സുവിധ : താഴേത്തട്ടിലെത്തുന്ന അച്ഛേദിൻ !

0

അമ്മമാരേ, പെങ്ങമ്മാരെ ഒരു നിമിഷം.

സുവിധ എന്ന ബ്രാൻഡിൽ പുതിയ ഒരു സാനിട്ടറി നാപ്കിൻ മാർക്കറ്റിൽ വന്നിട്ടുണ്ട്. വിലക്കുറവ്, പരിസ്ഥിതിസൗഹൃദം എന്നിവയാണ് ഹൈലൈറ്റ്. വിലക്കുറവ് എന്ന് പറയുമ്പോൾ വെറും രണ്ടര രൂപയാണ് (Rs. 2.50) പെർ പാഡിന് വില. വാങ്ങുക ഉപയോഗിക്കുക കുടുംബബജറ്റിൽ മിച്ചം പിടിക്കുക. ഇനി നിങ്ങൾക്ക് പത്തും അമ്പതും രൂപ വിലവരുന്ന പാഡുകൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ലാത്തവരാണമെങ്കിൽ അയൽപക്കത്തുള്ള, പരിചയത്തിലുള്ള ഇപ്പോഴും പഴംതുണി ഉപയോഗിച്ച് ആ ദിവസങ്ങൾ തള്ളിനീക്കുന്ന ആരെയെങ്കിലും അറിയുമെങ്കിൽ അവരോട് പറയുക. ഇങ്ങനെയൊക്കെയല്ലേ #അച്ഛേദിൻ താഴെത്തട്ടിൽ എത്തുന്നത്.

ഇതിപ്പോ പോസ്റ്റ് ചെയ്യാൻ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ കാര്യമുണ്ട്.

മോദി സർക്കാർ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ രാജ്യത്ത് ഒരു പൊറാട്ട് നാടകം അരങ്ങേറിയുന്നു. സാനിറ്ററി നാപ്കിന് 12% നികുതി ഏർപ്പെടുത്തി എന്ന് പറഞ്ഞ് കപട സ്ത്രീപക്ഷ വാദികളുടെ നാപ്കിൻ സമരം. സത്യത്തിൽ ജിഎസ്ടിക്ക് മുൻപ് 13% ശതമാനത്തിന് മുകളിൽ നികുതിയുണ്ടയായിരുന്നു സാനിറ്ററി നാപ്കിന്. അത് മറച്ച് വച്ചാണ് വാസ്തവത്തിൽ ആ പ്രതിഷേധ നാടകം നടന്നത്. ജിഎസ്ടിക്ക് മുൻപ് ഒന്നിന്റെയും നികുതി ഘടന ആർക്കും വലിയ പിടിയില്ലാതിരുന്നത് കൊണ്ടാണ് അങ്ങനെയൊരു നാറിയ കളി കളിക്കാൻ മോദി വിരോദികൾക്കായത്.

അപ്പോൾ തുച്ഛമായ വിലയിൽ സാനിറ്ററി നാപ്കിൻ മോദി സർക്കാരിന്റെ പ്രത്യേക പദ്ധതിയായി നടപ്പാക്കുന്നത് ചെറിയ കാര്യമല്ല എന്ന് മനസിലായല്ലോ.

പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്കു കീഴില്‍ ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാപ്കിനുകള്‍ രാജ്യത്തെ 3200 ജന്‍ ഔഷധികേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. അന്ന് പ്രതിഷേധിച്ച നിഷ്പക്ഷരെന്ന് സ്വയം കരുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇതിന്റെ പ്രചാരണത്തിൽ മുന്നിട്ടിറങ്ങുമെന്ന് കരുതുന്നു.

ഇതിനോട് ചേർത്ത് വായിക്കേണ്ട ഒന്ന് രണ്ട് കാര്യങ്ങൾ കൂടി.

ഇതിന് ഒരു ദിവസം മുൻപ് മോദി സർക്കാരിനെ സംബന്ധിച്ച് കേരളത്തിൽ നിന്ന് വന്ന മറ്റൊരു പോസിറ്റീവ് വാർത്തയായിരുന്നു കേരളത്തിലെ ഇടമലക്കുടി എന്ന ആദിവാസി ഊരിൽ (ഇപ്പോൾ ട്രൈബൽ പഞ്ചായത്ത്) ആദ്യമായി പാചകവാതകവും അനുബന്ധ സാമഗ്രികളും എത്തിയ വാർത്ത. അതും മോദി സർക്കാരിന്റെ പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന (PMUY) എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. അതിന് തൊട്ട് മുൻപ് ആദ്യമായി അവിടെ വൈദ്യുതി എത്തി. രാജ്യത്തെ 100% ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുന്നതിന്റെ ഭാഗമായി മോദി സർക്കാരിന്റെ ദീനദയാല്‍ ഗ്രാമ ജ്യോതി യോജനയിലൂടെ (DDUGJY).

