രത്തൻ ശാർദ
ഹിന്ദു ധർമ്മത്തിന്റെ കാതൽ എന്തെന്നറിയാത്തവർ (അല്ലെങ്കിൽ അറിഞ്ഞു കൊണ്ട്, അത് അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കാൻ സാമർഥ്യം ഉള്ളവർ) ആണ്, ശബരിമലയിലേതു സ്ത്രീ വിവേചന പ്രശ്നം ആണെന്നും, പുതുകാല നവോത്ഥാന കാറ്റ് അവിടെ വീശിയെ മതിയാകൂ എന്നും ശഠിക്കുന്നത്.
മുപ്പത്തി മുക്കോടി ദൈവങ്ങളെയും, അതും അവരിൽ ഓരോരുത്തരെയും തനിക്കു വേണ്ടും പടി ആരാധിക്കാൻ സ്വാതന്ത്ര്യം തരുന്ന ഹിന്ദുമതത്തെയാണോ ഉദ്ധരിക്കാൻ ചിലരൊക്കെ ഇപ്പോൾ ഇറങ്ങുന്നത്? സ്വയം പരിഹാസ്യരാവാൻ ഇതിൽ പരം എന്ത് വേണം?
പാശ്ചാത്യ കണ്ണിലൂടെ – ഏക ദൈവം, ഒന്നുകിൽ അവനിൽ വിശ്വസിക്കൂ അല്ലെങ്കിൽ നരകത്തിൽ പോകാൻ തയ്യാറാവൂ, എന്ന വിശ്വാസ പ്രമാണത്തിലേയ്ക്ക് ചുരുങ്ങുന്നതു കൊണ്ടാണ്, uniformity എന്ന ആശയം ഇവിടേക്ക് കൊണ്ടുവരാൻ നോക്കുന്നത്. മനുഷ്യസാധ്യമായ എല്ലാ ഭാവങ്ങൾക്കും, ഭാവനകൾക്കും, സങ്ക ല്പങ്ങൾക്കും, തത്ജന്യമായ ആരാധന ബോധത്തിനും ഉതകുന്ന ഓരോരോ ദേവതാ സങ്കല്പങ്ങൾ ഹിന്ദുധർമ്മത്തിലുണ്ട്; ആരെയും, ഏതു സമ്പ്രദായത്തിൽ വേണമെങ്കിലും വ്യക്തിഗതമായി ആരാധിക്കാം. ഇനി അഥവാ ഇല്ലെങ്കിൽ നിങ്ങളുടേതായ ഒന്ന് നിർവചിക്കാനും ആരാധിക്കാനും ഉള്ള സ്വാതന്ത്ര്യവും ഹിന്ദു മതത്തിലുണ്ട് . അവിടെ ഒരു പ്രത്യേക ദേവതാ സങ്കല്പത്തെ, താൻ നിർവചിച്ച ചട്ടകൂടിൽ ഒതുക്കണം എന്നും അത് ലക്ഷക്കണക്കായ വിശ്വാസി സമൂഹം അനുസരിക്കണം എന്നും ആരെങ്കിലും ശഠിക്കുന്നത് ശരിയാണോ?. വിചിത്രമായ മറ്റൊരു കാര്യം, വേറെ ഒരു ദൈവത്തെയും വിശ്വസിക്കരുത് എന്ന് കരുതുന്നവരെ സംബന്ധിച്ച്, അയ്യപ്പൻ എന്നൊരാൾ നിലനിൽക്കുന്നു പോലുമില്ല. അതാണവരുടെ സങ്കല്പം. മറ്റൊന്ന്, അത്തരക്കാർ അയ്യപ്പ സ്വാമിയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഷ്ടാനിഷ്ടങ്ങളും, അതിലെ ശെരിതെറ്റുകളും വിലയിരുത്താനും അവിടെ ‘പുരോഗമനം’ ഉണ്ടെന്ന് വരുത്തിത്തീർക്കാനും മുതിരുന്നു എന്നതാണ്. നിലനില്പില്ലാത്ത ഒന്നിനെ കുറിച്ച് ഒരാൾ എന്തിനു വേവലാതിപ്പെടണം?
