ജാതിയെ അതിജീവിച്ച് , വിശ്വാസി സമൂഹമായി ഹിന്ദു വോട്ടുബാങ്ക്

ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ദേശീയ വക്താക്കളാണ് കോണ്‍ഗ്രസ്. നെഹ്‌റു മുതല്‍ ഇങ്ങ് രാഹുല്‍ വരെ ഇതിന്റെ പ്രചാരകന്‍മാരുമാണ്‌. ബിജെപിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും സര്‍ക്കാര്‍ രൂപികരിച്ചതോടെ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്.‌

സംഘടിത വോട്ടു ബാങ്ക് ലക്ഷ്യമിട്ട് മഹാഭൂരിപക്ഷത്തെ അവഗണിക്കുകയും അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സമീപനം ഇനി വിലപ്പോവില്ലെന്ന് കോണ്‍ഗ്രസിന് തോന്നിത്തുടങ്ങിയിരിക്കുന്നു.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ടുകള്‍ വാങ്ങിയിട്ടും തങ്ങള്‍ക്ക് കേന്ദ്രത്തിലും ഒട്ടുമിക്ക സംസഥാനങ്ങളിലും ഭരണത്തിലെത്താന്‍ കഴിയാതെ വരികയും ബിജെപി വിജയിച്ച് അധികാരത്തിലേറുകയും ചെയ്തതാണ് കോണ്‍ഗ്രസിനെ വിഷമ വൃത്തത്തിലാക്കിയത്. ന്യൂനപക്ഷ പ്രീണനത്തിനൊപ്പം തരം കിട്ടുമ്പോള്‍ ഭൂരിപക്ഷത്തെയും പ്രീണിപ്പിക്കുക എന്ന അടവു നയമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

ഇതിന്റെ ചില അനുരണനങ്ങള്‍ കേരളത്തിലും അടുത്തിടെ കണ്ടെങ്കിലും തിരിച്ചടിക്കുമോ എന്ന ഭയപ്പാടിലാണ് കോണ്‍ഗ്രസ്‌ കുട്ടയിലുള്ളതിനൊപ്പം ഒറ്റാലിലുള്ളതും കൈവിട്ടു പോകുമോ എന്ന ആശങ്കയോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിനു ശേഷം കേരളത്തിലെ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയതാണ് ഹിന്ദു പ്രീണന നയത്തിന്റെ കേരള മോഡല്‍. ഹിന്ദുക്കള്‍ക്കൊപ്പം വിശ്വാസ സംരക്ഷണത്തിന് ഇപ്പോള്‍ ഇറങ്ങിയ കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുമെന്ന ഭയമുണ്ട്.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ശബരിമല വിഷയത്തില്‍ ഒട്ടും അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ ഈ വിഷയത്തില്‍ ദേശീയ നേതൃത്വത്തെക്കൊണ്ട് അനുകൂല നിലപാടിന് ശ്രമിച്ചപ്പോഴെല്ലാം പ്രതികൂല മറുപടിയും ലഭിച്ചു. ഈ വിഷയത്തില്‍ ബിജെപി നടത്തിയ പ്രക്ഷോഭങ്ങളും മറ്റും വോട്ടായി മാറുമെന്ന് മുന്‍കൂട്ടി കണ്ടാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ നീക്കവുമായി എത്തിയത്.

എന്നാല്‍, പ്രക്ഷോഭ കാലത്ത് പിന്തുണ നല്‍കാതെ മാളത്തില്‍ ഒളിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലമായതോടെ ശബരിമല വിഷയം എടുത്തിടുകയാണ് ചെയ്തത്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന് 20 ല്‍ കേവലം ഒരു സീറ്റ് മാത്രം നല്‍കി ഒതുക്കിയ ഹൈന്ദവ സംഘടിത വോട്ടു ബാങ്കിനെ വലവീശിപ്പിടിക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നില്‍.

ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്ന സിപിഎം നയിക്കുന്ന ഇടതുമുന്നണിക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കാനും ഇക്കഴിഞ്ഞ ശബരിമല കാലത്ത് യുവതി പ്രവേശനത്തിന് പ്രത്യക്ഷത്തില്‍ വിലക്ക് കല്‍പ്പിച്ച് മുഖം രക്ഷിച്ച് ഹിന്ദു വിശ്വാസികളുടെ മുന്നിലേക്ക് വോട്ട് യാചിച്ച് ഇറങ്ങിച്ചെല്ലുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് മനോധൈര്യം കെടുത്താനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

എന്നാല്‍, ബിജെപി എന്ന രാഷ്ട്രീയ ശക്തി ഈ കളികള്‍ ഗാലറിയില്‍ ഇരുന്ന് കാണുമെന്ന് കരുതിയ കോണ്‍ഗ്രസ് ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസിന്റെ ‘ശബരിമല ബലൂണിന്റെ’ കാറ്റഴിച്ച് വിടുകയാണ് ചെയ്തത്. ശബരി മല വിഷയത്തിന് മൂലകാരണമായ ക്ഷേത്രങ്ങളുടെ സര്‍ക്കാര്‍ ഭരണത്തിലാണ് ബിജെപി കൈവെച്ചത്. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ച് വിട്ട് ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുമെന്ന വലിയ വാഗ്ദാനമാണ് സുരേന്ദ്രന്‍ വിശ്വാസി സമൂുഹത്തിന് നല്‍കിയത്.

ഇതോടെ ഐശ്യര്യയാത്രയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേളികൊട്ട് നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ ദിവസങ്ങളില്‍ ഉയര്‍ത്തിക്കാട്ടിയ ശബരിമല വിഷയം പൊടുന്നനെ മാറ്റിവെച്ചു. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ആസിഫ് അലി തയ്യാറാക്കിയ ശബരിമല വിശ്വാസ സംരക്ഷണ ഓര്‍ഡിനന്‍സിന്റെ ഡ്രാഫ്ട് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുറത്തുവിട്ടത്. നിയമന്ത്രി എ കെ ബാലന്റെ വെല്ലുവിളി സ്വീകരിച്ച് തിരുവഞ്ചൂര്‍ കരട് തയ്യാറാക്കി പുറത്തുവിടുകയായിരുന്നു.

എന്നാല്‍, ദേവസ്വം ബോര്‍ഡുകളെ പിരിച്ച് വിടുമെന്നും ശബരിമല ഉള്‍പ്പടെ എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളെ ഏല്‍പ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചതോടെ ഈ കരടിന്റെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു.

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തതെന്ത് എന്നൊക്കെ ചോദിച്ച് കോണ്‍ഗ്രസ് ഹിന്ദു വിശ്വാസികളുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും ഇപ്പോള്‍ കാണാനാകുന്നുണ്ട്.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ പുനപരിശോധന ഹര്‍ജി ഇരിക്കെ അന്തിമവിധി വരും മുമ്പ് ആര്‍ക്കും ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന വസ്തുത നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചതോടെ ആ വിമര്‍ശനവും പൊളിഞ്ഞുവീണു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജിയില്‍ ഒരു ജനപ്രതിനിധി സഭയ്ക്കും ഓര്‍ഡിനന്‍സ് ഇറക്കുക നിയമപരമായി നിലനില്‍ക്കുന്നതല്ല.

