കേരള ബിജെപി വക്താവ് സന്ദീപ് വാര്യരുമായി ഇൻകോശി നടത്തിയ ട്വിറ്റർ അഭിമുഖത്തിന്റെ പൂർണ്ണ രൂപം

1

ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവതലമുറയയ്ക്കിടയിൽ ശ്രദ്ധേയനായ കേരള ബിജെപി വക്താവ് സന്ദീപ് വാര്യരുമായി ഇൻകോശി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം

ചോദ്യം:തുടക്കത്തിൽ ഇടതുപക്ഷ അനുഭാവം ഉണ്ടായിരുന്നെന്നും പിന്നീട് ബിജെപിയിലേക്ക് മാറുകയായിരുന്നു എന്നും ഒരു അഭിമുഖത്തിൽ താങ്കൾ പറഞ്ഞ് കേട്ടിരുന്നു. എന്തായിരുന്നു മാറ്റത്തിന് കാരണം?

അന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന് ഒരു രാഷ്ട്രീയ ബദൽ ബിജെപി മാത്രമാണെന്ന് ബോധ്യം വന്നു. അടൽ ബിഹാരി വാജ്പേയി എന്ന രാഷ്ട്രീയ നേതാവിനോടുള്ള ആരാധന. അദ്ദേഹത്തിന്റെ കവിത തുളുമ്പുന്ന പ്രസംഗം. ഇതെല്ലാം എന്നെ ബിജെപിയിലേക്ക് ആകർഷിച്ചു.

ചോദ്യം: ഇപ്പോഴും പഴയ പോലെ തന്നെ ആൾക്കാരെ/ കോളേജ് വിദ്യാർത്ഥികളെ ബിജെപിയിലേക്ക് ആകർഷിക്കാൻ പാർട്ടിക്ക് സാധിക്കുന്നുണ്ടോ?

രാഷ്ട്രീയത്തിൽ പൊതുവേ യുവതലമുറയ്ക്ക് ഇപ്പോൾ താൽപര്യം കുറഞ്ഞു വരികയാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശൈലിയിൽ തന്നെ മാറ്റം വരുന്നു. പുതിയ തലമുറയുടെ aspirations മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് മാത്രമേ ഇനി വരുന്ന കാലത്ത് സാധ്യതയുള്ളൂ. ബിജെപി തീർച്ചയായും യുവതലമുറയെ മനസ്സിലാക്കുകയും അവരുടെ ആശയ അഭിലാഷങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയാണ്. യോഗി ആദിത്യനാഥ് മുതൽ തേജസ്വി സൂര്യ വരെയുള്ള ചെറുപ്പക്കാരായ നേതാക്കളെ വളർത്തിയെടുക്കാൻ ബിജെപി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. യുവതലമുറ വിശ്വസിക്കുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടി ബിജെപിയാണ്, യുവതലമുറ വിശ്വാസമർപ്പിക്കുന്ന നേതാവ് നരേന്ദ്ര മോദിയും. രാജ്യത്തിൻറെ സുരക്ഷ മുതൽ വ്യാവസായിക വികസനം വരെയുള്ള യുവതലമുറയുടെ ആവശ്യങ്ങൾ ബിജെപിക്ക് മാത്രമേ സാക്ഷാത്കരിക്കാനാവൂ.

ചോദ്യം കേരളത്തിലെ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ബിജെപി വക്താക്കളോട്‌ പൊതുവേ ഒരു ശത്രുത പോലെയാണ്. സംസാരിക്കാൻ സമ്മതിക്കാറില്ല. ഈ ചിറ്റമ്മ നയത്തെ ചെറുക്കാൻ എന്താണ് പാർട്ടിയുടെ നയം?

അതിന് പ്രത്യേകിച്ച് നയം ഒന്നുമില്ല. അവിടെ പോകുന്നത് സ്വന്തം പാർട്ടിയുടെ നയം, അഭിപ്രായം പ്രകടിപ്പിക്കാനാണ്. എന്തുതന്നെയായാലും അതിൽ വിട്ടുവീഴ്ചയില്ല. നരേന്ദ്രമോദിയെ 12വർഷം വേട്ടയാടിയ മാധ്യമങ്ങൾക്ക് മുൻപിൽ അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. അതാണ് കേരളത്തിലെ ബിജെപി മാതൃകയാക്കേണ്ടത്.

