വാക്‌സിന്‍ മൈത്രി : മോദിയുടെ നയതന്ത്രത്തിന് ആഗോള പ്രശംസ

0

കോവിഡ് 19 വാക്‌സിന്‍ ലോകത്തിന് നല്‍കി വിദേശനയതന്ത്ര ചരിത്രത്തില്‍ ഇന്ത്യ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കോവിഡിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെങ്കില്‍ ഈ മഹാമാരിയുടെ അവസാനം ഇന്ത്യയുടെ കൈകള്‍ കൊണ്ടാകാനാണ് നിയോഗം.

ചൈനീസ് പക്ഷത്തുള്ള കംപോഡിയ ഉള്‍പ്പടെയുള്ള ഇരുപത്തിയഞ്ചോളം രാജ്യങ്ങള്‍ക്ക് മുന്‍ഗണനാ ക്രമത്തിലാണ് ഇന്ത്യ കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലും എല്ലാം ഇന്ത്യയുടെ വാക്‌സിന്‍ എത്തിക്കഴിഞ്ഞു.

വാക്‌സിന്‍ മൈത്രി എന്ന പേരില്‍ അറിയപ്പെടുന്ന ഈ നയതന്ത്രത്തിന് ആഗോളതലത്തില്‍ സ്‌നേഹാദരങ്ങള്‍ ലഭിക്കുകയാണ്. സഖ്യരാജ്യങ്ങളെന്ന പരിഗണനയിലല്ല ഇന്ത്യ വാക്‌സിന്‍ നല്‍കുന്നതെന്ന സവിശേഷത ലോകം മുഴുവന്‍ വിസ്മയത്തോടെയാണ് വീക്ഷിക്കുന്നത്.

രാജ്യത്തെ രണ്ട് പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉത്പാദിപ്പിച്ച ദശലക്ഷക്കണക്കിന് വാക്‌സിനുകളാണ് ഇന്ത്യയുടെ സമ്മാനം എന്ന ലേബല്‍ ഒട്ടിച്ച് ഇരുപതോളം രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞത്. കേവലം എഴുപതിനായിരത്തോളം ജനസംഖ്യയുള്ള കരിബിയന്‍ ദ്വീപായ ഡൊമിനിക്കയിലും അവിടുത്തെ പ്രധാനമന്ത്രിയുടെ അപേക്ഷ പ്രകാരം ഇന്ത്യ 70,000 വാക്‌സിന്‍ എത്തിച്ചു.

ഡൊമിനിക്കയുടെ പ്രധാനമന്ത്രി റൂസ് വെല്‍റ്റ് സ്‌കെറിറ്റ് ഇന്ത്യക്ക് നന്ദി അറിയിച്ച് നല്‍കിയ വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. എഴുപതിനായിരം പേര്‍ മാത്രമുള്ള തങ്ങളുടെ കൊച്ചു ദ്വീപ് രാജ്യത്തിന്റെ ആവശ്യം അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഉടനെ വാക്‌സിന്‍ എത്തിച്ചു തന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കും തങ്ങള്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നാണ് ഡൊമിനിക്കന്‍ പ്രധാനമന്ത്രി റൂസ് വെല്‍ട്ട് പറയുന്നത്. തന്റെ രാജ്യത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്ര വേഗം ഫലംകാണുമെന്ന് താന്‍ വിചാരിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ സംവിധാനമുള്ള ഇന്ത്യ അവസരത്തിനൊത്ത് ഉയര്‍ന്ന് കോവിഡ് വാക്‌സിന്‍ നിര്‍മിച്ച്‌ സ്വന്തം രാജ്യത്തിനും വിദേശ രാജ്യങ്ങള്‍ക്കും വേണ്ടി ഒരു പോലെ വിനിയോഗിക്കുകയാണ്. ഇന്ത്യയില്‍ 4 കോടി പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ആരോഗ്യ മേഖലയിലും പോലീസ് ഉള്‍പ്പെടുന്ന പ്രതിരോധ സേനയ്ക്കും ആണ് പ്രഥമ പരിഗണന നല്‍കിയത്.

ഇതേ പോലെ രോഗ വ്യാപ്തി കൂടുതലുള്ള ലോക രാജ്യങ്ങള്‍ക്കും അവരുടെ ആവശ്യ പ്രകാരം ഇന്ത്യ വാക്‌സിന്‍ സൗജന്യമായിട്ടും ചില രാജ്യങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തിലും നല്‍കി വരികയാണ്.

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കംപോഡിയന്‍ പ്രധാനമന്ത്രി ഹ്യു സെന്‍ എന്നിവര്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് തങ്ങളുടെ രാജ്യത്തെ കോവിഡ് വാക്‌സിനേഷനായി എത്രയും പെട്ടെന്ന് വാക്‌സിന്‍ തന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ആദ്യ ഘട്ടമെന്ന നിലയില്‍ ഉടനെ തന്നെ വാക്‌സിന്‍ കയറ്റി അയയ്ക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി.

ചൈനയില്‍ നിന്നും പത്തു ലക്ഷം കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന വാഗ്ദാനം നിലനില്‍ക്കെയാണ് കംപോഡിയ ഇന്ത്യയുടെ സഹായം തേടി ഫോണ്‍ ചെയ്തത്. ചൈനീസ് വാക്‌സിന്‍ വൈകുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് എതിര്‍ ചേരിയിലാണെങ്കിലും കംപോഡിയ ഇന്ത്യയെ സമീപിച്ചത്.

ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിനും സഖ്യ രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള നിര്‍മാണം നടക്കുന്നതിനിടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഒരു ലക്ഷം വാക്‌സിനുകള്‍ കംപോഡിയയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതായി കംപോഡിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രാഗ്‌ഡെ പറഞ്ഞു.

അയല്‍ രാജ്യങ്ങളും ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരുമായ മ്യാന്‍മര്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ നേപ്പാള്‍ ബംഗ്ലാദേശ്, ശ്രീലങ്ക മാലദ്വീപ് എന്നിവര്‍ക്ക് ഇന്ത്യ ഇതിനകം വാക്‌സിനുകള്‍ ഇന്ത്യ എത്തിച്ചൊകുടുത്തു കഴിഞ്ഞു. ഇരുപതോളം രാജ്യങ്ങളിലേക്കായി രണ്ട് കോടി വാക്‌സിനുകള്‍ ഇന്ത്യ നല്‍കിയി്ട്ടുണ്ട്.

ഇരുപത്തി അഞ്ച് രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് വിദേശ കാര്യ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്. ലിസ്റ്റില്‍ ഇല്ലാതിരുന്ന കാനഡ, കംപോഡിയ മംഗോളിയ എന്നീ രാജ്യങ്ങള്‍ക്കും ഇപ്പോള്‍ വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡയില്‍ സഹായം ചെയ്യുന്നതിനെ തുടര്‍ന്നും ദില്ലിയില്‍ അരങ്ങേറുന്ന കര്‍ഷക സമരത്തിന് പിന്തുണയേകിയതിനും ജസ്റ്റിന്‍ ട്രൂഡോയുമായുള്ള മോദിയുടെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. കോവിഡ് വാക്‌സിന്‍ ആവശ്യം വന്നിട്ടും ജസ്റ്റിന്‍ ട്രൂഡോ മോദിയെ ഫോണില്‍ വിളിച്ച് വാക്‌സിന്‍ ആവശ്യപ്പെടാതെ ഇരിക്കുകയായിരുന്നു. എന്നാല്‍, ജാള്യത മറച്ചു വെച്ച് ട്രൂഡോ ബുധനാഴ്ച മോദിയെ ടെലിഫോണില്‍ വിളിച്ചു.

കാനഡയുടെ വാക്‌സിന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സഹായം മോദി ഉറപ്പു നല്‍കുകയും ചെയ്തു.

100 കോടി വാക്‌സിനുകളാണ് അടിയന്തരമായി ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. പൂനയിലെ സെറം ഇന്സ്റ്റിറ്റിയൂട്ടും ഹൈദരാബാദിലെ ഭാരത് ബയോ ടെകുമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ നിര്‍മാണം നടത്തുന്നത്. ഒരു വാക്‌സിന് 200 രൂപ വെച്ചാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോ ടെക് വാക്‌സിന്‍നിര്‍മിക്കുന്നത്.

ഭാരത് ബയോടെക് സ്വന്തമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്ന വാക്‌സിനുകള്‍. യുകെയില്‍ വികസിപ്പിച്ചെടുത്ത ഓക്‌സ്‌ഫോര്‍ഡ് -അസ്ട്രാസെനെക വാക്‌സിന് ഇന്ത്യയില്‍ നിര്‍മാണ അനുമതി ലഭിക്കുകുയും കോവിഷീല്‍ഡ് എന്ന പേരില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് നിര്‍മിക്കുകയുമാണ് ചെയ്യുന്നത്.

ലോകത്തിലെ അറുപതു ശതമാനം വാക്‌സിനുകളും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ആഗോളതലത്തിലുള്ള പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ പകുതിയോളം ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ഉള്ളവരാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി വാക്‌സിന്‍ നിര്‍മാണ രംഗത്തുള്ള ഭാരത് ബയോ ടെക് എന്ന സ്വകാര്യ മേഖലാ സ്ഥാപനം 123 രാജ്യങ്ങളിലേക്ക് വാക്‌സിനുകള്‍ നിര്‍മിച്ച് കയറ്റി അയയ്ക്കുന്നുണ്ട്. പതിനാറോളം പ്രമുഖ വാക്‌സിനുകളാണ് ഭാരത് ബയോടെകില്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എഴുപതു കോടി കോവാക്‌സിനുകളാണ് ഭാരത് ബയോ ടെക് നിര്‍മിക്കുന്നത്.

അതേസമയം, ചൈന നിര്‍മിച്ച രണ്ട് വാക്‌സിനുകള്‍ വാണിജ്യ അടിസ്ഥാനത്തിലാണ് ചില രാജ്യങ്ങള്‍ക്ക് നല്‍കിയത്. ചൈന സ്വന്തം രാജ്യത്തുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ സൗജന്യമായി നല്‍കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോവാക്, സിനോഫാം എന്നീ കമ്പനികളാണ് ഇതിന്റെ നിര്‍മാണം നടത്തുന്നത്.

ചൈനയുടെ അപ്രമാദിത്വം വകവെച്ചു കൊടുക്കാതെയാണ് ഇന്ത്യ വാക്‌സിന്‍ നിര്‍മാണ രംഗത്തെ തങ്ങളുടെ മേല്‍ക്കോയ്മ ഉപയോഗിച്ച് വാക്‌സിന്‍ ഡിപ്ലോമസിയിലൂടെ ആഗോളതലത്തില്‍ പുതിയൊരു നയതന്ത്ര ചരിത്രത്തിന് തുടക്കം കുറിച്ചത്.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ വലിയൊരു അംഗീകാരമാണ് ഈ നീക്കത്തിലൂടെ പ്രധാനമന്ത്രി മോദി നേടിക്കൊടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here