അടല്ജിക്ക് ഇന്ന് തൊണ്ണുറ്റിമ്മൂന്നാം പിറന്നാൾ

1

നീണ്ട ഏഴു പതിറ്റാണ്ടുകാലം ഭാരത രാഷ്ട്രീയത്തിന്റെ വികാസ പരിണാമങ്ങൾക്ക് നേതൃത്വം നല്‍കിയ ഭീഷ്മപിതാമഹന്‍ അടല്ജിക്ക് ഇന്ന് തൊണ്ണുറ്റിമ്മൂന്നാം പിറന്നാൾ.
ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി നീക്കിവെച്ച അടല്‍ ബിഹാരി വാജ്‌പേയി, വിദ്യാര്‍ത്ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം മികവ്പ്രകടിപ്പിച്ച നേതാവാണ് .
വിസ്മയം എന്നേ ഒറ്റവാക്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാകൂ. അമ്പതുവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരു സഭയില്‍ അംഗമായി തുടരാന്‍ ഭാഗ്യംസിദ്ധിച്ച ഏകവ്യക്തിയും അടല്‍ബിഹാരി വാജ്‌പേയിയാണ്..ഭാരതീയ ജനതാ പാർട്ടി ഇന്ന് അധികാരത്തിലിരിക്കുന്നതിനുപിന്നിൽ അടല്‍ ബിഹാരി വാജ്പേയിയുടെ അദ്ധ്വാനത്തിനു നിർണായകപങ്കുണ്ടെന്ന കാര്യം ആർക്കും വിസ്മരിക്കാനാവില്ല. രാഷ്ട്രീയ പരിചയമില്ലായിരുന്ന മൻമോഹൻ സിംഗ്, പ്രതിപക്ഷ ആക്രമണങ്ങളിൽ മടുത്ത് 1992ൽ ബജറ്റിനുശേഷം രാജി വെയ്ക്കാൻ തുടങ്ങിയതും, നരസിംഹ റാവുവിൽ നിന്നും ഇതറിഞ്ഞ വാജ്പേയ് അദ്ദേഹത്തെ ഫോൺചെയ്തതും ആ തീരുമാനം മാറ്റിച്ചതും ആ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടുന്നു. ഇതാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയം. രാഷ്ട്രീയമായി വിയോജിപ്പുകളുണ്ടായേക്കാം, എന്നാല്‍ വാജ്‌പേയി എന്ന ബഹുമുഖ പ്രതിഭയെ ആദരിക്കാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. വാക്കുകൾകൊണ്ട് വിവരിക്കാനാകാത്ത വർണ്ണോജ്വല പ്രതിഭ..
പ്രതിപക്ഷ നേതാവ്, വിദേശകാര്യ മന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളില്‍ സ്തുത്യർഹമായ രാഷ്ട്രസേവനപാരമ്പര്യം. ധീരനായ ഭരണാധികാരി, മികച്ച രാഷ്ട്രതന്ത്രജ്ഞൻ, സർവ്വധർമ്മ സമഭാവമെന്ന ഭാരതീയചിന്ത ജീവിതദർശനമാക്കിയ രാഷ്ട്രീയ നേതാവ്, വാഗ് വിലാസത്താൽ ഒരു ജനതയെ വിസ്മയിപ്പിച്ച ഉദാത്തനായ പ്രഭാഷകൻ.അടല്ജിയെക്കുറിച്ചു വിശേഷണങ്ങൾ നിരവധി. നിർവ്വചനങ്ങൾക്കുവഴങ്ങുന്ന വ്യക്തിപ്രഭാവമല്ല അദ്ദേഹതിന്റേത്. ബഹുമുഖപ്രതിഭ എന്ന് പറഞ്ഞാൽ അതൊരു ഔപചാരികതയായിരിക്കും .വാജ്പേയ് അതും അതിനപ്പുറവുമാണ്.
1924 ഡിസംബർ 25ന്‌ മധ്യപ്രദേശിലെ ഗ്വാളിയറിൽ കൃഷ്‌ണബിഹാരി വാജ്‌പേയിയുടേയും കൃഷ്‌ണാദേവിയുടേയും മകനായി ജനിച്ചു. കാൺപൂർ ലക്ഷ്മീഭായി കോളേജില്‍ പഠിച്ചു പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദവും കാൺപൂർ യൂനിവേര്സിടിയില്‍നിന്ന് ഡി ലിറ്റും നേടി.
വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്രസമരത്തില്‍ സജീവമായിരുന്നു.ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തു അറസ്റ്റും ജയിൽവാസവും വരിച്ചു.
ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ വലംകയ്യായി സജീവ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. ബല്‍രാംപൂര്‍ മണ്ഡലത്തില്‍നിന്ന് 1957 ലായിരുന്നു വാജ്‌പേയി ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. സഭാകമ്പമില്ലാതെ ആദ്യ സഭയില്‍തന്നെ നടത്തിയ പ്രസംഗത്തില്‍ ആകൃഷ്ടനായ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞുവത്രെ, ഈ ചെറുപ്പക്കാരന്‍ ഒരുനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന്.
അന്‌ധേരാ ഛഡേഗാ, സൂരജ് ഉഠേഗാ, കമല്‍ ഖിലേഗാ’ (അന്ധകാരം നീങ്ങും, സൂര്യനുദിക്കും,താമര വിരിയും) 1980 ഏപ്രിൽ ആറിന് ബി ജെ പിയുടെ പ്രഥമസ്ഥാപകദിനത്തിൽ ചൊല്ലിയ നിമിഷകവിതയാണ്. ഇവ രണ്ടും പ്രവചനാത്മകമായ വരികളെന്നു കാലം തെളിയിച്ചു.
‘ഈ കൊടുങ്കാറ്റിനെ ചെറുക്കാന്‍ ആര്‍ക്കു കഴിയും ഇത് ജീവിതത്തിന്റെ പ്രവാഹമാണ് ഇവിടെ യുവാക്കള്‍ തോല്‍ക്കാം പക്ഷേ യുവത്വം തോല്‍ക്കില്ലാ. ഇത് നൈമിഷികമല്ല, ദീര്‍ഘമായൊരു സംഘര്‍ഷമാണ്’’- അദ്ദേഹത്തിന്റെ ഒരു കവിതയാണിത്.
പൊഖ്റാൻ ആണവ പരീക്ഷണവും കാർഗിൽ യുദ്ധവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.
എന്താണ് എ ബി വാജ്പേയിയെന്ന നേതാവിന്റെ ഏറ്റവും വലിയ വിജയം .ആദർശപരമായ കടുംപിടുത്തങ്ങൾക്കപ്പുറം നിലകൊള്ളുന്ന അളവറ്റ മനുഷ്വത്വം തന്നെ .‘ആരോടുമില്ല പ്രീണനം, എല്ലാവരോടും തുല്യനീതി’ അതാണദ്ദേഹത്തിന്റെ തത്ത്വചിന്ത. അതുകൊണ്ടുതന്നെയാവും വാജ്‌പേയ് സര്‍വസമ്മതനായത്. തന്റെ രാഷ്ട്രീയപ്രസ്ഥാനത്തെ വിമര്‍ശിച്ചവരോട് അടല്‍ജിയുടെ മറുപടി- ‘ എന്നില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അത് ഈ പ്രസ്ഥാനത്തില്‍നിന്നും കിട്ടിയതാണ്. തിന്മ എന്റെ സ്വന്തവും’ എന്നതായിരുന്നു.
അവിവാഹിതനായ അടൽ ജിയ്ക്ക് രണ്ടു ദത്തുപുത്രിമാരുണ്ട് -നന്ദിതയും നമിതയും..അമേരിക്കയില്‍ ഡോക്ടർ ആണ് നന്ദിത .ഭർത്താവ് ,സോഫ്റ്റ്‌വെയർ എഞ്ചിനീയരായ അശോക്‌ നന്ദ .നമിതയും ഭർത്താവ് രഞ്ജൻ ഭട്ടാചാര്യയും അടല്ജിയോടൊപ്പം ഡൽഹിയിൽ…
1992ൽ പത്മ വിഭൂഷണും, 2015ൽ ഭാരതരത്നയും നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 2005ൽ ഡിസംബറില്‍ മുംബൈയില്‍ നടന്ന റാലിയില്‍ വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചിരുന്നു.
വാജ്പേയിയുടെ പ്രസംഗശൈലിയും താളാത്മകമായിരുന്നു. ഒരോ വരികൾക്കിടയിലും അനുവാചകന്റെ ഹൃദയത്തിൽ പതിക്കാനായെന്ന പോലുള്ള നിശബ്ദത. അവിടെ നിന്നും കൈ ഒരുവശത്തേക്കു വീശീ തല ചെരിച്ചുയർത്തി ശബ്ദാരോഹണത്തോടെയുള്ള വാക്പ്രവാഹം.ശത്രുപോലും അമ്പരപ്പോടെ ആസ്വദിക്കുന്ന സർഗാത്മകതയിൽ മുനമുക്കിയ കൂരമ്പുകൾ പെയ്തിറങ്ങും അതിൽ.
കാലമേറുംതോറും ആ നിശബ്ദതയുടെ ദൈർഘ്യമേറി. മറവിരോഗം കവര്‍ന്നെടുത്ത ,ആരും നിനയ്ക്കാഞ്ഞൊരു പൂർണ്ണ നിശ്ബദതയിയിലാണിപ്പോള്‍ അടല്ജി.

1 COMMENT

  1. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here