ചോദ്യം: കേരളത്തിൽ BJP പ്രതിനിധികൾ ചർച്ചയിൽ മുസ്ലീം വിഭാഗത്തിലെ ചില സത്യങ്ങൾ പറഞ്ഞാൽ ഉടനെ വർഗീയ രാഷ്ട്രീയം എന്ന പോയിന്റിൽ കുരുക്കാൻ ശ്രമിക്കാറുണ്ട്.ഒരിക്കൽ താങ്കൾ തന്നെ പി ജി സുരേഷിനോട് പറഞ്ഞിട്ടുണ്ട് ഞാൻ അപ്പോളജെറ്റിക് അല്ല എന്ന്.ഇത്തരം ശ്രമങ്ങളെ എങ്ങനെ ആണ് BJP നേരിടാൻ ഉദ്ദേശിക്കുന്നത്?

ബിജെപിയെ ഒരു വർഗീയ പാർട്ടിയായി താറടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ചിലർ നടത്തുന്നു. എന്നാലത് സത്യം തുറന്നു പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ പോകുന്നില്ല. വർഗീയത എന്ന ലേബൽ കുത്തിയാൽ വായടഞ്ഞു പോകും എന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ഇത്തരം പരാമർശങ്ങളിൽ അപ്പോളജെറ്റിക് അല്ല എന്നുള്ളത്.

ചോദ്യം:5. കേന്ദ്ര പദ്ധതികൾ പലതും ജനങ്ങൾക്കും പാർട്ടിയുടെ താഴെത്തട്ടിൽ ഉള്ളവർക്കും അറിയില്ല.സംസ്ഥാന സർക്കാർ പേര് മാറ്റി നടപ്പിലാക്കുന്നത് കൊണ്ടോ അങ്ങനെ ഒരു ബോധവൽക്കരണം ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്ക് സാധിക്കാത്തത് കൊണ്ടോ അർഹരായ പലർക്കും അവസരങ്ങൾ നഷ്ടപ്പെടുന്നു.ഇതിനെ എങ്ങനെ കാണുന്നു?

കേന്ദ്രപദ്ധതികൾ താഴെത്തട്ടിൽ അറിയുന്നില്ല എന്ന പരാമർശം പൂർണമായും ശരിയല്ല. പിഎം കിസാൻ സമ്മാൻ യോജനയും ഉജ്ജ്വല ഗ്യാസ് വിതരണവും ജൻധൻ അക്കൗണ്ടും അടക്കം കേന്ദ്രപദ്ധതികൾ കേരളത്തിലും വലിയ തോതിൽ ജനങ്ങൾക്കിടയിൽ എത്തിയിട്ടുണ്ട്. അതേസമയം പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകേണ്ടതുണ്ട്.കേന്ദ്ര പദ്ധതികളുടെ പ്രചരണത്തിന് ബിജെപിയുടെ വിവിധ ഘടകങ്ങൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആരോഗ്യ സേതു ആപ്പിന്റെ പ്രചരണത്തിനായി ഞാൻ ഫേസ്ബുക്കിൽ ഒരു മാരത്തോൺ ലൈവ് ചെയ്തിരുന്നു. ആയിരക്കണക്കിന് പേരാണ് ആ ഒരൊറ്റ ലൈവ് കണ്ടതിനുശേഷം ആരോഗ്യ സേതു ഡൗൺലോഡ് ചെയ്തത്.

ചോദ്യം: ഈയടുത്ത് നടന്ന ഗുരുവായൂർ പ്രശ്നം അടക്കം പല അമ്പലങ്ങളുടെ കാര്യത്തിലും ദേവസ്വം ബോർഡിനെതിരെ ബിജെപി ശബ്ദം ഉയർത്തിയിട്ടുണ്ട്. അമ്പലങ്ങളെ സർക്കാരിന്റെ പരിധിയിൽ നിന്നും വിമുക്തരാക്കണം എന്ന വിഷയം പാർട്ടി അധികം ചർച്ച ചെയ്തു കണ്ടിട്ടില്ല. എന്താണ് കാരണം?

ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഇത്തരം വിഷയങ്ങളിൽ എല്ലാം ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഹിന്ദു സംഘടനകൾ ഇക്കാര്യത്തിൽ നടത്തുന്ന ഇടപെടലുകൾക്ക് പരിപൂർണ്ണമായ പിന്തുണയും നൽകിയിട്ടുണ്ട്.

ചോദ്യം: ചർച്ചകളിൽ കൃത്യം കണക്കുകളും തെളിവുകളും നിരത്തി സംസാരിക്കുന്ന പല പ്രതിനിധികളെയും കുറച്ച് നാൾ കഴിഞ്ഞാൽ ചാനലുകളിൽ കാണാറില്ല. എന്താണ് ഇതിനു കാരണം?

ചർച്ചകളിലെ ലെ വിമർശനവും പ്രതികരണവും എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ ആണ് എടുക്കേണ്ടത്. രാഷ്ട്രീയക്കാരെല്ലാം അങ്ങനെയാണ്. ദൗർഭാഗ്യവശാൽ പ്രൊഫഷണലുകൾ എന്ന് നമ്മൾ കരുതുന്ന ചില മാധ്യമ പ്രവർത്തകർ വല്ലാത്ത ഈഗോയിസ്റ്റുകൾ ആണ്. അതായിരിക്കണം ചിലരെ ഇനി വിളിക്കേണ്ട എന്ന തീരുമാനത്തിന് പിറകിൽ.

ചോദ്യം:കേരള ബിജെപി IT cell പൊതുവെ നിർജീവമാണ് എന്നാണ് സംസാരം. ഇക്കാലത്ത് ആശയങ്ങൾ ആൾക്കാരിൽ എത്തിക്കാൻ സോഷ്യൽ മീഡിയ വളരെ പ്രധാനമല്ലെ? ഈ ഒരു വിഷയം പാർട്ടിയിൽ ചർച്ച ആയിട്ടുണ്ടോ?

ഐടി സെൽ നിർജീവമാണ് എന്ന പരാമർശം ശരിയല്ല. കൂടുതൽ സജീവമാക്കണം എന്നാണെങ്കിൽ തീർച്ചയായും അതു തന്നെയാണ് വേണ്ടത്. ഇക്കാര്യം തീർച്ചയായും സംസ്ഥാന അധ്യക്ഷന്റെ ശ്രദ്ധയിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമുണ്ട്. നിങ്ങളുടെ വികാരം തീർച്ചയായും ഉൾക്കൊള്ളുന്നു.

ചോദ്യം:”സബ്കാ സാഥ് സബ്കാ വികാസ്” എന്നതാണ് ബിജെപിയുടെ നയം. പക്ഷേ കേരളത്തിൽ ബിജെപിയുടെ വർഗീയ വാദി പട്ടം വിട്ട് മാറുന്നില്ല. ഇത് മാറ്റി എടുക്കാൻ പാർട്ടി എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?

ബിജെപി മുഴുവൻ ഭാരതീയരുടെയും രാഷ്ട്രീയ പ്രസ്ഥാനമാണ്. മതന്യൂനപക്ഷങ്ങൾ അസ്പൃശ്യത കൈവെടിഞ്ഞ് ബിജെപിയിൽ അണിചേരാൻ തയ്യാറാകുന്നുണ്ട്. ഗോവയിലും വടക്കു കിഴക്കേ ഇന്ത്യയിലും ക്രൈസ്തവ സമുദായം വലിയ തോതിൽ ഇപ്പോൾ ബിജെപിക്കൊപ്പമാണ് .കേരളത്തിലും ന്യൂനപക്ഷങ്ങൾക്കിടയിൽ വിശിഷ്യ ക്രൈസ്തവ സഭകൾക്കിടയിൽ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നവർ വർദ്ധിച്ചുവരികയാണ്. ഗോവയിൽ സംഭവിച്ചതുപോലെ ബിജെപിക്ക് അനുകൂലമായി ന്യൂനപക്ഷങ്ങൾ ചിന്തിക്കുന്ന കാലം കേരളത്തിലും വരും. എത്ര ആക്ഷേപം കേട്ടാലും അതിനായി പ്രവർത്തിക്കും.

