കാര്‍ഷിക മേഖലയില്‍ അദാനി ചുവടുറപ്പിച്ചത് 2004 ല്‍ – ഭരണം കോണ്‍ഗ്രസ്സും ഇടതും

0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അസംബന്ധ നാടകങ്ങള്‍ക്ക് അവസാനമില്ല. ഏറ്റവും ഒടുവില്‍ രാഹുല്‍ നടത്തിയ പ്രസ്താവന സ്വന്തം പാര്‍ട്ടിയുടെ പൊള്ളത്തരവും ഇരട്ടത്താപ്പും തുറന്നു കാണിക്കുന്നതായി മാറി.

രാജ്യത്തെ കാര്‍ഷിക മേഖലയപ്പാടെ അദാനിക്കും അംബാനിക്കും തീറെഴുതി കൊടുക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന് രാജസ്ഥാനിലെ കര്‍ഷക റാലിയില്‍ പോയി പ്രസംഗിച്ച രാഹുലിന് ഈ വിഷയത്തിലും സോഷ്യല്‍ മീഡിയയും ബിജെപിയും സൗജന്യ ട്യൂഷന്‍ നല്‍കി കൊണ്ടിരിക്കുകയാണ്.

കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി, ക്രോണി ക്യാപ്പിറ്റലിസം, സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍, അംബാനി, അദാനി തുടങ്ങിയ പദപ്രയോഗങ്ങള്‍ എന്തിനും ഏതിനും നടത്തുന്ന കോണ്‍ഗ്രസിന് അക്കമിട്ട് നിരത്തിയാണ് ബിജെപിയും സാമൂഹ്യ മാധ്യമങ്ങളും മറുപടി നല്‍കിയത്.

കാര്‍ഷിക മേഖലയില്‍ ആദ്യമായി സ്വകാര്യ മേഖലയെ സ്വാഗതം ചെയ്ത് സ്വീകരിച്ചിരുത്തിയത് യുപിഎ ഒന്നാം സര്‍ക്കാരായിരുന്നു. ഇടതു പക്ഷം പിന്തുണ നല്‍കി ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ ഉത്പന്ന സംഭരണത്തിന് എഫ് സിഐയെ സഹായിക്കാനാണ് സ്വകാര്യ കമ്പനികളുടെ വരവിനായി ആദ്യമായി ടെണ്ടര്‍ വിളിച്ചത്.

10 സംസ്ഥാനങ്ങളില്‍ ഇരുപതു ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ സംഭരിക്കാനാണ് 2004 ല്‍ ടെണ്ടര്‍ വിളിച്ചത്. സിലോസ് എന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് എഫ്‌സിഐയുടെ മേല്‍ നോട്ടത്തില്‍ ടെണ്ടര്‍ പ്രോസസിംഗ് നടത്തിയത്. മന്ത്രിസഭാ ഉന്നതാധികാര സമിതിയോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ടെണ്ടര്‍ പ്രോസസില്‍ സ്വകാര്യ കമ്പനികള്‍ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയും ഇവരില്‍ നിന്ന് എഫ്‌സിഐ 20 വര്‍ഷത്തെ പാട്ടത്തിന് എടുക്കുകയുമായിരുന്നു കരാര്‍, ഏറ്റവും കുറഞ്ഞ പാട്ടത്തുക ആവശ്യപ്പെട്ട അദാനി ഗ്രൂപ്പിന് കരാര്‍ ലഭിക്കുകയും ചെയ്തു.

http://archive.indianexpress.com/news/grain-silos-project-on-fci-plans-tender-next-month/1066555/

