ഉത്തര്‍പ്രദേശിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ബി ജെ പി യ്ക്ക് നേരിട്ട പരാജയം കഴുതപ്പുലി കൂട്ടത്തെ വലിയ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴുതപ്പുലിക്കൂട്ടം എന്നു വിളിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കരുത്, ആരെങ്കിലും കൊന്നു തള്ളുന്നതിന്‍റെ അവശിഷ്ഠം ഭക്ഷിച്ചു ജീവിക്കുന്ന ജീവിയോട് ഉപമിക്കാന്‍ വിളിച്ചതാണ്. സ്വന്തമായി ഇരപിടിക്കാന്‍ അറിയില്ല എന്നുറപ്പുള്ള ഈ കഴുതപ്പുലി കൂട്ടം ഈ ചെറിയ വിജയങ്ങളില്‍ നിന്നും അനാവശ്യ പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയിലേക്കും ഇത്തരം അവിശുദ്ധ ബാന്ധവങ്ങള്‍ കെട്ടിപ്പടുക്കും. ഇതു ഭാവിയിലേക്ക് ബി ജെ പി യ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല എങ്കിൽ, കോണ്‍ഗ്രസുമായുള്ള സഖ്യത്തിനെ എന്തു കൊണ്ട് ഇടതുപക്ഷം എതിര്‍ക്കുന്നു എന്നു പിണറായി വിജയനോട് ചോദിക്കണം. നേമം മണ്ഡലത്തില്‍ അവിശുദ്ധ കൂട്ടുകെട്ടു രണ്ടു ടേമില്‍ തുടര്‍ന്നപ്പോള്‍ എങ്ങനെ കോണ്‍ഗ്രസിനു പ്രസക്തി നഷ്ടപ്പെട്ടുവോ അതു പോലെ ഭാവിയിലേക്ക് ദുര്‍ബലമായ ഒരു കക്ഷി എന്നെന്നേക്കുമായ് ഇല്ലാതാകുന്നതിലേക്ക് മാത്രമേ അത് വഴിവെയ്ക്കൂ. ഇന്ത്യയിലുടനീളം പ്രസക്തി നഷ്ടപ്പെട്ടു വരുന്ന ഇടതുപക്ഷം പത്തു വര്‍ഷങ്ങള്‍ക്കകം കേരളത്തിലും എന്നെന്നേക്കുമായ് അസ്തമിച്ചേക്കാന്‍ അതു വഴി വെച്ചേക്കും എന്നു പിണറായി ഭയക്കുന്നു. യു പി യില്‍ അത് സംഭവിക്കാന്‍ പോകുന്നത് ഭാവിയില്ലാത്ത മായാവതിക്കാണ്!
എസ് പി – ബി ജെ പി ദ്വന്ദത്തിലേക്ക് ഉത്തര്‍പ്രദേശ് രാഷ്ട്രീയം മാറിമറിഞ്ഞേക്കാം. അതൊരു വലിയ സാധ്യതയാണ് ബി ജെ പി യ്ക്ക് മുന്നില്‍ തുറന്നിടുക. ഏതൊക്കെ ആയുധമെടുത്തു ശത്രുക്കള്‍ പോരാടിയാലും മുപ്പത് സീറ്റെന്ന സംഖ്യയില്‍ നിന്നും താഴേക്ക് ബി ജെ പി യെ തള്ളിയിടാനാകാത്ത രാഷ്ട്രീയ സാധ്യത. അതിനുള്ള കാരണം കുറച്ചു കൂടി ആഴത്തില്‍ വ്യക്തമാക്കാം. ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബി ജെ പി യുടെ തോല്‍വിയാണ് കഴുതപ്പുലി കൂട്ടത്തിന്‍റെ കൂട്ടത്തിന്‍റെ ആഘോഷത്തിന്‍റെ പ്രധാന കാരണം. മൂന്നു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് യോഗി ജയിച്ച സ്ഥലത്ത് ഇരുപത്തി ഒന്നായിരം എന്ന ചെറിയ മാര്‍ജിനില്‍ ആയാലും ഉള്ള തോല്‍വി തിരിച്ചടി തന്നെയാണ്. ഇത്രയും അലസമായി ബി ജെ പി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടു എന്നത് വിശ്വസിക്കാന്‍ കഴിയുന്നതല്ല. അലസം എന്നത് പോളിംഗ് ശതമാനത്തില്‍ തന്നെ വ്യക്തമാണ്. ഗോരഘ്പൂരില്‍ 43%, ഫുല്‍പൂരില്‍ വെറും 37%. ഇത്രയും കേഡര്‍ സംവിധാനങ്ങള്‍ ഉള്ള പാര്‍ട്ടി പോളിംഗ് ബൂത്തുകളില്‍ ആളെ എത്തിച്ചില്ല എന്നത് യോഗി തന്നെ പറഞ്ഞതു പോലെ അമിത ആത്മവിശ്വാസത്തിന്‍റെ അലസതയാകാം. പക്ഷേ ആ അലസത ഏതു നിമിഷവും പരിഹരിക്കാവുന്നതേയുള്ളൂ. അതു മാറ്റി വെച്ചു നോക്കിയാല്‍ ബി ജെ പി യുടെ ഒരു പുത്തന്‍ പരീക്ഷണം ചെറുതായൊന്നു പാളി എന്നതൊഴിച്ചാല്‍ വലിയ സംഭവം ഒന്നും അതിലില്ല എന്നതാണ് വാസ്തവം.
