ങളിലും മറ്റ് സംസ്ഥാനങ്ങളുടെ വിഷയങ്ങളിലും തലയിട്ടു നോക്കി തര്‍ക്കിക്കും മുമ്പ് ഇനിയെങ്കിലും സ്വന്തം വീട്ടിലെ അടുക്കളയില്‍ പുക ഉയരുന്നുണ്ടോ എന്ന് ഒന്ന് പരിശോധിക്കണം.

‘കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍’ എന്ന് ടൈപ്പ് ചെയ്ത് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുക. ഈ സഹസ്രാബ്ദത്തത്തിന്റെ ആരംഭം മുതലുള്ള വര്‍ഷങ്ങളില്‍ ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഒരേ ആവര്‍ത്തനം. ഇതര സംസ്ഥാനത്തൊന്നുമില്ലാത്ത ഈ പ്രതിസന്ധി ഒഴിയാബാധയായി കേരളത്തിനെ തന്നെ പിടികൂടിയിരിക്കുന്നതിന് കാരണം എന്താണ്? പരിശോധിച്ചാല്‍ വികസനം മുടക്കികളായ ഭരണ-പ്രതിപക്ഷ മുന്നണികളുടെ മുന്നിലാണ് അന്വേഷണം ചെന്ന് എത്തുക. വന്‍ വ്യവസായമോ, സംരംഭമോ ഇല്ല, ഇതിനാല്‍ ഇതില്‍ നിന്നുള്ള വരുമാനമില്ല, സമരം, ഹര്‍ത്താല്‍, പണിമുടക്ക്, നോക്കുകൂലി എന്നു വേണ്ട ഒരോ ദിവസവുമുള്ള രാഷ്ട്രീയ കലാപരിപാടികള്‍.

ഭരണം മാറി മാറി വന്നും പോയിയും ഇരിക്കുന്നു. ഒരിക്കലും ഒരുത്തനെ തന്നെ തുടര്‍ച്ചയായി പരീക്ഷിക്കാനുള്ള ക്ഷമയൊന്നും ജനങ്ങള്‍ക്കില്ല. മച്ചി പശുവിനെ തൊഴുത്തു മാറി കെട്ടും പോലെ എല്‍ഡിഎഫ്, പിന്നെ യുഡിഎഫ്,  അതുകഴിഞ്ഞ് വീണ്ടും എല്‍ഡിഎഫ്  പിന്നെയും യുഡിഎഫും ഇതുതന്നെ കഥ! അയഥാര്‍ത്ഥമായ ഒരോ കാരണങള്‍ ഒരോ ധനമന്ത്രിയും കണ്ടുവെയ്ക്കും. കുറ്റപ്പെടുത്തല്‍ കേന്ദ്രത്തിന്റെ തലയിലോ, മുന്‍ സര്‍ക്കാരിന്റെ തലയിലോ കെട്ടി വെയ്ക്കും

നായനാര്‍ അധികാരം ഒഴിഞ്ഞ് ആന്റണിക്ക് അധികാരം വെച്ചു നീട്ടിയ വര്‍ഷമാണ് മിമിക്രിക്കാര്‍ പോലും പരിഹസിക്കുന്ന ആ ഡയലോഗ് ഹിറ്റായത്. “ഖജനാവ് കാലി, പൂച്ച പെറ്റു കിടക്കുകയാണ്..” വര്‍ഷം പതിനാറു കഴിഞ്ഞിട്ടും മാണി മാറി തോമസ് ഐസക് വന്നപ്പോഴും അന്നു ആന്റണി പറഞ്ഞ വാക്കാണ് പല്ലവി… “ഖജനാവ് കാലി”. 2018-19 ല്‍ റവന്യു കമ്മി – ( സര്‍ക്കാരിന് നികുതി-നികുതി ഇതര മാര്‍ഗങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനവും ശമ്പളം പെന്‍ഷന്‍, മുന്‍ വായ്പകളുടെ പലിശ തുടങ്ങി നിത്യ നിദാനത്തിനുള്ള ചെലവുകളും തമ്മിലുള്ള വ്യത്യാസം )- ഏകദേശം 27,000 കോടി രൂപയായിരിക്കുമെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്കൂ കൂട്ടല്‍ .  നടപ്പു വർഷം 18,000 കോടി രൂപയാണ് റവന്യു കമ്മി.  മൊത്തം വരുമാനത്തിന്റെ 3,69 ശതമാനം വരെയാകും ഇത് .  രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും റവന്യു കമ്മി ഇല്ലാതായി കഴിഞ്ഞുവെന്നതു കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം.