ഇപ്പോള്‍ കാര്‍ഷിക സമരം നടക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന ഇടതു പക്ഷം ഭരിച്ചിരുന്ന ബംഗാള്‍ എന്നിവടങ്ങളില്‍ ഉള്‍പ്പടെ പത്തോളം സംസ്ഥാനങ്ങളിലായി നാല്‍പതില്‍ അധികം ആധുനിക സംഭരണ ശാലകളാണ് അദാനി ഗ്രൂപ്പ് നിര്‍മിച്ചത്. 25,000 മുതല്‍ 50,000 വരെ സംഭരണ ശേഷിയുള്ളതായിരുന്നു ഈ ശാലകള്‍. 2005 ല്‍ 800 കോടിയിലേറെ രൂപ ചെലവിട്ടാണ് അദാനി ഗ്രൂപ്പ് കാര്‍ഷിക മേഖലയില്‍ ചുവടുറപ്പിച്ചത്.

https://www.dnaindia.com/business/report-adani-to-quadruple-grains-storage-business-1522270

സാധാരണ സംഭരണ ശാലകളില്‍ ക്വിന്റലിന് 35 – 45 രൂപ നിരക്കിലാണ് എഫ്‌സിഐ വാടക നല്‍കുന്നതെങ്കില്‍ അദാനി ഗ്രൂപ്പിന്റെ സംഭരണ ശാലകളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ ക്വിന്റലിന് 2000 രൂപയാണ് വില നിശ്ചയിച്ചിരുന്നത്.

ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി അഗ്രി -ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം ഇത്തരത്തില്‍ കോണ്‍ഗ്രസ് -കമ്യൂണിസ്റ്റ് ഒത്താശയോടെ രംഗം പ്രവേശം ചെയ്യുകയായിരുന്നു. എന്നാല്‍, ഈ വസ്തുത മറച്ചുവെച്ചാണ് രാഹുല്‍ പുതിയ കാര്‍ഷിക ബില്ലിലെ മൂന്നാമത്തെ നിയമം ചൂണ്ടിക്കാട്ടി അംബാനിക്കും അദാനിക്കും വേണ്ടിയാണ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നതെന്ന് വ്യാജ പ്രചാരണം തുടരുന്നത്. അവശ്യ വസ്തു ഭേദഗതി നിയമത്തിലൂടെ വലിയ സംഭരണ ശാലകള്‍ അദാനിക്ക് നല്‍കുന്ന സര്‍ക്കാര്‍ രാജ്യത്തെ ഭക്ഷ്യ സംഭരണത്തിന്റെ കുത്തക ഇവര്‍ക്ക് പതിച്ചു നല്‍കുകയാണെന്നും ആരോപിച്ചു.

എന്നാല്‍, നിയമത്തിലെ ചില വ്യവസ്ഥകള്‍ മൂലം സ്വകാര്യ കമ്പനികള്‍ക്ക് കാര്‍ഷികോല്‍പ്പന്ന സംഭരണം സാധ്യമാകാതെ വരുന്നു എന്നതിനാലാണ് നിയമഭേഗതി വരുത്തിയതെന്ന് കേന്ദ്ര കൃഷി മന്ത്രി വിശദീകരിക്കുന്നു. കാര്‍ഷികോത്പ്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാനാണ് ഈ നിയമം കൊണ്ടുവ്വന്നത്. എന്നാല്‍, രാജ്യത്ത് ആവശ്യത്തിലധികം ഭക്ഷ്യോല്‍പ്പാദനം നടക്കുന്നതിനാലും അധിക ഉല്‍പ്പന്നങ്ങള്‍ സംഭരണ ശാലകള്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ഇവ കേടുവന്ന് ഉപയോഗ ശൂുന്യമായി പോകുകയും ചെയ്യുന്നതായാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള അനുഭവം. 2014 നു ശേഷം ഭക്ഷ്യസാമഗ്രികളുടെ വിലക്കയറ്റം മൂന്നു -നാലു ശതമാനത്തില്‍ താഴെയാണെന്നതും ഈ നിയമത്തിന്റെ ആവശ്യകത ഇല്ലാതാകുകയും അധികം ഭക്ഷ്യസാമഗ്രികള്‍ സംഭരിക്കുന്നതിന് തടസ്സമാകുകയും ചെയ്തു ഇതിനാലാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്.