ഗൊരഖ് നാഥ് പീഠത്തിനു പുറത്തുള്ള ഒരു സ്ഥാനാര്‍ത്ഥിയെ രണ്ടരപ്പതിറ്റാണ്ടിനിടയില്‍ ആദ്യമായി ബി ജെ പി പരീക്ഷിച്ചു എന്നതാണ് ആ പരീക്ഷണം. കുംഭമേളകളും ശ്രീ രാമ നാമങ്ങളും ഒക്കെ ജീവിതത്തിന്‍റെ ഭാഗമോ ജീവിതം തന്നെയോ ആയ സമൂഹത്തില്‍ ആത്മീയ സ്ഥാപനങ്ങള്‍ക്കും, സന്യാസി മഠങ്ങള്‍ക്കും ഉള്ള സ്വാധീനം മോദിക്കോ അമിത്ഷായ്ക്കോ അറിയാഞ്ഞിട്ടല്ല, പക്ഷേ അമിതാത്മവിശ്വാസത്തിന്‍റെ പുറത്ത് ഉണ്ടായ ഈ തീരുമാനം തെറ്റി എന്ന് വൈകി എങ്കിലും ഏവര്‍ക്കും ബോധ്യപ്പെടുകയാണ്. സോഷ്യല്‍ എന്‍ജിനീയറിംഗിന്‍റെ ഉസ്താദായ അമിത് ഷാ ഒരുപക്ഷേ ഈ ഉപതിരഞ്ഞെടുപ്പിനെ ഒരു അവസരമായി കണ്ടതും ആകാം. പുത്തന്‍പരീക്ഷണങ്ങള്‍ നടത്താനും ശത്രുവിന്‍റെ ബലം ശരിക്കും അളക്കാനും. അത് പരിപൂര്‍ണ്ണമായും വിജയവുമാണ്. കാരണം എസ് പി, ബി എസ് പി എന്നിവര്‍ ഒന്നിച്ചു നില്‍ക്കുകയും ഒപ്പം കോണ്‍ഗ്രസിന്‍റെ നാമമാത്രമായ വോട്ടുകള്‍ കൂടി ചേരുകയും ചെയ്താലും ഏറ്റവും അലസമായി മത്സരിച്ച ബി ജെ പി യ്ക്ക് എതിരെ വെറും ഇരുപത്തയ്യായിരം വോട്ടിന്‍റെ മാത്രം ലീഡ് നേടാനുള്ള കരുത്ത് മാത്രമേ വിശാല പ്രതിപക്ഷത്തിനുള്ളൂ. ഗോരഖ് പൂർ പോലെ ബി ജെ പി യ്ക്ക് ഏറ്റവും കരുത്തുള്ള മണ്ഡലത്തിലാണ് ഇത് എന്നാകും വിശാല പ്രതിപക്ഷാദികള്‍ തിരിച്ചു പറയുക. എന്നാല്‍ ഫുല്‍പൂര്‍ മണ്ഡലത്തിലെ കണക്കു തിരിച്ചു പറയാനുണ്ടാകും. സോഷ്യലിസത്തിന്‍റെ കോട്ടയാണ് ഫുല്‍പൂര്‍. കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ നേടിയ ത്രസിപ്പിക്കുന്ന വിജയം ഒഴിച്ചു നിര്‍ത്തിയാല്‍ ഓര്‍ക്കാന്‍ ബി ജെ പി യ്ക്ക് വലുതായൊന്നും