20 ലക്ഷം കോടി രൂപയുടെ പാക്കേജ് : ഇനി എന്ത് പറഞ്ഞ് വിമർശിക്കും ?

ചൈനയില്‍ നിന്നെത്തിയ കോറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം നിശ്ചലാവസ്ഥയിലായ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിനെ കണ്ണുമടച്ച് വിമർശിക്കുകയാണ് ചിലർ. തങ്ങളുടെ മുൻ വിമർശനങ്ങളെയെല്ലാം പൊളിച്ചടുക്കിയ പ്രഖ്യാപനം വന്നതോടെ ജാള്യത മറയ്ക്കാൻ പാടുപ്പെട്ടവർ നടത്തിയ ജൽപനങ്ങളായി ഇത് മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപ സത്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക വൃത്തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ജിഡിപിയുടെ അഞ്ചു ശതമാനം വരുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു പലരുടേയും ആവശ്യം. ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച 1.76 ലക്ഷം കോടി രൂപയുടെ അടിയന്തര പാക്കേജ് രോഗപ്രതിരോധത്തിനും ദിവസവേതനക്കാര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലേക്കും മറ്റും കൈമാറാനുള്ളതായിരുന്നു. ഇതില്‍ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ളതൊന്നും ഉണ്ടായിരുന്നില്ല. ആദ്യം രോഗപ്രതിരോധവും സാധാരണക്കാര്‍ക്ക് ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടാണ്ടാകാതിരിക്കുക ഇവയായിരുന്നു സര്‍ക്കാരിന്റെ പ്രഥമപരിഗണനയില്‍ വന്ന വിഷയങ്ങള്‍.

എന്നാല്‍, ടെലിവിഷന്‍ അന്തിചര്‍ച്ചകളില്‍ ഇന്ത്യയുടെ സാമ്പത്തിക പാക്കേജ് ജിഡിപിയുടെ ഒരു ശതമാനം പോലും വരുന്നില്ലെന്ന രീതിയിലായിരുന്നു പ്രതിപക്ഷ വിമര്‍ശനങ്ങള്‍. എന്നാല്‍ മോദി പത്തു ശതമാനം വരുന്ന പാക്കേജ് പ്രഖ്യാപിച്ചതോടെ നേരത്തെ വിമര്‍ശിച്ചവരെല്ലാം അന്തംവിട്ടു. തുടര്‍ന്ന് അതുവരെ പറയാതിരുന്ന റിസര്‍വ് ബാങ്ക് വായ്പ നയങ്ങളിലൂടെ ആറു ലക്ഷം കോടി രൂപയുടെ പണലഭ്യത ഇക്കണോമിയിലേക്ക് എത്തുന്നത് ചൂണ്ടിക്കാട്ടിയ ഇവർ നേരത്തെ തന്നെ ഇത് ഉള്ളതാണെന്ന രീതിയില്‍ വ്യാഖ്യാനിച്ച് ഗോള്‍ പോസ്റ്റ് മാറ്റി.

റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്ന മൊണിട്ടറി വിഭാഗമാണ് റിസര്‍വ്വ് ബാങ്ക് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ റിവേഴ്‌സ് റിപോ നിരക്കും എസ്എല്‍ആര്‍ എന്നിവയുടെയൊക്കെ നിരക്ക് പരിഷ്‌കരിച്ചാണ് റിസര്‍വ്വ് ബാങ്ക് ആറു ലക്ഷം കോടിരൂപയുടെ പണലഭ്യത സമ്പദ് രംഗത്ത് ഉറപ്പു വരുത്തിയത്.

ലോക് ഡൗൺ പ്രഖ്യാപിക്കും മുമ്പ് തന്നെ ഈ നീക്കം നടത്തി. റിസർവ്വ് ബാങ്ക് ദ്വൈമാസ അവലോകനം നടത്തി വായ്പാ നിരക്കുകൾ പ്രഖ്യാപിച്ച് നടപ്പിൽ വരാൻ ആഴ്ചകൾ എടുക്കും. ഇങ്ങിനെ ആറു ലക്ഷം കോടി സാമ്പത്തിക രംഗത്തേക്ക് പംപ് ചെയ്ത വായ്പാ നയം പ്രധാന മന്ത്രിയുടെ പാക്കേജിൽ എങ്ങിനെ ഉൾപ്പെടുമെന്ന് ചിലർ .

റിസർവ്വ് ബാങ്കായാലും പൊതുമേഖലാ ബാങ്കായാലും എല്ലാം സർക്കാരിൻ്റെ ഭാഗം തന്നെയെന്ന് ഇവർ ഓർക്കുന്നത് നന്നായിരിക്കും .