അദാനിയെ പോലുള്ള കോര്‍പറേറ്റുകളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ശേഷം രാഹുലും യെച്ചൂരിയും എല്ലാം മോദി സര്‍ക്കാരിനെ കുറ്റം പറയുകയും അടിസ്ഥാനമില്ലാതെ വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്.‌

കാര്‍ഷിക നിയമത്തിനെതിരെ അരങ്ങേറുന്ന പ്രതിഷേധത്തിന്റെ മറവില്‍ സര്‍ക്കാരിനെ ആക്രമിക്കാന്‍ തുനിഞ്ഞ രാഹുലിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷക ബില്ലിലെ മൂന്നു വ്യവസ്ഥകള്‍ക്കെതിരെ യുക്തിരഹിതമായ വാദമുഖങ്ങള്‍ നിരത്തി നാണം കെടുകയാണ് രാഹുല്‍, പാര്‍ലമെന്റില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ പറയാനായി ഒന്നും ഇല്ലാതിരുന്ന രാഹുല്‍ കാര്‍ഷിക ബില്ലിനെതിരെ ഒച്ചവെച്ച ശേഷം ഇറങ്ങിപ്പോകുകയാണുണ്ടായത്.

ലോക്‌സഭയില്‍ തനിക്ക് ലഭിച്ച അവസരത്തില്‍ കാര്‍ഷിക ബില്ലിനെതിരെ കഴമ്പുള്ള വിമര്‍ശനം ഉന്നയിക്കാനും തങ്ങളുടെ നേതാവിന് കഴിഞ്ഞില്ലെന്നതാണ് കോണ്‍ഗ്രസ്സ്ിന്റെ ദുരന്തം. കാര്‍ഷിക നിയമത്തിലെ മൂന്നു വ്യവസ്ഥകള്‍ കര്‍ഷക ദ്രോഹമാണെന്ന് സമര്‍ത്ഥിക്കാന്‍ രാഹുല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.

മികച്ച വില ലഭിക്കുന്ന എവിടെ വേണമെങ്കിലും കൊണ്ടുപോയി തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കമെന്ന വ്യവസ്ഥ കര്‍ഷക ദ്രോഹമാണെന്ന് സ്ഥാപിക്കാന്‍ രാഹുലിന് ആയില്ല. കര്‍ഷകര്‍ മറ്റെവിടെയെങ്കിലും പോയി ഉത്പന്നങ്ങള്‍ വിറ്റഴിച്ചാല്‍ മണ്ഡികള്‍ എന്ന വിപണന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെടുമെന്ന മുട്ടാപോക്ക് ന്യായമാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. മണ്ഡികളിലെ ഇടനിലക്കാരുടെ വക്കാലാത്താണ് രാഹുലിന്റെ ആശങ്കയില്‍ തെളിഞ്ഞു വന്നത്. തങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്ന ഇടത്ത് കര്‍ഷകര്‍ പോകരുതെന്നും ഇടനിലക്കാര്‍ കാലാകാലങ്ങളായി കൈയ്യാളുന്ന മേല്‍ക്കൈ നഷ്ടപ്പെടാത മണ്ഡികള്‍ സജീവമായി നിലനില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു. ഈ ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക് വട്ടിപ്പലിശയ്ക്ക് പണം വായ്പയായി നല്‍കിയ ശേഷം ഉല്‍പ്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങിക്കുകയും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവിലയില്‍ ഇത് എഫ്‌സിഐ പോലുള്ള ഏജന്‍സികള്‍ക്ക് കൈമാറി കൊള്ളലാഭം കൊയ്യുകയുമാണ് പതിവ്.

മണ്ഡികളിലെ നികുതിയും സെസ്സും എല്ലാം പഞ്ചാബ്‌ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വരുമാനവുമാണ്. ഇക്കാരണത്താലാണ് എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അവസാന നിമിഷം നിയമത്തെ എതിര്‍ത്തത്.