സംഭാവന ചെയ്യാത്ത മണ്ഡലമാണ് അത്. എസ് പി യും, ബി എസ് പി യും ഒരു പോലെ ശക്തം. തങ്ങളുടെ ശക്തിദുര്‍ഗ്ഗമായ ഒരു മണ്ഡലത്തില്‍ ഒരുമിച്ച് നിന്നിട്ടും ഇരുവര്‍ക്കും ചേര്‍ന്ന് വെറും അറുപതിനായിരം വോട്ടേ അലസമായിരുന്ന ഒരു ബി ജെ പി യ്ക്ക് മുകളില്‍ നേടാനായുള്ളൂ എന്‍കില്‍ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വരുന്ന ബി ജെ പി യെ നേരിടാന്‍ ഇപ്പോള്‍ കൂട്ടിവെച്ചിരിക്കുന്ന പടക്കോപ്പുകള്‍ പോരാതെ വരും എന്ന് വിനീതമായി തന്നെ ഓര്‍മ്മിപ്പിക്കട്ടെ.
വ്യക്തമായ ഗൃഹപാഠം നടത്തി വരുന്ന ബി ജെ പി യ്ക്ക് ഏതു പരിതസ്ഥിതിയിലും നാല്‍പ്പതു സീറ്റുകളെന്‍കിലും യു പി യില്‍ നിന്നും ജയിക്കുവാനാകും എന്നു വ്യക്തമാക്കുന്നതാണ് ഫുല്‍പൂരിലെ കണക്കുകള്‍. യു പി യിലെ നാല്‍പ്പത് ഒരു ചെറിയ സംഖ്യയല്ല എന്ന് മനസ്സിലാക്കണം. കാരണം 1999ല്‍ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോൾ യു പി യുടെ സംഭാവന വെറും 29 സീറ്റുകള്‍ മാത്രമാണ്. അതും ഉത്തരാഖണ്ഡ് ഒപ്പമുളള അവിഭക്ത യു പി യിലെ. അതുകൊണ്ട് തന്നെ കഴുതപ്പുലിക്കൂട്ടം ഒന്നിച്ചു ചേര്‍ന്നു സൃഷ്ടിക്കുന്ന വിശാലപ്രതിപക്ഷത്തിനു ഒരു പരിധിക്കപ്പുറമുള്ള പ്രഹരം ബി ജെ പി യ്ക്ക് ഏല്‍പ്പിക്കുവാന്‍ സാധ്യമല്ല. ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നു പറയുന്നില്ല പക്ഷേ ലിബറലുകള്‍ പറഞ്ഞുണ്ടാക്കുന്നതിന്‍റെ ഇരുപതു ശതമാനം ഇംപാക്റ്റ് പോലും സൃഷ്ടിക്കില്ല. ഒന്നു കൂടി ആഴത്തിലിറങ്ങി കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ പഠിച്ചാല്‍ അതു മനസ്സിലാകും.
