ഊഹക്കച്ചവടം എങ്ങിനെ ഒരു സമ്പത്ത് വ്യവസ്ഥയെ പുറകോട്ടടിക്കും എന്നുള്ളതിന് ഉത്തമോദാഹരണമാണ് പതിനേഴാം നൂറ്റാണ്ടിൽ(1634-1637) ഹോളണ്ടിൽ നടന്ന തുലിപ് പൂക്കളുടെ ഊഹക്കച്ചവടും തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും.
1593-ലാണ് തുർക്കിയിൽ നിന്നും ആദ്യമായി തുലിപ് പുഷ്പങ്ങൾ ഹോളണ്ടിലെത്തിയത്. അന്നാണ് ഡച്ചുകാർ ആദ്യമായി തുലിപ് പൂക്കൾ കാണുന്നത്.
ഇന്നത്തെ നെതർലാന്റിലെ പടിഞ്ഞാറൻ തീര പ്രവിശ്യയാണ് ഹോളണ്ട്. ഹോളണ്ടുകാർ തന്നെയാണ് ഡച്ചുകാർ. ഈ ലേഖനത്തിൽ ‘ഹോളണ്ട്, ഡച്ച്’ എന്നൊക്കെ മാറി മാറി ഉപയോഗിക്കുമ്പോൾ വായനക്കാർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി.
ഹോളണ്ടിൽ തുലിപ് ചെടികൾ പ്രത്യക്ഷപ്പെട്ടതിന് കുറച്ചു നാളുകൾക്ക് ശേഷം ‘മൊസൈക്’ എന്ന ഒരു വൈറസ് ചെടികളിൽ വ്യാപിക്കാൻ തുടങ്ങി. ഈ വൈറസ് ചെടികളെ നശിപ്പിച്ചില്ലെങ്കിലും, വൈറസ് ബാധയേറ്റ തുലിപ് പുഷ്പങ്ങളിൽ ഒരു പ്രത്യേക തരത്തിലുള്ള കളർ പാറ്റേൺസ് പ്രത്യക്ഷപ്പെടാൻ തുടങ്ങി. കളർ പാറ്റേൺസ് ആകർഷകമായ പല വെറൈറ്റികളിൽ ആണ് പ്രത്യക്ഷപ്പെട്ടത്. അത്, സ്വതവേ വിരളമായ തുലിപ് പുഷ്പങ്ങളെ കൂടുതൽ മനോഹരവും അപൂർവ്വങ്ങളുമാക്കി! അങ്ങിനെ ഹോളണ്ടിൽ പണ്ടേ വിലയേറിയ തുലിപ് പുഷ്പങ്ങൾക്ക് അവയുടെ വ്യത്യസ്ത കളർ പാറ്റേൺസ് അനുസരിച്ച് ആവശ്യക്കാർ ഏറി വന്നു. അതോടൊപ്പം വിലയും കുതിച്ചുയർന്നു.
തുലിപ് പൂക്കളുടെ അഭൂതപൂർവ്വമായ സ്വീകാര്യതയും കുതിച്ചുയരുന്ന വിലയും സാധാരണയായി കച്ചവടക്കാരെയും ആകർഷിച്ചു. തുലിപ് ചെടികളും പൂക്കളും വിപണനം ചെയ്യുന്ന കച്ചവട സംഘങ്ങൾ ഹോളണ്ടിൽ ഉദയം കൊണ്ടു. ദിനവും വില കുതിച്ചുയരുന്ന തുലിപ് പുഷ്പങ്ങൾ ഡച്ച് ജനതയ്ക്ക് പുതിയൊരു നിക്ഷേപോപാധിയായി മാറി.
തുലിപ് ഗാർഡൻ നടത്തുന്നവർക്ക് നിശ്ചിത തുക നൽകി ഒരു പറ്റം ചെടികൾ തങ്ങൾക്കായി ബുക്ക് ചെയ്ത് പരിപാലിക്കുന്ന സിസ്റ്റവും നിലവിൽ വന്നു. സാധാരണക്കാർ തുലിപ് പൂന്തോട്ടം നടത്തുന്ന വൻ കച്ചവടക്കാരെ സമീപിച്ച് തങ്ങളുടെ പക്കലുള്ള തുകയ്ക്ക് തുലിപ് ചെടികൾ ബുക്ക് ചെയ്യും, ചെടി വളർന്ന് പൂക്കുമ്പോൾ തങ്ങളുടെ കമ്മീഷൻ എടുത്ത് ബാക്കി ലാഭം നിക്ഷേപകർക്ക് കൊടുക്കുന്ന രീതിയിൽ കച്ചവടം പൊടി പൊടിച്ചു. ദിനവും പൂക്കളുടെ വില ഉയർന്നു കൊണ്ടിരുന്നതിനാൽ കൂടുതൽ കൂടുതൽ സാധാരണക്കാർ തങ്ങളുടെ സമ്പാദ്യങ്ങളുമായി തുലിപ് കൃഷിക്കാരെ സമീപിക്കാൻ തുടങ്ങി.