പിന്നെ, ചിലർക്ക് സംശയം ഇത്രയും പണത്തിൻ്റെ ഉറവിടത്തെക്കുറിച്ചായിരുന്നു.

നോട്ട് അച്ചടിച്ച് ഇറക്കിയാലെ കൂടുതല്‍ പണം ഉണ്ടാകു എന്ന മിഥ്യാധാരണ മാറ്റിവെയ്ക്കാം. കാരണം ചില കോണുകളില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് കൂടുതല്‍ കറന്‍സി അ്ച്ചടിച്ച് ഇറക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരുന്നു. ക്യാഷ് ലെസ് ഇക്കണോമിയാണ് പുതിയ കാലഘട്ടത്തില്‍ വളര്‍ന്നു വരുന്നതും വികസിതവുമായ രാജ്യങ്ങളുടെ ലക്ഷ്യം. ഇതിനായി ഡിജിറ്റല്‍ കറന്‍സിയും ബ്ലോക് ചെയ്ിനും എല്ലാം വരും കാലങ്ങളില്‍ നടപ്പിലാക്കുവാനുള്ള ഒരുക്കളിലാണ് ഈ സെന്‍ട്രല്‍ ബാങ്കുകള്‍. ഇന്ത്യയുടെ റിസര്‍വ് ബാങ്കും ഇതിന് മുന്നില്‍ത്തന്നെയുണ്ട്. പിന്നെ , സർക്കാർ തങ്ങളുടെ ചെലവ് നേരിടാൻ കടപ്പത്രം ഇറക്കുന്നത് ചൂണ്ടിക്കാട്ടി വിമർശിച്ചു.

ധനക്കമ്മി (Fiscal Deficit) 3.5 ശതമാനത്തിൽ പിടിച്ചു വെയ്ക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം .

എന്നാൽ പുതിയ സാഹചര്യത്തിൽ കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും വായ്പാ പരിധി ഉയർത്തി തീരുമാനം വന്നു

ധനക്കമ്മി ഉയരുന്നതിൽ തെറ്റൊന്നുമില്ല .. ഒരു പരിധിക്കപ്പുറം വരവിനേക്കാൾ ചെലവ് ഏറുന്നത് ആശ്വാസകരമല്ല ,പക്ഷേ, ക്യാപിറ്റൽ എക്സ്പെൻഡിച്ചർ വകയിലാണ് വായ്പ എടുക്കുന്നതെങ്കിൽ സമ്പദ് ഘടനയ്ക്ക് അത് ഗുണകരമാകും. അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ ഗണത്തിൽപ്പെടും .

അതേ സമയം, കേരള മോഡൽ ധനക്കമ്മി വർദ്ധനയും വായ്പ എടുക്കലും റവന്യൂ എക്സ്പെൻഡിച്ചർ വിഭാഗത്തിലാണ് ഉൾപ്പെടുക .

ശമ്പളം, പെൻഷൻ മറ്റ് ഭരണ നിർവ്വഹണ ചെലവുകൾക്ക് വേണ്ടിയാണ് ഈ തുക ചെലവഴിക്കുക.

ഇതു മൂലം മൂല്യ വർദ്ധിതമായ സാമ്പത്തിക പ്രക്രിയ കാര്യമായി ഒന്നും സംഭവിക്കുന്നില്ല.

കേന്ദ്ര സർക്കാരിൻ്റെ സെൻട്രൽ വിസ്ത പദ്ധതികൾ നിർമ്മാണ മേഖലയ്ക്ക് പെട്ടെന്ന് ഊർജം പകർന്നു നൽകും. ഈ പദ്ധതി ഉപേക്ഷിച്ച് പകരം വെൻ്റിലേറ്റർ വാങ്ങിക്കാനാണ് ചിലർ ഉപദേശിക്കുന്നത്.

എന്നാൽ, വെൻ്റിലേറ്ററുകളും എൻ 95 മാസ്കുകളും രാജ്യത്ത് ഉത്പാദിപ്പിക്കുകയും ഒപ്പം സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട് പോകുകയുമാണ് മോദി സർക്കാർ ചെയ്യുന്നത്.

എല്ലാറ്റിനും പണം എവിടുന്ന് എന്ന ചോദ്യം ഉയർത്തുന്നവർക്ക് വെറുതെ ഇരുന്ന് സംശയിക്കാം. പക്ഷേ ,മോദി സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ വളരെ പക്വതയോടെയും യഥാർത്ഥ്യ ബോധത്തോടെയും ദീർഘ വീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സമഗ്ര മേഖലകളേയും സ്വാധീനിക്കുന്ന നയങ്ങളും നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കാണാനാകും.

