ബൂത്ത് പിടുത്തവും പാർട്ടി ഗുണ്ടകളുടെ അക്രമങ്ങളും ബംഗാൾ തിരഞ്ഞെടുപ്പിൽ ഒരു പുതുമയല്ല. മുപ്പത്തഞ്ച് വർഷത്തോളം ഇടതുപക്ഷം ഭരിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. എന്നാൽ ഇക്കൊല്ലം മമതാ ബാനർജിയുടെ ഭരണത്തിൽ നടന്ന അക്രമ പരമ്പരകൾ മുൻ ഇടതുപക്ഷ സർക്കാരുകളെ പോലും ലജ്ജിപ്പിക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മമതാ സർക്കാർ ജനാധിപത്യത്തെ ക്രൂരമായി കശാപ്പ് ചെയ്യുമ്പോളും, ദേശീയ സംസ്ഥാന മാധ്യമങ്ങളുടെ ചർച്ച കേവലം കർണ്ണാടക ഇലക്ഷനെ കേന്ദ്രീകരിച്ചു മാത്രമായിരുന്നു. ഉത്തരേന്ത്യയിൽ ഏതെങ്കിലും പശുമോഷ്ടാവിനെ പോലീസ് പിടിച്ചാൽ പോലും അന്തിചർച്ച സംഘടിപ്പിക്കുന്ന മലയാള മാധ്യമങ്ങളും ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ വെറും സ്ക്രോളിങ് ന്യൂസിൽ ഒതുക്കി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സ് ഇലക്ഷന് മുമ്പേ പ്ലാൻ ചെയ്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒറ്റ ദിവസം നടത്തണം എന്ന് മമതാ ബാനർജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദ്ദം ചെലുത്തിയത് അതിന്റെ മുന്നോടിയായിരുന്നു. തിരഞ്ഞെടുപ്പ് അക്രമങ്ങൾ പതിവായ ബംഗാളിൽ ഇതിന് മുമ്പ് പല ഘട്ടങ്ങളിലായാണ് വോട്ടറെടുപ്പ് നടത്താറുള്ളത്. കേന്ദ്ര സുരക്ഷാ സേനയെ പ്രശ്‌നബാധിത ബൂത്തുകളിൽ വിന്യസിക്കാനും, തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഉപയോഗിച്ച് ഗവണ്മെന്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ഘട്ടം ഘട്ടമായുള്ള വോട്ടെടുപ്പ് കൊണ്ട് ഒരു പരിധിവരെ സാധിച്ചിരുന്നു. 2013ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയത് അഞ്ച് ഘട്ടങ്ങളായാണ്.
എന്നാൽ മമതാ ബാനർജിയുടെ സമ്മർദ്ദത്തിൽ വഴങ്ങി ഇത്തവണ ഒറ്റ ദിവസം വോട്ടെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. പക്ഷേ, പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതിൽ തുടക്കം മുതലേ തിരഞ്ഞെടുപ്പ് കമ്മീഷൻ ദയനീയമായി പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം സമർപ്പിക്കുന്നതിൽ നിന്ന് പോലും പ്രതിപക്ഷ പാർട്ടിയിലെ സ്ഥാനാർത്ഥികൾ തടയപ്പെട്ടു! തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുന്ന മമതാ സർക്കാരിനെ തടയാൻ കഴിയാത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കൽക്കത്ത ഹൈക്കോടതി പരസ്യമായി ശാസിക്കുന്ന അപൂർവ സംഭവവും ഇത്തവണ ഉണ്ടായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന ജീവഹാനിക്കും നാശ നഷ്ടങ്ങൾക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് കോടതി കൽപ്പിച്ചു. നാശനഷ്ടങ്ങൾക്ക് ഈടാക്കേണ്ട തുക മേൽപറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നുള്ള കോടതി ഉത്തരവിൽ നിന്നും എത്രമാത്രം കെടുകാര്യസ്ഥതയോടെയാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം.
ഇത്രെയെല്ലാം മുൻകരുതലുകൾ കോടതി എടുത്തിട്ടും ചരിത്രത്തിലാദ്യമായി മൂന്നിലൊന്ന് സീറ്റുകളിൽ നാമനിർദ്ദേശം ചെയ്യാൻ പോലും കഴിയാതെ പ്രതിപക്ഷ സ്ഥാനാർത്ഥികൾ ഭയന്ന് പിന്മാറി. പ്രതിപക്ഷ പാർട്ടിയുടെ കുടുംബാംഗങ്ങളെ പോലും ഭയപ്പെടുത്തിയാണ് മമത സർക്കാർ ഈ ‘റെക്കോഡ് നേട്ടം’ കൈവരിച്ചത്. പക്ഷേ, 34% സീറ്റുകളിൽ എതിരില്ലാതെ ജയിച്ചു കയറാം എന്ന മമതയുടെ മോഹത്തിന് തത്കാലം സുപ്രീം കോടതി തടയിട്ടു. എതിർസ്ഥാനാർത്ഥികളെ മത്സരിക്കാനനുവദിക്കാതെ ഏകപക്ഷീയമായി ജയിക്കാൻ ശ്രമിച്ച ആ 34% സീറ്റുകളിലെ ഫലപ്രഖ്യാപനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ സുപ്രീം കോടതി തടഞ്ഞു.