കേരളത്തിലെ ബഡ്ജറ്റുകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയ കസര്‍ത്തു തന്നെയായിരുന്നു. സാമ്പത്തിക ശാസ്ത്രവുമായല്ല സര്‍ക്കസുമായാണ് ഇതിന് ഏറെ ബന്ധം. സര്‍ക്കസ് എന്നു പറയുമ്പോള്‍ അഭ്യാസം എന്നു കരുതേണ്ട; ജോക്കറെയാണ് ഉദ്ദേശിച്ചത്. ഈ കൃത്യം ധനമന്ത്രിമാര്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.   യുഡിഎഫിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് കാരണമെന്ന് തോമസ് ഐസക് ചുമതലയേല്‍ക്കുമ്പോള്‍ പറഞ്ഞിരുന്നു. എപ്പോഴും ഈ ഉത്തരം പറഞ്ഞാല്‍ ബോറാകില്ലെ എന്നു കരുതി. പിന്നീട് ഒരോ മാസവും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പറഞ്ഞു നില്‍ക്കാന്‍  നോട്ടു നിരോധനവും പിന്നീട് കുറച്ചു നാളത്തേക്ക് ജിഎസ്ടിയും പിടിവള്ളിയായി.

രാജ്യത്തെ ഒരു സംസ്ഥാന ബഡ്ജറ്റിലും ‘നോട്ടു നിരോധനം’ എന്ന വാക്കു പോലം പരാമര്‍ശിച്ചിരുന്നില്ല. സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ പോലും. പക്ഷേ, തോമസ് ഐസക് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും നികുതി വരുമാനം കുറഞ്ഞതും നാലു മാസം മുമ്പ് നടന്ന നോട്ടു നിരോധനത്തിനു തലയില്‍ ഇട്ടു കൊടുത്തു തടിയൂരി.

ഇനിയും ഇതുപോലെ ന്യായീകരണം പറഞ്ഞ് രക്ഷപ്പെടുകയാണ് കേരളം ചെയ്യുന്നത്. 100 ശതമാനം സാക്ഷരതയും, മാനവ വികസന സൂചികയും ആയുര്‍ ദൈര്‍ഘ്യവും, ജീവിത നിലവാരവും ഒക്കെ പുറംമേനി നടിച്ച് ഞെളിയാമങ്കിലും സാമ്പത്തിക വളര്‍ച്ച, വ്യവസായം, കൃഷി, ഇവയിലൊന്നും കേരളത്തിന് പുറത്തു പറയാന്‍ കൊള്ളാവുന്ന ഗ്രാഫില്ല. വ്യവസായികളെയും നിക്ഷേപത്തേയും ആകര്‍ഷിക്കാന്‍ പറ്റിയ രാഷ്ട്രീയ അന്തരീക്ഷം ഇവിടെയില്ല. അക്രമ മാര്‍ഗത്തിലൂടെ നിക്ഷേപകരെ തുരത്തുന്ന യുവജന പ്രസ്ഥാനങ്ങളും, തൊഴിലാളി സംഘടനകളും, വെട്ടി നിരത്തലും മറ്റുമാണ് കേരളത്തിന്റെ പരിസ്ഥിതിയില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നത്.