അതിനിടെ ചില തുലിപ് കൃഷിക്കാർ തങ്ങളുടെ പൂക്കൾ മാർക്കറ്റിലേക്ക് വിടാതെ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില ക്രമാതീതമായി ഉയർത്താനും ശ്രമിച്ചു തുടങ്ങി (ഓണക്കാലത്ത് നമ്മുടെ നാട്ടിൽ പൂഴ്ത്തി വെയ്പ്പുകാർ അവശ്യ സാധനങ്ങളുടെ വില ഉയർത്തുന്ന പോലെ ഒരു കളി). തുലിപ് പൂക്കളുടെ വില ആകാശം മുട്ടെ ഉയർന്നു.
ഈ തുലിപ് ‘നിക്ഷേപ പദ്ധതി’യെ കുറിച്ച് അവസാന നിമിഷം മാത്രമറിഞ്ഞ ഹതഭാഗ്യരാകട്ടെ, തങ്ങൾ മാത്രം ഇതിൽ നിക്ഷേപിക്കാതെ പൊട്ടന്മാരാവരുതല്ലോ എന്ന് കരുതി മനസ്സറിഞ്ഞ് പണമിറക്കാൻ തുടങ്ങി. വീടും എസ്റ്റേറ്റും വളർത്തു മൃഗങ്ങളും, ആഭരണങ്ങളും അങ്ങിനെ വിലപിടിപ്പുള്ളതെന്തും വിറ്റ് ഡച്ച് ജനത തുലിപ് പൂക്കളിൽ നിക്ഷേപിച്ചു. ഒരു മാസം കൊണ്ടു തുലിപ് പൂക്കളുടെ വില 20 ഇരട്ടിയോളം കുതിച്ചുയർന്നു!
എല്ലാ ഊഹക്കച്ചവടത്തിലും സംഭവിക്കുന്നതാണ് പിന്നീട് നടന്നത്. വെറും ഉള്ളിയുടെ മൂല്യം മാത്രം ഉണ്ടായിരുന്ന തുലിപ് പൂക്കൾക്ക് ഒരു എസ്റ്റേറ്റിന്റെ വില വന്നപ്പോൾ ചില ബുദ്ധിമാന്മാർ വിറ്റ് ഒഴിയാൻ തുടങ്ങി. ബുദ്ധിമാന്മാർ വിൽക്കുന്നത് കണ്ടപ്പോൾ ലാഭം എടുക്കാതെ തങ്ങൾ മണ്ടന്മാർ ആവരുതല്ലോ എന്ന് കരുതി മറ്റുള്ളവരും വിൽക്കാൻ തുടങ്ങി..
എല്ലാരും വിറ്റൊഴിയാൻ തുടങ്ങിയപ്പോൾ ഇതുവരെ ദിനവും പുതിയ ഉയർന്ന വില കാണിച്ചു കൊണ്ടിരുന്ന തുലിപ് പൂക്കൾ, ദിനവും പുതിയ താഴ്ന്ന വില കാണിക്കാൻ തുടങ്ങി. തുലിപ് കച്ചവടത്തിനിറങ്ങിയ ഡീലർമാർക്ക് പണി പാളിയെന്ന് മനസ്സിലായി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമെല്ലാം നടത്തി വില കൂട്ടി വിൽക്കാൻ വച്ചേക്കുന്ന മുതലിനാണ് ദിവസവും വിലയിടിയുന്നത്! ഇങ്ങനെ വില ഇടിഞ്ഞാൽ താമസിയാതെ കച്ചോടം പൂട്ടിപ്പോകും. ഇനി മുതൽ വിൽക്കാൻ വരുന്നവരുടെ കയ്യിൽ നിന്ന് താഴ്ന്ന വിലക്ക് തുലിപ് പൂക്കൾ വാങ്ങില്ല എന്ന് കച്ചവടക്കാർ തീരുമാനിച്ചു.
ഏതൊരു കറൻസിയുടെയും മൂല്യം നിർണ്ണയിക്കുന്ന ഒരു ഘടകമാണ് ‘ലിക്വിഡിറ്റി’. അതായത്, സ്വന്തം കയ്യിലെ കറൻസി നിങ്ങൾ വിനിമയത്തിന് ശ്രമിച്ചാൽ, ഈസിയായി കൈമാറ്റം ചെയ്യാൻ സാധിക്കുന്ന അവസ്ഥ. ഇന്ന് ലോകത്തിൽ ഏറ്റവും ലിക്വിഡിറ്റി ഉള്ള കറൻസി അമേരിക്കൻ ഡോളർ ആണ്. ഇന്ത്യൻ രൂപ വളരെ ലിക്വിഡിറ്റി കുറഞ്ഞ ഒരു കറൻസിയാണ്. ഉദാഹരണത്തിന് ഇന്ത്യയിൽ ഒരു ആയിരം കോടി നിക്ഷേപിച്ച വിദേശ നിക്ഷേപകന്, രായ്ക്ക് രാമാനം തന്റെ നിക്ഷേപം വിറ്റ് പണം അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയില്ല.
