അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് ആവർത്തിക്കുമ്പോൾ, ഇനി എല്ലാ കണ്ണുകളും ഓഹരി വിപണയിലേക്ക്. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാൻ തയാറാണെന്നും ഹിൻഡൻബർഗ് റിസേർച്ച് വ്യക്തമാക്കി. ഇതോടെ ഓഹരി വിപണയിൽ അദാനിക്ക് ഇനിയും തിരിച്ചടിയുണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഓഹരി മൂല്യം ഇടിഞ്ഞാൽ അദാനി ഗ്രൂപ്പിന്റെ പല ഭാവി പദ്ധതികളെയും അത് പ്രതികൂലമായി ബാധിക്കും. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ പ്രധാന കണ്ടെത്തൽ.
വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട് പുറത്തു വിട്ടതെന്നും നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർഗ് അറിയിച്ചു. റിപ്പോർട്ട് നിക്ഷേപകരിൽ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങവെയാണ് ഹിൻഡൻബർഗ്, നിലപാട് വ്യക്തമാക്കിയത്. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടി വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല. രണ്ടാമതൊരു വാർത്താക്കുറിപ്പ് ഇറക്കി നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഓഹരി വിപണിയിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ നടക്കാൻ പോകുന്നതിനെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഹിൻഡെൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിലേയും ഇന്ത്യയിലേയും നിയമവിദഗ്ദ്ധരുമായി ആലോചന നടത്തിവരികയാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. വിപണിയിൽ വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമം നടത്തുന്നതെന്നാണ് ആരോപണം. 129 പേജുള്ള റിപ്പോർട്ട് തങ്ങളുടെ രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നാണ് ഹിൻഡെൻബർഗ് അവകാശപ്പെടുന്നത്. അദാനി ഗ്രൂപ്പ് ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി ഹിൻഡെൻബർഗ് പ്രസ്താവനയിൽ പറഞ്ഞു. ‘അദാനി ഗൗരവമായിട്ടാണ് നിയമ നപടിയെ കുറിച്ച് പറയുന്നതെങ്കിൽ ഞങ്ങൾ പ്രവർത്തിക്കുന്ന യുഎസിലും കേസ് ഫയൽ ചെയ്യണം. നിയമ നടപടികൾക്കാവശ്യമായ നിരവധി രേഖകൾ ഞങ്ങളുടെ പക്കലുണ്ട്’, ഹിൻഡെൻബർഗ് അറിയിച്ചു.
റിപ്പോർട്ട് പുറത്തുവിട്ട് 36 മണിക്കൂറായിട്ടും തങ്ങൾ ഉന്നയിച്ച ഗൗരവമേറിയ ഒരു പ്രശ്നത്തെയും അദാനി അഭിസംബോധന ചെയ്തിട്ടില്ലെന്നും ഹിൻഡെൻബർഗ് ആരോപിച്ചു. ‘ഞങ്ങളുടെ റിപ്പോർട്ടിന്റെ അവസാനത്തിൽ, കമ്പനിക്ക് തങ്ങളുടെ സുതാര്യത വ്യക്തമാക്കാൻ അവസരം നൽകുന്ന 88 നേരിട്ടുള്ള ചോദ്യങ്ങൾ ഞങ്ങൾ ചോദിച്ചു. ഇതുവരെ, ഈ ചോദ്യങ്ങൾക്കൊന്നും അദാനി ഉത്തരം നൽകിയിട്ടില്ല. പകരം, പ്രതീക്ഷിച്ചതുപോലെ അദാനി വീമ്പിളക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്’, ഹിൻഡെൻബർഗ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ, ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ ഗൗതം അദാനിയുടെ സമ്പത്തിൽ വലിയ ഇടിവുരേഖപ്പെടുത്തിയിരുന്നു. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനി രണ്ടാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കു വീഴുകയുമുണ്ടായി. ഇന്ത്യയിലെ പല ബാങ്കുകളും അദാനി ഗ്രൂപ്പിന് വൻ തുകകൾ വായ്പയായി നൽകിയിട്ടുണ്ട്. അതുപോലെ LIC പോലെയുള്ള പല സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻതോതിൽ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് സത്യമാണെങ്കിൽ അത് അദാനി ഗ്രൂപ്പിന് വായ്പ കൊടുത്ത ബാങ്കുകളെയും വൻതോതിൽ അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ കൈവശം വെക്കുന്ന സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും. റിപ്പോട്ട് പുറത്ത് വന്ന് രണ്ടാം ദിവസമായ ഇന്നും അദാനി ഗ്രൂപ്പിന്റെ ഷെയറുകൾക്ക് ഓഹരി വിപണിയിൽ വിലയിടിവ് നേരിട്ടു.