കാര്‍ഷിക പരിഷ്‌കരണ ബില്ലിലെ രണ്ടാമത്തെ നിയമം കൃഷിയുടെ കരാറുമായി ബന്ധപ്പെട്ടതാണ്‌. കര്‍ഷകര്‍ റീട്ടെയില്‍ ചെയിനുകളുമായി കരാറിലേര്‍പ്പെട്ട് വിത്ത്‌ വിതയ്ക്കും മുമ്പു തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക്‌‌ മികച്ച വില ഉറപ്പാക്കുന്ന കരാറുള്ള , വിപണിയിലെ വില ഇടിവുകള്‍ വിളവെടുപ്പിന് ശേഷം ബാധിക്കാതിരിക്കാനുമുള്ള വില ഗ്യാരണ്ടി നിയമമാണ്. എന്നാല്‍, ഈ നിയമത്തിലെ ചില വ്യവസ്ഥകള്‍ കര്‍ഷക ദ്രോഹമാണെന്ന് രാഹുല്‍ ആരോപിക്കുന്നു. കരാര്‍ ലംഘനം ഉണ്ടായാല്‍ കര്‍ഷകന് കോടതിയില്‍ പോകാന്‍ കഴിയില്ലെന്ന പച്ചനുണയാണ് രാഹുല്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ നീളുന്നതും ചെലവേറിയതുമായ കോടതി വ്യവഹാരങ്ങള്‍ക്ക് പകരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അധ്യക്ഷനായ ട്രൈബ്യൂണലുകളില്‍ പരാതി നല്‍കുകയും ഇതിന് മൂന്നുമാസത്തിനകം തീര്‍പ്പുകല്‍പ്പിക്കണമെന്നുമാണ് മോദി സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയമ വ്യവസ്ഥ.

കോടതികളില്‍ കേസിന് പോകുകയും വന്‍കിട കോര്‍പറേറ്റുകള്‍ മുന്തിയ ഫീസ് നല്‍കി വലിയ അഭിഭാഷകരെ വെച്ച് കേസ് വാദിക്കുകയും ചെയ്താല്‍ അത് കര്‍ഷകര്‍ക്ക് ദ്രോഹമാകുമെന്ന് തിരിച്ചറിഞ്ഞ് ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ എസ് ഡിഎമ്മുകളുടെ നേതൃത്വത്തില്‍ ഇത്തരം പരാതി പരിഹാര ട്രൈബ്യൂണലുകള്‍ രൂപികരിച്ച് വേഗത്തില്‍ കേസ് തീര്‍പ്പുകല്‍പ്പിക്കുന്നത്. ഇതിനേയും വ്യാജ വ്യാഖാനങ്ങള്‍ നല്‍കി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുലും കൂട്ടരും ചെയ്യുന്നത്.

അദാനിയെ പോലുള്ളവരെ വെറുക്കപ്പെട്ടവരായി ചിത്രീകരിക്കുന്ന രാഹുലും കോണ്‍ഗ്രസ്സും തങ്ങളുടെ മുഖ്യമന്ത്രി ഭരിക്കുന്ന പഞ്ചാബില്‍ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് ചെയ്തത്. അദാനി ഗ്രീന്‍ എനര്‍ജി പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ അറുന്നൂറു കോടി രൂപ മുടക്കി 100 മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റ് നിര്‍മിച്ചിരുന്നു. ഇതു കൂടാതെ റിയല്‍ എസ്റ്റേറ്റ്, പെട്രോളിയം പ്രകൃതി വാതകം, കല്‍ക്കരി ഖനനം തുടങ്ങിയ മേഖലകളില്‍ ആയിരം കോടിയിലധികം രൂപയുടെ നിക്ഷേപ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് അദാനി ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ സാരഥിയായ പ്രണവ് അദാനി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കണ്ട് ചര്‍ച്ച നടത്തിയത്.

https://www.thedollarbusiness.com/news/adani-sets-sights-on-punjab-meets-cm/49872

തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പിന് സമസ്ത മേഖലകളും തീറെഴുതി നല്‍കിയ ശേഷം അദാനിക്കും അംബാനിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രാഹുല്‍ നടത്തുന്ന വാചക കസര്‍ത്തുകളിലെ പൊള്ളത്തരവും ഇരട്ടത്താപ്പുമാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here