ചില ജ്യോതിഷചിന്തകൾ – താമര തരംഗമാകുമോ ?

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ജ്യോതിഷചിന്തകൾ പത്രികയുടെ വായനക്കാരുമായി പങ്ക് വക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്. ഭാരതത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രീ. നരേന്ദ്രമോദിയുടെ “ആത്മ നിർഭർ ഭാരത്” എന്ന മഹത്തായ ആശയം നല്കുന്ന പ്രതീക്ഷകൾ കേരളത്തിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ശ്രീ. E. ശ്രീധരനെപോലെയുള്ള ലോകാരാധ്യരായ മഹത്തുക്കൾ ഭാരതീയ ജനതാ പാർട്ടിയിലേക്കു ആകർഷിക്കപ്പെടുന്നതും, ദേശത്തിന്റെ പുരോഗതിയിൽ സജീവമായി സഹകരിക്കാൻ ഇഷ്ടപ്പെടുന്നതും. 

മാർച്ച് 21 ന് രാവിലെ 10 മണിക്ക് (21 മാർച്ച്   2021, 10.00.01 AM, ഡൽഹി),  BJP യുടെ വിജയ സാധ്യതകളെ കുറിച്ചു ഒരു സുഹൃത്ത് ചോദിച്ച ചോദ്യത്തിന് ഉത്തരമായിട്ടാണ് ഈ പ്രശ്നചിന്ത ഉടലെടുത്തത്. കേരളത്തിൽ ഇന്ന് BJP അതിന്റെ നിർണായകമായ ഒരു പരിവർത്തനഘട്ടത്തിൽ എത്തി നിൽക്കുന്നു. ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഒന്നിലധികം ഘടകങ്ങൾ അനുകൂലമായി നിൽക്കുന്ന സാഹചര്യം ഏറെ പ്രതീക്ഷ നൽകുന്നു. അഴിമതി, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട ഒരു സംസ്‌ഥാന സർക്കാർ ഭാരതത്തിന്റെ ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും വെല്ലുവിളിക്കുന്നു. ജിഹാദികളുമായി പരസ്യമായ കൂട്ടുകെട്ട്, ഇസ്ലാം മത പ്രീണനം എന്നിവ നയമായി കരുതുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണം ഉന്നം വക്കുന്നത് തന്നെ ശബരിമല ഉൾപ്പടെയുള്ള ഹിന്ദുവിന്റെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ആണ്. ഹിന്ദുവിന്റെ സ്വത്വം തന്നെ നശിപ്പിക്കാൻ ആണ് അവരുടെ ശ്രമം. 

സംശുദ്ധരും, പ്രഗൽഭമതികളുമായ ഒരു പറ്റം ആളുകളെ സ്ഥാനാർഥികൾ ആക്കാൻ കഴിഞ്ഞതുതന്നെ BJP യുടെ വിജയസാധ്യത വർധിപ്പിക്കുന്നു.  പ്രശ്ന ലഗ്നാധിപൻ ആയ ശുക്രൻ സർവ ഐശ്വര്യസ്ഥാനമായ പതിനൊന്നാം ഭാവത്തിൽ ഉച്ചനായി നിൽക്കുന്നു. കൂടെയുള്ള രവി മൗഢ്യമുണ്ടാക്കുന്നെങ്കിലും ഭാവം 11 ആയതുകൊണ്ട് ദോഷം പറയാൻ പറ്റില്ല. ഭാഗ്യസ്ഥാനമായ 9 ലെ ഗുരുവിന്റെ സ്‌ഥിതി ദൈവാധീനത്തെ സൂചിപ്പിക്കുന്നു. ഭാഗ്യ സ്ഥാനാധിപൻ ആയ ശനി ഭാഗ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. വിചാരിച്ചു മുന്നിട്ടിറങ്ങുന്ന വിഷയങ്ങളിൽ കാര്യപ്രാപ്തി ഉണ്ടാകും. കർമസ്ഥാനമായ പത്തിലെ ബുധൻ യുവരാജാവിനെ അഥവാ യുവാക്കളെയും,  ബുദ്ധിമതികളായ നേതാക്കളെയും പ്രതിനിധീകരിക്കുന്നു. മത്സര രംഗത്തുള്ള യുവാക്കൾക്കെല്ലാം വിജയം പ്രതീക്ഷിക്കാം.