യു പി യ്ക്ക് പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത് ബീഹാറിലാണ്. അരാരിയ ലോക്സഭാ മണ്ഡലം ആര്‍ ജെ ഡി യുടെ സിറ്റിംഗ് സീറ്റായിരുന്നു. മനസ്സിലാക്കേണ്ട കാര്യം 2014 ല്‍ ആഞ്ഞടിച്ച മോദി തരംഗത്തിനിടയിലും ഒന്നരലക്ഷം വോട്ടുകള്‍ക്ക് ആര്‍ ജെ ഡി യെ വിജയിപ്പിച്ച ഉരുക്കുകോട്ടയായിരുന്നു അരാരിയ. 41% മുസ്ലീം വോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലം. അങ്ങനെയുള്ള അരാരിയ മണ്ഡലത്തില്‍ 2018 ലേക്ക് വരുംബോള്‍ ആര്‍ ജെ ഡി കോണ്‍ഗ്രസ് കൂട്ടുകെട്ടിന് ലഭിച്ച ലീഡ് 61000 മാത്രം. അതേ സമയം ബി ജെ പി യുടെ സിറ്റിംഗ് സീറ്റായ ഭാബുവായില്‍ ബി ജെ പി യുടെ ലീഡ് ഏഴായിരത്തില്‍ നിന്നും പതിനയ്യായിരം ആയി ഉയര്‍ന്നു. അപ്പോള്‍ ബി ജെ പി യുടെയും ജെ ഡി യു വിന്‍റെയും ശക്തിദുര്‍ഗ്ഗങ്ങളില്‍ എന്താകും സംഭവിക്കുക എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
കണക്കുകളിലേക്ക് സൂക്ഷ്മമായി ഇറങ്ങി പരിശോധിച്ചാല്‍ മനസ്സിലാകുന്നത് കേവലം ഉപരിപ്ലവമായ തിരിച്ചടികള്‍ക്കപ്പുറം ബി ജെ പി യ്ക്ക് ഒന്നും നഷ്ടമായിട്ടില്ല എന്നാണ്. അതിനര്‍ത്ഥം ഒന്നും നഷ്ടമാകില്ല എന്നല്ല. കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും, നിസ്സാരമായി ജയിച്ചു കയറാവുന്ന ഒന്നല്ല 2019 എന്നും ബോധ്യപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. പിണങ്ങിപ്പോകുന്ന സഖ്യകക്ഷികളെ ഉറപ്പിച്ചു തന്നെ നിര്‍ത്തേണ്ടതുണ്ട്. ഓരോ വോട്ടും സുപ്രധാനമാണ്. അമിത് ഷാ യേയും നരേന്ദ്ര മോദിയേയും യോഗിയേയും ഒന്നും അത് ആരും ബോധ്യപ്പെടുത്തേണ്ടതില്ല. ഗോരഖ് നാഥ് പീഠം ഉള്‍ക്കൊള്ളുന്ന ബൂത്തിലുള്‍പ്പെടെ ബി ജെ പി പുറകില്‍ പോയെങ്കിൽ അത് കാണിക്കുന്നത് ഗോരഖ് നാഥ് പീഠത്തിനുള്ളിലെ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് വരാതിരുന്നതിലുള്ള പ്രതിഷേധമാണ്. ഒരിക്കലും തോല്‍ക്കാന്‍ പാടില്ലാത്ത മത്സരമാണ് 2019 ലേത്. ഈഗോകളും പരസ്പര വൈരങ്ങളും എല്ലാം ഒരു വര്‍ഷത്തേക്ക് മാറ്റി വെക്കേണ്ടതുണ്ട്. പിണങ്ങിപ്പോകുന്ന സഖ്യകക്ഷികളെ കഴിവതും ഉറപ്പിച്ചു നിര്‍ത്തണം. എന്തു കൊണ്ട് അണികള്‍ അലസത കാണിച്ചു എന്നും മനസ്സിലാക്കണം. സുശക്തമായ നേതൃത്വം തന്നെയാണ് ബി ജെ പി യുടേത്. ആരും മോഹിച്ചു പോകുന്ന നേതൃത്വം. സ്വാഭാവിക സഖ്യകക്ഷികളായ ശിവസേനയെ പോലുള്ളവര്‍ ഒപ്പം നിന്നാല്‍ തന്നെ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ നാല്‍പ്പതു സീറ്റോളം എന്‍ ഡി എ യ്ക്ക് നേടാവുന്നതേയുള്ളൂ. അത് സംഭവിക്കും എന്നതിനു സംശയവും വേണ്ട. അതു കൊണ്ട് തന്നെ കഴുതപ്പുലി കൂട്ടത്തിന്‍റെ ഈ സന്തോഷം ഹ്രസ്വം മാത്രമല്ല കൂട്ടത്തിലുള്ള ചില സഖ്യകക്ഷികളുടെ അകാലമരണത്തിനും ഇടവെയ്ക്കുകയും ചെയ്യും. ഇടതുമുന്നണിയില്‍ സി പി ഐ എന്ന കക്ഷി മൃതപ്രായമായതു പോലെ.
By യുവരാജ് ഗോകുൽ