അവസാനത്തെ ചോദ്യം:

ചോദ്യം: ലോകത്തിന് തന്നെ പ്രിയങ്കരനായ മോദി എന്ന നേതാവ്,എന്തിനും കൂടെ നിൽക്കുന്ന അണികൾ,കേരളത്തിൽ പുതിയ നേതൃത്വം.. ഇനി വരും ഇലക്ഷനുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കേരള ബിജെപി ഏത് മേഖലയിലാണ്(കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുക, ധനകാര്യം etc) ആദ്യം പ്രവർത്തിച്ച് തുടങ്ങുക?

സർക്കാരും പാർട്ടിയും വ്യത്യസ്തമാണ്. കേന്ദ്ര പദ്ധതികൾ പാർട്ടി മുഖേനയല്ല നടപ്പാക്കുന്നത്. ബിജെപി രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുകയും പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യും. ആവശ്യമെങ്കിൽ പ്രക്ഷോഭവും സംഘടിപ്പിക്കും.അതോടൊപ്പം കേന്ദ്രത്തിലെ ബിജെപി സർക്കാർ നടപ്പാക്കുന്ന മുഴുവൻ പദ്ധതികളുടെയും ഗുണം കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കാൻ വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമം നടത്തുകയും ചെയ്യും. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിക്കും.

ഇങ്ങനെയൊരു സംവാദത്തിൽ പങ്കെടുത്തതിന് വളരെ നന്ദി.നിങ്ങളെ പോലെയുള്ള നേതാക്കളുടെ നിലപാടുകളും ഓരോരുത്തർക്കും പ്രചോദനം ആണ്.

1 COMMENT

 1. കേന്ദ്ര പദ്ധതികൾ എന്നാൽ കിസാൻ സമ്മാൻ പദ്ധതിയും ഉജ്ജ്വൽ യോജനയും മാത്രമല്ല.
  നാഷണൽ റൂർബൻ മിഷൻ, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, തൊഴിലുറപ്പ് പദ്ധതി തുടങ്ങി നിരവധി പദ്ധതികളുടെ ഫണ്ട് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് ജില്ലകൾക്ക് സമയത്തിന് വിതരണം ചെയ്യാതെ സംസ്ഥാനം വെച്ച് താമസിപ്പിച്ച് ഇവയുടെ ഗുണഫലങ്ങൾ ജനങ്ങൾക്ക് നിഷേധിക്കുന്നത് പതിവാണ്. ഇവയുടെ സംസ്ഥാന വിഹിതം കൊടുക്കാൻ കാശില്ലാത്തത് മറച്ചു വെക്കാനാണ് ഫണ്ട് റിലീസ് നടത്താതിരിക്കുന്നത്.
  PMAY പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സംസ്ഥാനം പൂർത്തീകരിക്കാത്തതിനാൽ തുടർച്ചയായ മൂന്നാം വർഷമാണ് കേന്ദ്രഫണ്ട് നഷ്ടമാകുന്നത്. കേരളത്തിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ഒരു വീട് വെക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
  കേന്ദ്രനിബന്ധനകൾ പ്രകാരം കണക്ക് കൊടുക്കാത്തത് കൊണ്ട് പല പദ്ധതികളുടെയും തുടർന്നുള്ള ഫണ്ടുകൾ നഷ്ടമാവുകയും ; സംസ്ഥാനത്തിന്റെ വീഴ്ച വിദഗ്ദമായി മറച്ചു വെച്ച് കേന്ദ്രത്തിന്റെ പകപോക്കലാണെന്ന് സർക്കാർ വിജയകരമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
  നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളൊന്നും ഒരു കാലത്തും BJP യുടെ ശ്രദ്ധയിൽ പെടാറില്ല. ഏതെല്ലാം കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടക്കുന്നു, അതിനെല്ലാം ഫണ്ട് കിട്ടുന്നുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ട് എന്നൊക്കെ പരിശോധിക്കുന്നതിലും ജനശ്രദ്ധയിൽ ക്കൊണ്ടുവരുന്നതിലും നേതാക്കൾ തികഞ്ഞപരാജയമാണ്.
  നേതൃത്വം മാറിയാലും കേരള BJP യുടെ പാരമ്പര്യത്തിൽ നിന്ന് ഒരിഞ്ചു പോലും മാറി സഞ്ചരിക്കില്ല.
  ഈ അഭിമുഖം ഈ വസ്തുത ഉറപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here