‘ഓപറേഷന്‍ ജാവ’-സിംപിളായി പറഞ്ഞ പവര്‍ഫുള്‍ സിനിമ

ക്രൈം ത്രില്ലറില്‍ പുതിയൊരു അദ്ധ്യായം രചിച്ച ചിത്രമായിരുന്നു ദൃശ്യം. വര്‍ഷങ്ങള്‍ക്കു ശേഷം ഇതിന്റെ രണ്ടാം ഭാഗം കാണാന്‍ കാത്തിരുന്ന മലയാളിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ചിത്രമാണ് ഓപറേഷന്‍ ജാവ എന്ന മറ്റൊരു അത്യുഗ്രന്‍ സൈബര്‍ ക്രൈം ത്രില്ലര്‍,

വന്‍കിട താരങ്ങളുടെ അകമ്പടിയില്ലാതെ, ത്രസിപ്പിക്കുന്ന സംഭാഷണങ്ങളോ ചടുലമായ സംഘട്ടനങ്ങളോ ഒന്നുമില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മാസ്മരിക വൈഭവമാണ് ജാവയുടെ അണിയറപ്രവര്‍ത്തകര്‍ കാഴ്ചവെച്ചിരിക്കുന്നത്.

നവാഗതനായ മൂര്‍ത്തിക്ക്‌ ഇത്തരമൊരു സിനിമ എടുക്കാന്‍ അവസരം നല്‍കിയ ഇതിന്റെ നിര്‍മാതാക്കാള്‍ക്ക് ഇരിക്കട്ടെ ഒരു ചാക്ക് കുതിരപ്പവന്‍ . മഹാമാരിയും ലോക്ഡൗണും മൂലം സിനിമകള്‍ ഒ.ടി.ടി തേടി പോയപ്പോള്‍ കാമ്പുള്ള സിനിമയ്ക്ക് കാഴ്ചക്കാരെ കിട്ടുമെന്ന ആത്മവിശ്വാസമാണ് വി സിനിമാസിന്റെ പത്മ ഉദയന് ഓപറേഷന്‍ ജാവ പോലുള്ള ഒരു സബ്ജക്ട് കേട്ട് പണം മുടക്കാന്‍ മുടക്കാന്‍ തോന്നാന്‍ കാരണമായത്.

സംവിധാന രംഗത്ത് നവാഗതനായ തരുണ്‍ മൂര്‍ത്തിയെ വിശ്വസിക്കാനും താരമൂല്യമുള്ള വന്‍കിട ബ്രാന്ഡ് നെയിമുകള്‍ ഒന്നും ഇല്ലാതെ പണം മുടക്കാനുമായെങ്കില്‍ അത് കഥയുടെ കാമ്പും തനിമയും തിരിച്ചറിഞ്ഞിട്ട് തന്നെ.

എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞ് തൊഴില്‍ തേടി അലയുന്ന ചെറുപ്പക്കാരുടെ വേദന മറ്റാരേക്കാളും അറിയാന്‍ കഴിയുന്നത് ബിടെക് ബിരുദധാരിയായ തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന് തന്നെയാണ്.

ടീസറും ട്രയിലറും കണ്ട് തന്നെ കേരളം ജാവയെ നെഞ്ചേറ്റിയിരുന്നു. പത്തുലക്ഷം പേര് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ട ട്രെയിലര്‍ ജാവയുടെ ഭാവി വിളിച്ചു പറഞ്ഞിരുന്നു.

എഞ്ചിനീയറിംഗ് ബിരുദധാരികളായ ആന്റണി ജോര്‍ജും വിനായക് ദാസും തൊഴില്‍ തേടി അലയുന്നതും കൊറിയര്‍ , ഡെലിവറി ബോയ് പണി പോലും എടുക്കാന്‍ നിര്‍ബന്ധിതരാകുകയും എന്നാല്‍ പഠിച്ച ജോലിയോടുള്ള ആവേശവും താല്‍പര്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാണ് കഥയുടെ കാമ്പിനുള്ളിലെ കാമ്പ്, അവര്‍ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഓണ്‍ലൈനില്‍ ലഭ്യമായപ്പോള്‍ ഇതിനെ കുറിച്ച് തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുകയും വിവരം കൊച്ചി സൈബര്‍ വിംഗിലെ SHO പ്രതാപനുമായി പങ്കുവെയ്ക്കുകയും പ്രതാപന്‍ ഇവരുടെ വൈഭവം തിരിച്ചറിഞ്ഞ് ഇവര്‍ക്ക് സൈബര് വിംഗില്‍ താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്യുന്നു.