പെട്രോഡോളറില്‍ നിന്നുള്ള പ്രവാസി റെമിറ്റന്‍സ് ഇടിഞ്ഞതും, വായ്പ എടുക്കാന്‍ ധന ഉത്തരവാദിത്വ നിയമങ്ങള്‍ അനുവദിക്കാത്തതും ഖജനാവ് കാലിയാക്കിയിട്ടുണ്ട്. പലപ്പോഴും ഖജനാവിലെ നീക്കിയിരിപ്പും ആയിരം കോടി രൂപയോളം മാത്രമാണ്. ചിലപ്പോഴെല്ലാം 100 കോടിയോളവും എത്തിയിട്ടുണ്ട്.  നിത്യ ചെലവിന് പോലും രണ്ടായിരം കോടിയോളം സര്‍ക്കാരിന് ആവശ്യമുണ്ടെന്നിരിക്കെയാണ് ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയുണ്ടാകുന്നത്.

ചെലവ് വെട്ടിച്ചുരുക്കി കമ്മി കുറയ്ക്കാന്‍ ശ്രമിച്ചിട്ട് ഒരു സര്‍ക്കാരിനും ഇത് സാധിച്ചിട്ടില്ല. വരുമാനം കൂട്ടാന്‍ ആവുന്ന പണിയെയൊക്കെ എടുത്തിട്ടും ഇത് സാധ്യമായില്ല. കേന്ദ്ര സര്‍ക്കാരിനെ പഴി പറയുക എന്ന പോം വഴി അപ്പോഴും ബാക്കിയുണ്ടാകും.

എന്നാലും പഴയ പോലെ അല്ല. ജനം കാര്യങ്ങള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു.  രാഷ്ട്രീയം നോക്കാതെ സംസ്ഥാനങ്ങള്‍ക്ക് വിഹിതം വാരിക്കോരി നല്‍കുന്ന കേന്ദ്രത്തിന്റെ ഉദാര സമീപനത്തെ അംഗീകരിച്ചില്ലില്ലെങ്കിലും അവിടേയ്ക്ക് ആവശ്യങ്ങളുടെ പട്ടികയുമായി ചെല്ലാന്‍ മറക്കരുത്.

കേന്ദ്രത്തില്‍ കേരളത്തിന്റേതായി ടൂറിസം -ഐടി സഹമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തെ ട്രോളാനും വിമര്‍ശിക്കാനും മാത്രം സമയം നീക്കിവെച്ചവര്‍ ഇനിയെങ്കിലും  സ്വതന്ത്ര ചുമതലുള്ള സഹമന്ത്രിയെ ഉപയോഗിച്ച് സംസ്ഥാനത്തിനായി ടൂറിസം ഐടിമേഖലയില്‍ അര്‍ഹതപ്പെട്ടതെല്ലാം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്കുള്ള വഴി തുറന്നിട്ടുവെങ്കിലും ഇതിലൂടെ കയറി ചെല്ലാന്‍ കേരളത്തിന് സാധിച്ചിട്ടില്ല. നാലു രാജ്യാന്തര വിമാനത്താവളവും ഒരു വശം മുഴുവന്‍ ബീച്ചും,  മറുവശത്ത് മല നിരകളും,  ഇടയ്ക്ക് ഉള്‍നാടന്‍ ജലാശയങ്ങളും,  പച്ചപ്പും,  മഴയും , കലയും സംസ്‌കാരവും… എല്ലാം കൊണ്ട് സമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാടിന് ഇതൊന്നും വേണ്ട രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഐടി രംഗത്തെ സമര്‍ത്ഥരായവര്‍ മറുനാട്ടില്‍ തമ്പടിച്ചതിനാല്‍ ബ്രയിന്‍ ഡ്രെയിനേജ് ഉണ്ടായിട്ടും പിന്നേയും സമര്‍ത്ഥരായവരെ കൊണ്ട് നിറയുന്ന അതിസമ്പന്നമായ കേരളത്തിന്റെ ഐടി രംഗത്തെ കഴിവുകള്‍ ഉപയോഗിക്കപ്പടുത്താനും സാധിച്ചില്ല.

