കൊടകര സംഭവം : ഒരു വലിയ നുണപൊളിയുമ്പോള്‍

ദേശീയപാത കവര്‍ച്ച കേസിന് രാഷ്ട്രീയ നിറം നല്‍കി ബിജെപിയേയും അതിന്റെ നേതാക്കളേയും വലിച്ചിഴച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് അവഹേളിക്കാനുള്ള രഹസ്യ അജന്‍ഡ പാതിവഴിയില്‍ പൊളിഞ്ഞു.

23 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഹൈവേ റോബറി കേസ് കുഴല്‍പ്പണവും രാജ്യദ്രോഹ പ്രവര്‍ത്തനവും ബിജെപി നേതാക്കളും എല്ലാം ചേര്‍ന്നാണ് കെട്ടിപ്പൊക്കി കൊണ്ടുവന്നതെങ്കിലും പണത്തിന്റെ ഉടമസ്ഥനായ ധര്‍മരാജന്‍ അതിന്റെ ഉറവിടവും രേഖയും എല്ലാം സമര്‍പ്പിച്ചതോടെ വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബിജെപിയേയും അതിന്റെ നേതാക്കളേയും പൊതുജനമധ്യത്തില്‍ അവഹേളിക്കാനും നാണം കെടുത്താനുമുള്ള ശ്രമമാണ്പൊളിഞ്ഞുവീണത്.

ഇതോടെ, കഴിഞ്ഞു കുറച്ചു ദിവസങ്ങളായി കേരളത്തിലെ ചാനലുകളുടെ അന്തിചര്‍ച്ചാ വിഷയം ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെയായി. നുണ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ എല്ലാം ബിജെപിയും കെ സുരേന്ദ്രനും നല്‍കിയ മാനനഷ്ടക്കേസിന് മറുപടി പറയേണ്ട ഗതികേടിലേക്കാണ് എത്തിയിരിക്കുന്നത്.

കൊടകര കുഴല്‍പ്പണ കേസ് എന്ന വിഷയത്തില്‍ ബിജെപിക്കോ അതിന്റെ നേതാക്കളോ ഒരു ബന്ധവുമില്ലെന്ന് വാര്‍ത്ത നല്‍കേണ്ട ഗതികേടിലാക്കാണ് ഈ മാധ്യമങ്ങള്‍ ഇപ്പോള്‍ ചെന്നെത്തിരിയിക്കുന്നത്.

കഴിഞ്ഞ ദിവസം കേരള യുവമോര്‍ച്ച കൊടകര വിഷയത്തില്‍ സംഘടിപ്പിച്ച ക്ലബ് ഹൗസ്ചര്‍ച്ചയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മുതിര്‍ന്ന നേതാക്കളായ ടിജി മോഹന്‍ദാസ്, കെവിഎസ് ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്‌കുമാറും സംഭവത്തിന്റെ പശ്ചാത്തലവും കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതും പിന്നീട് ബിജെപിയെ ആക്രമിക്കാന്‍ ഇത് ഉപയോഗിച്ചതിനെക്കുറിച്ചും വിശദമാക്കി.

മുവ്വായിരത്തില്‍ അധികം പേര്‍ പങ്കെടുത്ത ചര്‍ച്ച കൊടകര സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടത്തിവരുന്ന നുണപ്രചാരണങ്ങളെ പൊളിച്ചടുക്കുന്നതായിരുന്നു.

ബിജെപിയുടെ ഭാരവാഹിത്വമോ നേതൃസ്ഥാനമോ ഇല്ലാത്ത ഒരാള്‍ ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോയ പണത്തെയാണ് ബിജെപിയുടെ പ്രചാരണ ഫണ്ടിലെ പണമാണെന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയതാണെന്നും എല്ലാം റിപ്പോര്‍ട്ടു ചെയ്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തിയത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലെ രൂപയാണിതെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, 25 ലക്ഷം രൂപയാണ് താന്‍ ഡ്രൈവറുടെ കൈവശം കൊടുത്തുവിട്ടതെന്ന് പരാതിക്കാരനായ ധര്‍മരാജന്‍ പോലീസിന് ആദ്യം മൊഴി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിയ റൂറല്‍ എസ് പി ജി പൂങ്കുഴലി പ്രതിയെ പിടികൂടുകയും 23.5 ലക്ഷം ഇയാളില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

ബിജെപിക്ക് ഇതില്‍ എന്തെങ്കിലും പങ്കുള്ളതായി എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പണത്തിന്റെ ഉടമസ്ഥനായ ധര്‍മരാജന്‍ എന്നയാള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് മാത്രമായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍, വിഷയത്തില്‍ ബിജെപിയുടെ ബന്ധം സ്ഥാപിക്കാന്‍ കഴിയാതിരുന്ന എസ് പിയെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തി സിപിഎമ്മിനെ പലകേസുകളിലും സഹായിച്ചിട്ടുള്ളയാളും പാലക്കാട്ട് വാളയാറില്‍ രണ്ട് ബാലികമാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ് അട്ടിമറിച്ചുവെന്ന് ആരോപണം നേരിടുന്ന സോജന്‍ എന്ന ഉദ്യോഗസ്ഥനെയാണ് ഈ കേസ് അന്വേഷിക്കാന്‍ ഉന്നതര്‍ ചുമതലപ്പെടുത്തിയത്.