വളരെ റിയലിസ്റ്റികായ ഇന്‍സിഡന്റുകളിലൂടെ പ്രേക്ഷകരെ ഒരു യഥാര്‍ത്ഥ ലോകത്ത് എത്തിക്കാനും സൈബര്‍ ക്രൈമുകളുടെ അന്വേഷണത്തിനൊപ്പം കൂട്ടാനും തരുണിന്റെ തിരക്കഥയ്ക്ക് സാധിച്ചു,

അതിഭാവുകത്വമോ സാങ്കേതിക ജാടകളോ ഇല്ലാതെ സാധാരണ പ്രേക്ഷകന് ഒരു സൈബര്‍ ക്രൈം പോലീസ് എങ്ങിനെ അന്വേഷിക്കുന്നുവെന്ന് വളരെ റിയലിസ്റ്റികായി ഒരോ ഫ്രയിമിലൂടെയും കാണിച്ചു തരുകയാണ് തരുണ്‍ മൂര്‍ത്തി.

ബാലു വര്‍ഗീസ്, ലുകമാന്‍ അവറാന്‍, ഇര്‍ഷാദ്‌, ബിനുപപ്പു, പ്രശാന്ത് അലക്‌സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ , വിനായകന്‍ എന്നിവരും അവരവര്‍ക്ക് ലഭിച്ച വേഷങ്ങളോട് നീതിപുലര്‍ത്തി. കൈയ്യടി നേടുന്ന പ്രകടനം ഇവരെല്ലാം കാഴ്ചവെയ്ക്കുന്നു. മമിത ബൈജു, ധന്യ അനന്യ എന്നീവരടങ്ങുന്ന സ്ത്രീ സാന്നിദ്ധ്യവും ജാവയിലുണ്ട്.

ചിത്രത്തിന്റെ കഥയുടെ ചടുലതയ്ക്ക് സഹായതമാകുന്ന ക്യാമറ ജാവയുടെ സവിശേഷതയാണ്. ഫായിസ് സിദ്ധിഖാണ് ഈ ഭാഗം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത്. നിഷാദ് യൂസഫ് ഇതിനു സഹായകരമായ കട്ടുകളും നല്‍കിയിരിക്കുന്നു.

കഴിവും വൈഭവുമുള്ള ഇന്നാട്ടിലെ യുവജനതയെ അവഗണിച്ച് ഒരു നാടിനും മുന്നേറാനാവില്ലെന്ന് പറയാതെ പറഞ്ഞുവെയ്ക്കുന്ന ഓപറേഷന്‍ ജാവ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളില്‍ വളരെ ഗൗരവമേറിയ വിഷയമാണ് ചര്‍ച്ചയ്ക്ക് തുറന്നിടുന്നത്. പ്രതിഭകളെ രണ്ടാതരം പൗരന്‍മാരായി കാണുകയും ഇവരെ ദിവസക്കൂലിക്കും കരാര്‍ പണിക്കും തള്ളിവിടുന്ന അധികാരി വർഗത്തിന്റെ ധാർഷ്ട്യ -ധിക്കാരങ്ങള്‍ക്ക് നേരേയുള്ള കൂര്‍ത്തശരമുനയാണ് ചിത്രത്തിന്റെ അവസാനം സംവിധാകനും കൂട്ടരും തറച്ചുവെയ്ക്കുന്നത്. അഭ്യസ്ത വിദ്യരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ നിയമനങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങുമ്പോള്‍ ചിത്രം ഇത്തരക്കാര്‍ക്കായി സമര്‍പ്പിക്കുന്നത് കാവ്യനീതി മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here