ഇത്തരത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ മമതാ സർക്കാർ ജനാധിപത്യത്തിന്റെ കൂട്ടക്കുരുതി നടത്തുമ്പോഴും, അരഡസൻ വാർത്താ ചാനലുകളുള്ള മലയാളത്തിൽ എത്ര അന്തിചർച്ചകൾ ഈ വിഷയത്തിൽ നാം കണ്ടു? എത്ര ഫേസ്‌ബുക്ക് സെലിബ്രിറ്റികളുടെ നെടുനീളൻ പോസ്റ്റുകൾ നാം വായിച്ചു? തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ സ്ഥാനാർത്ഥിയുടെ ബന്ധുവിനെ പോലും മമതയുടെ ഗുണ്ടകൾ ബലാത്സംഗം ചെയ്തു! എത്ര ഫെമിനിസ്റ്റുകൾ അതിൽ പ്രതികരിച്ചു നാം കണ്ടു? ഒരു ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു ഇതുപോലുള്ള അക്രമങ്ങൾ നടന്നതെങ്കിൽ ഇതാവുമായിരുന്നോ ഇവരുടെയൊക്കെ സമീപനം?
തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അനുകൂല വിധി നേടാനുള്ള മമതയുടെ മാസ്റ്റർ പ്ലാൻ ആയിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത ഏകദിന വോട്ടെടുപ്പ്. ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ സുരക്ഷാ സൈനികരുടെ അഭാവത്തിൽ 27 പേർ വിവിധ ആക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടു! മമതയുടെ ഗുണ്ടകൾ ബാലറ്റുപെട്ടികൾ കൈക്കലാക്കി കുളത്തിലെറിഞ്ഞു, ബാലറ്റ് പേപ്പറുകൾ കീറി നശിപ്പിച്ചു, എതിർ സ്ഥാനാർഥിയെയും ബൂത്ത് ഏജന്റുമാരെയും മർദ്ദിച്ചവശരാക്കി. തൃണമൂൽ കോൺഗ്രസ്സിന് വിജയസാധ്യതയില്ലാതെ ബൂത്തുകൾ കൈയ്യേറി വോട്ടർമാരെ തല്ലിയോടിച്ചു, പരസ്യമായി ബാലറ്റ് പേപ്പർ കൈക്കലാക്കി തൃണമൂൽ സ്ഥാനാർത്ഥിക്ക് വോട്ട് കുത്തി. (ബാലറ്റ് പേപ്പറിന്റെ ഈ സാധ്യതകൾ കൂടി കണ്ടിട്ടാവും മമതാ ബാനർജി ഇലക്ട്രോണിക് വോട്ടിംഗ് മിഷീനെതിരെ ശക്തമായി വാദിക്കുന്നത്)
ബൂത്ത് പിടുത്തയും അക്രമവുമായി മമതയുടെ ഗുണ്ടകൾ അഴിഞ്ഞാടിയപ്പോൾ സംരക്ഷണം കൊടുക്കേണ്ട സംസ്ഥാന പോലീസ് പ്രവർത്തിച്ചത് തൃണമൂൽ കോൺഗ്രസ്സിന്റെ പാർട്ടി ഓഫിസ് പോലെയാണ്. കേരളാ പോലീസിനെ ചുവപ്പണിയിക്കാൻ പിണറായി വിജയനും സഖാക്കളും കൊണ്ട് പിടിച്ചു ശ്രമിക്കുമ്പോൾ ബംഗാൾ പോലീസിനെ പച്ചയണിയിക്കുന്നതിൽ മമതാ ബാനർജി കൈവരിച്ച നേട്ടം അസൂയാവഹമാണ്. മമതയുടെ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനത്തുടനീളം പോലീസ് സ്വീകരിച്ചത്. ഇങ്ങനെ തന്റെ കീഴിലുള്ള എല്ലാ ഗവണ്മെന്റ് സംവിധാനങ്ങളെയും ദുരുപയോഗിച്ച് ജനാധിപത്യത്തെ മമതാ ബാനർജി കശാപ്പ് ചെയ്യുമ്പോഴും നമ്മുടെ ദേശീയ സംസ്ഥാന ചാനലുകൾ കർണ്ണാടക എക്സിറ്റ് പോളും മറ്റും അവലോകനം ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു.