യുവമോര്‍ച്ചയുടെ മുന്‍ നേതാവായ സുനില്‍ നായ്ക് എന്നയാളുമായുള്ള ബിസിനസ് സംരംഭത്തിനു വേണ്ടി കൊടുത്തയച്ച പണമാണെന്നും ഇതിന് ആവശ്യമായ രേഖകളുണ്ടെന്നും ആദ്യം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

പിന്നീട് സോജന്‍ എന്ന ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി പേരെ ചോദ്യം ചെയ്യുകയും 21 പേരെ അറസ്റ്റു ചെയ്യുകയും ഉണ്ടായെങ്കിലും ബിജെപി നേതാക്കളോ പ്രവര്‍ത്തകരോ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല..

ഇത്തരത്തില്‍ കേവലം ഒരു ഹൈവേ റോബറി മാത്രമായിരുന്ന കേസ് സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ച് കുഴല്‍പ്പണ കേസാക്കി മാറ്റുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ബിജെപിയേയും നേതാക്കളേയും ആക്രമിക്കാന്‍ ശ്രമം നടത്തി.

പരാതിക്കാരാനായ ധര്‍മരാജന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നത് കണ്ടെത്തിയ പോലീസ് സുരേന്ദ്രനേയും അദ്ദേഹത്തിനൊപ്പം കോന്നിയില്‍ തിരഞ്ഞെടുപ്പു ചുമതലകളില്‍ സഹായിച്ചിരുന്ന 21 കാരനായ മകന്‍ ഹരികൃഷ്ണനേയും കേസില്‍ കുടുക്കുമെന്ന് മാധ്യമങ്ങളിലൂടെ തുടരെ വാര്‍ത്തകള്‍ നല്‍കി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കരാറുള്ള ധര്‍മരാജന്‍ പോളിംഗ് ബുത്തുകളിലേക്ക് ആവശ്യമായ സ്ലിപ്പുകളും പോസ്റ്ററുകളും ചിഹ്നങ്ങളും സുരേന്ദ്രനായി വിതരണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കോളുകളാണ് സുരേന്ദ്രനും മകനും ധര്‍മരാജനുമായി നടത്തിയിരുന്നത്. എന്നാല്‍, സുരേന്ദ്രനു വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നതും ഹെലികോപ്ടറില്‍ പോലും സുരേന്ദ്രന്‍ പണം കടത്തിയെന്നും മറ്റും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉപജാപക സംഘം ശ്രമിച്ചത്.

കേസിലെ മറ്റു പ്രതികളും സിപിഐ എം സിപിഐ ലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അനുയായികളുമായ മുഹമ്മദ് അലി, സംജീര്‍, അബ്ദുള്‍ റഷീദ്, എഡ് വിന്‍, സുജേഷ്, രന്‍ജിത് തുടങ്ങിയവരേയും പോലീസ് പിടികൂടിയിരുന്നു.

കവര്‍ച്ച ചെയ്യപ്പെട്ട പണത്തില്‍ നിന്ന് പത്തുലക്ഷം രൂപ ലഭിച്ച സിപിഎം പ്രവര്‍ത്തകനും കണ്ണൂര്‍ സ്വദേശിയുമായ ഷിഗിലിനെ ഇതുവരെ അറസ്റ്റു ചെയ്യാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സുരക്ഷിതനായി ഒളിവില്‍ കഴിയുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍. ഇതിനിടെ തന്റെ പണത്തിന്റെ ഉറവിടത്തിന്റേ രേഖകളുമായി ധര്‍മരാജന്‍ കോടതിയെ സമീപിച്ചതോടെ പോലീസിന്റെയും മാധ്യമങ്ങളുടേയും രാഷ്ട്രീയ യജമാനന്‍മാരുടേയും കള്ളങ്ങള്‍ എല്ലാം ഒറ്റയടിക്ക് പൊളിയുകയായിരുന്നു.