ഇപ്പോള്‍ ലഭിച്ച സുവര്‍ണാവസരം കേരളം പ്രയോജനപ്പെടുത്തി. വികസനക്കുതിപ്പിനു തുടക്കമിടുകയാണ് വേണ്ടത്. ഇതിനായി ഹര്‍ത്താല്‍, പണിമുടക്ക്, അക്രമ സമരം എന്നിവയ്ക്ക് പത്തു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകാണം. വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുവരാന്‍ കൊടികള്‍ പാര്‍ട്ടി ഓഫീസുകളുടെ ഉള്ളറകളില്‍ തന്നെ സൂക്ഷിക്കുക. രാഷ്ട്രീയം മാറ്റിവെച്ച് ഒരുമിക്കുക. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, കൂടുതല്‍ പേരെ സംരംഭകരാക്കുന്ന
വരുമാനം ഖജനാവിന് നേടിത്തരുന്നതാണ് ടൂറിസവും, ഐടിയും.

തൊട്ടടുത്തുള്ള തമിഴ് നാട്, കര്‍ണാടക. ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ വികസന കാര്യത്തില്‍ കേരളത്തേക്കാള്‍ പത്തുമടങ്ങെങ്കിലും മുന്നിലാണ്. പാലക്കാട്ട് കഞ്ചിക്കോട്ട് കേരളത്തിന് ഒരു വ്യവസായ പാര്‍ക്കുണ്ട്. പക്ഷേ, എടുത്തു പറയാവുന്ന ഒരു വ്യവസായവും ഇവിടെയില്ല. തൊട്ടടുത്ത നഗരമായ കോയമ്പത്തൂരില്‍ ഏഷ്യയിലെ തന്നെ ഏക ഫോര്‍മുല വണ്‍ കാര്‍ ഫാക്ടറിയുണ്ട്. ഇവിടെ നിന്നും ബഹറൈന്‍, അബുദാബി, മലേഷ്യ ഗ്രാന്‍ പ്രി ഫോര്‍മുല വണ്‍ കാറുകള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നു. കോടികളാണ് തമിഴ് നാടിന് ഇതുവഴി ലഭിക്കുന്നത്. ഇതേ ഫാക്ടറിയിലാണ് ഇനി മുതല്‍ ടാറ്റ നാനോ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നത്.

കര്‍ണാടക ഐടിയില്‍ മുന്നേറുമ്പോള്‍,  അടുത്തിടെ വിഭജിക്കപ്പെട്ട ആന്ധ്രയും തെലുങ്കാനയും വികസന മത്സരത്തിലാണ്. ആന്ധ്രയുടെ മുഖ്യമുന്ത്രി ചന്ദ്രബാബു നായിഡു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യം. കേരളത്തില്‍ ടൂറിസത്തിനും ഐടിക്കും ഒരു ഫുള്‍ ടൈം, സമര്‍ത്ഥനായ മന്ത്രിയെ നിയോഗിക്കാന്‍ പോലും ഇതേവരെ കഴിഞ്ഞിട്ടില്ല.

കടകംപള്ളി സുരേന്ദ്രന്റെ പല വകുപ്പില്‍ ഒന്നുമാത്രമാണ് ടൂറിസം. ഇതിനായി ഒന്നും ചെയ്യാനോ പദ്ധതികള്‍ സമർപ്പിക്കാനോ അദ്ദേഹത്തിന് സമയമില്ല. ഭക്തനല്ലെങ്കിലും ദേവസ്വം മന്ത്രിയായതിന്റെ പേരില്‍ ഉത്സവപരിപാടികളില്‍ അദ്ധ്യക്ഷത വഹിച്ച് നടക്കുകയാണ് ഇദ്ദേഹം! അടുത്തിടെ ചൈനയില്‍ നടന്ന യുഎന്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ സംയുക്തമായി സംഘടിപ്പിച്ച ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ചിരുന്നു. (ഇന്ത്യാടുഡേ കോൺക്ലേവിൽ നടന്ന പ്രകടനം ചൂണ്ടിക്കാട്ടി, കടകംപള്ളി സുരേന്ദ്രന് എങ്ങനെ വിദേശത്തു പോയി നിക്ഷേപകരെ ആകർഷിക്കാൻ കഴിയും എന്നും സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നിരുന്നു.)