പോളിങ് ഉദ്യോഗസ്ഥനെ വധിച്ച ദൗർഭാഗ്യകരമായ സംഭവവും ഈ വർഷത്തെ ബംഗാൾ തിരഞ്ഞെടുപ്പിൽ ഉണ്ടായി. രാജ്‌കുമാർ റോയി എന്ന സ്‌കൂൾ അധ്യാപകനാണ് മമതാ ബാനർജിയുടെ ഗുണ്ടകളാൽ കൊല്ലപ്പെട്ടത്. പോളിങ് ബൂത്ത് കൈയ്യേറാനുള്ള ശ്രമത്തെ തടഞ്ഞ ഉദ്യോഗസ്ഥനെ ബൂത്തിൽ നിന്ന് തട്ടിക്കൊണ്ട് പോയി ശരീരം വെട്ടിമുറിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. അതിദാരുണമായ ഈ സംഭവത്തിൽ പ്രതിഷേധിച്ചെങ്കിലും ഇവിടുത്തെ പ്രമുഖ മാധ്യമ വൈതാളികർ “ജനാധിപത്യം അപകടത്തിൽ” എന്ന് രണ്ടുവരി കമന്റിടുന്നത് നാമാരെങ്കിലും കണ്ടോ?
ഈ വാർത്തകളൊന്നും മുഖ്യധാരാ മാധ്യമങ്ങൾ വഴി നാം അറിഞ്ഞില്ലെങ്കിലും ഇന്ന് മമതാ ബാനർജി ബംഗാൾ തിരഞ്ഞെടുപ്പ് ‘തൂത്ത് വാരിയ’ തലക്കെട്ടും വാർത്തയും പല പ്രമുഖ പത്രങ്ങളിലും ചാനലുകളിലും നിങ്ങൾ കണ്ടിരിക്കും. ‘ഫാസിസത്തെ ചെറുക്കാനുള്ള’ പ്രതിപക്ഷ ഐക്യത്തെ മമതാ ബാനർജി മുന്നിൽ നിന്ന് നയിക്കുന്നതും 2019-ന് മുമ്പ് നാം കാണാൻ ഇടയുണ്ട്. കഴിഞ്ഞ ദിവസം തന്നെ കർണ്ണാടക തിരഞ്ഞെടുപ്പിലെ കുതിര കച്ചവടത്തെ കുറിച്ചും ജനാധിപത്യ ധ്വംസനത്തെ കുറിച്ചുമുള്ള മമതാ ബാനർജിയുടെ പ്രസ്താവനകൾ വൻ പ്രാധാന്യത്തോടെ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു!
ബിജെപി എന്ന പാർട്ടിക്കും അതിലെ നേതാക്കൾക്കും പല പോരായ്മകളും ഉണ്ടാവാം. പക്ഷേ ബിജെപിയെ എതിർക്കുന്നവർ മുന്നോട്ട് വയ്ക്കുന്നത് എന്താണെന്ന് കൂടി നാം പരിശോധിച്ചില്ലെങ്കിൽ, മുഖ്യധാരാ മാധ്യമങ്ങൾ വഴിയുള്ള നിരന്തരമായ മസ്തിഷ്ക പ്രഷാളനത്തിന്റെ ഇരകളായി നാം അധഃപതിക്കാൻ അധിക സമയം വേണ്ട. പ്രത്യേകിച്ചും കേരളം പോലെയുള്ള ഒരു സമൂഹത്തിൽ, കർണ്ണാടകത്തിലെ കുതിരക്കച്ചവടത്തെ കുറിച്ച് ദിനവും അന്തിചർച്ച നടത്തുന്നവർ മമതാ ബാനർജിയുടെ ജനാധിപത്യ കശാപ്പിനെ കുറിച്ചും അതേ തീവ്രതയിൽ ചർച്ച നടത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദത്വം നമ്മൾ പ്രേക്ഷകർക്കാണ്. കേവലം ബിജെപി വിരുദ്ധ രാഷ്ട്രീയം കൊണ്ട് മമതയും ലാലുവും മായാവതിയുമൊക്കെ വിശുദ്ധരാക്കപ്പെടുമ്പോൾ, ആ അജണ്ട നമ്മുടെ സ്വീകരണമുറിയിൽ സെറ്റ് ചെയ്യുന്നവരുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്യാൻ നാം നിർബന്ധിതരായി തീരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കാര്യങ്ങൾ മാത്രമേ മതേതറ കേരളത്തിൽ ചർച്ചക്ക് എടുക്കൂ