ഇരുപതു ലക്ഷം കോടി രൂപ സർക്കാർ പുതിയതായി നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നൊന്നുമില്ല. നോട്ട് അച്ചടിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചിത അനുപാതം സ്വര്‍ണം ഗ്യാരണ്ടിയായി സൂക്ഷിച്ചു വെയ്ക്കുകയാണ് പതിവ്. 1930 ലെ ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തെ ജെ എം കെയിന്‍സിന്റെ സിദ്ധാന്തങ്ങളിലല്ല മോഡേണ്‍ മോണിട്ടറി തിയറിയിലാണ് ആഗോള സാമ്പത്തിക രംഗം ചലിക്കുന്നത്.

ഡിമാന്‍ഡ് വര്‍ദ്ധിച്ചാലെ സാമ്പത്തിക വളര്‍ച്ചയുണ്ടാകു എന്ന കെയിനിഷ്യന്‍ തിയറിക്ക് ഇന്ന് വലിയ പിന്തുണ ആഗോളരംഗത്ത് ഇല്ല. എന്നാല്‍, ഇന്ത്യയില ചില യഥാസ്ഥിതിക ധനതത്വശാസ്ത്രജ്ഞര്‍ ഇത് പാടിക്കൊണ്ടിരിക്കുന്നു.

ഉപഭോക്താവിന്റെ ഡിമാന്‍ഡ് ഉണ്ടെങ്കിലെ സാമ്പത്തിക വളര്‍ച്ചയുണ്ടാകു എന്ന സിദ്ധാന്തം കാലഹരണപ്പെട്ടു ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളുടെ കൈകളിലേക്ക് കൂടുതല്‍ പണം എത്തിക്കുന്നതാണ് സാമ്പത്തിക വളർച്ചയ്ക്കുള്ള ഏക പോംവഴിയെന വാദമെല്ലാം പഴങ്കഥയായി.

ഉത്പാദനമാണ് സാമ്പത്തിക രംഗത്തിന്റെ നട്ടെല്ല് എന്നും ആദ്യം ഉത്പാദനമാണ് ഉണ്ടാകണ്ടേതെന്നും ഡിമാന്‍ഡ് ഇതിന്റെ സ്വാഭാവികസംഭവ വികാസമാണെന്നും മോഡേണ്‍ മോണിട്ടറി തിയറി അഥവാ എംഎംടി മുന്നോട്ട് വെയ്ക്കുന്നു

ജനങ്ങളുടെ കൈകളില്‍ പണം ഉണ്ടാകുകയും ഉത്പാദനം ഇല്ലാതിരിക്കുകയും ചെയ്യുന്നത് പണപ്പെരുപ്പത്തിന് കാരണമാകും.. ഇതിനാലാണ്, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരുപതു ലക്ഷം കോടി രൂപയുടെ സിംഹഭാഗവും ഉത്പാദന മേഖലയിലേക്ക് പോയത്.
അതോടൊപ്പം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഘട്ടം ഘട്ടമായി ക്യാഷ് ട്രാന്‍സ്ഫര്‍ നല്‍കി. ഭക്ഷ്യസാധനം റേഷന്‍കടകള്‍ വഴിയും കാര്‍ഡില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് അവശ്യഭക്ഷ്യസാമഗ്രികള്‍ ഉറപ്പുവരുത്തി പട്ടിണി മരണം തടഞ്ഞു.

സാധാരണ കര്‍ഷകര്‍ക്കും രണ്ടായിരം രൂപ വീതം നല്‍കി. അരക്കോടിയ്ക്കടുത്ത് വരുന്ന ചെറുകിട വ്യവസായികള്‍ക്ക് ശരാശരി ഏഴു ലക്ഷം രൂപയെങ്കിലും കുറഞ്ഞത് ലഭ്യമാക്കുന്ന മുന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ ഈട് നിന്നുള്ള വായ്പയും നല്‍കി. ഇതുവഴി ഏറ്റവും അടിത്തട്ടിലുള്ള സാമ്പത്തി കമായി പിന്നാക്ക അവസ്ഥയിലുള്ള ജനങ്ങൾക്കും സംരംഭകർക്കും വലിയ സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