എന്നാല്‍, ദോക് ലാം വിഷയത്തില്‍ ചൈനയുമായി ഇടഞ്ഞു നിന്ന ഇന്ത്യ പ്രതിനിധികളെ ആരേയും അയയ്‌ക്കേണ്ട എന്നു തീരുമാനിച്ചിരുന്നു. മാര്‍ക്‌സിസ്റ്റ് ചൈനയോടുള്ള പ്രതിപത്തി കൊണ്ട് മാത്രം മധുരമനോജ്ഞ നഗരങ്ങള്‍ കാണാനായി അദ്ദേഹം ആഗ്രഹിച്ചുവെന്നതാണ് സത്യം.  അല്ലാതെ ഏതെങ്കിലും രാജ്യത്തെ ടൂറിസം മന്ത്രിമാരുമായി ഗൗരവമായ ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ മുന്‍ കൂര്‍ അനുമതി കേരളം തേടിയിരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചത്.

കേരളത്തിലെ ആയുര്‍വേദം, ടൂറിസം എന്നിവ ബ്രാന്‍ഡാണ്. യൂറോപ്പില്‍ നിന്നാണ് ഏറെ പേരും എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ടൂറിസ സാധ്യതയുമുണ്ട്. ഇവിടേക്കൊന്നും ഒരു ഡെലിഗേഷനെയൊ, ട്രേഡ് ഫെയറിലേക്ക് പ്രതിനിധി സംഘത്തെയോ അയയ്ക്കാത്ത ടൂറിസം മന്ത്രി ചൈനയിലെ സമ്മേളനത്തിന് പോകാന്‍ അനുമതി നിഷേധിച്ചത് രാഷ്ട്രീയ വിഷയമാക്കുകയാണ് ഉണ്ടായത്.

ഇനിയും താമസിച്ചിട്ടില്ല, കേന്ദ്രത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം ഉണ്ട്. ഒന്നുമില്ലെങ്കിലും മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എയല്ലേ? അദ്ദേഹവുമായി മുഖ്യമന്ത്രിക്ക് കെമിസ്ട്രി വര്‍ക്ക് ഔട്ട് ചെയ്യുന്നതല്ലേ?

ശബരിമലയും ആറന്‍മുളയും ദേശീയ തീര്‍ത്ഥാടന-പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ബീച്ച് കാര്‍ണിവലും, ശൈത്യകാലത്ത് വയനാട്, മൂന്നാര്‍, തേക്കടി എന്നിവ കേന്ദ്രീകരിച്ച് മലയോര മഹോത്സവവും സാഹസിക ടൂറിസവും മറ്റും നടത്താനും സര്‍ക്കാരിന് മുന്നിട്ടിറങ്ങാം. കേന്ദ്രത്തെ പങ്കെടുപ്പിച്ച് എന്തെങ്കിലും പരിപാടി നടത്തി ക്രെഡിറ്റ് ബിജെപി അടിച്ചു കൊണ്ടു പോകുമോ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കയ്യടികിട്ടുമോ എന്ന ആശങ്കയൊക്കെ മാറ്റിവെച്ച് സംസ്ഥാനത്തെ വികസനത്തിന് വേണ്ടി കൈകോർക്കേണ്ടത് കേരളത്തിന് അനിവാര്യമാണ്. ക്രാന്തദർശികളായ ഒരു രാഷ്ട്രീയ നേതൃത്വത്തിനും കാര്യക്ഷമതയുള്ള ഒരു സർക്കാരിനുമേ അത് സാധ്യമാകൂ.

ഈഗോയും ബിജെപി വിരോധവും മാറ്റി വെച്ച് ചെല്ലു. സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കു. മോഡിയുടെ മുദ്രാവാക്യം സബ്കാ സാഥ് സബ്കാ വികാസ് എന്നാണല്ലോ..

LEAVE A REPLY

Please enter your comment!
Please enter your name here