കച്ചവടക്കാർ വില നൽകാൻ വിസമ്മതിച്ചതോടെ തുലിപ് പൂക്കളുടെ ലിക്വിഡിറ്റി പൂജ്യം ആയി. ഡച്ചുകാർ പതുക്കെ നിയമം കൈയിലെടുക്കാൻ തുടങ്ങി. (കച്ചവടക്കാരുടെ കുത്തിന് പിടിച്ച് കാശുവാങ്ങാൻ തുടങ്ങീ എന്ന്). കൂടിയ വിലക്ക് പൂക്കൾ വാങ്ങിയവർ പോലും കിട്ടിയ വിലക്ക് വിറ്റ് മുതൽ ഊരാൻ ശ്രമം തുടങ്ങി. തുലിപ് പൂക്കളിൽ ഇൻവെസ്റ്റ് ചെയ്യാൻ വീടും പറമ്പും വിറ്റു തുലച്ച ഡച്ചുകാർ തെരുവിലിറങ്ങി. ഒടുവിൽ ഗവണ്മെന്റ് ഇടപെട്ടു. മുടക്കു മുതലിന്റെ 10% തുക ഗവണ്മെന്റ് മിനിമം ഗ്യാരന്റി പ്രഖ്യാപിച്ചു. പക്ഷേ അതുകൊണ്ടൊന്നും മാർക്കറ്റിനെ പിടിച്ചു നിർത്താനായില്ല.
തുലിപ് പൂക്കളുടെ ഊഹക്കച്ചവടം തകർത്ത സമ്പദ് വ്യവസ്ഥയിൽ നിന്ന് കരകേറാൻ ഡച്ച് ജനതക്ക് വർഷങ്ങൾ വേണ്ടിവന്നു. സാമ്പത്തിക മുരടിപ്പ് എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചു. മാർക്കറ്റ് കത്തി നിന്നപ്പോൾ തങ്ങളുടെ തുലിപ് പൂക്കൾ വിറ്റ് ലാഭം ബാങ്ക് അക്കൗണ്ടിലിട്ട അതി ബുദ്ധിമാന്മാരെയും ഈ സാമ്പത്തിക മുരടിപ്പ് ബാധിച്ചു. ജനങ്ങൾ ഊഹക്കച്ചവടത്തിലേക്ക് തിരിയുന്നത് ഏതൊരു രാജ്യത്തിനും ശുഭോദർക്കമല്ല എന്ന തിരിച്ചറിവാണ് പതിനേഴാം നൂറ്റാണ്ടിൽ ഹോളണ്ടിൽ നടന്ന ഈ തുലിപ് ഭ്രമം നമ്മൾക്ക് നൽകുന്ന പാഠം.
ലേഖകന്റെ ബിറ്റ് കോയിൻ ആർട്ടിക്കിളിന് മുന്നോടി ആയി എഴുതുന്ന കുറിപ്പ്.
New information, thank you
ഇവിടെ പൂക്കൾ എങ്കിലും ഉണ്ടായിരുന്നു. MCX scam പോലെ underlying അസറ്റ് ഇല്ലാത്ത രീതി അല്ലെ bitcoin . പ്രതീക്ഷിക്കുന്നു bitcoin ലേഖനം
Waiting for the article.But cryptocurrency business is not like this tulip flower business. The process of creating bitcoins is called ‘mining’ of bitcoins. Don’t believe in Bitcoin price now, Believe in the technology behind it. And I heard that RBI is planning to enter in to Cryptocurrency with currency name ‘Lakshmi’.(I am not sure about this). Thanks!
ഇതു നമ്മുടെ സമാകലികാ ഇന്ത്യയിലെ പെട്രോൾ / ഡീസൽ വിലയും ആയി ബന്ധം ഉണ്ടോ ?
ഡച്ചുകാർ ആന് ട്യൂലിപ് വാങ്ങി മറിച്ചു വിൽക്കാൻ ശ്രമിച്ചത് പോലെ ഇന്ത്യയിൽ ഇന്നത്തെ സഹചാരിയത്തിൽ പെട്രോൾ / ഡീസൽ / പാചക വാതകം വാങ്ങി മറി ചു വിൽക്കുന്ന ആൾകാർ ഉണ്ടാവാൻ സാദ്യത കണു നുണ്ട്