ഖജനാവില്‍ നിന്ന് നേരിട്ട് നല്‍കിയില്ല. സര്‍ക്കാരിന് ചെലവില്ല. ബാങ്കുകളുടെ തലയില്‍ കെട്ടിവെച്ചു. തുടങ്ങിയ സാമ്പത്തികശാസ്ത്രവിരുദ്ധ പ്രസ്താവനകളും വിമര്‍ശനങ്ങളും പൊടുന്നനെ പൊളിഞ്ഞുവീണു. രാജ്യത്തെ നാഷണലൈസഡ് ബാങ്കുകള്‍ എന്നാല്‍ സര്‍ക്കാരിന്റെ ഭാഗം തന്നെയാണെന്നത് ഇവരെ ഈ അവസരത്തില്‍ ഒന്ന് ഓര്‍മിപ്പിക്കേണ്ടിവന്നുവെന്ന് മാത്രം.

ബാങ്കുകള്‍ വായ്പ എഴുതി തള്ളിയെന്നൊക്കെ പറഞ്ഞ് നിലവിളിക്കുന്നവരാണ് ഇപ്പോള്‍ സര്‍ക്കാരിനേയും ബാങ്കുകളേയും വേറിട്ട് കാണുന്നത്. വായ്പകളൊന്നും എഴുതിതള്ളുന്നില്ലെന്നും ഇതെല്ലാം തിരിച്ചു പിടിക്കുകയാണെന്നുമുള്ള വസ്തുതകള്‍ ഇവര്‍ നിരന്തരം മറച്ചുവെയ്ക്കുകയും ചെയ്യുന്നു.

കച്ചവടം നടത്താന്‍ ലോകത്ത് ഒരു സര്‍ക്കാരും സൗജന്യ സഹായം ചെയ്യില്ല. ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇത്തരത്തില്‍ വ്യാപാരികള്‍ക്കോ വ്യവസായികള്‍ക്കൊ സൗജന്യമായി പണം നല്‍കിയ ചരിത്രവുമില്ല.

അതേസമയം, ബാങ്കുകളിലൂടെ ഈടില്ലാത്തതും പലിശ ഒരു വര്‍ഷത്തേക്ക് ഈടാക്കാത്തതുമായ ഉദാര വായ്പ നല്‍കി ചെറുകിട ഇടത്തരം വ്യവസായികളെ സഹായിക്കുന്ന പ്രഖ്യാപനമാണ് മോദിയുടെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിലുള്ളത്. സർക്കാർ ഗ്യാരണ്ടി നിന്ന് ബാങ്കുകൾ ഈടില്ലാതെ വായ്പ നൽകുന്നു എന്നു പറഞ്ഞാൽ ഈ പണം സർക്കാർ നൽകുന്നു എന്ന് തന്നെയാണ്.

ഇപ്പോള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ സര്‍ക്കാരിന് നേരിട്ട് ഖജനാവിന് ചെലവുള്ളത് തുലോം കുറവാണെന്ന ആക്ഷേപം ഖജനാവ് മുടിഞ്ഞ് കാണണമെന്ന് ആഗ്രഹിക്കുന്നവരുടേത് മാത്രമാണ്. അപ്പം തിന്നാല്‍ പോരെ കുഴി എണ്ണണോയെന്ന് പണ്ട് ആരോ ചോദിച്ചതാണ് ഇതിനുള്ള ഉത്തരവും. സാമ്പത്തിക രംഗത്തേക്ക് കൂടുതല്‍ പണലഭ്യത എത്തിക്കുകയും ഇതുവഴി ഉത്പാദനവും ക്രയവിക്രയവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉത്തേജ പാക്കേജിന്റെ ലക്ഷ്യം. സര്‍ക്കാരില്‍ നിന്ന് എല്ലാം സൗജന്യമായി ലഭിക്കണമെന്ന വാദം സമ്പദ്ഘടന മെച്ചപ്പെടണമെന്ന് വിചാരിക്കുന്നവരുടെതല്ല.