പക്ഷെ, ലഗ്നത്തിലെ കുജ-സർപ്പയോഗം, ഏഴിലെ കേതു എന്നിവ ദോഷം ചെയ്യുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിലെ താമസവും, ചില അപക്വമായ തീരുമാനങ്ങളും ഒക്കെ ഉണ്ടായത് ഇത് കൊണ്ടാണ്. BJP ക്കു ഘടകകക്ഷികളിൽനിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. മാർച്ച് 30 വരെയുള്ള സമയം നല്ലതല്ലാത്തതുകൊണ്ടു തെരഞ്ഞെടുപ്പ് പ്രചാരണം വിചാരിച്ച രീതിയിൽ മുന്നോട്ടു പോവുകയില്ല. ചില്ലറ തടസ്സങ്ങളും പടല പിണക്കങ്ങളും സൃഷ്ടിക്കുന്ന പുകമറയിൽ വ്യക്തതയില്ലായ്‌മ നിലനിൽക്കും.

മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെയുള്ള 3 ദിവസങ്ങൾ BJP യെ സംബന്ധിടത്തോളം വളരെ നിർണായകമായിരിക്കും. രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകും. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും പിന്തുണ അറിയിച്ചു കൊണ്ടുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കാം. പ്രതിയോഗികളിൽ ചിലർ അപ്രസക്തർ ആകുകയോ, അപകടങ്ങളിൽ  ചെന്നു ചാടുകയോ ചെയ്യും. ചില ക്രിസ്‌തീയ സഭകൾ അനുകൂല തീരുമാനങ്ങൾ എടുക്കും. മുത്താലാക്കിൽ സന്തുഷ്ടരായ മുസ്ലിം സ്ത്രീകളുടെ ആനുകൂല്യവും പ്രതീക്ഷിക്കാം. ഇതു BJP അനുകൂല തരംഗമായി രൂപാന്തരപ്പെടാനുള്ള സാധ്യതകൾ കാണുന്നു. 

പ്രശ്ന ലഗ്നാധിപൻ ആയ ശുക്രൻ 5.25 ഡിഗ്രിയിലും കർമാധിപനായ ശനി 16.19 ഡിഗ്രിയിലും 11-3 ഘടനയിൽ സ്ഥിതി ചെയ്യുന്നു. ഭാവിയിലെ അനുകൂലമായ “ഇതശാല യോഗ” ത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഏപ്രിൽ 3 മുതൽ 7 വരെയുള്ള ദിവസങ്ങൾ ഒരു പുത്തൻ ഏകീകരണത്തിന്റെ  ദിനങ്ങളാണ്. അനുകൂലമായ ജനവികാരം വോട്ടാക്കി മാറ്റാൻ കഴിയുന്ന അവസ്ഥ സംജാതമാകും.  
തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 2  BJP ക്കു വളരെ അനുകൂലമായ ദിവസമാണ്. പ്രശ്നവശാൽ 24 സീറ്റുകളിൽ വിജയസാധ്യത കാണുന്നുണ്ട് – പ്രത്യേകിച്ചും യുവാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ. പക്ഷെ, പ്രശ്ന ലഗ്നാധിപനായ ശുക്രന് മൗഢ്യമുള്ളതിനാൽ താഴെത്തട്ടിലുള്ള പ്രവർത്തനത്തിൽ കൂടി മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. ഘടകകക്ഷികളിൽ പ്രതീക്ഷ ഒന്നും വേണ്ട. 44 മണ്ഡലങ്ങളിൽ BJP യുടെ സജീവസാന്നിധ്യം രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറ്റിമറിച്ചേക്കാം. ഒരുപക്ഷേ, ഒരു പുതിയ കേരളത്തിന്റെ പുനർ സൃഷ്ടിക്കുതന്നെ കാരണഭൂതരാകാൻ BJP ക്കു കഴിഞ്ഞേക്കും. BJP യുടെ അപ്രതീക്ഷിത മുന്നേറ്റം കേരളത്തിന്റെ വരുംകാല രാഷ്ട്രീയത്തിൽ ഘടനാപരമായ മാറ്റങ്ങൾക്കു വഴി തെളിക്കും. BJP ക്കു വിജയമുണ്ടായാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. “A divine intervention” എന്ന ആംഗലേയ ഭാഷാ പ്രയോഗത്തിന് മറ്റൊരുദാഹരണമായി അതു നിലകൊള്ളും.

മാറ്റങ്ങൾ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെ അനിവാര്യ ഘടകമാണ്. അതു സംഭവിച്ചേ മതിയാകൂ. ഭഗവാൻ ഭൂമിയിൽ അവതരിച്ചതെല്ലാം തന്നെ മാറ്റങ്ങൾ സൃഷ്ടിക്കാൻ ആയിരുന്നു. നമുക്ക് കാത്തിരുന്നു കാണാം – ആ വിരാടരൂപം ഒരിക്കൽ കൂടി.

3 COMMENTS

  1. A very great prediction which leads to great expectations towards the future. Let God’s grace be bestowed on the suffering land. Thank you so much

LEAVE A REPLY

Please enter your comment!
Please enter your name here