ബിസിനസ് ആവശ്യത്തിന് കൊണ്ടുപോയ മൂന്നരകോടി രൂപയാണ് മോഷണം പോയതെന്ന് ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ 25 ലക്ഷം രൂപ സുനില്‍ നായിക്കില്‍ നിന്നും വാങ്ങിയതാണെന്നും ഈ പണം ബാഗിലും മറ്റു പണം കാറിലെ രഹസ്യ അറയിലുമാണ് സൂക്ഷിച്ചതെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്. ഇൗ പണത്തിന്റെ ഉറവിടവും തെളിവായി ധര്‍മരാജന്‍ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ ഈ പണമത്രയും കണ്ടിപിടിച്ച് നല്‍കേണ്ട ബാധ്യത കേരള പോലീസിന് വന്നു ചേര്‍ന്നിരിക്കുകയാണ്.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4.40 നാണ് ദേശീയപാതയില്‍ കൊടകരയില്‍ വെച്ച് പണവും കാറും കവര്‍ന്നത്. കാറില്‍ ഡ്രൈവര്‍ ഷംജീറിനൊപ്പം സുഹൃത്ത് റഷീദും ഉണ്ടായിരുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയുടെ പഴം, പച്ചക്കറി വിതരണക്കാരനാണ് താനെന്നും പണം അത്യാവശ്യമായി വേണമെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ തുകയും ഇനിയും കണ്ടെത്താനുള്ള തുകയും ഉടനെ തന്നെ തിരിച്ച് തരണമെന്നും ഹര്‍ജിയില്‍ ധര്‍മരാജന്‍ പറയുന്നുണ്ട്.

ഉറവിടവും മറ്റും കോടതിക്ക് ബോധ്യമായാല്‍ പണം തിരിച്ച് നല്‍കി സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ച കേസിലെ പ്രതികള്‍ക്ക് ഏഴു വര്‍ഷം വരെയുള്ള തടവ് ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്തമാണ് ഇനി കേരള സര്‍ക്കാരിനും പോലീസിനുമുള്ളത്.

ബിജെപിയെ വേട്ടയാടിയ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇത് വന്‍ തിരിച്ചടിയും നാണക്കേടുമായി.

എപ്രില്‍ മൂന്നു മുതല്‍ ആരംഭിച്ച അന്വേഷത്തിനിടയില്‍ ബിജെപിയേയോ പാര്‍ട്ടി അദ്ധ്യക്ഷനേയോ നേരിട്ട് ബന്ധപ്പെടുത്താന്‍ ഒരു തെളിവും ലഭിക്കാതെ കുഴങ്ങിയ പോലീസിനും ഇതുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകള്‍ കൊടുത്തുകൊണ്ടുമിരുന്ന മാധ്യമങ്ങള്‍ക്കും വിഷയത്തില്‍ നിന്ന് തലയൂരാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ബിജെപിയെ കുരുക്കാന്‍ നോക്കി സ്വന്തം പാര്‍ട്ടി അനുഭാവികളെ മോഷണക്കേസിന് ഏഴു വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഗതികേടിലാണ് സിപിഎം നയിക്കുന്ന സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഒന്നര കോടി രൂപയുടെ കണക്ക് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞുവെങ്കിലും ബാക്കി രണ്ടു കോടി രൂപ കണ്ടെത്തേണ്ട ചുമതലയും പോലീസിന്റെ തലയിലായി.

കുഴല്‍പ്പണ കേസ് അന്വേഷണം ബിജെപിയിലേക്ക്. അന്വേഷണം ആര്‍എസ്എസ്സിലേക്ക് തുടങ്ങിയ തലക്കെട്ടുകള്‍ നല്‍കി വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഇതോടെ മൗനത്തിലായി. സുരേന്ദ്രനെ ചോദ്യം ചെയ്യും അന്വേഷണം മകനിലേക്ക് തുടങ്ങിയ വാര്‍്ത്തകള്‍ നല്‍കിയ ചാനലുകളും ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ബ്രേക്കിംഗ് ന്യൂസ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ സാമ്പത്തികമായി തകര്‍ന്ന സംസ്ഥാന സര്‍ക്കാരിന്റെ ഗതികേടും കടം പെരുകിയ കേരള ബജറ്റും, വാക്‌സിന്‍ വിതരണത്തിലെ കേരള സര്‍ക്കാരിന്റെ പിടിപ്പുകേടും അനാസ്ഥയും ഒന്നും ചര്‍ച്ച ചെയ്യാതിരിക്കാന്‍ നടത്തിയ കുഴല്‍പ്പണ നാടകം പൊളിഞ്ഞതോടെ അജണ്ടയെല്ലാം മാറ്റിയെഴുതേണ്ട ഗതികേടിലായി ഈ ഉപജാപക വൃന്ദം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സുരേന്ദ്രന്‍ രാജിവെച്ചേക്കുമെന്നും കേരള പോലീസ് ഡെല്‍ഹിയിലെത്തി ബിജെപി ദേശീയ നേതാക്കളെ ചോദ്യം ചെയ്യുമെന്നും എല്ലാം വാര്‍ത്തകള്‍ എഴുതിയിരുന്നു.

ബിജെപിക്കെതിരെ സംഘടിതമായി നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണ് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും ഹിറ്റ് ജോബുമായി മുന്നോട്ട് പോയ പോലീസും മുഖ്യധാര മാധ്യമങ്ങളും ഇപ്പോള്‍ ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ആരോപണങ്ങളില്‍ പതറാതെ ബിജെപി നേതാക്കളും അണികളും ഒറ്റക്കെട്ടായി ഇതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here