മുത്തലാഖ്, മുസ്ലിം മത പ്രകാരം അനുവദനീയം ആണ്, അല്ലെങ്കിൽ അങ്ങനെ വാദിക്കപ്പെടുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ ആകട്ടെ ഒരു വനിതാ പോപ്പോ ബിഷപ്പോ ഉണ്ടാവുക എന്നത് സമീപ ഭാവിയിൽ തീർത്തും അസാധ്യം ആണ്; ആ മതത്തിന്റെ ചട്ടക്കൂട് അതിനനുവദിക്കുന്നില്ല. എന്നാൽ ഹിന്ദു മതത്തിൽ അങ്ങനെ ഒരു വിഭാഗീയത നിലനിൽക്കുന്നില്ല; അനന്ത സാഗര സമമായ ഗ്രന്ഥവീചികളിൽ ഒന്നിലും, അല്ലെങ്കിൽ ഒരു ആചാര്യനാലും സ്ത്രീകളെ താണ നിലയിൽ കണക്കാക്കപെട്ടിട്ടില്ല. അഥവാ കാലക്രമത്തിൽ അപചയങ്ങൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഹിന്ദു സമൂഹത്തിനുള്ളിൽ നിന്നുതന്നെ അവയൊക്കെ വേണ്ടവിധത്തിൽ തിരുത്തപ്പെട്ടിട്ടുമുണ്ട്. അത്തരമൊരു ശക്തി ഹിന്ദുവിനുണ്ട്; ഇനിയും അത് തുടരുകയും ചെയ്യും. ശബരിമലയിൽ പ്രതിഷ്‌ഠയുടെ പ്രത്യേകതകളാൽ യുവതികളെ കയറ്റുന്നില്ല; ചില ക്ഷേത്രങ്ങളിൽ പുരുഷന്മാർ അനുവദനീയം അല്ല എന്ന പോലെ. അല്ലാതെ അത് ഹിന്ദുമതത്തിൽ മൊത്തത്തിൽ നിലനിൽക്കുന്ന ഏതെങ്കിലും അനാചരത്തിന്റെ പ്രതിഫലനം അല്ലതന്നെ. അതുകൊണ്ട് തന്നെ മുത്തലാഖ് വിഷയത്തിൽ ഇടപെട്ടത് പോലെ ഇവിടെയും ആകാം എന്ന് പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല. പ്രാദേശികമായ ഈ ഒരു ആചാര വിശേഷത്തെ മാത്രം ഉദാഹരിച്ചു ഹിന്ദുവിനെ ഉദ്ധരിക്കണം എന്ന് പറയുന്നവരുടെ ലക്‌ഷ്യം മറ്റെന്തൊക്കെയോ ആണ്.
കോടതി വിധി നടപ്പാക്കാൻ വേണ്ടിയാണ് ഈ നാടകങ്ങൾ എല്ലാം എന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം പറയുന്നു, എന്നാൽ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ സംബന്ധിച്ച് വന്ന കോടതി വിധികളിൽ ഒന്നുപോലും ഇതേ സർക്കാർ നടപ്പാക്കിയിട്ടുമില്ല. എന്തിന് സാധാരണക്കാരായ ജനങ്ങളുടെ നിത്യവൃത്തിയുമായി ബന്ധപ്പെട്ട ഉത്തരവുകൾ പോലും നടപ്പിലാക്കാതെയുണ്ടല്ലോ. അനാവശ്യമായി പ്രകോപിപ്പിക്കുകയും ഒരു തുറന്ന യുദ്ധത്തിന് വിശ്വാസി സമൂഹത്തെ വെല്ലു വിളിക്കുകയുമാണ് സർക്കാർ തുടക്കം മുതൽ ചെയ്തു കൊണ്ടിരിക്കുന്നത്. 1400 ൽ അധികം പേർക്കെതിരെ നാമം ജപിച്ചതിനു കേസ് ചാർജ് ചെയ്യുക, അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങി പരിഷ്‌കൃത ലോകത്തിൽ കേട്ടിട്ടില്ലാത്ത ദുര്ഭരണ മുറകൾ ആണ് കേരള സർക്കാർ ധിക്കാരത്തോടെ ചെയ്തത്. വേഷം മാറ്റി യുവതികളെ രാത്രിയുടെ മറവിൽ ക്ഷേത്രത്തിലെത്തിക്കുക, എന്നിട്ട് അതിന്റെ വിജയം ആഘോഷിക്കുക …… ഇത്തരത്തിലുള്ള അതീവ നിന്ദ്യവും വില കുറഞ്ഞതുമായ കുതന്ത്രങ്ങൾ ഒരു ഭരണാധികാരി സ്വന്തം നാട്ടുകാരോട് പ്രയോഗിക്കാവുന്നതാണോ?.
ജാതി പറഞ്ഞു ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ, അക്രമം അഴിച്ചു വിട്ട് ഭക്തന്മാരുടെ ജീവനെടുക്കാനുള്ള നീക്കങ്ങൾ ……… ഇങ്ങനെ നീളുന്നു കേരള സർക്കാരിന്റെ അതിരു വിട്ട, ആർക്കോ വേണ്ടിയുള്ള, ഹിന്ദു പീഡനം. ഇതൊക്കെ എന്തിന് വേണ്ടി, ആർക്ക് വേണ്ടി എന്നത് വ്യക്തമല്ലതാനും. എന്നാൽ ഭാരതത്തെ വെട്ടി മുറിക്കാൻ നടക്കുന്നവർക്ക് ഇതിൽ പങ്കു കാണും എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കാശ്മീരിലെന്ന പോലെ, ഹിന്ദുവിനെ തളർത്തിയാൽ അവർക്ക് മേലുള്ള നിയന്ത്രണവും ശിഥിലീകരണ ശ്രമങ്ങളും എളുപ്പമാകും എന്ന് അറിയുന്നവരുടെ കുല്സിത ചെയ്തികളാണിത്.
എന്നാൽ നൂറ്റാണ്ടുകളോളം, ഇതിലും വലിയ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച ഹിന്ദു സമൂഹം ഇതിനെയും അതിജീവിക്കും എന്നെനിക്കു ഉറപ്പുണ്ട്. സ്വധർമ സംസ്ഥാപനത്തിന് വേണ്ടെത് എന്താണ് എന്ന് ഹിന്ദുവിന് നന്നായി അറിയാം, അത് അവർ വേണ്ടത് പോലെ ചെയ്യുകയും ചെയ്യും.
വിവർത്തനം: രാധിക