കുറച്ച് ദിവസം മുൻപ് ഒരു ട്രോൾ പോസ്റ്റ് കാണുകയുണ്ടായി. ഇന്ത്യൻ ചരിത്ര സ്മാരകങ്ങളും ഭരണാധികാരികളും എന്ന പേരിൽ. താജ്മഹൽ,ഖുതുബ് മീനാർ എന്നിവ ഇന്നയിന്ന ഭരണാധികാരികൾ പണിതു. മോദി പണിതത് കക്കൂസ്. ഇതായിരുന്നു പോസ്റ്റ്.

കക്കൂസ് എന്നൊക്കെ പറയുന്നത് ഭയങ്കര പുച്ഛമാണ് കേരളത്തിലെ പ്രബുദ്ധരായ മോദി വിരോധികൾക്ക്.

ഇനി നമ്മുടെ രാജ്യത്ത് പണിയേണ്ടത് ആരാധനാലയങ്ങളല്ല ശൗചാലയങ്ങൾ ആണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പിന്നീടും പറഞ്ഞ മോദിക്ക് ഈ ട്രോൾ അപമാനിക്കൽ ആയിത്തോന്നാൻ വഴിയില്ല.

60 കോടിയിലധികം ജനങ്ങൾ, രാജ്യത്തെ ഗ്രാമീണ ജനസംഖ്യയിൽ പകുതിയിലധികം ജനങ്ങൾ തുറസ്സായ സ്ഥലത്ത് കാര്യം സാധിക്കാൻ നിർബന്ധിതരായിട്ടുള്ള രാജ്യത്ത് #സ്വച്ച്ഭാരത് എന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ ആദ്യം വേണ്ടത് കക്കൂസുകൾ ആണെന്ന് തിരിച്ചറിഞ്ഞ മോദിക്ക് അതൊരു അപമാനമാവില്ല. അതിനൊരു ഡിപ്പാർട്ട്മെന്റ് തന്നെ സൃഷ്ടിച്ച് പുരോഗതി ഡാഷ് ബോർഡിൽ കൃത്യമായ ഇടവേളകളിൽ ജനത്തിന് മുന്നിൽ സമർപ്പിക്കുന്ന ഭരണാധികാരിക്ക് അതൊരു അപ്പ്രീസിയേഷനായേ തോന്നൂ.

അപ്പോൾ പറഞ്ഞ് വന്നത്, അങ്ങനെയാണ് പ്രിയപ്പെട്ടവരേ കക്കൂസ് പണിതും, ആർക്കും വേണ്ടാത്ത ആദിവാസികൾക്ക് ഗാസ്‌കണക്ഷനും വൈദ്യുതിയും എത്തിച്ചും, രാജ്യത്തെ ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളിലെ പാവപ്പെട്ടവരുടെ ശുചിത്വത്തിനും ആരോഗ്യത്തിനുമായി അവർക്ക് കൊക്കിലൊതുങ്ങുന്ന സാനിറ്ററി നാപ്കിൻ ലഭ്യമാക്കിയും മോദി സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ അച്ഛേ ദിൻ എത്തിക്കുന്നത്.

അഞ്ച് വർഷം കഴിയുമ്പോൾ ഞാൻ എന്റെ ഗവർമെന്റിന്റെ റിപ്പോർട്ട് കാർഡുമായി നിങ്ങളുടെ മുന്നിൽ വരും എന്ന് മോദി 2014ൽ പറഞ്ഞത് ഓർക്കുന്നുണ്ടാവും. ആ റിപ്പോർട്ട് കാർഡിലെ അനേകം ഐറ്റങ്ങളിൽ ഒന്ന് രണ്ടെണ്ണം മാത്രമാണ് ഈ പറഞ്ഞത്. 2019 നേരിടാൻ തയ്യാറെടുക്കുന്ന മോദിയുടെ കൂസലില്ലായ്മക്ക് – കോൺഫിഡൻസിന് കാരണം ഇത്തരം നേട്ടങ്ങൾ തങ്ങളുടെ ജീവിതം കൊണ്ട് തൊട്ട് അനുഭവിച്ച പാവപ്പെട്ടവരിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണ്.

എഴുതിയത് : ബിനോയ് അശോകൻ ചാലക്കുടി

LEAVE A REPLY

Please enter your comment!
Please enter your name here