അന്തിമ വിധി വീണ്ടും യുവതി പ്രവേശനത്തിന് അനുകൂലമാണെങ്കില്‍ മാത്രം അതിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കാനാകും. എന്നാല്‍, അന്തിമ വിധി ഭക്തര്‍ക്ക് അനുകൂലമായി വിശ്വാസവും ആചാരവും സംരക്ഷിക്കണമെന്നാണ് പറയുന്നതെങ്കില്‍ ഇത്തരത്തിലൊരു ഓര്‍ഡിനന്‍സിന്റെ ആവശ്യം പോലുമില്ല. സുപ്രീം കോടതി പഴയ നിലപാടില്‍ നിന്ന് അയഞ്ഞ് വിശ്വാസവിഷയത്തില്‍ ഇടപെടേണ്ടന്ന നിലപാടിലാണ്. ഇതാണ് കേരള സര്‍ക്കാരും തിരിച്ചടി ഭയന്ന് കഴിഞ്ഞ മണ്ഡല കാലത്ത് യുവതികളെത്തിയാല്‍ തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍, പഴയ ചെയ്തികള്‍ മറക്കാനും പൊറുക്കാനും വിശ്വാസി സമൂഹം ഒരുക്കമല്ലെന്ന വസ്തുതയാണ് നിലനില്‍ക്കുന്നത്. ഹിന്ദുക്കളെ പോലെ ക്രൈസ്തവരും അസംതൃപ്തരാണെന്ന വസ്തുത ഇടതുമുന്നണിയുടെ തലവേദന വര്‍ദ്ധിപ്പിക്കുന്നു. ന്യുനപക്ഷ അവകാശ വിഷയങ്ങളില്‍ തങ്ങള്‍ക്ക് അര്‍ഹമായ പങ്ക് ലഭിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. പള്ളിത്തര്‍ക്കത്തില്‍ ഒരു പക്ഷത്തിനു വേണ്ടി സര്‍ക്കാര്‍ നിലപാട് എടുത്തതില്‍ അമര്‍ഷം പൂണ്ട മറുവിഭാഗം ഇടതു മുന്നണിക്കെതിരായി നിലകൊള്ളുകയാണ്.

ഇതിനിടയിലാണ് അസംതൃപ്തരായ ഹൈന്ദവരെ അനുനയിപ്പിക്കാന്‍ സിപിഎം നേതാവ് എം വി ഗോവിന്ദന്‍ വിശ്വാസികളെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ സമ്മേളനത്തില്‍ അതുമായി ബന്ധമില്ലാത്ത വിശ്വാസികളുടെ വിഷയം എടുത്തി്ട്ടത്. മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര തൂണുകളില്‍ ഒന്നായ വൈരുദ്ധ്യാത്മിക ഭൗതികവാദത്തെ തള്ളിപ്പറയുന്നതു വരെ അദ്ദേഹം എത്തി. കേരളത്തിലെ ഹൈന്ദവരെ വിഭജിച്ചു കൂടെ നിര്‍ത്താനാണ് എക്കാലവും ഇടതു-വലതു മുന്നണികള്‍ ശ്രമിച്ചിട്ടുള്ളത്. എന്‍എസ്എസ്-എസ്എന്‍ഡിപി എന്നിവരെ തമ്മിത്തല്ലിച്ചാണ് ഇത് നടപ്പിലാക്കി വന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളില്‍ 15 ശതമാനത്തിലേറെ വോട്ടുകള്‍ നേടി ബിജെപി മുന്നേറിയതോടെ ഹിന്ദു സമൂഹത്തിന്റെ വോട്ടുവിഹിതം ഇരുമുന്നണികള്‍ക്കും കുറഞ്ഞുവന്നു. ഇതോടെയാണ് ബിജെപിയുടെ വളര്‍ച്ച തടയുക എന്ന ലക്ഷ്യവുമായി നടന്നിരുന്ന ഇവര്‍ ഹൈന്ദവ വോട്ടുകള്‍ സംഘടിക്കുന്നത് മനസ്സിലാക്കി അത് കൈക്കലാക്കാന്‍ ശ്രമം ആരംഭിച്ചത്.

അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച ഹൈന്ദവ ജനത ഈ കാപട്യങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിയതാണ് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. ഒരു മണ്ഡലത്തില്‍ പതിനായിരത്തില്‍ കൂടുതല്‍ മുസ്ലീം വോട്ടുകളായാല്‍ ആ സീറ്റിന് അവകാശം ഉന്നയിക്കുന്ന മുസ്ലീം ലീഗിന്റെ വര്‍ഗീയ മനോഭാവം കണ്ട് ഹൈന്ദവ ജനത ഞെട്ടി. വയനാട്ടിലെ ചില സീറ്റുകളില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം വിലപേശാന്‍ ഉപയോഗിച്ച വാദമാണ് യുഡിഎഫിന് വിനയായത്. ഇതോടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് ലീഗ് സംസ്ഥാന നേതൃത്വം പ്രാദേശിക നേതാക്കളെ വിലക്കി. അപകടം മണത്തറിഞ്ഞ കല്‍പ്പറ്റയിലേയും മറ്റും ഹിന്ദു വോട്ടര്‍മാര്‍ ഇക്കുറി തങ്ങളില്‍ നിന്ന് അകലുമെന്നും ബിജെപിക്ക് വോട്ടുചെയ്യുമെന്നും യുഡിഎഫ് ഭയക്കുന്നുണ്ട്.

മുസ്ലീം ലീഗ് മുപ്പതോളം സീറ്റുകള്‍ക്ക് അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനവും മറ്റും ലീഗിന് നോട്ടമുണ്ട്. ബിജെപിയുടെ ഫാസിസത്തെ ചെറുക്കാനെന്ന് പറഞ്ഞ് ഡെല്‍ഹിയില്‍ എത്തിയ പി കെ കുഞ്ഞാലിക്കുട്ടി അങ്കം മതിയാക്കി എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനമോ തൂക്കുസഭ വന്നാല്‍ മഹാരാഷ്ട്ര മോഡലില്‍ സര്‍ക്കാര്‍ രൂപികരിച്ച് മുഖ്യമന്ത്രി സ്ഥാനമോ സ്വപ്‌നം കണ്ടാണ്‌.

സ്വര്‍ണക്കടത്തും ഡോളര്‍ കേസുും മയക്കുമരുന്നു കേസും എല്ലാം വിഷയമാകുന്ന തിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയാണ് എല്‍ഡിഎഫ് കളിക്കുന്നത്. ഇതിനെ വെട്ടാന്‍ യുഡിഎഫും വര്‍ഗീയ പ്രീണന നയങ്ങളുമായി രംഗത്ത് വരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഒപ്പം കേരളത്തിന് ദേശീയ പാത ഉള്‍പ്പടെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളും എല്ലാം അവതരിപ്പിച്ചാണ് ബിജെപി രംഗത്തിറങ്ങുക. ഒപ്പം പള്ളിത്തര്‍ക്കത്തിലും ന്യുനപക്ഷ അവകാശം. ഹലാല്‍, ലൗജിഹാദ് എന്നി വിഷയങ്ങളില്‍ ക്രൈസ്തവ ജനതയ്‌ക്കൊപ്പം നിന്നും ബിജെപി തങ്ങള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ഇരുപതു ശതമാനത്തിലേറെ വോട്ടുകള്‍ എന്ന ലക്ഷ്യവുമായി ബിജെപി കളത്തില്‍ ഇറങ്ങിക്കളിക്കുമ്പോള്‍ പലപ്രവചനങ്ങളും പാളുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പതിനാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുകയും കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്രയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പങ്കെടുക്കാന്‍ എത്തുകയും ചെയ്യുന്നതോടെ ബിജെപി ശക്തമായ വെല്ലുവിളിയുമായി കളത്തിലിറങ്ങുകയാണ്.

ജാതിയുടെ പേരില്‍ വിഭജിച്ച് ഹിന്ദു വോട്ടുകളെ ദുര്‍ബലമാക്കിയുള്ള പഴയ തന്ത്രങ്ങള്‍ പയറ്റാനാകാതെ, ഹൈന്ദവ വിശ്വാസി സമൂഹത്തെ നേരിടാന്‍ കെല്പില്ലാതെ ഇരുമുന്നണികള്‍ക്കും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന അങ്കമാണ്‌ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കാലം.

LEAVE A REPLY

Please enter your comment!
Please enter your name here