സൗജന്യമായി പണം ലഭിക്കേണ്ടവര്‍ ആരൊക്കെയാണെന്ന് കേന്ദ്ര സര്‍ക്കാരിന് നല്ല നിശ്ചയമുണ്ട്. അവര്‍ക്ക് ഈ ലോക് ഡൗണ്‍ സമയത്ത് പട്ടിണി ഇല്ലാതെ ജീവിക്കാനാവശ്യമായത് നല്‍കുകയും ചെയ്തു. ഇടത്തരം, ഇതില്‍ തന്നെ അപ്പര്‍ മിഡില്‍ ക്ലാസ് -ലോവര്‍ മിഡില്‍ ക്ലാസ് വരുമാനത്തട്ടിലുള്ളവര്‍ക്കും കൈയ്യില്‍ പണം ലഭ്യമാക്കുന്ന സംവിധാനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇ പി എഫ് . ആദായ നികുതി ഇളവുകളിലൂടെയും പണ ലഭൃത തന്നെയാണ് സർക്കാർ ഉറപ്പു വരുത്തിയത്.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച പാക്കേജില്‍ അവസാനമായി നിക്ഷേപം ഉദാരമാക്കിയുള്ള ചില തീരുമാനങ്ങളും വന്നു. പ്രതിരോധം, ബഹിരാകാശ രംഗം തുടങ്ങിയ തന്ത്രപ്രധാന രംഗങ്ങളിലും സ്വകാര്യ പങ്കാളിത്തത്തിന് അവസരമൊരുക്കിയത് വിറ്റു തുലയ്ക്കലായാണ് ചിലര്‍ ചിത്രീകരിച്ചത്.

പ്രതിരോധ രംഗത്തും ബഹിരാകാശ രംഗത്തും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹകരിപ്പിക്കുന്നത് എങ്ങിനെ വിറ്റു തുലയ്ക്കലാകും. ഐഎസ്ആര്‍ഒ എന്ന സ്ഥാപനം വിറ്റോ ? പ്രതിരോധ രംഗത്ത് നിലവില്‍ തന്നെ സ്വകാര്യ സംരംഭകര്‍ ഉണ്ട്.

സ്വകാര്യ സംരംഭങ്ങള്‍ക്ക് ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നു മാത്രമാണ് ഇവിടെ അര്‍ത്ഥമാക്കിയിട്ടുള്ളത്. പിപിപി മോഡലില്‍ ഉപഗ്രഹ വിക്ഷേപണ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും സ്വകാര്യ സംരംഭകരുകയുമായി ഐഎസ്ആര്‍ഒ കൈകോര്‍ക്കുന്നതിനെയാണ് ഈ വിറ്റുതുലയ്ക്കല്‍ പദം കൊണ്ട് വിമര്‍ശകര്‍ അര്‍ത്ഥമാക്കുന്നത്. ഇങ്ങിനെയാണ് ഇവരുടെയൊക്കെ വിമര്‍ശനം.

ധനമന്ത്രി നിർമ്മല സീതാരാമൻ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സെൻസെക്സിൻ പ്രതിഫലിച്ചില്ലന്നത് ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്നർത്ഥം കോർപറേറ്റുകൾക്ക് ഗുണം ഉള്ളതൊന്നും ഈ പാക്കേജിൽ ഇല്ലന്നല്ലേ ?

പിന്നെ വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളിലേക്കായി വിമർശകരുടെ ശ്രദ്ധ. ദിവസ വേതനക്കാരായ ഇവർക്ക് അരിയും ഗോതമ്പും മറ്റ് ഭക്ഷ്യ സാധനങ്ങളും സൗജന്യമായി നൽകാൻ കേന്ദ സർക്കാർ നിർദ്ദേശം നൽകി. ഇവരുടെ താമസത്തിന് പ്രത്യേക കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു:

അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും തുടക്കത്തിലെ മുനയൊടിഞ്ഞ് നിഷ്പ്രഭമായി പോയി.

മറുവശത്ത് , ശമ്പളവും പെൻഷനും കൊടുക്കാനാകാതെ ഉഴലുമ്പോൾ 20000 കോടി രൂപയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ച് ഒടുവിൽ പണം ഒന്നും കൈയ്യിൽ ഇല്ലെന്ന് സമ്മതിച്ച് നബാർഡിൽ നിന്ന് രണ്ടായിരം കോടി വായ്പക്ക് അപേക്ഷിച്ച മുഖ്യമന്ത്രിയേയും നമ്മൾ കണ്ടു.

സാമ്പത്തിക പാക്കേജിലൂടെ രാജ്യത്തിന്റെ ഇക്കണോമി അധികം താമസിയാതെ തിരിച്ചുകയറുമെന്നുതന്നെ പ്രതീക്ഷിക്കാം. പ്രോ ആക്ടീവായ സമീപനമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത്. ഇനിയും അനിവാര്യമായ ഘട്ടത്തില്‍ വേണ്ട നടപടികളും സ്വീകരിച്ച് രംഗത്ത് വരുമെന്ന് തന്നെയാണ് കരുതേണ്ടത്.

1 COMMENT

  1. വളരെ നല്ല വിശ്‌കൽനം.. ലേഖകന് അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here